അച്ഛൻ ഡ്രൈവർ, അമ്മയും മകളും കണ്ടക്ടർമാർ… ഒരു ബസ് കുടുംബം

കോവിഡ് കാലത്ത് ഏറ്റവും കൂടുതൽ തിരിച്ചടികൾ നേരിട്ട, ഇപ്പോഴും നേരിട്ടുകൊണ്ടിരിക്കുന്ന ഒരു വിഭാഗമാണ് പ്രൈവറ്റ് ബസ്സുടമകളും ജീവനക്കാരും. ബസ്സുകൾ ഓട്ടം നിലച്ചതോടെ കണ്ടക്ടർ, ഡ്രൈവർ, ഡോർചെക്കർ തുടങ്ങിയ ജീവനക്കാർ മറ്റു മാർഗ്ഗങ്ങൾ തേടിപ്പോയി. എന്നാൽ ഇതിലും കഷ്ടമായത് സാധാരണക്കാരായ ബസ് ഉടമകളാണ്‌. കേരളത്തിലെ ബസ്സുടമകളിൽ ഭൂരിഭാഗവും ലോണെടുത്താണ് വണ്ടികൾ നിരത്തിലിറക്കിയിരിക്കുന്നത്. എന്നാൽ വണ്ടി ഓടാത്തതിനാൽ ലോൺ അടവുകൾ മുടങ്ങി കടക്കെണിയിലാകുന്ന അവസ്ഥയാണിപ്പോൾ.

നിലവിൽ ലോക്ക്ഡൗൺ ഇളവുകൾ വന്നതോടെ സ്വകാര്യ ബസ്സുകൾ സർവ്വീസ് ആരംഭിച്ചിട്ടുണ്ട്. ഈ സമയത്ത് ഏവരുടെയും ശ്രദ്ധ കവരുകയാണ് കോട്ടയം മെഡിക്കൽ കോളേജ് – പതിനാറിൽചിറ റൂട്ടിൽ സർവ്വീസ് നടത്തുന്ന ആർച്ച എന്ന ബസ്. ബസ്സുടമയായ സുനിൽകുമാർ തന്നെയാണ് ഡ്രൈവിംഗ് സീറ്റിൽ. കണ്ടക്ടറും ഡോർചെക്കറുമായി ഭാര്യ രമ്യയും, മകൾ ആർച്ചയുമാണ് ബസ്സിലുള്ള മറ്റ് ജീവനക്കാർ.

ആദ്യഘട്ട ലോക്ഡൗണിൽ ആർച്ച ബസ്സിനെ കണ്ടക്ടറും ഡ്രൈവറും ഉപേക്ഷിച്ചുപോയി. 22 വർഷമായി നടത്തിവരുന്ന ബസ് സർവീസ് നശിച്ചുപോകാതിരിക്കാൻ ബസുടമയായ ടി.എസ്.സുനിൽകുമാർ ഒടുവിൽ ഒരു ശ്രമം നടത്തി. ബസ്സിൽ ഒരേ സമയം ഡ്രൈവറായും കണ്ടക്ടറായും ചെക്കറായും അദ്ദേഹം തന്നെ വേഷമണിഞ്ഞു. ബസ് സ്റ്റാൻഡിൽനിന്ന്‌ കയറുന്നവർക്ക് ടിക്കറ്റ് നൽകിക്കഴിഞ്ഞാൽ പിന്നെ സുനിൽ ഡ്രൈവിംഗ് സീറ്റിലേക്കാണ്. ഇടയ്ക്ക് കയറുന്നവർ ഡ്രൈവർ സീറ്റിന് സമീപമെത്തി പണം നൽകുകയായിരുന്നു ചെയ്തിരുന്നത്.

ര​ണ്ടാ​മ​ത്തെ ലോ​ക്​​ഡൗ​ൺ സ​മ​യ​ത്താ​ണ് സുനിൽകുമാറിന്റെ​ ബു​ദ്ധി​മു​ട്ട്​ ക​ണ്ട​റി​ഞ്ഞ ഭാ​ര്യ ര​മ്യ​ ആ​ദ്യം ക​ണ്ട​ക്​​ട​ർ വേ​ഷ​മണിഞ്ഞെത്തിയത്. തൊ​ട്ടു​പി​റ​കെ, മൂത്ത മ​ക​ൾ ആ​ർ​ച്ച​യും എ​ത്തി.
രാവിലെ 8.45-ന് ആരംഭിക്കുന്ന സർവീസിൽ 11.30 വരെ ഭാര്യ രമ്യയാണ് കണ്ടക്ടർ. തുടർന്ന് വൈകീട്ട് ആറുവരെ മകൾ ആർച്ചയും.

ലോക്ഡൗണിന് മുമ്പ് പ്രതിദിനം 7000 രൂപയോളം കളക്ഷൻ ലഭിച്ചിരുന്നു. ചെ​ല​വും ശ​മ്പ​ള​വും ക​ഴി​ഞ്ഞ്‌ 2500 രൂ​പ മി​ച്ചം കി​ട്ടി​യി​രു​ന്നു. എന്നാൽ ഇപ്പോൾ കേവലം 2500 രൂപയാണ് ആകെ കളക്ഷൻ ലഭിക്കുന്നത്. ഇതിൽനിന്ന്‌ ഡീസൽ ചെലവും കഴിഞ്ഞ് തുച്ഛമായ പണമാണ് ഈ കുടുംബത്തിന് ലഭിക്കുന്നത്.

മുൻപൊരിക്കലും ഉണ്ടാവാത്തവിധം നമ്മുടെ സ്വകാര്യ ബസ് മേഖല തകർച്ചയിലേക്കു കൂപ്പുകുത്തുകയാണ് ഇപ്പോൾ. മുപ്പതിനായിരത്തോളം ബസുകൾ ഉണ്ടായിരുന്ന മേഖലയിൽ ഇന്ന് അവശേഷിക്കുന്നതു മൂന്നിലൊന്നോളം ബസുകൾ മാത്രം. ഈ മേഖലയെ ആശ്രയിച്ചു ജീവിക്കുന്നവർക്കും യാത്രക്കാർക്കും വേണ്ടി ഒരു പുനരുജ്ജീവനം യാഥാർഥ്യമാക്കിയേ തീരൂ.