മഞ്ഞിൻ കുളിരണിഞ്ഞ കാന്തല്ലൂരിലേക്ക് ഒരു ഡിസംബർ യാത്ര…

വിവരണം – സവിൻ സജീവ്.

ഡിസംബർ തുടങ്ങിയതോടെ മൂന്നാറും പരിസര പ്രദേശങ്ങളും കോടമഞ്ഞിനാൽ മൂടിത്തുടങ്ങി. ഇത്തവണ യാത്ര പുറപ്പെട്ടത് കാന്തല്ലൂർ എന്ന കാർഷിക ഗ്രാമത്തിലേക്കാണ്. കേരളത്തിന്റെ പഴക്കൂടയാണ് കാന്തല്ലൂർ.കേരളത്തിൽ ആപ്പിൾ വിളയുന്ന ഏക സ്ഥലവും ഇവിടെയാണ്. ആപ്പിൾ, ഓറഞ്ച് ,മുസമ്പി,ലിച്ചി, അവഗാഡ്രോ, പാഷൻ ഫ്രൂട്ട് തുടങ്ങി പലതരം പേരമരങ്ങളും കമ്പിളി നാരകം വരെ സഞ്ചാരികളുടെ മനം കവരാനായി ഹൈറേഞ്ചിന്റെ ഈ പൊന്നുവിളയുന്ന മണ്ണ് കാത്തു വെച്ചിട്ടുണ്ട്.

പതിവിൽ നിന്നും വിപരീതമായി ചേട്ടനും ചേട്ടത്തിക്കുമൊപ്പം കാറിലാണ് യാത്ര തുടങ്ങിയത്. സൂര്യൻ എത്തിനോക്കിത്തുടങ്ങുന്നതിനു മുമ്പേ മൂവാറ്റുപുഴയും കടന്ന് കോതമംഗലം എത്തിയിരുന്നു. അതിരാവിലെയുള്ള യാത്രകളിൽ വിശപ്പ് ഇത്തിരി നേരത്തേ എത്തിച്ചേരുന്നത് പതിവാണ്. ഭക്ഷണത്തിനു ശേഷമുള്ള യാത്രയിൽ ജോലി സ്ഥലങ്ങളിലേക്ക് കൂട്ടമായിപ്പോകുന്ന ബംഗാളികളും ചീറിപ്പാഞ്ഞു മത്സര ഓട്ടം നടത്തുന്ന സ്വകാര്യ ബസ്സുകളും സ്ഥിരം കാഴ്ചയായി.

ഊന്നുകൽ പിന്നിടുന്നതോടെ ഹൈറേഞ്ച് അതിന്റെ തനി സ്വഭാവം കാട്ടിത്തുടങ്ങിക്കഴിഞ്ഞിരുന്നു.ചെറു തണുപ്പ് സമ്മാനിച്ച് ചെക്ക് പോസ്റ്റ് പിന്നിടുന്നതോടെ കാടെന്ന കാഴ്ചകളുടെ വിസ്മയ ഭൂമിയിലേക്ക് കടക്കുകയായി.ഇടക്ക് റോഡുകൾ താറുമാറായി കിടക്കുന്നത് യാത്രയെ സാരമായി ബാധിച്ചു. ഇടുക്കിയിലേക്കുള്ള വഴികാട്ടി മോഹിപ്പിച്ചുവെങ്കിലും നേര്യമംഗലത്തേക്ക് തന്നെ യാത്ര തുടർന്നു.എല്ലാവിധ സൗകര്യങ്ങളുമുള്ള ടൗണായതിനാൽ അത്യാവശ്യം തിരക്കും ഉണ്ട്. ഇവിടം കഴിഞ്ഞാൽ ഇനി പമ്പ് 45 കിലോമീറ്റർ ദൂരത്തുള്ള അടിമാലിയിലാണ് സ്ഥിതി ചെയ്യുന്നത്,അതിനാൽ ഇന്ധനം ആവശ്യത്തിന് നിറച്ചാണ് യാത്ര.

