അമ്മയുമായി നീലാകാശം തൊട്ട് നീലക്കുറിഞ്ഞി തേടിയൊരുയാത്ര

വിവരണം – Sarath Krishnan.

പതിവുപോലെ ഹൃദയ നാഥൻ വടക്കുംനാഥനെ തൊഴുത് രണ്ട് ദിവസത്തെ അവധിയും പറഞ്ഞ് പുലർച്ചെ തന്നെ ഞങ്ങൾ തൃശൂർ വിട്ടു. നേരെ മറയൂർ വഴി ലക്ഷ്യം വെച്ച് സൂര്യോദയത്തിൽ വെട്ടിത്തിളങ്ങുന്ന മഞ്ഞുതുള്ളികൾ അലങ്കാരമാക്കിയ നെൽക്കതിരുകൾ, പാടവരമ്പിനു കാവലെന്നോണം നിൽക്കുന്ന കരിമ്പനകൾ അങ്ങനെ പാലക്കാടൻ ഗ്രാമീണ സൗന്ദര്യവും ആസ്വദിച്ച് വാളയാർ പിന്നിട്ടപ്പോൾ ചെറിയൊരു സംശയം ശരിക്കും കേരം തിങ്ങും നാട് കേരളമാണോ അതോ തമിഴ്നാടോ? അത്രയ്ക്കും ആകർഷിക്കുന്ന തെങ്ങിൻ തോട്ടങ്ങൾ. പിന്നെ തമിഴന്റെ അദ്ധ്വാനശീലത്തിന്റെ മകുടോദാഹരണങ്ങളായ കൃഷിയിടങ്ങൾ !….. ശരിക്കും അസൂയ തോന്നിപ്പോകും. ഇന്നു നമ്മുടെ കൊച്ചു കേരളത്തിൽ കൃഷിയിടങ്ങളെക്കാൾ കൂടുതൽ കോൺക്രീറ്റ് വിസ്മയങ്ങളാണ്. അതിനാൽ തന്നെയാണ് തമിഴർ ഒന്നു പിണങ്ങിയാൽ മലയാളി പട്ടിണി കിടക്കേണ്ട അവസ്ഥയിൽ എത്തിയത്.

അങ്ങനെ കുറച്ച് ഗൗരവമേറിയ കാര്യങ്ങൾ ചിന്തിച്ച് ഞങ്ങൾ ചിന്നാർ വനമേഖലയിലേക്ക് പ്രവേശിച്ചു. ശുദ്ധവായു ശ്വസിക്കണമെങ്കിൽ കാട്ടിൽ തന്നെ വരണം. കുറച്ച് ദൂരം ആ വനഭംഗി ആസ്വദിച്ച് ചിന്നാർ ഇക്കോ ഷോപ്പിൽ ചായ കുടിക്കുവാൻ ഞങ്ങൾ ഇറങ്ങി, അമ്മ പറയ്യാ ലാലേട്ടൻ പറഞ്ഞത് ശരിയാട്ടോ ഉയരം കൂടുംതോറും ചായക്ക് ഒരു പ്രെത്യേകസ്വാദ് 😂 ഞാനും അത് സമ്മതിച്ചു.അങ്ങനെ അവിടെ നിന്നും യാത്ര തുടർന്നു. ചെറുതായിട്ടൊന്നു മയങ്ങിയ അമ്മയെ മറയൂർ ചന്ദനക്കാടിന്റെ സൗന്ദര്യം നുകരുവാനായി ഞാൻ വിളിച്ചുണർത്തി. യാത്ര നേരെ തീർത്ഥ മലയുടെ അടിവാരത്ത് അവസാനിച്ചു.

