വർഷത്തിലൊരു ദിനം മാത്രം അനുമതിയുള്ള ‘ഗുണ്ടറ’ യാത്രയിലെ അനുഭവങ്ങൾ

വിവരണം – Shafi Muhammad‎ (I am Shafi)

ഗുണ്ടറ എന്ന് കേൾക്കുമ്പോഴേക്കും ഫേസ്ബുക്കിൽ പൊങ്കാലയാണ് എന്നാലും എന്റെ അനുഭവം ഉള്ളത് ഉള്ളത് പോലെ പറയട്ടെ അതിൽ തെറ്റില്ലല്ലോ. തുടർന്ന് വായിക്കുക. അനസിന്റെ 89 മോഡൽ ജീപ്പിൽ നട്ടപാതിരക്ക് കുറുമ്പാലകോട്ടയിലേകൊരു യാത്ര, അതു വഴി പുതിയ കാഴ്ചകളും പുതിയ അനുഭവങ്ങളും തേടി ബാവലികടുത്ത വർഷത്തിലൊരു ദിവസം മാത്രം പ്രവേശനാനുമതിയുള്ള കാട്ടിലെ ഗുണ്ടറ മഖാമിലേക്. മുസാഫിർ ടീം കാറിൽ മഞ്ചേരിയിൽ നിന്ന് വരുന്നു മുക്കത്ത്ന്നു എന്നെ പൊക്കുന്നു. കാർ വൈറ്റ് ഹൗസിൽ പാർക്കിങ്ങിൽ ഒതുക്കി. താമരശ്ശേരിയിൽ നിന്ന് ജീപ്പുമായി അനസ് ഇഴഞ്ഞു ഇഴഞ്ഞു വരുന്നു. ഒടുങ്ങാക്കാട് ഉസ്താദിന്റെ അടുത്ത് മുഖം കാണിക്കുന്നു ഒരുമിച്ചു വയനാട് ചുരം കയറുന്നു.

അനസിന്റെ 89 മോഡൽ പേടകം(ഫോട്ടോ സാക്ഷി),പ്രത്യേകതകൾ വലി കുറവ് ,പലയിടത്തും നട്ടും ബോൾട്ടും ഇല്ല, ഇളക്കം, ഒച്ചപ്പാട്,ഓരോ 10 കിലോ മീറ്ററിലും റേഡിയേറ്ററിൽ വെള്ളം മാറ്റണം, RC യുണ്ട് ഇൻഷുറൻസ് ഇല്ല , ലൈസൻസ് ഉണ്ട് പക്ഷെ പറക്കും തളിക പോലെയുള്ള പുക ടെസ്റ്റ് ചെയ്ത കടലാസ് ഇല്ല ടെസ്റ്റ് ചെയ്താൽ മൈനസ് ആകുമെന്ന് പേടിച്ചിട്ടു എടുക്കാഞ്ഞതാണ് പോലും,സഹയാത്രികരുടെ പാട്ടു , വാക്കിലൂടെ തള്ളൽ, പിന്നെ ഇടയ്ക്കു വണ്ടി ശെരിക്കുള്ള തള്ളൽ അങ്ങനെ അങ്ങനെ യാത്ര ഹോ വ്യത്യസ്ഥം രസകരം. യാത്രയിലെ അനസ് ന്റെ തള്ളൽ , കുഞ്ഞാണിയുടെ കോമഡി , ഇടക്കിടക്ക് റേഡിയേറ്ററിൽ വെള്ളമൊഴിക്കൽ, പിന്നെ പോലീസ് നെ പേടിച്ചു വഴിവിട്ടുള്ള റൂട്ടുകൾ, തള്ളിയിട്ടും കയറാത്ത കയറ്റങ്ങൾ, കയറ്റത്തിൽ വണ്ടി നിന്നാൽ റിവേഴ്‌സ് എടുത്തു താഴെ വരെ പോകേണ്ടി വന്ന തകർപ്പൻ യാത്ര അനുഭവങ്ങൾ.

പേടകത്തിന്റെ ശബ്ദ കോലാഹലങ്ങൾ ഒതുക്കാൻ ഒരു ഹാർഡ് വെയർ കടയിൽ നിർത്തി കിട്ടിയ നട്ടും ബോൾട്ടും വാങ്ങി സ്പാന്നർ ഇട്ടു ഒരു വിധം ശരിയാക്കി യാത്ര, ടക ടക ഓടി ഓടി ബാവലി എത്തിയപ്പോ ഇച്ചിരി ലേറ്റ് ആയി. ബാവലി ഹോട്ടലിൽ കഞ്ഞി,കപ്പ,പൂരി,പത്തൽ, ബീഫ് കറി , പുഴമീൻ കറി, ചെറുപയർ കറി , ചായ etc.

