അതിർത്തി കടന്നുള്ള യാത്രയിൽ എല്ലാവർക്കും മാതൃകയായി ഒരു നിലമ്പൂർക്കാരൻ

അനുഭവക്കുറിപ്പ് – ഉണ്ണികൃഷ്ണൻ നിലമ്പൂർ.

ഭാര്യയെ ജോലി സ്ഥലത്ത് നിന്ന് കൊണ്ടുവരാൻ കാത്തു നിൽക്കുന്ന സമയത്താണ് മുന്നിൽ ഒരു ബൈക്ക് വന്ന് നിന്നത്. ഹെൽമെറ്റ് വച്ച ബൈക്ക് യാത്രികൻ എന്നൊടു ചോദിച്ചു “ചേട്ട ഒരു സഹായം ചെയ്യുമോ” എന്ന്. മാസ്ക് ഇട്ട അയാൾ എന്നൊടു വീണ്ടും പറഞ്ഞു “അടുത്തേക്ക് വരണ്ട, ഞാൻ ബാംഗ്ലൂർ ജോലി സ്ഥലത്തു നിന്ന് വരികയാണ്. നിലമ്പൂർ ചുങ്കത്തറ സ്വദേശിയാണ്. ക്വറൻ്റയിൽ സൗകര്യം ചുങ്കത്തറയിൽ പഞ്ചായത്ത് ഏർപ്പാടക്കിയിട്ടുണ്ട്. അവിടെ എത്തണം.

ബൈക്കിൽ പതിച്ച കേരള പോലിസിൻ്റെ, ആരോഗ്യ വകുപ്പിൻ്റെ സ്റ്റിക്കർ കാണിച്ചു അദേഹം എന്നൊട് പറഞ്ഞു “എനിക്ക് കുറച്ച് ഭക്ഷണം ആ കാണുന്ന ഹോട്ടലിൽ നിന്ന് വാങ്ങി തരണം. പണം ഞാൻ ട്രാൻസ്ഫർ ചെയ്തു തരാം. ഭയങ്കര വിശപ്പ്. പുലർച്ചെ ബാംഗ്ലൂരിൽ നിന്ന് തിരിച്ചതാണ്. മുത്തങ്ങ വയനാട് വഴിയാണ് പാസ് കിട്ടിയത്. കൈയ്യിലെ വെള്ളമെല്ലാം കഴിഞ്ഞുതുടങ്ങി. ഒന്നു വാങ്ങി തരുമോ?ഞാൻ ചെന്നാലും ഹോട്ടലുകാരൻ എനിക്ക് ഭക്ഷണം തരും. പക്ഷെ നമ്മൾക്കുമില്ലെ നമ്മുടെ സമൂഹത്തോട് ഒരു കടപ്പാട്? ഇതുവരേ റോഡരുകിൽ നിർത്തുകയല്ലാതെ എവിടെയും കയറിയില്ല. ഇങ്ങനെ നേരേ ക്വറൻ്റയിൽ കേന്ദ്രം വരേ എത്തണം.”

ഞാൻ പറഞ്ഞു “ശരി വാങ്ങി തരാം.” ഞാൻ പോയി ഒരു കുപ്പിവെള്ളവും ഒരു ബിരിയാണി പാർസലും വാങ്ങി വന്നപ്പോൾ അയാൾ പറഞ്ഞു “ആ തറയിൽ വച്ചോളൂ ഞാൻ എടുക്കാം” എന്ന്. ഞാൻ അവിടെ വച്ചു. അദ്ദേഹം അവിടെ നിന്ന് അതെടുത്തു ബാഗിൽ വച്ചു. എൻ്റെ ഗൂഗിൾപേ നമ്പർ ചോദിച്ചു, അതിലേക്ക് ആ പണവും അയച്ചു തന്നു. എന്നിട്ട് അദേഹം ചുങ്കത്തറ ലക്ഷ്യമാക്കി യാത്രയായി.

പക്ഷെ നമ്മൾ ചിന്തിക്കേണ്ടത് ഇതേ മനസ്ഥിതിയിൽ ഇതു പോലെ അതിർത്തി കടന്നു വരുന്നവർ വിരളമായിരിക്കും. സമ്പർക്കം മൂലം കോവിഡ് – 19 ദിവസേന കൂടി കൂടി വരുമ്പോൾ ഉറവിടം അറിയാൻ സർക്കാരും ആരോഗ്യ പ്രവർത്തകരും നെട്ടോട്ടം ഓടുമ്പോൾ ഇതുപോലെ സ്വന്തം വാഹനത്തിൽ അതിർത്തി കടന്നെത്തുന്നവരേ നമ്മൾ ശ്രദ്ധിക്കാറില്ല. ഒരു പക്ഷെ പലരും നമ്മൾ കണ്ട വ്യക്തിയെ പോലെ ആയിരിക്കില്ല.

ഇങ്ങനെ വരുന്നത് ഒരു കോവിഡ് പോസിറ്റിവ് വ്യക്തിയാണെന്ന് സങ്കൽപിക്കുക. അദേഹം ഇതുപോലെ ബൈക്കിൽ വരുമ്പോൾ ചിലപ്പോൾ ചായ കുടിക്കും, ഭക്ഷണം കഴിക്കും, ചിലപ്പോൾ ബസ് വൈറ്റിംഗ് ഷെഡിൽ കയറി വിശ്രമിക്കും, അങ്ങനെ വരുന്ന സ്ഥലങ്ങളിലെല്ലാം വൈറസ് വ്യാപനം നടത്തി കോറൻ്റയിൻ കേന്ദ്രത്തിൽ എത്തുന്നു. അങ്ങനെ ഉറവിടമറിയാത്ത രോഗവ്യാപനം കൂടുന്നു.

ഇതിന് ഒറ്റ മാർഗമെ ഉള്ളു, അതിർത്തി കടന്ന് എത്തുന്നവരേ ക്വാറൻ്റയിൽ കേന്ദ്രം വരെ സർക്കാർ നിർദേശിക്കുന്ന വാഹനത്തിൽ കൊണ്ടു വിടുക. ഇതിന് പണം വാങ്ങണൊ വേണ്ടയൊ എന്ന് സർക്കാറിന് തിരുമാനിക്കാം. ഇങ്ങനെ ചെയ്താൽ ഒരു പരിധി വരേ സമൂഹ വ്യാപനം തടയാം. എല്ലാവരും ആ നിലമ്പൂർക്കാരനെപ്പോലെ മനസാക്ഷി ഉള്ളവരാകണമില്ല. സാമൂഹിക ഉത്തരവാദിത്വം എന്നത് ഒരോരുത്തരുടെയും കടമയാണ് അത് ഒരോരുത്തരും നിർവ്വഹിക്കും എന്ന വിശ്വസത്തോടെ.