മണൽപ്പരപ്പും കോട്ടകളും കടന്ന് എമിറേറ്റ്സിന്റെ ഒരവസാനത്തിലേക്ക്…

വിവരണം – Vishnu Sreedevi Raveendran.

കാഴ്ചകൾ കാണാൻ ആരും സഞ്ചരിക്കാത്ത വഴികളിലൂടെ ഞാൻ സഞ്ചരിക്കും.അതെ ആളുകൾ സഞ്ചരിച്ചു തുടങ്ങുന്നത് ഇപ്പോഴാണ്.  ആഴ്ചകൾക്കു മുന്നേ ഷാർജ സുൽത്താൻ ഉൽഘാടനം ചെയ്തതതേയുള്ളൂ; ഷാർജ -ഖുർഫുഖാൻ റോഡ് (No:142).

എല്ലാ weekend നും മുന്നത്തെ Thursday യും പോലെ കഴിഞ്ഞ ആഴ്ചയും അപാര പ്ലാനിങ് ആരുന്നു. എല്ലാ പ്ലാനിംഗ്നും ഒടുക്കം ഈ വെള്ളി ആഴ്ചയും പതിവ് പോലെ കിടന്നു ഉറങ്ങാൻ തീരുമാനിച്ചപ്പോൾ ആണ് പരമ കാരുണ്യവാനയ സജിത്ത് ഏട്ടന്റെ വിളി. “നേരെ ഖുർഫുഖാൻ വിട്ടാലോ. പ്ലാൻ നിഷാദ് ഇന്റെ ആണ്. കണ്ണനും ഉണ്ട് ( സജിത്തേട്ടന്റെ അനിയൻ).” ഉറങ്ങാൻ കിടന്നവന് അടിച്ച ലോട്ടറി. “OK ഏട്ടാ എല്ലാം പറഞ്ഞപോലെ. നാളെ 9 മണി “. എല്ലാ സിനിമയിലും മരിക്കാൻ ഒരു കൂട്ടുകാരൻ ഉള്ള പോലെ യാത്രയ്ക്ക് തൊട്ടു മുന്നേ വരണില്ല എന്ന് പറയുന്ന ഒരാൾ പക്കാ നിർബന്ധമാ. ക്ലിഷേ ആണ്. അതെ നിഷാദ് പണി പറ്റിച്ചു.

ദുബായിൽ നിന്ന് എമിരേറ്റ്സ് റോഡിൽ വരുമ്പോൾ മലീഹ റോഡ് exit നു തൊട്ടടുത്ത exit അവിടുന്നു ആണ് നമ്മുടെ ഖുർഫുഖാൻ റോഡ് സ്റ്റാർട്ട് ചെയ്യുന്നത് …. എമിരേറ്റ്സ് റോഡിനു തൊട്ടു അടുത്ത് ആയിട്ട് കൂടി മണൽ കൂനകൾ അല്ലാതെ വശങ്ങളിൽ ഒന്നുമില്ല… പക്ഷെ അവിടെ വരാൻ പോകുന്ന വലിയ മാറ്റങ്ങൾക്ക് ഒരു വലിയ ആണിക്കല്ലാകും ഈ റോഡ് എന്നത് തീർച്ച. മുന്നോട്ടു നീങ്ങും തോറും ചെറിയ ചെറിയ ഫാംകൾ കാണപ്പെട്ടു. ഒട്ടകങ്ങൾ മാത്രം ഉള്ളത്, ഒട്ടകവും ആടും ഉള്ളത് അങ്ങനെ ചെറുത്‌. (ഒരു ചെറിയ ഫാം വിസിറ്റ് കഥ ഉണ്ട് അത് പിന്നെ ) റോഡിനു വശങ്ങളിൽ ഈന്തപ്പന തോട്ടങ്ങൾ കാണപ്പെട്ടു തുടങ്ങി. ഈ കാഴ്ചകൾ അതിങ്ങനെ മാറി മാറി വന്നു തുടങ്ങി.

