പൂമുള്ളി നീലകണ്ഠൻ നമ്പൂതിരിപ്പാട് – ഒറിജിനൽ ‘ആറാം തമ്പുരാൻ..’

ലേഖകൻ – Abdulla Bin Hussain Pattambi.

മലയാളികള്‍ക്കൊക്കെ സുപരിചിതമായ സൂപ്പര്‍ ഹിറ്റ്‌ പേരാണ്‌ “ആറാം തമ്പുരാന്‍” എന്നത്‌. രഞ്‌ജിത്ത്‌ തിരക്കഥയെഴുതി ഷാജി കൈലാസ്‌ സംവിധാനം ചെയ്‌ത ആ സിനിമയുമായി ബന്ധമൊന്നുമുള്ളയാളല്ല യഥാർത്ഥ ആറാം തമ്പുരാന്‍. പാലക്കാട്‌ ജില്ലയിലെ പട്ടാമ്പിക്കടുത്ത പ്രദേശമായ പെരിങ്ങോട്‌ പൂമുള്ളി മനയിലെ ആറാം തമ്പുരാനായിരുന്നു “നീലകണ്‌ഠന്‍ നമ്പൂതിരിപ്പാട്‌” (ജനനം 1921. മരണം 1997.).

മോഹന്‍ലാലിന്റെ ആ കഥാപാത്രത്തെപ്പോലെ താമസ ഭാവമില്ലാത്തതും രാജസസാത്വിക ഭാവങ്ങളില്‍ ആ കഥാപാത്രത്തെക്കാള്‍ എത്രയോ മുകളില്‍ നില്‍ക്കുന്നയാളുമായിരുന്നു ദിവംഗതനായ പൂമുള്ളി നീലകണ്‌ഠന്‍ നമ്പൂതിരിപ്പാട്‌. ഭൂപരിഷ്‌കരണത്തിനു ശേഷവും കേരളത്തിലെ ഏറ്റവും വലിയ നമ്പൂതിരി ഇല്ലങ്ങളിലൊന്നായിരുന്നു പൂമുള്ളി മന. അവിടത്തെ ആറാമത്തെ മകനായി പിറന്നതിനാലാണ്‌ നീലകണ്‌ഠന്‍ നമ്പൂതിരിപ്പാടിന്‌ ആറാം തമ്പുരാന്‍ എന്നു വിളിപ്പേര് വന്നത്‌.

പഴയ നമ്പൂതിരിത്തത്തിന്റെ എല്ലാ നന്മതിന്മകളിലുമാണ്‌ വളര്‍ന്നതെങ്കിലും ആറാം തമ്പുരാന്‌ ജീവിതത്തില്‍ ഒരൊറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളു- അറിവു നേടുക.ആധുനിക രീതിയിലുള്ള പഠിപ്പു സമ്പ്രദായങ്ങളെക്കാള്‍ പാരമ്പര്യമട്ടിലുള്ള വിജ്ഞാനാര്‍ജനരീതിയായിരുന്നു നീലകണ്‌ഠന്‍ നമ്പൂതിരിപ്പാടിന്‌ പഥ്യം.

“ആന, വിവിധ തരം സർപ്പങ്ങൾ, പശു, കാള, എരുമ, പോത്ത്‌…. തുടങ്ങിയവയെക്കുറിച്ചുള്ള ആഴമേറിയ അറിവുകള്‍, കാളപൂട്ട്‌ , കൃഷിവിജ്ഞാനീയം , ആനചികില്‍സയും ആനപരിചരണവും , നായാട്ട്‌ , ആയുര്‍വേദം , ആയുർ വേദത്തിലെ വിവിധ തരം ചികിത്സാ രീതികൾ , സംഗീതം , സാഹിത്യം , ചിത്രകല , ജ്യോതിഷം , വിഷചികില്‍സ , യോഗാഭ്യാസം , ബാലചികില്‍സ , കളരിപ്പയറ്റ്‌ , സംസ്‌കൃതം , വേദാന്ത ചിന്ത , സംഗീതം , വിവിധ തരം മേളങ്ങള്‍…..” എന്നിങ്ങനെ ഒരു കാലഘട്ടത്തില്‍ നിലവിലുണ്ടായിരുന്ന ഏതാണ്ടെല്ലാ ജ്ഞാനമണ്ഡലങ്ങളിലും അതിശയകരമായ പാണ്ഡിത്യമാണ്‌ അദ്ദേഹം ആര്‍ജിച്ചിരുന്നത്‌.

കര്‍ണാടക സംഗീതത്തില്‍ ചെമ്പൈയും ഹിന്ദുസ്ഥാനിയില്‍ ശരച്ചന്ദ്ര മറാഠേയും ഹ്യൂമനിസത്തില്‍ എം.എന്‍.റോയിയും ആയുര്‍വേദത്തില്‍ വൈദ്യമഠം വലിയ നാരായണന്‍ നമ്പൂതിരിയും ഒക്കെയാണ്‌ അദ്ദേഹത്തിന്‌ അറിവു പകര്‍ന്നു നൽകിയ ഗുരുക്കന്മാർ.

