കൊടുംകാടിനു നടുവിൽ 1700 രൂപയ്ക്ക് ഒരു ദിവസം താമസിക്കാം…

ബന്ദിപ്പൂർ കാട്ടിലെ താമസത്തിനു ശേഷം ഞങ്ങൾ അടുത്ത ദിവസം താമസിക്കുവാനായി തിരഞ്ഞെടുത്തത് തമിഴ്‌നാട്ടിലെ മുതുമല വനത്തിനുള്ളിലാണ്. മുതുമലയെക്കുറിച്ച് കേൾക്കാത്തവരായി ആരെങ്കിലും ഉണ്ടോ? തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളുടെ ഒരു ജംഗ്ഷനില്‍ ആണ് മുതുമല നാഷണല്‍ പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്.ഇത് ബന്ദിപൂര്‍ നാഷണല്‍ പാര്‍ക്കിന്‍റെ തുടര്‍ച്ച കൂടിയാണ്. 1940 ല്‍ സ്ഥാപിതമായ ഇത് തെക്കേ ഇന്ത്യയിലെ ആദ്യത്തെ വന്യജീവി സങ്കേതമാണ്.

ഗൂഡല്ലൂർ ടൗണിൽ നിന്നും ആറു കിലോമീറ്റർ പിന്നിട്ടാൽ മുതുമല വനം ആരംഭിക്കുകയായി. രാവിലെ ആറുമണി മുതൽ രാത്രി 9 – 9.30 വരെ മാത്രമേ ഇതുവഴി വാഹനങ്ങൾ കടത്തി വിടുകയുള്ളൂ.കേരളം, കർണാടകം, തമിഴ്‌നാട് സംസ്ഥാനങ്ങളുടെ തിരഞ്ഞെടുക്കപ്പെട്ട ചില ട്രാൻസ്‌പോർട്ട് ബസ്സുകൾക്ക് മാത്രമേ രാത്രികാലങ്ങളിൽ ഇതുവഴി പോകുവാൻ അനുമതിയുള്ളൂ. കാനനക്കാഴ്ചകള്‍ ആസ്വദിച്ചു കൊണ്ടുള്ള യാത്ര ഒരിക്കലും മറക്കാനാകാത്ത അനുഭവം തന്നെയാണ് സഞ്ചാരികള്‍ക്ക് പകര്‍ന്നു നല്‍കുന്നത്. ഏതാണ്ട് 700 ലധികം ആനകള്‍ സ്വര്യ വിഹാരം നടത്തുന്ന ഇടമാണിതെന്നത് ആരിലും കൗതുകമുളവാക്കുന്ന ഒരു വസ്തുതയായിരിക്കും. ഫാമിലിയുമായി ചേര്‍ന്നു വെക്കേഷന്‍ ട്രിപ്പ് പ്ലാന്‍ ചെയ്യുന്നവര്‍ക്കും കൂട്ടുകാര്‍ക്കൊപ്പം ഒരു ഉല്ലാസ യാത്ര പ്ലാന്‍ ചെയ്യുന്നവര്‍ക്കും ഇത് നല്ലൊരു ചോയ്‌സ് കൂടിയാണ്.