ഹാ…. ദൂരെ മല നിരകൾ. ഇപ്പൊ ഒറ്റ നോട്ടത്തിൽ തമിഴ് നാട്ടിൽ നിന്ന് നമ്മൾ സഹ്യനെ നോക്കണ പോലെ ഉണ്ട്. ഞങ്ങൾ അവിടെ ഇറങ്ങി. വെയില് ഉച്ചിയിലേക്കു എത്തിയിട്ടില്ല എങ്കിലും. ഉണ്ട്. ‘ആ വഴി അതിങ്ങനെ നീണ്ടു കിടക്കുകയാണ്. ഇര വിഴുങ്ങിയ പെരുമ്പാമ്പ്. വെയില് കായാൻ കിടക്കണ പോലെ. വണ്ടിയിൽ കയറി കുറച്ചു നേരത്തെ യാത്ര. ദൂരെ കണ്ട മല നിരകൾ അടുത്ത് വന്നു. അതിൽ ആദ്യത്തെ മലകൾക്കു ഇടയിലൂടെ തന്നെ ആ പെരുംബാബ് ഇങ്ങനെ നിവർന്നു കിടക്കുന്നു. അവിടെ വണ്ടി ചവിട്ടി.. ചറപറാ… ക്ലിക്ക്….

വീണ്ടും മുന്നോട്ട് പോയപ്പോൾ നമ്മുടെ മനസിലുള്ള മരുഭൂമിയുടെ രൂപം അപ്പാടെ മാറും. മണൽ കൂനകൾ ഇല്ല. മരുപ്പച്ച ഇല്ല. കല്ലുകൾ പല നിറത്തിൽ. അതിങ്ങനെ പല വലിപ്പത്തിൽ അടുക്കി വച്ചു മല പോലെ പണിഞ്ഞിരിക്കുന്നു. ആര്…? സർവ്വം പടച്ച തമ്പുരാൻ. ഓരോ മലകൾക്കും ഓരോ നിറം… ചിലതിനു കറുപ്പ്, ബ്രൗൺ, റെഡ്, ചാര നിറം. പിന്നെ പേര് കണ്ടു പിടിച്ചിട്ടില്ലത ഒരു പാടു നിറങ്ങൾ. ദൈവത്തിന്റെ ചായക്കൂട്ടു ചിന്നി തെറിച്ചു വീണ പോലെ.. കറുത്ത റോഡ്… മഞ്ഞ വര…പല വർണത്തിൽ ഉള്ള മലകൾ…. തെളിഞ്ഞ നീലാകാശം … ഹാ… അന്തസ്സ്… വളഞ്ഞു പുളഞ്ഞു കിടക്കുന്ന വഴികൾ… ചെറിയ തെരി.. (കയറ്റം) വണ്ടി ഇങ്ങനെ മേലെയ്ക്ക് കേറി പോകുമ്പോൾ, വശങ്ങൾ പേരറിയാത്ത റോഡ് കൺസ്ട്രക്ഷൻ വണ്ടികൾ കൊണ്ട് നിറഞ്ഞു. മലകൾക്കു ഇടയിൽ ചെങ്കുത്തായ ഇറക്കങ്ങളും വഴികളും കാണാം. ദൂരെ ചില പട്ടണങ്ങൾ ഇടയ്ക്കിടെ ദൃശ്യം ആകുന്നുണ്ട്. അവയിലേക്ക് നീളുന്ന ട്ടാറിട്ടതും മണ്ണ് നിറഞ്ഞതും ആയ റോഡുകൾ. ഇടയ്ക്ക് എപ്പോഴോ കണ്ണൻ വിളിച്ചു പറയണ കേട്ടു “KGF..KGF ന്നു..” അതെ വശങ്ങളിൽ എങ്ങും അതിനെ ഓർമിപ്പിക്കുന്ന ഭൂമിക. Crusher യൂണിറ്റ്കൾ…. പൊടി… വലിയ വണ്ടികൾ…. ചെറിയ തകര കെട്ടിടങ്ങൾ…. ശരിക്കും KGF…..

