ഗുജറാത്തിലെ അത്ഭുതങ്ങൾ കണ്ടുകൊണ്ട് ഫാമിലിയുമായി ഒരു പകൽക്കറക്കം…

അഹമ്മദാബാദിലെ ആദ്യത്തെ പകൽ ഞങ്ങൾ അവിടമാകെ ചുറ്റിക്കറങ്ങുവാനായിരുന്നു തീരുമാനിച്ചിരുന്നത്. അച്ഛനുമമ്മയും അടങ്ങുന്ന ഞങ്ങളുടെ സംഘം റെഡിയായി ഹോട്ടലിൽ നിന്നും പുറത്തേക്ക് ഇറങ്ങി. Zoom Car ൽ നിന്നും റെന്റിനു എടുത്തിരുന്ന ഫോർഡ് എക്കോസ്പോർട്ട് കാറുമായി ഞങ്ങൾ അഹമ്മദാബാദ് കാഴ്ചകൾ കാണുവാനായി പുറപ്പെട്ടു. പറഞ്ഞു കേട്ടതിൽ നിന്നും വളരെ വ്യത്യസ്തമായിട്ടായിരുന്നു ഗുജറാത്ത് അച്ഛനും അമ്മയ്ക്കും അനുഭവപ്പെട്ടതെന്നു അവർ പറഞ്ഞു.

അങ്ങനെ കാഴ്ചകൾ കണ്ടുകൊണ്ട് പോകുന്നതിനിടെയാണ് വ്യത്യസ്തമായ ഒരു കാഴ്ച കണ്ടത്. ബൈപ്പാസ് റോഡിനു നടുവിലായി മറ്റൊരു രണ്ടുവരിപ്പാത. ബസ്സുകൾക്ക് പോകുവാൻ വേണ്ടി മാത്രം നിർമ്മിച്ചിരിക്കുന്നവയാണ് അവ. ഓരോ പ്രധാന സ്റ്റോപ്പുകളും മെട്രോ സ്റ്റേഷൻ പോലെ ക്രമീകരിച്ചിരിക്കുന്നു. ഈ സ്റ്റേഷനുകളിൽ നിന്നും യാത്രക്കാർക്ക് ടിക്കറ്റുകൾ എടുക്കുകയും ബസ് വരുമ്പോൾ കയറി യാത്ര ചെയ്യുകയും ചെയ്യാം. നഗരത്തിലെ ട്രാഫിക് ബ്ലോക്കുകളിൽ നിന്നും ബസ്സുകൾക്ക് രക്‌ത നേടുവാൻ ഈ സംവിധാനം വളരെ സഹായകമാകും. BRTS എന്നാണു ഈ സംവിധാനത്തിന്റെ പേര്. നമ്മുടെ നാട്ടിലും ഇതുപോലുള്ള പരിഷ്‌ക്കാരങ്ങൾ വരേണ്ടതു തന്നെയാണ്.

പിന്നീട് ഞങ്ങൾ പോയത് അഹമ്മദാബാദിൽ നിന്നും ഏകദേശം 16 കിലോമീറ്റർ ദൂരത്തായി സ്ഥിതി ചെയ്യുന്ന Adlaj Step എന്ന ഭീമൻ പടിക്കിണർ കാണുവാനായിരുന്നു. അദ്‌ലാജ് എന്നൊരു ഗ്രാമമാണിത്. ഗുജറാത്തിന്റെ തലസ്ഥാനമായ ഗാന്ധിനഗർ ജില്ലയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. പടിക്കിണറിലേക്ക് കയറുന്നതിനു മുൻപായി ഞങ്ങൾ പുറത്തു കണ്ട ഒരു തട്ടുകടയിൽ നിന്നും പഫ്‌സിനകത്ത് എന്തൊക്കെയോ ഫിൽ ചെയ്ത ഒരു കിടിലൻ ഫുഡ് ഐറ്റം വാങ്ങിക്കഴിച്ചു. അച്ഛനും അമ്മയ്ക്കുമെല്ലാം ഇത് വളരെ ഇഷ്ടമായി. അങ്ങനെ വയർ നിറച്ച ശേഷം ഞങ്ങൾ അകത്തേക്ക് പ്രവേശിച്ചു.

