സഞ്ചാരികളുടെ മനംകവര്‍ന്ന് കൊല്ലം ജില്ലയിലെ കുടുക്കത്തു പാറ

കടപ്പാട് – അഖിൽ സുരേന്ദ്രൻ അഞ്ചൽ.

കൊല്ലം ജില്ലയിലെ അലയമൺ ഗ്രാമപ്പഞ്ചായത്തിലെ ചണ്ണപ്പേട്ടയിൽ ആനക്കുളം ഭാഗത്ത് സ്ഥിതിചെയ്യുന്ന ഒരു ഇക്കോടൂറിസംപദ്ധതിയാണ് കുടുക്കത്ത് പാറ. പുനലൂർ താലൂക്കിലെ അഞ്ചല്‍, അലയമണ്‍ പഞ്ചായത്തിലെ പ്രകൃതി മനോഹരമായ ആനക്കുളം പ്രദേശത്തെ കുടുക്കത്തു പാറയും ഇതുമായി ബന്ധപ്പെട്ട പ്രദേശവും ഇന്ന് സഞ്ചാരികളെ മാടി വിളിക്കുകയാണ്. ജില്ലയുടെ കിഴക്കന്‍ മലയോര മേഖലയിലെ ദൃശ്യവിസ്മയങ്ങളില്‍ ഒന്നാണ് കുടുക്കത്തുപാറയും അതിനു ചുറ്റുമുള്ള വനപ്രദേശവും. ആനക്കുളം ജങ്ഷനില്‍ നിന്നു വനപാതയിലൂടെ സഞ്ചരിച്ച് കുടുക്കത്തുപാറയില്‍ എത്താം. അവിടെനിന്നു കുന്നുകയറി പാറയുടെ നെറുകയില്‍ എത്തിയാല്‍ നാലുചുറ്റും നോക്കെത്താദൂരം വരെ പ്രകൃതി മനോഹര ദൃശ്യങ്ങളാണ്.

കിഴക്കു തെക്കു ഭാഗത്ത് പൊന്മുടി മലനിരകളും സഹ്യപര്‍വത മലനിരകളും കാണാം. പടിഞ്ഞാറ് തെളിഞ്ഞ കാലാവസ്ഥയില്‍ തങ്കശേരി വിളക്കുമരത്തിന്റെ പ്രകാശം വരെ സന്ധ്യസമയത്ത് കാണാന്‍ കഴിയും. കുടുക്കത്തുപാറയില്‍തന്നെ സായിപ്പ് ഗുഹ, ട്രെയിന്‍ പാറ, കാവ് എന്നിവയും കാണാം. പാറ ആരംഭിക്കുന്നിടത്തു നിന്നു മലമുകളിലേക്ക് ഇരുസൈഡിലും കൈവരികളോടുകൂടിയ പടികള്‍ ഉണ്ട്. കുടുക്കത്ത് പാറയ്ക്ക് 840 അടി ഉയരമുണ്ട്. മൂന്ന് പാറകൾ ചേർന്ന് വലിയ കുന്നുപോലെ കാണുന്ന ഇവിടെയെത്താൻ ആനക്കുളത്തുനിന്ന് വനഭാഗത്തൂടെ ഒരു കിലോമീറ്ററോളം കാട്ടിലൂടെ സഞ്ചരിക്കണം.

മുകളിലേക്ക് കയറാൻ പടവുകളും സുരക്ഷാവേലികളുമുണ്ട്. രണ്ട് പാറവരെ കയറാം. പാറയുടെ സമീപത്തായി ഔഷധ സസ്യമായ ആരോഗ്യപച്ച ധാരാളം ഉണ്ട്. പടി കയറി ക്ഷീണിക്കുമ്പോള്‍ ചാരി ഇരിക്കുന്നതിന് ഇടവിട്ട് ബഞ്ച് സ്ഥാപിച്ചിട്ടുണ്ട്. പടികള്‍ കയറുന്നതിന് ആവശ്യമായവര്‍ക്കു താങ്ങായി പിടിച്ചുകയറാനാണ് പടികളുടെ ഇരുസൈഡിലും ഇരുമ്പുപൈപ്പ് സ്ഥാപിച്ചിരിക്കുന്നത്. ഇവിടെ കുട്ടികളുടെ പാര്‍ക്ക് റോപ്പ്വേ എന്നിവ സ്ഥാപിക്കുന്നതിനായി പദ്ധതി ആവിഷ്കരിച്ചു വരുന്നു.

ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ വരുന്ന ടൂറിസം പാക്കേജില്‍ കുടുക്കത്തുപാറ സന്ദര്‍ശനവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവിടെ സന്ദര്‍ശിക്കുന്നതിനായി എത്തുന്നവര്‍ക്ക് ഗൈഡിന്റെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. പാറയുടെ മുകളില്‍ കുടിവെള്ളം ലഭ്യമാക്കുന്നതിനായി ഉള്ള സംവിധാനങ്ങൾ ഉണ്ട്. ക്ഷീണിച്ച് ചെല്ലുന്ന നമ്മുക്ക് അതൊരു ആശ്വാസമാണ്. ജലം അമൂല്യമാണ് അത് പാഴാക്കരുത് !

അഞ്ചല്‍ ടൗണില്‍നിന്നു എട്ടു കിലോമീറ്റര്‍ അഞ്ചല്‍ ആനക്കുളം – ഓന്തുപച്ച റോഡില്‍ സഞ്ചരിച്ചാല്‍ കുടുക്കത്തു പാറയിലെത്താം. തിരുവനന്തപുരം-കുളത്തൂപ്പുഴ റോഡില്‍ ഓന്തുപച്ചയില്‍ നിന്നു നാലു കിലോമീറ്റര്‍ സഞ്ചരിച്ചാലും ഇവിടെയെത്താം.