സാഹസികരായ വണ്ടിഭ്രാന്തന്മാരുടെ ഇഷ്ട റൂട്ടായ ‘ലേ – മണാലി’ ഹൈവേയിലൂടെ…

തഗ്ളംഗ്ലാ പാസ്സിലൂടെ ഞങ്ങൾ മണാലി ലക്ഷ്യമാക്കി യാത്ര തുടർന്നു. പോകുന്ന വഴിയിൽ ഒരു വരണ്ട, വിജനമായ താഴ്വാരത്തിൽ ചെറിയ രീതിയിലുള്ള ചുഴലിക്കാറ്റ് ഞങ്ങൾ കണ്ടു. അതൊക്കെ കഴിഞ്ഞു പിന്നീട് വീതിയേറിയ റോഡ് വളരെ വീതി കുറഞ്ഞ അവസ്ഥയിലായി മാറി. അതിലൂടെ പട്ടാളക്കാരുടെ കോൺവോയ് ട്രക്കുകൾ ധാരാളമായി പോകുന്നുണ്ടായിരുന്നു. അവർക്കു കടന്നുപോകുവാനായി ഞങ്ങൾ ഒരിടത്ത് വണ്ടി മാറ്റി നിർത്തിയിട്ടു.

പട്ടാള വാഹനങ്ങൾ കടന്നു പോയതോടെ ഞങ്ങൾ വീണ്ടും യാത്ര തുടർന്നു. കുറച്ചു കൂടി മുന്നോട്ടു പോയപ്പോൾ റോഡിന്റെ അവസ്ഥ വളരെ പരിതാപകരമായിത്തീർന്നു. ടാറിംഗ് ഒന്നും ഇല്ലാതെ വാഹനങ്ങൾ പോകുമ്പോൾ പൊടിപറക്കുന്ന ആ വഴിയിലൂടെ ഞങ്ങൾ വളരെ കഷ്ടപ്പെട്ടു തന്നെയാണ് മുന്നോട്ടു പോയിരുന്നത്. വഴിയുടെ ഇടതുവശത്ത് കുത്തനെയുള്ള താഴ്ചയാണ്. ശ്രദ്ധിച്ചു വണ്ടിയോടിച്ചില്ലെങ്കിൽ അപകടമുണ്ടാകുവാൻ സാധ്യത വളരെയേറെയാണ്. ചിലയിടങ്ങളിൽ വഴിയരികിൽ മഞ്ഞുപാളികൾ കാണപ്പെടുന്നുണ്ടായിരുന്നു.

പോകുന്നതിനിടെ ഡൽഹിയിൽ നിന്നും മണാലി വഴി ലേയിലേക്ക് സർവ്വീസ് നടത്തുന്ന ഹിമാചൽ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ബസ് ഞങ്ങളുടെ എതിരെ വന്നു. സഞ്ചാരികളുടെ പ്രിയപ്പെട്ട ഒരു സർവ്വീസ് ആണിത്. മഞ്ഞകാലത്ത് ഈ ബസ് സർവ്വീസ് നിർത്തിവെയ്ക്കപ്പെടും എന്നറിയുവാൻ സാധിച്ചു. ഒരിക്കൽ ആ ബസ്സിൽ യാത്ര ചെയ്യണം എന്ന് ഞങ്ങൾ മനസ്സിലോർത്തു.

റോഡും പ്രദേശങ്ങളുമൊക്കെ ഇരുണ്ട നിരത്തിലായിരുന്നുവെങ്കിലും തൊട്ടരികിൽ മഞ്ഞുവീണു കിടന്നിരുന്ന കാഴ്ച വളരെ മനോഹരം തന്നെയായിരുന്നു. വഴിയുടെ വീതി വളരെ കുറവായിരുന്നതിനാൽ എതിരെ വലിയ വാഹനങ്ങൾ വരുമ്പോൾ കടന്നു പോകുവാൻ ഞങ്ങൾക്ക് കുറച്ചു പണിപ്പെടേണ്ടതായി വന്നു. ഡ്രൈവിംഗ് വിദഗ്ദ്ധനായ എമിൽ വളരെ കൂളായി വണ്ടിയോടിച്ചു കൊണ്ടിരുന്നു.