കാടിനടുത്തുള്ള ഒരു കൊച്ചു സുന്ദരമായ ഗ്രാമം,വന്യ മൃഗങ്ങളിൽ നിന്ന് കൃഷി സംരക്ഷണ കാവൽ മരത്തിൽ പുൽ ഹട്ടുകൾ, പാടത്തു കുട്ടികളെയും സ്ത്രീകളെയും വരെ കാണാം, മുളകൾ കൊണ്ടുള്ള കൊച്ചു പുൽ കുടിലുകൾ, റോഡിന്റെ രണ്ടു വശവും വിശാലമായ നെൽപ്പാടങ്ങൾ, കുറച്ചു ഉള്ളിലേക്കുള്ള റോഡുകളുടെ അവസ്ഥ ഒരു ഭാഗം കാടും മറു ഭാഗം വീടുകളും. ചെക്ക് പോസ്റ്റ് വരെ ജീപ്പിൽ തന്നെ,വൻ ജനാവലി തന്നെ ഈ ഒരു ദിവസം എത്തുന്നതായി കാണുന്നു, ജീപ്പ് സൈഡാക്കി കിട്ടിയ ലോറിയിൽ പറ്റിപിടിച്ചു മുകളിൽ കയറി, യാത്രയിൽ ഉസ്താദുമാർ മൗലിദോക്കെ ചൊല്ലി സംഭവം കളർ ആക്കി, രണ്ടു ഭാഗത്തും കിടങ്ങുള്ള റോഡിൽ അത്ഭുതപ്പെടുത്തി ഡ്രൈവർമാർമാരുടെ മികച്ച പ്രകടനം, പുഴ ക്കരികിൽ ലോറി ഒതുക്കി ഞങ്ങളെ ഇറക്കി.

പത്തു രൂപക് രണ്ടു ഫുൾ മാങ്ങ മുളകിട്ടത്, സംഭാരം, നാരങ്ങാ വെള്ളം, ഐസ്ക്രീം , ഐസ് , വത്തക്ക കഷ്ണം തുടങ്ങി ആണ്ടിലൊരിക്കൽ കിട്ടുന്ന അവസരം ഉപയോഗപ്പെടുത്തി ആദിവാസി സുഹൃത്തുക്കളുടെ കച്ചവട ടെന്റുകൾ , അങ്ങിങ്ങായി മരച്ചുവട്ടിൽ യാത്ര യാത്രക്കാർ ഭക്ഷണ വിശ്രമ കാഴ്ചകൾ.. വ്യത്യസ്ത കാഴ്ച ഒരുപാടു ജനങ്ങൾ സ്ത്രീകൾ കുട്ടികൾ വയസ്സായവർ എല്ലാ തരം ആളുകളും കുറച്ചാണേലും വെള്ളമുള്ള വറ്റിക്കൊണ്ടിരിക്കുന്ന കബനി കടക്കണം,പുഴയിൽ ചെളി കാരണം മുറിച്ചു കടക്കാൻ പ്രയാസപ്പെടുന്നു, സഹായികൾ ഒരുപാടുണ്ട് ചിലയിടത്തു മണ്ണ് നിറച്ച ചാക്കുകൾ വെച്ചിരിക്കുന്നു നടക്കാൻ ചിലയിടത് പലക കഷ്ണങ്ങൾ , ചിലർ വീഴുന്നതും കാണുന്നുണ്ട്.

ഒരുപാട് തള്ളുന്നില്ല ഉള്ളത് ഉള്ളത് പോലെ പറയുമ്പോൾ ചിലർക്ക് തള്ളുന്നതായി തോന്നിയേക്കാം, കൊടും കാട്ടിലൂടെയുള്ള യാത്ര എന്നൊന്നും ഞാൻ പറയുന്നില്ല നട്ടുച്ച വിജനമായ വറ്റിയ കബനി മൈതാനത്തുകൂടെ ഒരുപാടു ദൂരം, വന്യ മൃഗങ്ങൾ വിളയാടുന്ന സ്ഥലമാണെന്ന് മനസ്സിലാകുന്നു മാനിനെ ആരാണ്ടൊക്കെ തിന്നിട്ട അവശിഷ്ട്ടങ്ങൾ കാണാം,ഒരു ആന കുടുംബത്തെ വഴിയോരത്തു കണ്ടത് ഒരു ഭാഗ്യമായി കാണുന്നു 300 സൂമിംഗ് ലെന്സ് നല്ല കുറച്ചു ചിത്രങ്ങൾ സമ്മാനിച്ചു ,ഒരുപാട് പരിചയ മുഖങ്ങൾ കാണാനിടയായി,അവസാന ഒരു കുപ്പി വെള്ളം എല്ലാവരും പങ്കു വെച്ച് കുടിച്ചു.

