സ്ട്രോബിലാന്തെസ് കുന്തിയാന തേടി ഒരു കിടിലൻ ട്രിപ്പ്..

വിവരണം – Yedukul Kg.

സ്ട്രോബിലാന്തെസ് കുന്തിയാന- STROBILANTHES KUNTHIYANA പേര് കേട്ട് പേടിക്കണ്ട പന്ത്രണ്ട് വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറുഞ്ഞിക്ക് സായിപ്പിട്ട പേര്. അപ്പോള്‍ പ്രളയം കഴിഞ്ഞ് ഒറ്റപ്പെട്ട മൂന്നാറിലേക്കാണ് നമ്മൾ പോവുന്നത്. തകർന്നു തരിപ്പണമായ മൂന്നാർ പട്ടണം കാഴ്ചകള്‍ തേടിവരുന്ന സഞ്ചാരികൾക്കായി ചാരത്തിൽ നിന്നവതരിച്ച ഫീനിക്സ് പക്ഷിയെപ്പോലെ വീണ്ടും തിരിച്ചുവരവ് നടത്തി.

അതിരാവിലെ തൊടുപുഴയിൽനിന്ന് യാത്ര തുടങ്ങിയ ഞങ്ങള്‍ വഴിയിലൊക്കെ നിർത്തി ചായ കുടിച്ച് ചായ കുടിച്ച് യാത്ര തുടർന്നു. ചിന്നക്കനാൽ ഒക്കെ അടുത്തപ്പോഴേയ്ക്കും ഏകദേശം ഒരു കാര്യം മനസ്സിലായി. പ്രളയം ഒന്നും മലയാളിക്ക് പുത്തരിയല്ല. നല്ല തിരക്ക് വഴിയില്‍ മുഴുവന്‍ യാത്രക്കാരൻമാരും യാത്രക്കാരികളും. എല്ലാവര്‍ക്കും സലാം പറഞ്ഞു മൂന്നാറെത്തി….

പറയാതെ വയ്യ തൃശൂര്‍ പൂരത്തിൻ്റെ ആള് പോലെയാണ് തിരക്ക് ഒരുപിടി പൂഴി വാരിയെറിഞ്ഞാൽ താഴെ വീഴില്ല.അതൊക്കെ ഓർത്തുനിൽക്കുമ്പോഴാണ്….അടുത്ത വാർത്ത ഇടിത്തീ പോലെ വീഴുന്നത്. “ഓൺലെെനിൽ ബുക്കിയവരൊക്കെ രാജമലയിലെ പൂ കണ്ടാമതി ബാക്കിയുള്ളവരൊക്കെ മം പൊക്കോ…”

ഇതുകേട്ടു കൂടെ വന്നവൻ്റെ മുഖം ഇഞ്ചി കടിച്ച..അല്ലെങ്കില്‍ വേണ്ട ചുവന്നു അതുമതി. വണ്ടിയൊതുക്കി കിളിപാറിയിരിക്കുമ്പോഴാണ് ഞാനാ മഹനീയ വ്യക്തിത്വത്തിന്‍റെ മുഖം ഓർത്തത് Jimson Chitilappally. പേരില്‍ ചിറ്റിലപ്പള്ളി ഉണ്ടെന്നേ ഉള്ളൂ പുള്ളിയുടെ ആരുമല്ല. വിളിച്ചു തലേന്നടിച്ച കൂറ റമ്മിൻ്റെ ഹാങ്ങോവറിലായിരിക്കണം എടുത്ത് എന്തൊക്കെയോ പറഞ്ഞു. ഇടയില്‍ ഒരു സ്ഥലപ്പേരും കൊളുക്കുമല…..