അദ്‌ലാജ് സ്റ്റെപ്പ് കാണുവാനായി പ്രത്യേകം ഫീസ് ഒന്നും കൊടുക്കേണ്ടതില്ല, തികച്ചും സൗജന്യമാണ്. ഒരു ഭാര്യ ഭർത്താവിന്റെ ആഗ്രഹം സാധിക്കുവാനായി പണിതതാണത്രേ അഞ്ചു നിലയുള്ള ഈ പടിക്കിണർ. ഇതിനു പിന്നിൽ ഒരു കഥയുമുണ്ട്. ആ കഥ ഇതോടൊപ്പമുള്ള വീഡിയോയിൽ നിങ്ങൾക്ക് കേൾക്കാവുന്നതാണ്. ശരിക്കും അഹമ്മദാബാദ് വരുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട സ്ഥലങ്ങളിൽ ഒന്നാണ് ഇത്. ഫോട്ടോഗ്രാഫിയിൽ താല്പര്യമുള്ളവർക്ക് പല തരത്തിലുള്ള വ്യത്യസ്തമായ ഫ്രയിമുകൾ ഇവിടെ ലഭിക്കും. വേണമെങ്കിൽ പോസ്റ്റ് വെഡ്ഡിംഗ് ഫോട്ടോഗ്രാഫിയൊക്കെ ഇവിടെ പരീക്ഷിക്കാവുന്നതുമാണ്.

പടിക്കിണറിലെ കാഴ്ചകൾ കണ്ടതിനു ശേഷം ഞങ്ങൾ ഉച്ചയൂണ് കഴിക്കുവാനായി ഒരു ഗുജറാത്തി ഹോട്ടലിൽ കയറി. ഹോട്ടൽ ഗുജറാത്തി ആയിരുന്നെങ്കിലും ഞങ്ങൾ പഞ്ചാബി താലി മീൽസ് ആയിരുന്നു ഓർഡർ ചെയ്തത്. വ്യത്യസ്തമായ ഭക്ഷണമായിരുന്നു പഞ്ചാബി താലിയിൽ ഉണ്ടായിരുന്നത്. ഭക്ഷണം നല്ല രുചിയുള്ളതു തന്നെയായിരുന്നു. ഞങ്ങൾ അഞ്ചു പേർക്ക് ആകെ അവിടെ ആയിരം രൂപയോളം ബിൽതുക വന്നു. അവിടെ നിന്നും ഞങ്ങൾ തിരികെ താമസിക്കുന്ന ഹോട്ടലിലേക്ക് യാത്ര തിരിച്ചു.

ഈ യാത്രയിൽ ഞങ്ങൾ സഞ്ചരിച്ചത് Zoom Car ൽ നിന്നും വാടകയ്ക്ക് എടുത്ത കാറിലായിരുന്നു. പ്രവാസികൾ നാട്ടിൽ വരുമ്പോൾ ZoomCar റെന്റിന് എടുക്കാൻ താൽപര്യമുള്ളവർക്ക് ഓഫർ ലഭിക്കുവാൻ വിളിക്കേണ്ട/വാട്സാപ്പ് നമ്പർ: 7902877666. കേരളത്തിൽ ZoomCar ബുക്ക് ചെയ്യുന്ന ടെക് ട്രാവൽ ഈറ്റ് പ്രേക്ഷകർക്ക് ZC19TTE എന്ന കൂപ്പൺ കോഡ് ഉപയോഗിച്ചാൽ ഫ്‌ളാറ്റ് 20% ഡിസ്‌കൗണ്ട് കിട്ടും. ZoomCar ആപ്പ് ഡൗൺലോഡ് ചെയ്ത് “sujith348p7” എന്ന റഫറൽ കോഡ് ഉപയോഗിച്ചാൽ 30% സ്‌പെഷ്യൽ ഡിസ്‌കൗണ്ടും ലഭിക്കും. Download ZoomCar App: http://bit.ly/Refzoom .