അറേബ്യയിൽ നിന്നും എത്തിയ സയ്യിദ് അബ്ദുൽ ബാരി തങ്ങൾ, ചരിത്രങ്ങൾ ഒരുപാടു അത്ഭുതങ്ങൾ ഒരുപാട്, കാടിന്റെ ഉള്ളിലെ ഈ മഖാം വന്യ മൃഗങ്ങൾ നശിപ്പിക്കാറില്ല പോലും. ഒരു ലോറിക്കരികിൽ ഒരിത്തിരി ചോറിനായി വരി വരി വരിയായി , ആവശ്യക്കാർ ഒരുപാട് എങ്ങനെയോ തള്ളി കയറി ഒരു പ്ലേറ്റ് ചോറ് കിട്ടി , അതാണെങ്കിൽ “” ബെറും ചോറു മന്ന് വിട്ട് ക്ക് ണ്‌ ന്നാലോ കബ്‌സ മൽ ആട്ട് എത്തി ട്ടൂം ല്ല “” എന്ന് പറഞ്ഞപോലെ എന്തായാലും മണ്ടീല കൊറച്ചു ബെയ്ച്‌. ഒരു കുപ്പി വെള്ളത്തിനായി കഷ്ട്ടപ്പെട്ടു .

ഗംഭീരം അങ്ങിങ്ങായി കണ്ട കച്ചവടക്കാരൊക്കെ വിറ്റൊഴിക്കൽ പരിപാടിയിൽ പത്ത് രൂപക് രണ്ടു മാങ്ങ കൊടുത്ത അദ്ദേഹം ഞങ്ങള്ക് ഇരുപത് രൂപക് 20 എണ്ണം തന്നു, കുറച്ചു കാത്തിരുന്നെങ്കിലും തിരിച്ചു ലോറി കിട്ടി, ചെറിയ ചാറ്റൽ മഴയിൽ സുന്ദര ഗ്രാമീണ സൗന്ദര്യം ആസ്വദിച്ചു യാത്ര വീഡിയോ കാണുക, നമ്മളെ ഇന്നത്തെ ഹീറോ ജീപ്പിന്റെ മുകളിൽ കയറിയും പാടത്ത് കോലം വെച്ചപോലെ പോസ് ചെയ്തും ഫോട്ടോ സെഷൻ കഴിഞ്ഞു മഴയിൽ തണുത്ത യാത്ര.

എന്റെ ഇഷ്ട റൂട്ട്, അത് ഒന്ന് കളർ ആക്കാൻ കിടിലൻ മഴ എന്റമ്മോ എന്തൊരു രസം, മുൻ ഭാഗം ഒഴിച്ച് എല്ലാ സൈഡും ഓപ്പൺ ആയ ജീപ്പിൽ എല്ലാ ഭാഗത്തു കൂടിയും മഴ പാറൽ, എനിക്കാണേൽ വീഡിയോസും ഫോട്ടോസും എടുത്തു മതിയാകുന്നില്ല, റോഡിന്റെ വശങ്ങൾ കാട് ലൈറ്റ് ഇട്ടു വരുന്ന എതിർ വാഹനങ്ങൾ, ഇന്നത്തെ യാത്രയിൽ എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട നിമിഷങ്ങൾ, ഞാൻ ഇപ്പോഴും ആ ഓർമകളിലാണ് ഓർമ്മകൾ എല്ലാം വീഡിയോ രൂപത്തിൽ പേർസണൽ ഹാർഡ് ഡിസ്‌കിൽ സൂക്ഷിക്കട്ടെ. ബാവലിന്നു ചായകുടി നനഞ്ഞ ഡ്രസ്സ് മാറൽ നിസ്ക്കാരം എല്ലാം കഴിഞ്ഞു, ശകടം സ്റ്റാർട്ട് ആക്കി പതിയെ പതിയെ ചുരം ഇറങ്ങി, ഇടക്ക് അന്താക്ഷരിയും പാട്ടും കൂത്തും കിടിലൻ കോമെടികളും ചിരിയും.

ഘോര വനത്തിൽ കൂടെയുള്ള യാത്രയൊന്നും അവിടെയില്ല, വിശാലമായ മൈതാനത്തു കൂടി നട്ടുച്ച വെയിലിൽ ഒരുപാടു നടക്കണം അതിനു ആരോഗ്യ പരമായും മാനസികമായും തയ്യാറുള്ളവർ മാത്രം അടുത്ത വർഷം ഏപ്രിൽ മാസം ഈ യാത്രക്കൊരുങ്ങിയാൽ മതിയാകും, പിന്നെ പുഴ ക്രോസിങ് ഉണ്ട് അടുത്ത വർഷം വെള്ളത്തിന്റെ സ്ഥിതി ഇപ്പോൾ പറയാൻ ഒക്കില്ല, ലോറി യാത്ര സ്ത്രീകൾക്കും വയസ്സായവർക്കും കുറച്ചു പ്രയാസം തന്നെ, സിയാറത്തിനൊരു പുണ്യം ഉണ്ട് നല്ല നിയ്യത്തോടെ യാത്രയാകാം . യാത്രയിലെ രസകരം അതേ പോലെ എഴുതി സംഭവം ഇങ്ങനൊക്കെയാണെങ്കിലും അന്റെ ജീപ്പ് കിടു ഞങ്ങളെ ഒരു പരിക്കും കൂടാതെ ഇങ്ങെത്തിച്ചില്ലേ വണ്ടി കൊടുക്കു ന്നോ അനസേ..ഹ…

വഴി : വയനാട് – ബാവലി- മച്ചൂർ ന്നു വലത്തോട്ട്..