ഇപ്പോൾ നിങ്ങൾക്ക് ഏതാണ്ടൊക്കെ പിടികിട്ടി കാണുമല്ലോ മുതുമലയെക്കുറിച്ച്. ബാക്കി വിവരണം ഇനി പറയാം. ഗുണ്ടൽപെട്ടിനു സമീപത്തുള്ള ഗോപാൽസ്വാമി ബേട്ട ക്ഷേത്രത്തിലെ സന്ദർശനത്തിനു ശേഷം ഞങ്ങൾ കാറിൽ മുതുമലയിലേക്ക് യാത്രയാരംഭിച്ചു. പല കാലാവസ്ഥകൾ മാറി മാറി സഞ്ചരിച്ചത് കൊണ്ടായിരിക്കണം എനിക്ക് കലശലായ തലവേദന. കാറിന്റെ നിയന്ത്രണം സഹയാത്രികനായ പ്രശാന്തിനെ ഏൽപ്പിച്ചുകൊണ്ട് ഞാൻ ഒന്ന് റസ്റ്റ് എടുക്കുവാൻ തീരുമാനിച്ചു. തലവേദനയുടെ മരുന്ന് വാങ്ങണം. അതിനായി ഞങ്ങൾ ഗുണ്ടൽപെട്ട് ടൗണിലേക്ക് പോയി. ടൗണിനു സമീപം ചെന്നപ്പോൾ പെട്ടെന്ന് ഞങ്ങളുടെ കാർ ചിലർ തടഞ്ഞു നിർത്തി. ഞങ്ങളുടെ മാത്രമല്ല എല്ലാ വാഹനങ്ങളും തടയുകയാണ്. കലിപ്പ് ഒന്നും ഇല്ല. എല്ലാവരും ചിരിച്ചുകൊണ്ടാണ് ഇടപെടുന്നത്. പെട്ടെന്ന് ഒരാൾ വഴിയുടെ ഒത്ത നടുവിൽ ഒരു ലോഡ് പാളിപടക്കം കൊണ്ടുവന്നു നിരത്തി. ഞങ്ങൾ അടുത്തുള്ള ഒരാളോട് കാര്യം തിരക്കി. അപ്പോള്തഴാണ് സംഭവം പിടികിട്ടിയത്. കർണാടക ഇലക്ഷന്റെ റിസൾട്ട് വന്നിരിക്കുകയാണ്. ബിജെപി ജയിച്ചതിന്റെ ആഘോഷമാണ് ഇതെല്ലാം. പടക്കം പൊട്ടിയതിനു ശേഷം വാഹനങ്ങൾ പഴയതുപോലെ കടന്നുപോകുവാൻ തുടങ്ങി. ഏതായാലും അധികം ചുറ്റിക്കറങ്ങാതെ ഞങ്ങൾ മരുന്നും വാങ്ങി അവിടെനിന്നും വേഗം മുങ്ങി. വിജയാഹ്ളാദ പ്രകടനങ്ങൾ പുറകെ വരുന്നുണ്ടായിരുന്നു.

നഗര പരിസരമെല്ലാം പിന്നിട്ട് ഞങ്ങൾ ബന്ദിപ്പൂർ വനത്തിൽ വീണ്ടും പ്രവേശിച്ചു. പ്രശാന്ത് വളരെ ശ്രദ്ധയോടെയായിരുന്നു വണ്ടിയോടിച്ചിരുന്നത്. പോകുന്ന വഴിയിൽ കാട്ടുപോത്ത്, മാനുകൾ, കുരങ്ങുകൾ മുതലായവ പതിവുപോലെ ദർശനം തന്നുകൊണ്ടിരുന്നു. അങ്ങനെ ഞങ്ങൾ തമിഴ്‌നാട് അതിർത്തി കടന്നു. പതിവു ചെക്കിംഗുകൾ ഒന്നുംതന്നെ ഇത്തവണ ഉണ്ടായിരുന്നില്ല. പകരം മുപ്പതു രൂപ ടോൾ കൊടുക്കണം. വീണ്ടും സഞ്ചരിച്ച് ഞങ്ങൾ തെപ്പക്കാട് എന്ന സ്ഥലത്തെത്തി. ഇവിടെയാണ് മുതുമല ടൈഗർ റിസർവ്വിന്റെ ഓഫീസുകളും എലിഫന്റ് ക്യാമ്പും ഒക്കെയുള്ളത്. ബന്ദിപ്പൂരിലെ പോലെ തന്നെ ഇവിടെയും ജംഗിൾ സഫാരിയൊക്കെയുണ്ട്. ധാരാളം ആളുകൾ സഫാരിയ്ക്കു പോകുവാനായി അവിടെ കാത്തു നിൽക്കുന്നുണ്ടായിരുന്നു ഞങ്ങൾ ചെന്നപ്പോൾ. ബന്ദിപ്പൂരിനെ അപേക്ഷിച്ചു നോക്കുമ്പോൾ മുതുമലയിൽ ചാർജ്ജുകൾ അൽപ്പം കുറവാണ്. തലേദിവസം സഫാരിയ്ക്ക് പോയതിനാൽ ഞങ്ങൾ അതിനു മുതിർന്നില്ല.

