ഉം-അല്‍-ഖ്വൈനിലെ പൂഴിമണ്ണില്‍ ദുരൂതയുണർത്തിക്കൊണ്ട് കിടക്കുന്ന വിമാനം…

Photo - Wikimedia Commons.

എഴുത്ത് – ജോജി തോട്ടത്തിൽ, ഫോട്ടോ – വിക്കിമീഡിയ കോമൺസ്.

ഉമ് അല്‍ഖ്വൈനില്‍ നിന്നും റാസ്‌ അല്‍ ഖൈമയിലേക്ക് പോകുന്ന വഴിയില്‍ റോഡിന്‍റെ സൈഡില്‍ പലവട്ടം ഈ ഉപേക്ഷിക്കപ്പെട്ട വിമാനം ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. പക്ഷെ ഇതിന്‍റെ പിന്നിലെ ചരിത്രം ചികയാന്‍ ശ്രമിച്ചിരുന്നില്ല. ഇന്നലെ വീണ്ടും ആ വഴി പോകേണ്ടി വന്നപ്പോള്‍ ഈ വിമാനത്തെക്കുറിച്ച് ചരിത്ര രേഖകളില്‍ ഒന്നു തിരഞ്ഞു.

Soviet Ilyushin Il-76 എന്ന ഈ വിമാനം 1975 ല്‍ അന്നത്തെ സോവിയെറ്റ് യൂണിയന്‍റെ ഭാഗമായിരുന്ന ഉസ്ബക്കിസ്ഥാനില്‍ നിര്‍മ്മിച്ച ഒരു ചരക്കുവിമാനമാണ്. 80 കളുടെ ആദ്യ ഘട്ടങ്ങളില്‍ സോവിയെറ്റ് യുണിയന്‍ പട്ടാളക്കാരുടെ യാത്രാവിമാനമായി ഉപയോഗിച്ചിരുന്നു. പിന്നീട് സോവിയെറ്റ് യൂണിയന്‍റെ പതനത്തിനുശേഷം റഷ്യന്‍ എയര്‍ ഫോഴ്സിനുവേണ്ടി ഈ വിമാനം പറന്നു. 90 കളുടെ ആരംഭത്തില്‍ ഷാര്‍ജയിലുള്ള എയര്‍ സെസ് എന്ന കമ്പനി ഈ വിമാനം സ്വന്തമാക്കി.

വിക്ടര്‍ ബൌട്ടിന്‍റെ (തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ പേരില്‍ 2008 ല്‍ തായ്‌ലാന്റില്‍ അറസ്റ്റിലായി പിന്നീട് 2010 ല്‍ യുണൈറ്റഡ് സ്റ്റേറ്റ്സിനു കൈമാറി) സഹോദരനായ “സെര്‍ഗെയി ബൌട്ടിന്‍റെ ” ഉടമസ്ഥതയിലുള്ള എയര്‍ സെസ് എന്ന കമ്പനിയെയും അതിന്‍റെ പ്രവര്‍ത്തനങ്ങളെയും ചുറ്റി ഒരുപാട് കഥകള്‍ പ്രചരിക്കുന്നുണ്ട് അതിലേക്കൊന്നും നമുക്ക് കടക്കണ്ട.

ഈ വിമാനം ഇവിടെ ലാന്‍ഡ്‌ ചെയ്തതിനെ ചുറ്റിപ്പറ്റി കഥകള്‍ ഒരുപാട് പ്രചരിക്കുന്നുണ്ട്. 1990 – 2000 കാലഘട്ടങ്ങളില്‍ അറിയപ്പെട്ട ഒരു എയര്‍ ഫീല്‍ഡായിരുന്നു ഉമ് അല്‍ ഖ്വൈനിലെ ഈ സ്ഥലം. സ്കൈ ഡൈവിംഗിനും പരച്യുട്ട്, ഗ്ലൈഡര്‍ തുടങ്ങി മൈക്രോ ലൈറ്റ്സ് പറത്തുവാന്‍ ഈ സ്ഥലം ഉപയോഗിച്ചിരുന്നു. കുറെ അപകടങ്ങള്‍ നടന്നതിനാലും അനൌദ്യോഗികമായി ഉപയോഗിച്ചിരുന്ന സ്ഥലമായിരുന്നതിനാലും ഇതിന്‍റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചു. 1999 ല്‍ ഈ വിമാനം ഇവിടെ ലാന്‍ഡ്‌ചെയ്തതായി പറയപ്പെടുന്നു.

ചിലരുടെ അഭിപ്രായത്തില്‍ ഈ വിമാനം ഏതോ അപകടഘട്ടത്തില്‍ അടിയന്തിരമായി ഇറക്കിയതാണെന്നു പറയപ്പെടുന്നു. മറ്റുചിലര്‍ പറയുന്നു ഒരു റെസ്റ്റോറന്റ്റ് ആയിട്ടു മാറ്റുവാന്‍ ആരോ മനപ്പൂര്‍വ്വം ഇവിടെ എത്തിച്ചതാണെന്നു. എന്നാല്‍ ചിലര്‍ പറയുന്നു നോര്‍ത്തേണ്‍ എമിറെറ്റ്സിലേക്ക് പറന്ന വിമാനം ലാണ്ടിംഗ് അനുമതി നിക്ഷേധിച്ചപ്പോള്‍ വീണ്ടും പറക്കുവാനുള്ള ഇന്ധനം ഇല്ലാഞ്ഞതിനാല്‍ ഇവിടെ ഇറക്കിയതാണെന്നു. ഇനിയും അഭിപ്രായങ്ങള്‍ ഒരുപാടുണ്ട്. പൊളിച്ചു വില്‍ക്കുവാന്‍ ഇറക്കിയതാണെന്നു പറയപ്പെടുന്നു.. അങ്ങനെ അങ്ങനെ….

ഗൂഗിള്‍ അമ്മാവനോട് ചോദിച്ചുനോക്കി പുള്ളിക്കാരനും വേറെ പല കഥകളും പറയുന്നു. എന്തുമാകട്ടെ ഈ വിമാനം സംശയങ്ങളുടെയും അഭിപ്രായങ്ങളുടെയും മറവില്‍ ഉമ് അല്‍ ഖ്വൈനിലെ പൂഴിമണ്ണില്‍ മുന്‍പിലെ റോഡിലേക്ക് മുഖം തിരിച്ച് അങ്ങനെ വര്‍ഷങ്ങളായി നിലകൊള്ളുന്നു.