ഒരു KSRTC യാത്രയിൽ ജീവനക്കാരുടെ പക്കൽ നിന്നു കിട്ടിയ സ്നേഹവും, സന്തോഷവും, കരുതലും

വിവരണം – അഭിഷേക് എസ് നമ്പൂതിരി.

കഴിഞ്ഞ ദിവസം ഒരു പ്രൈവറ്റ് ബസ്സിൽ യാത്ര ചെയ്തവർക്ക് ഉണ്ടായ ദുരനുഭവം കേൾക്കുമ്പോൾ ഞങ്ങൾ മൂന്നു പേർക്കും (അച്ഛൻ, ‘അമ്മ, ഞാൻ) ഒരു യാത്രയിൽ കിട്ടിയ, എല്ലാ സ്നേഹവും, സന്തോഷവും, ഒരു കരുതലും ഒക്കെ ആണ് ഓർമ്മ വരുന്നത്.. പത്തനംതിട്ട – മംഗലാപുരം മൂന്നു മണിക്ക് ബസിന്റെ സമയം എന്നറിയാവുന്ന കൊണ്ടും അറിയാത്ത സ്ഥലം ആയതു കൊണ്ടും ഒരു 2.10 നു മംഗലാപുരം പ്രൈവറ്റ് സ്റ്റാൻഡിൽ വന്നു. ശേഷം ഓട്ടോ പിടിച്ചു ട്രാൻസ്‌പോർട്ട് സ്റ്റാൻഡിൽ പോകുന്ന വഴിക്ക് ഒരു കോൾ വന്നു. “അഭിഷേക് അല്ലെ.. ഇത് പത്തനംതിട്ട വണ്ടിയിൽ നിന്നും കണ്ടക്ടർ ആണ്. വണ്ടി 2.50 ആണ് പുറപ്പെടുന്നത്. അപ്പഴത്തെക്കു എത്തണേ” എന്നും പറഞ്ഞു..

അങ്ങനെ സ്ഥലം ഒക്കെ ഉറപ്പിച്ചു സ്റ്റാൻഡിൽ ചെന്ന് അച്ഛനേം അമ്മെയെയും കൂടെ കസേരയിൽ ഇരുത്തി. ശേഷം ആ കണ്ടക്ടർ ചേട്ടനെ ഒന്നുകൂടെ വിളിച്ചു.. അങ്ങനെ വണ്ടി വന്നപ്പോൾ വണ്ടിയുടെ അടുക്കൽ നിന്നു രണ്ടുപേരെയും (ജീവനക്കാർ) പരിചയപെട്ടു.. അവിടുന്നു യാത്ര തുടർന്നു. യാത്രയൂടെ നല്ല ശതമാനം സമയം രണ്ടുപേരോടും സംസാരിക്കാൻ പറ്റി. വരുന്ന വഴിക്കു ആഹാരം കഴിക്കാൻ നിർത്തിയപ്പോഴും ഡ്രൈവർ ചേട്ടൻ വന്നു ഹോട്ടലിൽ പ്രത്യേകം പരിചയപ്പെടുത്തി. “വെജിറ്റേറിയൻ ആഹാരം തന്നെ വേണം” എന്നു അവരോട് പറയുകയും ചെയ്തു. യാത്രയുടെ ഇടയ്ക്കു എല്ലാവരോടും ഉള്ള പെരുമാറ്റവും ഇടപെടലും ഒക്കെ പ്രശംസനിയം തന്നെ ആയിരുന്നു.

അടുത്ത ദിവസം വെളുപ്പിനെ യാത്ര അവസാനിക്കുമ്പോൾ ഇനിയും കാണാം എന്ന വാക്കും ഒരു ചിരിയും മാത്രം ആണ് ഇറങ്ങിയ ഞങ്ങൾ അവർക്ക് കൊടുത്തത്. ചിലർ അതും ഉണ്ടായിരുന്നില്ല. ഒരു പക്ഷെ അന്നേരം ഞങ്ങൾക്ക് കിട്ടിയ ഒരു സന്തോഷം.. 12 മണിക്കൂറിലെ യാത്രയിലെ ഒരു അനുഭവം..അത് മറ്റൊരു യാത്രയിലും കിട്ടിക്കാണില്ല. ഇതേ പോലെ ഓർമിക്കാൻ എല്ലാവർക്കും ഒരോ അനുഭവങ്ങൾ ഉണ്ടാകും നമ്മുടെ ആനവണ്ടിയിൽ നിന്നും. ഇങ്ങനെ കുറെ നല്ല മനുഷ്യർ നമുക്കുവേണ്ടി കെഎസ്ആർടിസിയിൽ ഉള്ളപ്പോൾ എന്തിനാണ് കാശു കൊടുത്തു കടിക്കുന്ന പട്ടിയെ വാങ്ങുന്നത്? KSRTC സുരക്ഷിത യാത്ര.

മംഗലാപുരം – പത്തനംതിട്ട സൂപ്പർ ഡീലക്സ് ബസ്സിന്റെ സമയവിവരങ്ങൾ അറിയുവാൻ www.aanavandi.com സന്ദർശിക്കുക. കെഎസ്ആർടിസി ബസ്സുകളിൽ സീറ്റ് ഓൺലൈനായി ബുക്ക് ചെയ്യുവാൻ : https://bit.ly/2Xy5Afc .