ഈ യാത്രയിലെ ഏറ്റവും രസകരമായ കാര്യങ്ങളിൽ ഒന്ന് നീലക്കുറിഞ്ഞി കാണുവാൻ സുഹൃത്തുക്കളോടൊപ്പം എല്ലിപ്പെട്ടിയിൽ പോയി വീടെത്തിയപ്പോൾ പിണങ്ങി ഇരിക്കുന്ന അമ്മയുടെ പിണക്കം മാറ്റുവാനുള്ള യാത്ര. രണ്ട് ഞാൻ ഇന്നേവരെ നേരിൽ കാണാത്ത ഒരു ഇൻസ്റ്റഗ്രാം സുഹൃത്ത് ജോബിൻ… അദ്ദേഹമാണ് നീലാകാശത്തെ ചുംബിച്ച് നിൽക്കുന്ന നീലക്കുറിഞ്ഞിയുടെ ഉദ്യാനത്തിലേക്കുള്ള കവാടത്തിലേക്ക് ഞങ്ങൾക്കു വേണ്ട സജ്ജീകരണങ്ങൾ ഒരുക്കിയത്. അദ്ദേഹത്തോടുള്ള നന്ദി വെറും വാക്കുകളിൽ ഒരുങ്ങില്ല. ഒരു ആദിവാസി ചേട്ടനും, സഖാവും കൂടിയാണ് തീർത്ഥമലയിലെ നീലക്കുറിഞ്ഞി ഉദ്യാനത്തിലേക്ക് ഞങ്ങളെ നയിച്ചത്. വനത്തിലൂടെ ഒരുപാട് നടന്ന് അങ്ങകലെ നീല നിറത്തിലുള്ള ഒരു മലയിൽ ഞങ്ങളുടെ ദൃഷ്ടി പതിച്ചു. അത് ലക്ഷ്യമാക്കി നടന്നപ്പോൾ ദേഹാസ്വാസ്ത്യമെല്ലാം മറന്നുപോയി.

നടന്ന് നടന്ന് നീലാകാശത്തിനെ മുത്തമിട്ടു നിൽക്കുന്ന ഒരു വ്യാഴവട്ടക്കാലത്തിൽ പൂക്കുന്ന നീലക്കുറിഞ്ഞി വിസ്മയം കണ്ട് അമ്മ അത്ഭുതസ്തബദ്ധയായി നിൽക്കുന്നത്കണ്ട് ഞാൻ സന്തോഷിച്ചു. അമ്മയുടെ ഈ ആഗ്രഹം…. ഈ പിണക്കം എനിക്ക് മാറ്റുവാൻ സാധിച്ചിലായിരുന്നെങ്കിൽ ഒരു വ്യാഴവട്ടം കഴിയുമ്പോൾ പ്രായം അതുപോലെ മുന്നേറുമ്പോൾ ഒരു പക്ഷെ യാത്രകൾ ഇത്ര സുഗമമാകില്ല എന്തായാലും ഞാൻ മുൻപും പറഞ്ഞിട്ടുള്ളതുപോലെ അമ്മയുടെ മനസ്സുനിറയുമ്പോൾ ഒരു എവറസ്റ്റ് കീഴടക്കിയ സന്തോഷമാണ് എനിക്ക്. അങ്ങനെ തിരിച്ച് അടിവാരത്തെത്തി ആദിവാസി ഊരിലും, അവിടുത്തെ നല്ലവരായ ഊര് നിവാസികളുമായി ചിലവഴിച്ച് രാത്രി മണ്ണ് കൊണ്ട് ഉണ്ടാക്കിയ കുടിലിൽ കിടന്ന് ഉറങ്ങിയപ്പോൾ അത് മറ്റൊരു അനുഭവവും പ്രകൃതിയോട് വളരെ ഇഴകിച്ചേർന്നതുമായി തോന്നി.

പിറ്റെ ദിവസം കാലത്ത് ഊരു നിവാസികളോട് യാത്ര പറഞ്ഞ് നേരെ കാന്തല്ലൂർക്ക് യാത്ര തിരിച്ചു. കാന്തല്ലൂരിലെ ഏറ്റവും ഉയരത്തിൽ നിൽക്കുന്ന റിസോർട്ടിൽ ഒരു ചായ കുടിച്ചു. തൃശ്ശൂർ വൃന്ദാവൻ അപ്പാർട്ട്മെൻറ് ഉടമ രാജൻ ചേട്ടന്റെ ഹോട്ടൽ ആണത്. തൃശ്ശൂർ പാലസ് റോഡിൽ തല ഉയർത്തി നിൽക്കുന്ന വൃന്ദാവന്റെ പ്രൗഢി ചോരാതെ തന്നെ ഇവിടെ കാന്തല്ലൂരും ഏറ്റവും ഉയരത്തിൽ എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ഹോട്ടലും പരിസരത്തെ അപ്പിൾ, ഓറഞ്ച് തോട്ടങ്ങളുമെല്ലാം ആസ്വദനീയം തന്നെ. പിറ്റെ ദിവസം തുടങ്ങുന്നത് വീണ്ടും നീലക്കുറിഞ്ഞി കണ്ട് മതിവരാത്തതിനാൽ ആനമുടിയിലേക്ക് പോകുവാൻ തീരുമാനിച്ചു. ഒന്നര മണിക്കൂർ നീണ്ട ആ യാത്രയ്ക്ക് വളരെ ബുദ്ധിമുട്ടി ഞങ്ങൾക്ക് അനുമതി വാങ്ങിത്തന്ന ജോബിൻ ബാംഗ്ലൂരിൽ ഇരുന്ന് ഞങ്ങളെ ഒരു GPS പോലെ ലക്ഷ്യങ്ങളിലേക്ക് എത്തിച്ചു.