അവസാനിക്കാത്ത മല നിരകൾക്കിടയിൽ  മനുഷ്യന്റെ അധ്വാനത്തിന്റെ മഹാത്ഭുദം. ടണൽ… അതും ഒന്നല്ല അഞ്ചു എണ്ണം.. വെറും പേരിനൊരു ടണൽ അല്ല. പെരുത്ത അഞ്ചു എണ്ണം. ഒന്നിലേക്ക് കയറി അതിന്റെ അത്ഭുതങ്ങൾ തമ്മിൽ സംസാരിച്ചു തീരാൻ സമ്മതിക്കാതെ. അടുത്തത് അപ്പോഴേക്കും.. അടുത്തത്… അതിൽ നാലാമത്തെ ഏകദേശം 1 KM നീളം ഉണ്ടാകും. എല്ലാ ടണൽഉം മുന്നിൽ ഇരുന്നു വീഡിയോ കവർ ചെയ്ത കണ്ണന് കിട്ടിയത് എട്ടിന്റെ പണി. തീരണ്ടേ. ഇങ്ങനെ പട പണ്ടാരം പോലെ പണിഞ്ഞു ഇട്ടേക്കുവല്ലേ. മൊബൈലിന്റെ സ്പേസ്ഉം പണി കൊടുക്കാൻ തുടങ്ങി. രണ്ടു വരികളിൽ മനുഷ്യൻ പടച്ചു വിട്ട ഒരത്ഭുതം. തിരിച്ചു വരാൻ പ്രത്യേകം രണ്ടു വരി വേറെ ഉണ്ട് കേട്ടോ. ഇത് രണ്ടിനെയും കണക്ട് ചെയ്തു കൊണ്ട് ഒരുപാട് ചെറിയ ഇടനാഴികൾ. ലേറ്റസ്റ്റ് safety equipment, sprinklers, extinguisher system, exhaust system… ഓ… അടിപൊളി. എല്ലാ ടണൽ ഇലും ഇതൊക്കെ ഒരേ പോലെ തന്നെ ഉണ്ട്. അങ്ങനെ നാലും പിന്നെ അഞ്ചും ടണലുകൾ കഴിഞ്ഞു. ഒരത്ഭുതം കൂടെ ഈ റോഡിൽ ഞങ്ങളെ കാത്തിരിക്കുന്നുണ്ടായിരുന്നു.

AL RAFISAH DAM… ദൈവം മലകളും, പുഴകളും, നല്ല ഡാം സൈറ്റുകളും തന്നു അനുഗ്രഹിച്ച ദൈവത്തിന്റെ സ്വന്തം നാട്ടുകാർ വന്നു ഇതൊക്കെ ഒന്ന് കാണണം. ഇല്ലാത്ത വെള്ളതെ (വല്ലപ്പോഴും കിട്ടുന്ന മഴ) എങ്ങനെ ഉപയോഗിക്കുന്നു എന്ന്. അതിനെ ഇവർ എങ്ങനെ പരിപാലിക്കുന്നു എന്ന്. പാർക്കിംഗ് ഫീ ഇല്ല, എൻട്രി ഫീ ഇല്ല. അങ്ങനെ ഒരു ഗവണ്മെന്റ് ജനങ്ങളെ സേവിക്കുമ്പോൾ അതിനെ വൃത്തിയായി സൂക്ഷിച്ചു ജനങ്ങൾ എങ്ങനെ അവരുടെ കർത്തവ്യം നിറവേറ്റുന്നു എന്ന് കൂടെ. ഈ ഒരു വൃത്തി ഖുഫുഖാൻ റോഡിൽ ഉടനീളം കാണാൻ കഴിയും. ഓരോ 5 KM ലും ഗവെര്മെന്റ് വേസ്റ്റ് ബോക്സ്‌കൾ ഉണ്ട്.. ജനവാസ മേഖല അല്ല എന്നിട്ട് കൂടെ. ആ ബോക്സിൽ ആണ് യാത്രക്കാർ വണ്ടി നിർത്തി വേസ്റ്റ് ഇടുന്നത്. ഒരു ചെറിയ ബിസ്‌ക്കറ് കവർ പോലും. അവർ അങ്ങനെ ചെയ്യുമ്പോൾ നമ്മളും അറിയാതെ ചെയ്തു പോകും.