മൂന്നാറിന്റെ കവാടമായ നേര്യമംഗലമായതോടെ യാത്ര ഒന്നൂടെ ഉഷാറായി. ചുവന്ന പെയ്ന്റിൽ നിരവധി ആർച്ചുകളോടെ സ്ഥിതി ചെയ്യുന്ന ഇടുങ്ങിയതും മനോഹരവുമായ പാലം പിന്നിടുന്നതോടെ കാട് ഒന്നൂടെ സുന്ദരിയായി. മലമ്പാതക്കിരുവശത്തുമായ കാട് അതിരിട്ടു നില്ക്കുകയാണ്. കിഴക്കാം തൂക്കായ കൊക്കകളും ചെറുവെള്ളച്ചാട്ടങ്ങളും കൊണ്ട് സമ്പന്നമായ വനത്തിലെ ഓരോ വളവുകളും തിരിവുകളും ചേട്ടൻ വളരെ ശ്രദ്ധയോടെയാണ് ഓടിക്കുന്നത്. തളിരിട്ടു

നില്ക്കുന്ന മുളങ്കൂമ്പുകളിൽ സൂര്യപ്രകാശം പതിക്കുമ്പോൾ വല്ലാത്ത ഭംഗി കൈവന്ന പോലെ തോന്നി. വിജനമായ പാതയ്ക്ക് ഇടവേള നല്കി ഞങ്ങൾ ചീയപ്പാറ എന്ന സുന്ദരിയായ വെള്ളച്ചാട്ടത്തിനടുത്തെത്തി. സഞ്ചാരികളാൽ നിറഞ്ഞിരിക്കുന്നുവെങ്കിൽ ആരുടേയോ കണ്ണേറ് കൊണ്ട് വെള്ളച്ചാട്ടം നന്നേ ശുഷ്കിച്ചിരുന്നു. ഒരുപാട് ദൂരം പോകേണ്ടതിനാൽ ഞങ്ങൾ വീണ്ടും യാത്ര തുടർന്നു. അപ്പോഴും റോഡിൽ വാനരക്കൂട്ടം തല്ലുകൂടുന്നുണ്ടായിരുന്നു.

വല്യ ദൂരത്തിലല്ലാത്ത വാളറക്കുത്ത് ദൂര നിന്നും ഒരുനോക്ക് കണ്ട് വീണ്ടും മുന്നോട്ട് യാത്ര തുടർന്നു. മൊബൈൽ ഫോണിന്റെ റേഞ്ച് പോകുന്നതിനൊപ്പം കാണുന്ന കാഴ്ചയുടെ ഭംഗിയും കൂടിക്കൂടി വന്നു തുടങ്ങിയിരുന്നു. തണുത്തു നില്ക്കുന്ന പ്രകൃതിയിൽ സൂര്യൻ എവിടെയോ പോയി മറഞ്ഞിരുന്നു. പാതക്കിരുവശവും തേയിലത്തോട്ടങ്ങളാൽ സമ്പന്നമായിരുന്നു. പച്ചപ്പ് നിറഞ്ഞു നിന്ന തോട്ടങ്ങൾക്ക് സമീപത്തായി പൂത്തു നില്ക്കുന്ന ഗുൽമോഹർ പൂക്കൾ കൂടി ചേരുന്നതോടെ കാഴ്ചയുടെ വസന്തം ആയി എന്നു മലഞ്ചരിവുകൾ പറയാതെ പറഞ്ഞിരുന്നു.

മുന്നോട്ടു പോകവേ താഴ്വരയിലെ തോട്ടങ്ങളിൽ കോടമഞ്ഞ് കണ്ടുതുടങ്ങിയിരുന്നു. കോടമഞ്ഞിന്റെ പുതപ്പണിയാൻ വെമ്പി നിന്ന തേയിലച്ചെടികളെ വാരിപ്പുണർന്നു കൊണ്ട് കോടമഞ്ഞ് കാഴ്ചയുടെ മറ്റൊരു ലോകം സമ്മാനിച്ചു കഴിഞ്ഞിരുന്നു. തോട്ടത്തിലെ ഓറഞ്ചു മരങ്ങൾ മഞ്ഞിൽ കുളിച്ചു നില്ക്കുന്ന കാഴ്ച ഒന്നു കാണേണ്ടതു തന്നെയാണ്. മുന്നോട്ട് പോകവേ കോടമഞ്ഞ് അതിന്റെ വിശ്വരൂപം കാട്ടിത്തന്നു. റോഡ് പോലും കാണാൻ വയ്യാത്ത വിധത്തിൽ മഞ്ഞുമൂടിക്കഴിഞ്ഞിരുന്നു.