ആനമുടിയുടെ മുകളിലെ വിസ്മയം കണ്ണുകളിൽ നിന്നും ഒരിക്കലും മായില്ല. ഒരു നീലക്കടൽ പോലെ കുറിഞ്ഞി നോക്കത്താ ദൂരത്തോളം വിടർന്ന് ഇളം കാറ്റിൽ ആടിനിൽക്കുന്ന കാഴ്ച അവർണ്ണനീയം. കാട്ടരുവിയിലെ വെള്ളം കുടിച്ച്, ശുദ്ധവായുവും ശ്വസിച്ച് മണിക്കൂറുകളോളം അവിടെ സമയം ചിലവഴിച്ച ശേഷം കൊളുക്കുമലൈ ലക്ഷ്യമാക്കി യാത്ര തുടർന്നു. സമയം 6 മണി കഴിഞ്ഞതിനാൽ ഇരുട്ടും, കോടയും, വഴിയുടെ അവസ്ഥയും യാത്രയ്ക്ക് തടസ്സമായി തുടങ്ങി. ഞങ്ങളുടെ കാർ ഗോൾഡൻ ഡ്രീംസ് എന്ന ഹോട്ടലിൽ പാർക്ക് ചെയ്യുവാൻ അനുമതി തന്ന ഉടമ പ്രഭൂലിന് ഈ അവസരത്തിൽ നന്ദി പറയാതിരിക്കുന്നത് ശരിയല്ല.

അങ്ങനെഅവിടെ നിന്നും തുടങ്ങിയ യാത്രക്ക് കൂട്ടായി കനത്ത മഴയും, കൂരിരുട്ടും, കോടയും പിന്നെ അഗാഥമായ കൊക്കയും ഉള്ളിൽ ഒരു ഭയം ഉണർത്തിയെങ്കിലും അമ്മയുടെ കൈ പിടിച്ച് ഇരിക്കുമ്പോൾ ധൈര്യം തനിയെ വന്നു. അങ്ങനെ ചെയ്ത് രണ്ട് മണിക്കൂർ യാത്ര ചെയ്ത് കൊടുക്കുമലയിൽ സ്ഥിതി ചെയ്യുന്ന ചായ ഫാക്ടറിയിലെ ബംഗ്ലാവിൽ എത്തിച്ചേർന്നു. വളരെ നല്ല സൗകര്യമായിരിന്നു. കിടക്കയിലേക്ക് വീഴുമ്പോൾ പിറ്റെ ദിവസത്തെ സൂര്യോദയമായിരുന്നു മനസ്സ് നിറയെ. പുലർച്ചെ എഴുന്നേറ്റ് അര മണിക്കൂർ നടന്ന് മുകളിൽ എത്തി സൂര്യോദയം കാണുമ്പോൾ കണ്ണുകൾ ഉദയാർക്കന്റ പൊൻ കിരണങ്ങളാൽ നിശ്ചലമായിപോയി. സൂര്യോദയം കണ്ട് നേരെ ചായ ഫാക്ടറിയിലേക്ക് നടന്നു. ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ ഫാക്ടറി 1939ൽ സ്ഥാപിതമായതാണ്.