അപ്പൊ പറഞ്ഞു വന്നത് സുന്ദരിയായ ഡാം.. കൃത്രിമമായി നിർമിച്ച വെള്ളചാട്ടവും… പൂന്തോട്ടവും അതി മനോഹരം. കല്ലുകൾ പാകി തറയ്ക്കും തുണുകളില് പഴയ മോഡൽ ചില്ല് വിളക്കുകൾ തൂക്കി പ്രകൃതിക്കും വേറൊരു സൗന്ദര്യം നൽകിയിരിക്കുന്നു. ഡാമിന്റെ ഒരതു ആയി ഒരു സൈഡിൽ കോട്ട പോലെ എന്തോ ഒന്നും മറു വശത്തു പനഓല കൊണ്ട് റസ്റ്റ്‌ ഏരിയ യും നിർമിച്ചു മനോഹരമാക്കി. റിസർവോയറിൽ പെഡൽ ബോട്ട്, തുഴ ബോട്ട് എന്നിവ ഏർപ്പാട് ആക്കിയപ്പോൾ കുറെ താറാവിനെയും അരയന്നത്തെയും ഒക്കെ വളർത്തി ആ തടാകം മനോഹരമാക്കി. തടാകത്തിനു ചുറ്റും പല നിറത്തിലുള്ള പുല്ലുകൾ, ചെടികൾ, പൂവുകൾ, പൂമ്പാറ്റകൾ, കിളികൾ.. ഹാ.. ഇത് മരുഭൂമി തന്നെ ആണോ?

അവിടെ നിന്നിറങ്ങി വീണ്ടും യാത്ര. ഒടുക്കം മല നിറകളുടെ അവസാനം കണ്ടെത്തി. മലയ്ക്കും കടലിനും ഇടയിലുള്ള ഒരു കൊച്ചു പട്ടണം – ഖുർഫുഖാൻ. ആഡംബരങ്ങൾ ഇല്ലാത്ത ഒരു ചെറിയ പട്ടണം. വലിയ കെട്ടിടങ്ങൾ ഇല്ല, ഷോപ്പിങ് മാളില്ല… ഉള്ളത് വളരാൻ വെമ്പി നിൽക്കുന്ന ഒരു മലയടിവാരം മാത്രം. നേരെ പോയത് ബീച്ചിലേക്ക് ആണ് (നട്ടുച്ചക്ക് ബീച്ചിൽ എന്ത് കാര്യം എന്ന ചോദ്യത്തിന് ഉണങ്ങാൻ ഇട്ട തടി വല്ലോം കണ്ടാലോ എന്ന ഉത്തരം). തീരത്തെ പുൽകുന്ന മലനിരകളുടെ ഉയരങ്ങളിൽ ഒരു പാടു റിസോർട്ട്കൾ മുളച്ചു വരനുണ്ട്. ടൈൽ പാകിയ നടവഴി കഴിഞു പുല്ല് തകിടിയും അതിൽ വളർന്നു പന്തലിച്ചു നിൽക്കുന്ന ആൽമരവും കടന്നു ചെല്ലുമ്പോൾ അതാ നിൽക്കുന്നു ഒരു വരി നിറയെ കേരളത്തിന്റെ കല്പ വൃക്ഷം. തനതു കേരള മോഡലിൽ മണ്ടയിൽ ഓല മാത്രം ആയ്ട്ട്. എങ്കിലും അത് ആ ബീച്ചിനു നൽകുന്ന സൗന്ദര്യം മറ്റൊന്ന് തന്നെ.

ഒരുപാട് തരത്തിലുള്ള ജല കേളി വിനോദങ്ങൾ അവിടെ കണ്ടു. ഞങ്ങടെ ലക്ഷ്യം അതല്ലാതത്തു കൊണ്ട് (കാശു ഇല്ലാത്തതു അല്ല താത്പര്യം ഇല്ലാഞ്ഞിട്ടാണ്) തിരിച്ചു പോകുവാൻ മനസ്സ് കോപ്പ് കൂട്ടി. അപ്പോഴും വെളുത്ത മണൽ പരപ്പിൽ തന്റെ കുപ്പിവളകൾ കിലുക്കി അവൾ ഓളം പുൽകി കൊണ്ടിരുന്നു. ദൂരെ പോർട്ടിൽ തല ഉയർത്തി പിടിച്ച ക്രൈനുകൾ അവളെ നോക്കി പുഞ്ചിരി കൊണ്ടു. കരയ്ക്കും, കടലിനും ആകാശത്തിനും കണ്ടു നിന്ന എന്റെ മനസ്സിലും ഒരേ ഒരു നിറം. തിരിഞ്ഞു നടക്കാൻ മനസ്സ് അനുവദിച്ചില്ല എങ്കിലും നടന്നു. തിരിഞ്ഞു നടന്നപ്പോൾ ഞാനൊന്നു കൂടി അവളെ നോക്കി. ഒരു ക്ലിക്ക്.