അച്ചൻകോവിലിലേക്ക് കുടുംബസമേതം ഒരു വേനൽക്കാല യാത്ര

വിവരണം – അരുൺ പുനലൂർ (ഫോട്ടോഗ്രാഫാർ, എഴുത്തുകാരൻ, സിനിമാ താരം).

പ്രത്യേകിച്ച് അജണ്ടകളൊന്നുമില്ലാത്ത ഒരു ദിവസം രാവിലെ ഉറക്കമെണീറ്റപ്പോൾ തോന്നിയ ഐഡിയയാണ് എന്നാപ്പിന്നെ അച്ചൻകോവിൽ വഴി ഒന്ന് കറങ്ങിയിട്ടു വരാമെന്നു. ഞങ്ങടെ നാട്ടിൽ അൽപ്പം കാടിന്റെ കുളിരു കൊണ്ട് ഒന്ന് റിലാക്സ് ചെയ്തു വരാൻ ഭൂരിഭാഗം പേരും പെട്ടെന്ന് പോകുന്ന റൂട്ടാണ് അച്ചന്കോവിലിലേയ്ക്കുള്ളത്.
നാട്ടുകാരല്ലാത്ത, ഇതുവരെ വായിച്ചറിയുകയോ പോവുകയോ ചെയ്തിട്ടില്ലാത്ത വായനക്കാർക്ക് വേണ്ടി റൂട്ട് കൂടി വിവരിച്ചെഴുതുന്നു..

പത്തനാപുരം പുനലൂർ റൂട്ടിൽ അലിമുക്കിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞു കറവൂർ വഴി വേണം പോകാൻ. കുറച്ചിടത്തൊക്കെ റോഡ് പൊളിയാണ്. ബാക്കിയുള്ളിടം പൊളിഞ്ഞു കിടക്കയാണ്. അത് കൊണ്ട് തന്നെ തല്ലിപ്പൊളി റോഡിൽ ഓടാനുള്ളൊരു വണ്ടിയും, സർവ്വ കല്ലും കുഴിയും കേറിയിറങ്ങിപ്പോകാൻ അൽപ്പം ക്ഷമയുള്ള ഡ്രൈവറും വേണം. ഇല്ലെങ്കിൽ വഴിയിൽ നിങ്ങളീ യാത്ര ഉപേക്ഷിക്കേണ്ടി വന്നേക്കാം. നമ്മള് പൊണ്ടാട്ടിയെയും പുള്ളയെയും സഹോദരിമാരുടെയും ചേട്ടന്റെയും മക്കളും ഒക്കെ ചേർന്ന് മ്മടെ 2010 മോഡൽ ഓംനിയിലാണ് പോയത്.

വഴി നീളെ കൊള്ളാവുന്ന സ്ഥലങ്ങളിലൊക്കെ ഇറങ്ങി, കാടും നാടും റോഡും കാട്ടു കിളികളെയുമൊക്കെ കണ്ടും കേട്ടും, കയ്യിൽ കരുതിയ ഇഡ്ഡലിയും സാമ്പാറും കട്ടൻ കാപ്പിയും ബ്രെഡും പഴവുമൊക്കെ തട്ടി, ഓലപ്പാറയും ചെരുപ്പിട്ടകാവും ചെമ്പനരുവിയും മുള്ളുമല എസ്റ്റേറ്റും മണ്ണാറപ്പാറയും തുറയുമൊക്കെ കണ്ടു, ആറാംസെ അങ്ങിനെ പോകുമ്പോൾ അതാ ഇടത്തു വശത്തായി അച്ചന്കോവിലാർ മെലിഞ്ഞുണങ്ങിയൊഴുകുന്നു. മുങ്ങാൻ വെള്ളമുള്ളിടം നോക്കിയിറങ്ങി, ഒള്ള വെള്ളത്തിൽ ആവോളം നീരാടി, തോർത്ത്‌ കൊണ്ട് മീനെയൊക്കെ പിടിച്ചു അങ്ങിനെ പോകുമ്പോളാണ് ഏതോ മൃഗം പിടിച്ചു കൊന്ന നിലയിൽ ഒരു കുരങിൻ കുഞ്ഞിന്റെ ജഡം കണ്ടത്. പിന്നേ കയ്യിൽ കിട്ടിയതൊക്കെ വച്ചു കുഴിയെടുത്തു അതിനെ മറവു ചെയ്തിട്ട് വീണ്ടും മുന്നോട്ടു.