സമയം ഒരു മണിയോടക്കുകയാണ് തണുപ്പും വിശപ്പും ഒരുപോലെ മുന്നിൽ എത്തി നില്ക്കുകയാണ്. വഴിയരുകിലെ തട്ടുകടയിൽ നിന്നും ചൂടു ചായയും വാങ്ങി താഴെയുള്ള വ്യൂ പോയിന്റിലെ മുളങ്കുടിലേക്ക് നടന്നു. ദൂരെയുള്ള കാഴ്ചകളെ മറച്ചുകൊണ്ട് മഞ്ഞാകെ മൂടിക്കിടക്കുകയാണ്. ചൂടു ചായ നല്കിയ ഊർജ്ജവുമായി യാത്ര തുടർന്നു.മകരമഞ്ഞിൽ മരം കോച്ചുന്ന തണുപ്പു പോലെ മരക്കൂട്ടങ്ങൾ മഞ്ഞിൽ വിറങ്ങലിച്ചു നില്ക്കുകയാണ്. ഒരു പക്ഷേ ജീവിതത്തിൽ വല്ലപ്പോഴും മാത്രം കാണാൻ കഴിയുന്ന സുന്ദര കാഴ്ചക്കാണ് ഞങ്ങൾ സാക്ഷ്യം വഹിച്ചത്. പറയാൻ വാക്കുകൾ കിട്ടാത്ത വിധം മഞ്ഞണിഞ്ഞ മലമടക്കുകൾ. അപ്പോഴേക്കും ഞങ്ങൾ സമുദ്രനിരപ്പിൽ നിന്നും 5500 അടി ഉയരത്തിൽ എത്തിയിരുന്നു.

സഞ്ചാരികൾ പൊതുവേ കുറഞ്ഞ വഴിയായതിനാൽ ഒട്ടും തിരക്കുണ്ടായിരുന്നില്ല. ലക്കം വെള്ളച്ചാട്ടത്തിൽ എത്തി വിശ്രമിച്ച ശേഷമാണ് യാത്ര തുടർന്നത്.മറയൂർ റൂട്ടിലെ നയനമനോഹരമായ വെള്ളച്ചാട്ടമാണ് ലക്കം.15 അടിയിൽ ഉയരത്തിൽ നിന്നും പതിക്കുന്ന വെള്ളച്ചാട്ടത്തിലെ വെള്ളം തണുപ്പിന്റെ കാര്യത്തിൽ ഒട്ടും പിന്നിലല്ലായിരുന്നു. ലക്കം ഒരു അരുവിയായി പിറവി കൊണ്ട് കുഞ്ഞോളങ്ങളുമായി കഥകൾ താഴെക്ക് ഒഴുകി പോവുകയാണ്.

ഇനിയാണ് മറയൂർ ചന്ദനം തേടിയുള്ള യാത്ര തുടങ്ങുന്നത്. ലോകത്തിലെ ഏറ്റവും ശുദ്ധമായ പ്രകൃതിദന്ത ചന്ദനക്കാട് സ്ഥിതി ചെയ്യുന്നത് കേരളത്തിൽ ആണെന്നുള്ളതിൽ അഭിമാനം കൊണ്ടാണ് യാത്ര. വലിയ താമസം കൂടാതെ ചന്ദന മരങ്ങൾ കണ്ടുതുടങ്ങിയിരുന്നു. റോഡിനിരുവശവും വേലി കെട്ടി സംരക്ഷണ കവചം തീർത്താണ് ചന്ദനത്തോട്ടം സംരക്ഷിച്ചു പോരുന്നത്.ചന്ദനത്തോട്ടം പിന്നിടുന്നതോടെ ശുദ്ധവായുവും ശ്വസിച്ച് മനസ്സും ശരീരവും നിറഞ്ഞിരുന്നു.

മറയൂർ ടൗൺ പിന്നിട്ട് കാന്തല്ലൂർ എന്ന കാർഷിക ഗ്രാമത്തിലേക്ക് കടക്കുമ്പോൾ തന്നെ വിളഞ്ഞു നില്ക്കുന്ന കരിമ്പു പാടങ്ങൾ സ്വാഗതമരുളി നില്ക്കുന്നുണ്ടായിരുന്നു. വിജനമായ പാതയും കാർഷിക സമൃദിയുടെ പൗഢിയും പേറി നില്ക്കുന്ന കരിമ്പിൻ തോട്ടങ്ങളുമായിരുന്നു ആദ്യ കാഴ്ചകൾ.യു.പി.സ്കൂളും മൈതാനവും വളരെ വൃത്തിയായി സൂക്ഷിച്ചിട്ടുണ്ട്.പ്ലാസ്റ്റിക്കുകൾ ഒന്നും തന്നെ ഇല്ലെന്ന് പറയാം. മലമുകളിലേക്ക് കയറ്റം കയറുന്നതിനിടയിൽ ശിലായുഗത്തിലെ മുനിയറകളും പിന്നിട്ടു കഴിഞ്ഞിരുന്നു.