www.mudumalaitigerreserve.com എന്ന വെബ്സൈറ്റ് മുഖേന എല്ലാവര്ക്കും ഇവിടെ കോട്ടേജുകൾ താമസത്തിനായി ബുക്ക് ചെയ്യാം. ഞങ്ങൾ നേരത്തെ തന്നെ ഒരു കോട്ടേജ് ബുക്ക് ചെയ്തിരുന്നു. അതിൻ്റെ പ്രിന്റ് ഔട്ട് തെപ്പക്കാട്ടിലെ ഓഫീസിൽ കൊണ്ടുചെന്നു കാണിക്കണം. ഞങ്ങൾ മൂന്നു പേർ താമസിക്കുവാൻ ഉണ്ടായിരുന്നതിനാൽ എക്സ്ട്രാ ഒരാൾക്ക് ഏകദേശം 250 രൂപയോളം അവിടെ അടക്കേണ്ടതായി വന്നു. അഭയാരണ്യം എന്നു പേരുള്ള ഒരു കോട്ടേജ് ആയിരുന്നു ഞങ്ങൾ ബുക്ക് ചെയ്തിരുന്നത്. അവിടത്തെ ഏറ്റവും മനോഹരമായ കോട്ടേജ് ഇത് തന്നെയാണെന്ന് ഓഫീസിൽ അന്വേഷിച്ചപ്പോൾ അറിയുവാൻ കഴിഞ്ഞു. ഓഫീസിലെ നടപടിക്രമങ്ങൾ കഴിഞ്ഞു ഞങ്ങൾ അവിടെ നിന്നും ഇറങ്ങി. തെപ്പക്കാട് നിന്നും ഗൂഡല്ലൂർ ഭാഗത്തേക്ക് കുറച്ചു ദൂരം ചെന്നാൽ വഴിയരികിൽ അഭയാരണ്യം എന്ന ബോർഡ് കാണാം. അവിടെ നിന്നും ഏകദേശം 200 മീറ്റർ മുകളിലായാണ് നമ്മുടെ അഭയാരണ്യം കോട്ടേജ്.

ഞങ്ങൾ ചെന്നപാടെ കാർ പാർക്ക് ചെയ്ത് കെയർടേക്കർമാരെ ചെന്ന് കണ്ടു. ഭക്ഷണം ഉണ്ടാക്കുന്ന ഒരു ചേച്ചി ഉൾപ്പെടെ നാലോ അഞ്ചോ കെയർ ടേക്കർമാർ മാത്രമേ അവിടെയുള്ളൂ. ഭക്ഷണം നേരത്തെ പറഞ്ഞാൽ അവർ അവിടെ ഉണ്ടാക്കി തരും.ഉച്ചഭക്ഷണത്തിനായി ഞങ്ങൾ ഊണും ചിക്കൻ കറിയും പറഞ്ഞു. ചെക്ക് ഇൻ നടപടിക്രമങ്ങൾ എല്ലാം കഴിഞ്ഞ ശേഷം ഞങ്ങൾ കോട്ടേജിലേക്ക് നീങ്ങി. കാടിന് നടുവിൽ രണ്ടു കോട്ടേജുകൾ മാത്രം. 1958 ലും 1977 ലും പണിത കെട്ടിടങ്ങളാണ് ഇവ. നന്നായി പരിപാലിക്കുന്നതായതിനാൽ സൗകര്യങ്ങൾക്ക് യാതൊരു കുറവുകളും ഉണ്ടായിരുന്നില്ല അവിടെ. ശരിക്കും ഒരു വീട്ടിൽ താമസിക്കുന്ന പ്രത്തീതിയായിരിക്കും അവിടെ നമുക്ക് അനുഭവപ്പെടുക. യാത്രയുടെ ക്ഷീണമെല്ലാം കാരണം ഞങ്ങൾ അൽപ്പസമയം വിശ്രമിച്ചു. അരമണിക്കൂറിനുള്ളിൽ ഊണ് റെഡിയായി എന്ന അറിയിപ്പ് വന്നു. നല്ല വിശപ്പ് ഉണ്ടായിരുന്നതിനാൽ കേട്ടപാതി കേൾക്കാത്തപാതി ഞങ്ങൾ കഴിക്കുവാനായി അവിടേക്ക് ഓടി. ഹോ… സാമ്പാർ, ചോറ്, മെഴുക്കുപിരട്ടിയത്, രസം, ചിക്കൻ കറി, തൈര് എന്നിവയൊക്കെ കൂട്ടി നല്ല അടിപൊളി ഊണ്. കുറേനാളുകളായി ഇങ്ങനെയൊരു ഊണ് ആസ്വദിച്ചു കഴിച്ചിട്ട്. ഊണ് കഴിച്ച ശേഷം അവരോടു ഊണ് ഗംഭീരമായി എന്ന് പ്രശംസിക്കാനും ഞങ്ങൾ മറന്നില്ല. ഊണൊക്കെ കഴിഞ്ഞു വയർ നിറഞ്ഞപ്പോൾ ഒന്നുറങ്ങിയാൽ കൊള്ളാമെന്നു തോന്നി. അങ്ങനെ രണ്ടുമണിക്കൂറോളം ഞങ്ങൾ ഉറങ്ങി.