തേയില പൊടിയായി മാറുന്നതും, പാക്കിംഗും മറ്റും കണ്ട് അവിടുത്തെ ചായയും കുടിച്ചിരിക്കുമ്പോൾ ടെന്റിൽ താമസിക്കുവാൻ ഒരു മോഹം. ഉടനെ നേരിൽ കാണത്ത ആ പ്രിയ സുഹൃത്ത് ജോബിനെ വിളിക്കുകയും പതിവുപോലെ അദ്ദേഹം ഒരു മടിയും കൂടാതെ സുഹൃത്ത് ഡെറിനെ ഞങ്ങൾക്ക് പരിചയപ്പെടുത്തിത്തന്നു. ഡെറിൻ കൊടുക്കുമലയിലെ എറ്റവും നല്ല വ്യൂ പോയൻറിൽ ഞങ്ങൾക്ക് വേണ്ട ടെൻറ് സജ്ജമാക്കിയിരുന്നു. ടെൻറിലേക്കുള്ള യാത്രക്ക് അകമ്പടി സേവിച്ചത് രകതദാഹികളായ കുഞ്ഞൻ അട്ടകൾ ആയിരുന്നു. എല്ലാം സഹിച്ച് ടെൻറിൽ എത്തിയപ്പോൾ അത്ഭുത കഥകളിലെ ലോകത്താണോ എന്ന് സംശയം തോന്നിപ്പോയി! മേഘങ്ങളിൽ ആണോ ഈ ടെന്റ് നിർമ്മിച്ചിരിക്കുന്നത്! അങ്ങനെ ആകെ മൊത്തം ഒരു അത്ഭുത ലോകത്തിൽ ആണെന്ന് തോന്നി. ഒരു പകലും രാത്രിയും ഞങ്ങൾ ടെന്റിലിരുന്ന് ആ വിസ്മയ ലോകത്തിന്റെ സൗന്ദര്യം നുകർന്നു. രാത്രി ക്യാംപ് ഫയറും, ഭക്ഷണവും എല്ലാം വളരെ നല്ല രീതിയിൽ തന്നെ ചെയ്തിരിക്കുന്നു.

ഉറങ്ങാൻ കിടന്നപ്പോൾ അമ്മ ചോദിക്യാ “സ്ഥലം വാങ്ങി ഇവിടെ കൂടിയാലോ ശരത്തേ”. അമ്മ കൂടെ ഉണ്ടെങ്കിൽ മരുഭൂമി പോലും നമുക്ക് സ്വർഗ്ഗമാണേ. പുലർച്ചെ 4.45 ന് സൂര്യോദയം കാണുവാൻ ഡെറിൻ കൂട്ടിക്കൊണ്ടുപോയി … ബാലാർക്കൻ ഉദിച്ചുയരുന്നത് ഇമവെട്ടാതെ നോക്കി നിന്നു. അവിടെ നിന്നും സിംഹപ്പാറയിലേക്ക് നടക്കുവാൻ തീരുമാനിച്ചു. അമ്മയോട് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ തിരിച്ചു പോകണോ ചോദിച്ചപ്പോൾ കിട്ടിയ മറുപടി… നിനക്ക് വയ്യങ്കിൽ നീ തിരിച്ച് പോയ്ക്കോളു ശരത്ത് ഞാൻ സിംഹപ്പാറ കാണാൻ പൂവാ. അങ്ങനെ നടന്ന് സിംഹപ്പാറയിൽ എത്തിയപ്പോൾ ഒരു സംശയം “ഞങ്ങൾ ഭൂമിയിൽ തന്നെയാണോ..” സിംഹത്തിന്റെ വായിലെന്നോണം ഉദിച്ച് നിൽക്കുന്ന സൂര്യൻ, കാൽച്ചുവട്ടിൽ പഞ്ഞിക്കെട്ടുപോലെ മേഘങ്ങളും, ഇളം തണുപ്പും കൂട്ടിന് മന്ദ മാരുതനും, പുഷപിച്ച് നിൽക്കുന്ന നീലക്കുറിഞ്ഞികളും എല്ലാം കൂടി ഒരു വിസ്മയ ലോകം. അങ്ങനെ ഉച്ചയോടു കൂടി മനസ്സില്ലാ മനസ്സോടെ ഞങ്ങൾ തൃശുർക്ക് തിരിച്ചു.