ലോകത്തിലെ ഏറ്റവും വലിയ യാത്രാവിമാനം ആദ്യമായി ബെംഗളൂരുവിൽ

ലോകത്തിലെ ഏറ്റവും വലിയ യാത്രാവിമാനം ആദ്യമായി സൗത്ത് ഇന്ത്യയിൽ ഇറങ്ങിയിരിക്കുന്നു. ഒക്ടോബർ 14 നു ദുബൈയിൽ നിന്നും പുറപ്പെട്ട എമിറേറ്റ്സിൻ്റെ EK562 എന്ന Airbus A380 വിമാനം ബെംഗളൂരുവിൽ ലാൻഡ് ചെയ്തതോടെയാണ് ഏറെ നാൾ കാത്തിരുന്ന ആ ചരിത്രമുഹൂർത്തം പൂർത്തിയായത്. വിമാനം ഒക്ടോബര്‍ 14-ന് സൗത്ത് റണ്‍വേയില്‍ ബെംഗളൂരുവിലെ ആദ്യ ലാന്‍ഡിംഗ് നടത്തുന്ന വിവരം കെംപഗൗഡ എയര്‍പോര്‍ട്ട് തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡ്‌ലില്‍ പങ്കുവെച്ചിരുന്നു.

ലോകത്തിലെ ഏറ്റവും വലിയ യാത്രാവിമാനമായ A380 മുമ്പ് ഡല്‍ഹിയിലും മുംബൈയിലും എത്തിയിരുന്നു. ഇപ്പോൾ ഈ ഭീമൻ വിമാനം ലാന്‍ഡ് ചെയ്യുന്ന മൂന്നാമത്തെ ഇന്ത്യന്‍ നഗരമായി ബെംഗളൂരു മാറി. ബെംഗളൂരുവിലെ യാത്രക്കാര്‍ക്ക് ഇതാദ്യമായാണ് എമിറേറ്റ്‌സ് ജംബോയുടെ ആഡംബര യാത്രാനുഭവം ലഭ്യമാകുന്നത്. ഈ മൂന്ന് മെട്രോ സിറ്റികള്‍ ഒഴികെ ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ മാത്രമാണ് A380 വിമാനം നിലംതൊടാന്‍ സജ്ജീകരണമുള്ളത്.

എമിറേറ്റ്സ് എയര്‍ലൈന്‍സിന്റെ ഉടമസ്ഥതയിലുള്ള ഈ വിമാനത്തിന് 72.7 മീറ്റര്‍ നീളവും 24.1 മീറ്റർ ഉയരവുമുണ്ട്. നമ്മൾ കണ്ടിട്ടുള്ള സാധാരണ വിമാനങ്ങളെ അപേക്ഷിച്ച് രണ്ടു നിലകൾ ഉണ്ടെന്നുള്ളതാണ് ഇതിന്റെ എടുത്തു പറയേണ്ട ഒരു സവിശേഷത. ഈ വിമാനത്തിന്റെ ഭാരം 510 മുതല്‍ 575 ടണ്‍ വരെയാണ്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വിമാനങ്ങളില്‍ ഒന്നും കൂടിയാണിത്.

നിലവിൽ ഏറ്റവും കൂടുതൽ A380 വിമാനങ്ങൾ സ്വന്തമായുള്ള എയർലൈനാണ്‌ എമിറേറ്റ്സ്. എമിറേറ്റ്സിനെ കൂടാതെ എയർ ഫ്രാൻസ്, ബ്രിട്ടീഷ് എയർവേയ്‌സ്, ഏഷ്യാന എയർലൈൻസ്, ചൈന സതേൺ എയർലൈൻസ്, ഇത്തിഹാദ്, കൊറിയൻ എയർ, ലുഫ്താൻസ, മലേഷ്യ എയർലൈൻസ്, ക്വാണ്ടാസ്, ഖത്തർ എയർവേയ്‌സ്, സിംഗപ്പൂർ എയർലൈൻസ്, തായ് എയർവേയ്‌സ് എന്നീ എയർലൈനുകളും A 380 വിമാനങ്ങൾ ഉപയോഗിച്ച് സർവ്വീസ് നടത്തുന്നുണ്ട്.