മഞ്ഞുതുള്ളികൾ പെയ്തു വീഴുന്ന മലമ്പാതകളിൽ അവിടവിടെയായി ലോറികളിൽ യൂക്കാലിതടി കയറ്റുകയാണ് തൊഴിലാളികൾ. കോടമഞ്ഞ് നല്ലതുപോലെ മൂടിത്തുടങ്ങിയിരുന്നു. സൂര്യ ഭഗവാൻ ഇവിടേക്ക് എത്തിനേക്കാറേ ഇല്ലെന്നു തോന്നുന്നു.ചളിക്കുളമായ റോഡിലൂടെ യാത്ര ചെയ്യുമ്പോൾ തണുപ്പിനൊപ്പം വല്ലാത്തൊരു ഏകാന്തതയും കൂടെക്കൂടിയിരുന്നു.

ഏറെക്കുറെ വിജനമായിരുന്നു കാന്തല്ലൂർ കാർഷിക ഗ്രാമം. നിരത്തുകളിൽ മരത്തക്കാളിയും ഓറഞ്ചും മുസമ്പിയും വില്ക്കുന്ന കച്ചവടക്കാരാണ് കൂടുതലും. പഴക്കൂടയിലെ ഓരോ സ്ഥലങ്ങളിലുമുള്ള തോട്ടങ്ങൾ സന്ദർശിക്കുകയായിരുന്നു ഞങ്ങളുടെ ലക്ഷ്യം. വലിയ ദൂരം പോകേണ്ടി വന്നില്ല, ചെങ്കുത്തായ കയറ്റം കയറി ചെല്ലുന്നതോടെ ഒരു വലിയ ഫാമിൽ ഞങ്ങൾ എത്തിപ്പെട്ടിരുന്നു. പ്രായം ചെന്ന വയോധികയായ സ്ത്രീ ഞങ്ങളെ തോട്ടം മുഴുവൻ ചുറ്റി നടന്നു കാട്ടിത്തന്നു.

തോട്ടത്തിനുള്ളിൽ സന്ദർശകർക്ക് കാഴ്ചകൾ കണ്ട് നടക്കാൻ വേണ്ടി മാത്രം വേലികെട്ടിത്തിരിച്ച ചെറുതും വൃത്തിയുള്ളതുമായ വഴിത്താര. ഇരുവശത്തും സമൃദമായി വിളഞ്ഞു കിടക്കുന്ന പഴവർഗ്ഗങ്ങൾ. ആരും മനസ്സിൽ കൊതിച്ചു പോകുന്ന കാഴ്ചയുടെ വസന്തഭൂമിയിൽ മഞ്ഞുതുള്ളിയുമായി കാഴ്ചയുടെ കണിയൊരുക്കി ഓറഞ്ച് വിളഞ്ഞു കിടക്കുകയാണ്. വിവിധ തരത്തിലുള്ള പേരയ്ക്കയും മൊസമ്പിയും നാരങ്ങയും വിളവെടുക്കാൻ പാകത്തിലായിരിക്കുന്നു. സമയം ഇരുട്ടിലേക്ക് വഴിമാറിത്തുടങ്ങിയിരുന്നു. ഞങ്ങളും പതിയെ മലയിറങ്ങി.

ചിന്നാർ ചെക്ക് പോസ്റ്റിനു സമീ‌പമുള്ള കരുമുട്ടി വെള്ളച്ചാട്ടത്തിന് സമീപത്തായിരുന്നു താമസം. ഇടതടവില്ലാതെയുള്ള വെള്ളച്ചാട്ടത്തിന്റെ ഹൂങ്കാര ശബ്ദം കേട്ടാണ് ഉറങ്ങിയതും ഉണർന്നതും. രാവിലെ തന്നെ ചിന്നാറിലെ വന്യജീവികളെ കണ്ടുള്ള ട്രെക്കിംങ് പോകാൻ തീരുമാനിച്ചാണ് യാത്ര തുടങ്ങിയത്. കരുമുട്ടി ഫാൾസും നക്ഷത്ര ആമയുടെ ഭീമാകാരമായ ശില്പ്പവും കണ്ട് കാടിന്റെ തണുപ്പിലേക്ക് ഞങ്ങളും പ്രവേശിച്ചു കഴിഞ്ഞിരുന്നു.

