ഹൃദയത്തിൽ നിന്നൊരു സെൽഫി; സീമ ടീച്ചർക്ക് കൊടുക്കാം മനസ്സു നിറഞ്ഞൊരു സല്യൂട്ട്…

കുട്ടികളോടുള്ള വാത്സല്യപൂർവ്വവും സംരക്ഷണബോധത്തോടെയുമുള്ള അധ്യാപകരുടെ ഇടപെടലുകൾ എന്നും അഭിനന്ദനാർഹമാണ്. ചില അദ്ധ്യാപകരുണ്ട്, ക്ലാസ്സിൽ പഠിക്കുന്ന കുട്ടികളോട് കൂടുതൽ അടുപ്പം കാണിക്കും, ഒട്ടും പഠിക്കാത്തവരെ മാറ്റി നിർത്തും. എന്നാൽ പഠിക്കാത്ത കുട്ടികളോട് കൂടുതൽ അടുത്ത്, അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കി, അവർക്ക് കൂടുതൽ ശ്രദ്ധയും സഹായവും നൽകി മുൻനിരയിൽ എത്തിക്കുന്നവരാണ് യഥാർത്ഥ അദ്ധ്യാപകർ. അധ്യാപനം എന്നത് വെറുമൊരു തൊഴിൽ മാത്രമായി കാണാതെ കർത്തവ്യവും സേവനവുമായി കാണുന്നവർ.. അത്തരത്തിലൊരു അധ്യാപികയെ പരിചയപ്പെട്ട കഥയാണ് തിരൂർ സ്വദേശിയും അധ്യാപകനുമായ അസ്‌ലം പറയുന്നത്. കഴിഞ്ഞ ദിവസം അദ്ദേഹം ഫേസ്‌ബുക്കിൽ പങ്കുവെച്ച അനുഭവക്കുറിപ്പ് വൈറലായി മാറിയിരുന്നു. ആ കുറിപ്പ് താഴെ കൊടുക്കുന്നു..

“ഉദ്ദേശം രണ്ടു വർഷം മുമ്പ് ഒരു യാത്രയയപ്പ് ചടങ്ങുമായി ബന്ധപ്പെട്ട് വളളത്തോൾ AUP School ൽ എത്തിയതായിരുന്നു. അതിനിടയിലാണ് ‘ഷെബി’യെക്കാണുന്നത്. അവന് എന്റെ കയ്യിലുള്ള Canon ക്യാമറ കണ്ടപ്പോൾ ഒരു കൗതുകം. അവൻ ക്യാമറ ഒന്ന് വിശദമായി പരിശോധിച്ചു.

അതു കണ്ട ‘സീമ ടീച്ചർ’ ചോദിച്ചു ഷെബി ‘സെൽഫി’ എടുക്കുന്നത് കണ്ടിട്ടുണ്ടോ എന്ന്. കേൾക്കേണ്ടതാമസം അവന്റെ ഇടത്തേ കൈവിരലുകൾ മൊബൈൽ ഫോണായി മാറി. എന്നിട്ട് സീമ ടീച്ചറെ സെൽഫിയിലേക്ക് ക്ഷണിച്ചു. ഒന്നു രണ്ടു നിമിഷങ്ങൾ മാത്രം നീണ്ടു നിന്ന ആ ‘പോസ്’ എങ്ങനെയോ ക്യാമറക്കുള്ളിലാക്കാൻ എനിക്കു കഴിഞ്ഞു..

ലാപ്ടോപ്പ് റിപ്പയറുമായി ബന്ധപ്പെട്ട് Hard disc ലേക്ക് മാറ്റപ്പെട്ട ആ ചിത്രം പിന്നെ മറവിയുടെ മാറാല മൂടി. ഈയടുത്ത ദിവസം Hard disc പരിശോധിക്കുന്നതിനിടയിലാണ് ഈ സുന്ദര നിമിഷം വീണ്ടും ശ്രദ്ധയിലെത്തിയത്. വിദ്യാഭ്യാസത്തിൽ അധ്യാപനമെന്നത്, നിരവധിയായ പ്രവർത്തന ബാഹുല്യം കൊണ്ട് ശരിക്കും ഒരഭ്യാസമായി മാറിക്കൊണ്ടിരിക്കുന്ന കാലത്ത് “Differently abled Child” എന്നു വിളിക്കപ്പെടുന്ന കുട്ടികളെക്കൂടി “കൂടെ”ക്കൂട്ടുന്ന വിദ്യാഭ്യാസ രംഗം ശരിക്കും അഭിനനാർഹമായിത്തീരുന്നു.

“ഷെബി” യുടെ സെൽഫി എടുപ്പിനേക്കാൾ എനിക്ക് കൗതുകവും, ആദരവും, സ്നേഹവും തോന്നിയത് സീമ ടീച്ചറുടെ attitude നോടാണ്. ഷെബിയുടെ നിഷ്കളങ്ക മനസ്സിനെ തൃപ്തിപ്പെടുത്താനായി അവന്റെ ക്ഷണം സ്വീകരിച്ച് നിമിഷ നേരം കൊണ്ട് അവന്റെ മൊബൈൽ ഫ്രെയിമിലേക്ക് തികച്ചും സ്വഭാവികമായ Expression മായി ചേർന്നു നിന്ന സീമ ടീച്ചർക്കല്ലേ കയ്യടി കൊടുക്കേണ്ടത്… ! ഇതു തന്നെയല്ലേ ഇത്തരം കുട്ടികളോട് ചേർന്നു നിന്നു കൊണ്ടുള്ള “Adaptation (അനുരൂപീകരണം)”!

കുട്ടികളുടെ സന്തോഷത്തോടൊപ്പം, സങ്കടത്തോടൊപ്പം, കളി ചിരികളോടും, കുറുമ്പുകളോടും, കുറവുകളോടുമെല്ലാമൊപ്പം ചേർന്നു നിന്ന്, അവരെ കൂടെ നിർത്തി, “ഞങ്ങളുണ്ട് കൂടെ” എന്നു ഹൃദയം കൊണ്ടു പറയുന്ന അധ്യാപകർ അവർക്കു നൽകുന്ന ആത്മവിശ്വാസം വളരെ വലുതാണ്. അധ്യാപകരുടെ ചേർത്തു നിർത്തലിൽ, തലോടലിൽ, അഭിനന്ദന വചസ്സുകളിൽ അവരനുഭവിക്കുന്ന സുരക്ഷിതത്വവും അംഗീകാരവും, മറ്റുള്ളവരോടൊപ്പം നെഞ്ചുവിരിച്ചു തലയുയർത്തി നിൽക്കാൻ അവരെ പ്രാപ്തരാക്കും തീർച്ച. “സീമ ടീച്ചർമാർക്ക് ” ഭാവുകങ്ങൾ, അഭിനന്ദനങ്ങൾ…”