എങ്കില്‍ ചലോ കൊളുക്കുമല..മൂന്നാറിൽ നിന്നും സൂര്യനെല്ലി..സൂര്യനെല്ലി അടിവാരത്തുനിന്നും ജീപ്പ് പിടിക്കണം.അതിനു ടോക്കണെടുക്കണം. ടോക്കൻ കൊടുക്കലും നിർത്തി. ഒരു ടോക്കണിൽ ആറ് പേർക്ക് പോവാം.ഞങ്ങള്‍ രണ്ട് പേരും. അങ്ങനെ കുറച്ച് കോളേജ് പിള്ളേരെ സോപ്പിട്ട് ഒരു ടോക്കൺ ബ്ലാക്കിലങ്ങ് വാങ്ങി. ശേഷം ആളെക്കൂട്ടലായിരുന്നു. സാധനം കയ്യിലുണ്ടോ എന്നുചോദിച്ച് ആൾക്കൂട്ടത്തിലൂടെ ഒരു റോന്തുചുറ്റിയപ്പോൾ ആറുപേരും റെഡി.

ഇരുപത്തിയേഴാം ടോക്കൺ നമ്പരിനായി കാത്തിരുന്നു കണ്ണ്കഴച്ചു. പതിനൊന്നു കഴിഞ്ഞു പന്ത്രണ്ടു കഴിഞ്ഞു ഒരുമണിയായി.ടോക്കൺ നമ്പർ ഏകദേശം അടുത്തപ്പോൾ അതാ ജീപ്പ് ഡ്രെെവർമാരും വേറൊരു ടീമും തമ്മില്‍ അടി വാക്കേറ്റം കൊലവിളി.ഒക്കെ കഴിഞ്ഞു മുനിയാണ്ടിയണ്ണൻ്റെ ജീപ്പ് വന്നപ്പോള്‍ രണ്ടു മണി. യാത്രതുടങ്ങി ടീ ഫാക്ടറി വരെ ഞങ്ങള്‍ വണ്ടിയുടെ സീറ്റിൽ ഇരുന്നും ശേഷം ബഹിരാകാശ യാത്രയെ അനുസ്മരിപ്പിക്കുന്ന വിധം വണ്ടിക്കുള്ളിലൂടെ പറന്നും യാത്ര തുടർന്നു.

വഴിയിലുടനീളം മഞ്ഞുപുതച്ച തേയിലക്കൊളുന്തുകൾ സ്വാഗതമരുളി. ഒടുവില്‍ കൊളുക്കുമല വ്യൂപൊയിൻ്റ് എത്തി നീലപുതച്ച ഒരു മലഞ്ചെരിവു ചൂണ്ടിക്കാണിച്ച് മുനിയാണ്ടി അണ്ണൻ പറഞ്ഞു പോയിവരാൻ. പിന്നെ ഒരു ഓട്ടപ്പാച്ചിലായിരുന്നു മുന്നിലുള്ള ഒരു മല ശടപടേന്ന് കയറിയിറങ്ങി. അട്ടകടികൊണ്ട് മരണാസന്നനായ ചങ്കിൻ്റെ കരച്ചില്‍ കേട്ടും…മഞ്ഞുപുതച്ച വഴികൾ കണ്ട് കൂവിവിളിച്ചും ഒടുവില്‍ നമ്മുടെ കഥാനായകന്‍ പൂത്തുലഞ്ഞു നിൽക്കുന്ന മലനിരകൾക്കിടയിലൂടെയുള്ള ഓട്ടപ്രദക്ഷിണവും കഴിഞ്ഞ് പറ്റുന്നത്ര കാഴ്ചകളെ മനസിലേക്കാവാഹിച്ച് യാത്രപറഞ്ഞു. മലകളോട്… മണ്ണിനോട്… മഞ്ഞിനോട്… കുറിഞ്ഞിയോട്….മൊത്തം ചെലവായ തുക :ആറുപേർക്ക് ജീപ്പുകൂലി – 2000, കൊളുക്കുമല എൻ്ട്രീ പൊയിൻ്റ് – 100, ഒരാൾക്ക് മുഴുവന്‍ ചിലവ് – 1300.