അറിവുകളുടെ തമ്പുരാന്‍ എന്ന നിലയില്‍ നാടും നാട്ടുകാരും ആദരം മാത്രമേകിയപ്പോഴും ഒരു നാടന്‍ നമ്പൂതിരിയെപ്പോലെ ഇതൊന്നും എന്റെയല്ല,എന്റെയല്ല എന്ന ജൈവബോധമാണ്‌ അദ്ദേഹത്തിനുണ്ടായിരുന്നത്‌. മികച്ച ശിഷ്യന്മാരിലേക്ക്‌ അറിവു പകരാനല്ലാതെ പ്രബന്ധങ്ങളോ പുസ്‌തകങ്ങളോ എഴുതാന്‍ അദ്ദേഹം ശ്രമിച്ചിരുന്നില്ല. ധനസമ്പാദനത്തിനായി ആ അറിവുകള്‍ വിനിയോഗിക്കാനും അദ്ദേഹം ഒരുമ്പെട്ടില്ല. ഒരു പക്ഷേ, പഴയ നാടന്‍ ജ്ഞാനികളുടെ ഒരു മട്ടും മാതിരിയും ഇങ്ങനെ ആയിരുന്നിരിക്കാം.

ആറാം തമ്പുരാനെക്കുറിച്ചു അദ്ദേഹത്തിന്റെ ഭാര്യ ലീല അന്തര്‍ജനം എഴുതിയിരിക്കുന്നതു നോക്കുക. “വിവാഹം കഴിഞ്ഞ കാലത്തും അദ്ദേഹം പഠിക്കുക തന്നെയായിരുന്നു. എന്നും രാവിലെ നാലു മണിക്ക്‌ എഴുന്നേല്‍ക്കും. യോഗാഭ്യാസം ചെയ്യും. പയറ്റാന്‍ പോകും… ഉച്ചയ്‌ക്ക്‌ അല്‌പം ഗോതമ്പു ചോറ്‌. നെയ്യ്‌ ധാരാളം വേണം. ഭരണിയില്‍ നിന്നു തന്നെ ഒഴിച്ചാലാണ്‌ തൃപ്‌തി.. നായാടികളോട്‌ എന്തോ പ്രത്യേക പരിഗണന ഉണ്ടായിരുന്നു. വലിയ സാഹസികനായിരുന്നു. ആനപ്പുറത്തു കയറുകയും നായാട്ടിനു പോവുകയും ഉഗ്ര വിശമുളള പാമ്പുകളെ അടക്കം പിടിക്കുകയുമൊക്കെ ചെയ്യുമായിരുന്നു. കുട്ടികള്‍ കളിക്കുന്നിടത്തും ഉത്സവാഘോഷങ്ങളിലും ചെല്ലാന്‍ താത്‌പര്യം കാണിക്കുമായിരുന്നു…”

ഇന്നത്തെ നിലയില്‍ ചിന്തിക്കാന്‍ കൂടി എളുപ്പമല്ലാത്ത തരം ഒരു ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്‌. വലിയ പ്രഭുവും പലപ്പോഴും പെരുമാറ്റത്തില്‍ ഒരല്‌പം ധാര്‍ഷ്ട്യമുള്ളയാളുമായിരുന്നിട്ടും ജാതിമത ഭേദമോ നമ്പൂരിത്തത്തിന്റെ കേമത്തങ്ങളോ കാണിച്ചിരുന്നില്ല എന്നതാണ്‌ പൂമുള്ളി നീലകണ്‌ഠന്‍ നമ്പൂതിരിപ്പാടിനെ ഒന്നു വ്യത്യസ്‌തനാക്കുന്നത്‌.

“എല്ലാ തമ്പ്രാക്കളും തമ്പ്രാക്കളല്ല , ആഴ്വഞ്ചേരി തമ്പ്രാക്കളാണ് യഥാര്‍ത്ഥ തമ്പ്രാക്കള്‍…” എന്ന് പണ്ട് സാക്ഷാല്‍ പാക്കനാര്‍ പറഞ്ഞു എന്ന ഒരു കഥ കേട്ടിട്ടില്ലേ ?. അതു പോലെ ഇന്ന്, കേരളത്തിന്റെ വര്‍ത്തമാന കലാ- സാംസ്കാരിക ചരിത്രത്തിനോടു ചോദിച്ചാല്‍ നിസ്സംശയം പറയും: “എല്ലാ തമ്പുരാനും തമ്പുരാനല്ല , പൂമുള്ളി തമ്പുരാനാണ് തമ്പുരാന്‍…….” എന്ന്.

കടപ്പാട്, കൂടുതൽ വായനക്ക്‌ : പുസ്തകം :- വി. കെ ശ്രീരാമൻ – പൂമുളളി ആറാം തമ്പുരാൻ, വെബ്‌ പേജ്‌.