ഒരു പപ്പടം വാങ്ങാൻ ഞങ്ങൾ മൂന്നാർ പോയ കഥ

വിവരണം – ശ്രീജിത്ത് ഹരീന്ദ്രനാഥ്.

വഴിയരികിൽ സംസാരിച്ചു നിന്നപോ ആരുടെയോ വായിൽ നിന്നും അറിയാതെ വന്ന വാക്കിന്റെ ചുവടുപിടിച്ച് പാതിരാത്രി മൂന്നാർ പോകാൻ തിരുമാനിച്ചതായിരുന്നു ഈ യാത്രയുടെ പിന്നിലുള്ള കഥ.

കുറ്റി കാട്ടിൽ വള്ളിപടർപ്പ് പടർന്നു കിടന്ന 91 മോഡൽ വണ്ടി തള്ളി പുറത്ത് കൊണ്ടു വന്നതും, ഉറുമ്പ് കൂടുകൂടിയ സീറ്റിൽ ഹിറ്റ് അടിച്ചു മൊത്തം അടിച്ചു വൃത്തിയാക്കിയതും, 1 ലിറ്റർ പെട്രോൾ ഒഴിച്ച് തള്ളി സ്റ്റാർട്ട് ചെയ്ത് സിനിമ സ്റ്റൈലിൽ വണ്ടി റോഡിൽ ഇറക്കിയതും ഓക്കുമ്പോൾ വല്ലാത്തൊരു രോമാഞ്ചം.

മൂന്നാർ പോകാം എന്നുറപ്പിച്ചപോൾപോലും വഴിയിച്ചിലവിനായി കയിൽ അഞ്ചിൻെറ പൈസ ഇല്ലനോർത്തപ്പോൾ കള്ളിന്റെ പുറത്ത് ആണെങ്കിലും ATM വെച്ച് ഇതിൽ എത്തും വരെ എത്തട്ടെ എന്നുപറഞ്ഞ ഒരു കൂട്ടുകാരൻ. ഒരു പായും തലോണെയും എടുത്തു വേണ്ടിയിൽ ഇട്ട് ഒരു കസരയെടുത്ത് മുകളിൽ കെട്ടിവെച്ച് യാത്ര തുടങ്ങിയപ്പോൾ ഇത് എവിടെ ചെന്ന് അവസാനിക്കുമെന്ന് ഒരു നിശ്ചയവും ഇല്ലായിരുന്നു.

പക്ഷേ അതൊന്നുമല്ല, എല്ലാം കഴിഞ്ഞ് നേരം പരപരാ വെളുത്ത് മൂന്നാർ എത്തി, ഡോർ തുറന്നു എല്ലത്തിനേം പുറത്തിറക്കിയപ്പോൾ ഡിക്കിയിൽ നിന്നൊരു ചോദ്യം “എന്നെ ആരാടാ മൂന്നാറിൽ കൊണ്ടുവന്നതെന്ന്.” സിനിമ സ്റ്റൈലിൽ ATM വെച്ച് നീട്ടി യാത്രക്ക് തുടക്കം കുറിച്ചനാണ് ഈ ഡയലോഗ് പറഞ്ഞത് എന്ന് കേട്ടപ്പോ ചിരിച്ചു മരിച്ചു.

എല്ലാം കഴിഞ്ഞ് തിരിച്ച് ചുരം ഇറങ്ങി വരുമ്പോൾ പോലീസ് കൈ കാണിച്ചപ്പോൾ ആണ് വണ്ടിയിൽ ബുക്കും പേപ്പർ പോയിട്ട് സ്വന്തം ഡ്രൈവിംഗ് ലൈസൻസ് പോലും കയ്യിൽ ഇല്ലന്ന് ഓർമ വന്നത്. കോൺസ്റ്റബിൾ വന്നു ഊതാൻ പറഞ്ഞപ്പോൾ ആ മെഷീനിൽ നിന്ന് നിറുത്താതെ സൗണ്ട് വന്നു. അപ്പോൾ തന്നെ പോലീസിന്റെ കയിൽ നിന്നു മെഷീൻ വാങ്ങി വീണ്ടും ഊതി നോക്കി ആ സൗണ്ട് കേട്ട് നിഷ്കളങ്കമായി ചിരിക്കുന്ന കൂട്ടുകാരനെ കണ്ടുനിന്ന എന്റെ തല മരവിച്ചുപോയി. 300 രൂപ പിഴ ചുമത്തിയപ്പോൾ എണ്ണിപ്പെറുക്കി പത്തും ഇരുപതുമൊക്കെ ചേർത്ത് 290 തികച്ചു SI സാറിന്റെ കയ്യിൽ കൊടുത്തപ്പോൾ 90 രൂപ തിരികെ പോക്കറ്റിൽ ഇട്ട് തന്ന് തോളിൽ തട്ടി വിട്ടതും ഓർക്കുന്നു.

പോയവേഗം ഉണ്ടായിരുന്നില്ല തിരിച്ചുവരാൻ. റേഡിയെട്ടറിൽ വെള്ളം ഒഴിച്ചും, വണ്ടി നിറുത്തി ഇട്ടും വണ്ടി തണുപ്പിച്ച് കഷ്ടപ്പെട്ട് എങ്ങനോക്കെയോ തിരിച്ചെത്തി. തിരിച്ച് വീട്ടിൽ എത്തിയപ്പോൾ ആണ് ഓർക്കുന്നത് തലേദിവസം പപ്പടം വാങ്ങാനാണ് പുറത്തിറങ്ങിയത് എന്ന കാര്യം. അന്ന് മുതൽ എനിക്കൊരു പേര് വീണു ‘പപ്പടം വാങ്ങാൻ മൂന്നാർ പോയവൻ’ എന്ന്. പക്ഷേ ഞാൻ ഒറ്റയ്ക്കല്ല, ഞങ്ങൾ 6 പേർ ആണ് പലപല കാരണങ്ങൾക്കായി പുറത്തിറങ്ങി അപ്രതീക്ഷിതമായി മൂന്നാർ എത്തിയത്.

NB – മദ്യപാനം ആരോഗ്യത്തിനു ഹാനികരമാണ്. മദ്യപിച്ചു വണ്ടിയോടിക്കുന്നത് കുറ്റകരവും ഒരിക്കലും ചെയ്യാൻ പാടില്ലാത്തതുമാകുന്നു.