ജംഗ്‌ഷനിൽ എത്തി സുഹൃത്തു സത്യണ്ണന്റെ വീട്ടിലും കേറി, വിപ്ലവ സിംഹം നവാസിനൊപ്പം സെല്ഫിയുമെടുത്തു നേരെ വിട്ടു. തണല് നോക്കി വണ്ടി നിർത്തി, ചേട്ടത്തി കൊടുത്തു വിട്ട പൊതിയഴിച്ചു ചോറും ചമ്മന്തിയും കണ്ണിമാങ്ങാ അച്ചാറും മൊട്ട പൊരിച്ചതും കൂട്ടി ഒരു പിടി പിടിച്ചിട്ട്, വണ്ടി മെല്ലെ കേറ്റം കേറി ഇറക്കമിറങ്ങി ഹെയർപിൻ വളവുകളൊക്കെ ചവിട്ടിയോടിച്ചു. താഴെ മേക്കര അണക്കെട്ടിനടുത്തു വന്നു, തണുപ്പത്ത് വണ്ടി ഒതുക്കി ഇമ്മിണി മയങ്ങി. ഉണർന്നു തിരുമല കോവിലിനു മുകളിൽ കേറി, കാറ്റ് കൊണ്ട് തിരിച്ചിറങ്ങി വിട്ടടിച്ചു. പൊന്റൂരെക്കു വരുമ്പോ ഇടമൺ മുതൽ വെട്ടിപ്പൊളന്ന മഴ…

ആദ്യം പറഞ്ഞ പോലെ വല്യ ഡെക്കറേഷനൊന്നുമില്ലാതെ ഒരു ദിവസം ഒന്ന് ചവിട്ടിത്തിരുമ്മി പോയി വരാൻ പറ്റിയ റൂട്ട് ആണിത്. കാട് കാണാം.. അൽപ്പം ഓഫ്‌ റോഡ് യാത്ര ചെയ്യാം വെള്ളം ഉള്ളപ്പോൾ സെയ്ഫായിടങ്ങളിൽ ഇറങ്ങി തണുതണുത്ത വെള്ളത്തിൽ നല്ലോണം നീരാടാം. കാട്ടു മരങ്ങളുടെ തണലിലിരുന്നു വല്ലോം മൂക്കുമുട്ടെ തിന്നാം. അമ്പലത്തിൽ കേറേണ്ടവർക്ക് അതിനുള്ള സമയം നോക്കി കേറി തൊഴാം. വെള്ളമുള്ള സമയത്താണ് പോക്കെങ്കിൽ കുംഭാവുരുട്ടി വെള്ളച്ചാട്ടത്തിലും മണലാർ അരുവിയിലും ഇറങ്ങാം. മാനംമുട്ടെ വളർന്നു പോകുന്ന മരങ്ങൾക്കു മുകളിലേക്കു നോക്കിനിന്നു മനഃസമാധാനമായി ഇളം കാറ്റ് കൊണ്ട് ഇമ്മിണി മുള്ളാം. മദ്യപിക്കാനും കുപ്പി പൊട്ടിച്ചെറിയാനും, പ്ലാസ്റ്റിക് കൊണ്ട് തള്ളാനും, കാട്ടുകോഴിയെയും കുരങ്ങന്മാരെയും കല്ലെറിഞ്ഞോടിക്കാനുമായൊന്നും ദയവു ചെയ്തു ആരും പോകരുത് എന്നൊരു അഭ്യര്ഥനയുണ്ട്. അപ്പൊ പോകാൻ ആഗ്രഹിക്കുന്നവർ മാക്സിമം സുരക്ഷിതമായി പോയി വരുക.. കാടിനെയും കാട്ടു മക്കളെയും ഉപദ്രവിക്കാതിരിക്കുക.