ഞങ്ങളുടെ കൂട്ടത്തിലെ മൂന്നാമൻ ഇവിടേക്ക് എത്തുന്നതേയുണ്ടായിരുന്നുള്ളൂ. പുള്ളീടെ പേര് ആന്റണി, എറണാകുളം സ്വദേശിയാണ്. അതിഗംഭീരമായ പ്രണയവിവാഹമൊക്കെ കഴിഞ്ഞു നിൽക്കുന്ന സമയമാണ് ആന്റണി. പുള്ളിയെ പിക്ക് ചെയ്യാനായി വൈകുന്നേരത്തോടെ ഞങ്ങൾ ഗൂഡല്ലൂരിലേക്ക് യാത്രയായി. ഞങ്ങൾ അവിടെയെത്തിയപ്പോൾ ആന്റണി ബസ് സ്റ്റാൻഡിനു അടുത്തായി ഞങ്ങളെ കാത്തു നിൽക്കുന്നുണ്ടായിരുന്നു. അവനെയും കൂട്ടി ഞങ്ങൾ വീണ്ടും മുതുമലയിലേക്ക്. വനത്തിലേക്ക് പ്രവേശിക്കുന്നതിന് മുൻപായി ഞങ്ങൾ രാത്രിയിലേക്ക് കഴിക്കുവാനായി പൊറോട്ടയും ചപ്പാത്തിയും ഒക്കെ വാങ്ങി. തിരികെ കോട്ടേജിൽ എത്തിയപ്പോഴേക്കും നേരം ഇരുട്ടിയിരുന്നു. രാത്രി കഴിക്കുവാനായി ചിക്കൻ കരി ഞങ്ങൾ അവിടെ ഓർഡർ ചെയ്തു. ആന്റണി വന്നതോടെ ഞങ്ങൾക്ക് മറ്റൊരു കാര്യത്തിലും ആശ്വാസമായി. ഇന്റർനെറ്റ്.. BSNL നു മാത്രമേ അവിടെ നന്നായി റേഞ്ച് ഉള്ളൂ. ബാക്കിയൊക്കെ ഓരോ ഏരിയയിൽ പോയി നിന്നാലേ കിട്ടുന്നുണ്ടായിരുന്നുള്ളൂ. ഡിന്നറൊക്കെ കഴിഞ്ഞശേഷം ഞങ്ങൾ പുറത്തേക്ക് ഇറങ്ങി. ആനയിറങ്ങുന്ന സ്ഥലമാണ്. ഞങ്ങളുടെ കോട്ടേജിന്റെ തൊട്ടുമുന്നിൽ ആനപ്പിണ്ടം കിടക്കുന്നുണ്ടായിരുന്നു. ഏതാണ്ട് പാതിരാത്രി വരെ ഞങ്ങൾ കഥകളൊക്കെ പറഞ്ഞുകൊണ്ട് പുറത്തിരുന്നു. ഉറക്കം വന്നപ്പോൾ ഞങ്ങൾ പതിയെ കോട്ടേജിലേക്ക് തിരിഞ്ഞു.