കാട്ടുപന്നികളാണ് ആദ്യം ഞങ്ങൾക്ക് മുന്നിൽ അതിഥികളായെത്തിയത്. പാതക്കിരുവശവും സമതലങ്ങളായതിനാൽ വന്യജീവികളെ കാണാനുള്ള സാധ്യത കൂടുതലായിരുന്നു. ഞങ്ങളുടെ പ്രതീക്ഷ തെറ്റിക്കാതെ മാനും മയിലും കാട്ടുപോത്തും വരെ ഞങ്ങളുടെ കൺമുന്നിൽ അതിഥികളായി എത്തി. സന്തോഷം വാനോളം ഉയർത്തിക്കൊണ്ടു ചിന്നാർ വന്യജീവി സങ്കേതത്തിൽ എത്തിയിരുന്നു. പാസും വാങ്ങി ഗൈഡിനോടൊപ്പം കള്ളിമുൾച്ചെടികൾ നിറഞ്ഞ വനഭൂമിയിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ സിംഹവാലൻ കുരങ്ങുകൾ സ്വാഗതമരുളി മരങ്ങളിൽ ചാടിക്കളിക്കുന്നുണ്ടായിരുന്നു.

അടിക്കാടുകൾ അത്ര വലിയ സമ്പന്നമല്ലാത്ത വനമാണിവിടം.പൊതുവേ വരണ്ട കാലാവസ്ഥ. ഒറ്റയിടപ്പാതയിലൂടെ നടന്ന് ഞങ്ങൾ മൂന്ന് നിലകളിലായി പണിത വാച്ച് ടവറിനു സമീപം എത്തിയിരുന്നു. മുകളിൽ നിന്നും നോക്കിയാൽ താഴ് വാരവും ഞങ്ങൾ കടന്നു പോയ പാതയും കാണാൻ സാധിക്കും. അവിടവിടയായി മേയുന്ന മ്ലാവിൻ കൂട്ടവും പുളളിമാനുകളേയും എല്ലാം നല്ലപോലെ ടവറിൽ നിന്നാൽ കാണാൻ സാധിക്കുന്നുണ്ട്. നിമ്നോന്നതങ്ങളായ മലനിരകളും മേഘശകലങ്ങളെപ്പോലെ പറന്നു പോകുന്ന കോടയും എല്ലാം വളരെ വ്യക്തമായി കാണുവാൻ സാധിക്കുന്ന ഈ വാച്ച് ടവർ വളരെ ഉപകാരപ്രദമാണ്.

നവംബർ, ഡിസംബർ, ജനുവരി മാസങ്ങളാണ് ഇവിടം സന്ദർശിക്കുവാൻ അനുയോജ്യം. സമയക്കുറവ് മൂലം ഞങ്ങൾ വാച്ച് ടവറിനോട് വിട പറഞ്ഞ് കാടിന്റെ മറ്റൊരു കോണിലൂടെ മടക്കയാത്ര തുടങ്ങി. ഒന്നു രണ്ടു കയറ്റങ്ങളും ഇറക്കങ്ങളും പിന്നിടുന്നതോടെ അതിസമ്പന്നമായ കാട്ടരുവിയായി. തെളിനീരുമായി ആർത്തുല്ലസിച്ചൊഴുകുന്ന അരുവിയും ഇരുകരകളും മറ്റെന്തിനേയും വെല്ലുന്ന ദൃശ്യഭംഗിയിൽ നിലകൊള്ളുകയാണ്. കിളിയൊച്ചകളും വെള്ളത്തിന്റെ ഇരമ്പലും മാത്രം സ്വന്തമായ വനസമ്പത്തിന്റെ ഈറ്റില്ലം എന്നു പറയാം. വലിയ ഉരുളൻ കല്ലുകളും വെള്ളാരം കല്ലുകൾ പാകിയ അടിത്തട്ടും തെളിനീരിൽ വളരെ വ്യക്തമായി കാണാൻ സാധിച്ചു.

സാധാരണയായി ചാമ്പൽ മലയണ്ണാനെ കാണുന്ന സ്ഥലമായതിനാൽ ഞങ്ങൾ കുറേനേരം ചിലവഴിച്ചെങ്കിലും ഒന്നിനേപ്പോലും കാണാൻ സാധിച്ചില്ല. ആനയും കാട്ടുപോത്തും മ്ലാവും എല്ലാം വെള്ളം കുടിക്കാനെത്തുന്നതിന്റെ ലക്ഷണങ്ങൾ തീരത്തു കാണാമായിരുന്നു. വലിയ വടവൃക്ഷങ്ങൾ അതിരു കാക്കുന്ന അരുവിയുടെ ഓരത്തുകൂടി നടന്നു തിരികെ ഓഫീസിൽ എത്തി കാറിൽ മടങ്ങുമ്പോഴും ആ കാട്ടരുവി തെളിഞ്ഞ ചിത്രമായി മനസ്സിൽ പതിഞ്ഞു കഴിഞ്ഞിരുന്നു.