രാവിലെ ആറുമണിയോടെ ഞങ്ങൾ എഴുന്നേറ്റു. പ്രശാന്ത് ഇന്ന് രാവിലെതന്നെ നാട്ടിലേക്ക് തിരിക്കുകയാണ്. അവനു അവിടുന്ന് നാളെ ഊട്ടിയിലേക്ക് ഫാമിലി ട്രിപ്പ് ഉണ്ട്. അതിരാവിലത്തെ കാഴ്ചകൾ ആസ്വദിച്ചുകൊണ്ട് ഞങ്ങൾ പ്രശാന്തിനെ വണ്ടി കയറ്റി വിടുവാനായി വഴിയിലേക്ക് നടന്നു. ഭാഗ്യമെന്നു പറയട്ടെ ചെന്നപാടെ തമിഴ്‌നാടിന്റെ ഒരു ബസ് വരുന്നു. മൈസൂർ നിന്നും ഗൂഡല്ലൂർ, ഊട്ടി വഴി മേട്ടുപ്പാളയത്തേക്ക് പോകുന്ന ബസ്സായിരുന്നു അത്. ബസ് കൈകാണിച്ച് നിർത്തി പ്രശാന്ത് അതിൽക്കയറിപ്പോയി. ഇനി ഞങ്ങൾ രണ്ടുപേർ മാത്രം. ഞങ്ങൾ കുറച്ചുനേരം വഴിയരികിൽ നിന്നു പ്രഭാതം ആസ്വദിച്ചു. വഴിയരികിൽ പ്ലാസ്റ്റിക് വസ്തുക്കൾ കണ്ടത് വളരെ വേദനാജനകമായി തോന്നി. ഇതുവഴി കടന്നുപോകുന്ന യാത്രക്കാർ ഇട്ടതാണ് ഇതൊക്കെ. വളരെ കഷ്ടം എന്നോർത്ത് ഞങ്ങൾ നടന്നു.

മാൻകൂട്ടങ്ങളൊക്കെ അങ്ങിങ്ങായി മേയുന്നുണ്ടായിരുന്നു. തിരികെ കോട്ടേജിൽ എത്തിയപ്പോഴാണ് അന്ന് വെളുപ്പിന് അവിടെ നടന്ന ഒരു മഹാസംഭവം ഞങ്ങൾ അറിയുന്നത്. ഞങ്ങളുടെ അപ്പുറത്തെ കോട്ടേജിന്റെ വാതിൽ വെളുപ്പിന് രണ്ടു മണിക്ക് ഒരു ആന വന്നു തല്ലിത്തകർത്തിരിക്കുന്നു. ഒരു കുട്ടിയാണയായിരുന്നു ഈ അക്രമം എല്ലാം നടത്തിയത് എന്ന് ആ കോട്ടേജിൽ താമസിച്ചിരുന്ന ഒരു ചേച്ചി പറഞ്ഞു. അവരുടെ കാർ പുറത്ത് കിടക്കുന്നുണ്ടായിരുന്നു. ഭാഗ്യത്തിന് ആന അതിൽ തൊട്ടിട്ടുപോലുമില്ലായിരുന്നു. ഇങ്ങനത്തെ അനുഭവങ്ങൾ നേരിടുവാൻ തയ്യാറായി വേണം ഇവിടെ വന്നു താമസിക്കുവാൻ. ഇതുവരെ സഞ്ചാരികൾക്ക് അപകടം വരുത്തുന്ന അനിഷ്ടസംഭവങ്ങൾ ഒന്നുംതന്നെ അവിടെ ഉണ്ടായിട്ടില്ലെന്ന് കെയർ ടേക്കർമാർ പറഞ്ഞു. എന്തായാലും സംഭവം ഉഷാറാണ്.

അങ്ങനെ ഞങ്ങൾക്ക് അവിടെ നിന്നും പോകുവാൻ സമയമായി. പത്തു മണിക്കാണ് ചെക്ക് ഔട്ട് സമയം. കുളിച്ചു റെഡിയായി സാധനങ്ങൾ പാക്ക് ചെയ്തശേഷം ഞങ്ങൾ അവിടെ നിന്നും യാത്രയായി. മസിനഗുഡി – മുള്ളി വഴി ആനക്കട്ടിയിലേക്ക് ആണ് ഇനി ഞങ്ങളുടെ യാത്ര. ആ യാത്രയുടെ വിശേഷങ്ങൾ ഇനി അടുത്ത എപ്പിസോഡിൽ കാണാം.