അങ്ങനെ കുറേദൂരം കഴിഞ്ഞപ്പോൾ ഞങ്ങൾ 16616 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ലാചുങ്ല പാസിന്റെ മുകൾഭാഗത്ത് എത്തിച്ചേർന്നു. അവിടെ ശക്തമായ കാറ്റു കാരണം ഞങ്ങൾക്ക് അധികനേരം നിൽക്കുവാൻ സാധിച്ചിരുന്നില്ല. അങ്ങനെ ഞങ്ങൾ അവിടെ നിന്നും മലയിറങ്ങി ഒരു താഴ്വാരത്ത് എത്തിച്ചേർന്നു. അവിടെ കുറച്ചു ധാബകൾ പ്രവർത്തിക്കുന്നുണ്ടായിരുന്നു. ഹിമാചൽ രജിസ്ട്രേഷനിലുള്ള ലോറികൾ ആ ധാബകൾക്കരികിൽ കിടക്കുന്നുണ്ടായിരുന്നു. ഞങ്ങൾ അവിടെ നിർത്താതെ വീണ്ടും യാത്ര തുടർന്നു.

വരുന്ന വഴിയിൽ വഴിയുടെ ഓരത്തായി ധാരാളം പ്ലാസ്റ്റിക് കുപ്പികൾ കൂട്ടിയിട്ടിരിക്കുന്നതായി കണ്ടു. ഇത് ശരിക്കും എന്തോ ഒരു ആചാരത്തിന്റെ ഭാഗമായാണ് ചെയ്യുന്നതെന്ന് അറിഞ്ഞു. കാറ്റിൽ പറന്നു പോകുവാതിരിക്കാനായി വെള്ളം നിറച്ച കുപ്പികളായിരുന്നു അവിടെ കൂട്ടിയിട്ടിരുന്നത്. എന്തായാലും ഞങ്ങൾ അതുപോലെ ചെയ്യുവാൻ നിൽക്കാതെ അവിടെ നിന്നും വീണ്ടും യാത്ര തുടർന്നു.

അങ്ങനെ ഒരു മല ഞങ്ങൾ കയറിയിറങ്ങി വീണ്ടും ഒരു താഴ്വാരത്തിൽ എത്തിച്ചേർന്നു. അവിടെ വെച്ച് ഞങ്ങൾ കാറിൽ വലിയ ജഗ്ഗിലായി സൂക്ഷിച്ചിരുന്ന ഡീസൽ മുഴുവനും ടാങ്കിലേക്ക് ഒഴിച്ചു. അങ്ങനെ യാത്ര ചെയ്തു ഞങ്ങൾ സർച്ചു എന്ന സ്ഥലത്ത് എത്തിച്ചേർന്നു. അവിടെ ധാരാളം ടെന്റുകളും, താൽക്കാലിക റെസ്റ്റോറന്റുകളുമൊക്കെ ഉണ്ടായിരുന്നു. സഞ്ചാരികൾ വിശ്രമിക്കുവാൻ തിരഞ്ഞെടുക്കുന്ന സ്ഥലങ്ങളിൽ ഒന്നാണിത്. വൈകീട്ട് 3 മണി ആയിരുന്നതിനാൽ ഞങ്ങൾ ഭക്ഷണം കഴിക്കുവാനായി ഞങ്ങൾ അവിടെയിറങ്ങി.

നല്ല രുചിയേറിയ ചോറും കറികളുമൊക്കെ കൂട്ടി ഞങ്ങൾ വിശപ്പടക്കി, ഹോട്ടലുകാരോട് നന്ദിയും പറഞ്ഞു പുറത്തേക്ക് ഇറങ്ങിയപ്പോൾ അവിടെ മലപ്പുറത്തു നിന്നും വന്ന ഒരു ബൈക്കേഴ്‌സ് ടീമിനെ പരിചയപ്പെട്ടു. അവരുമായി കുറച്ചുനേരം വിശേഷങ്ങൾ പങ്കുവെച്ചതിനു ശേഷം ഞങ്ങൾ അവിടെ നിന്നും യാത്ര തുടർന്നു. പിന്നീട് ഞങ്ങൾ ജമ്മു കശ്മീർ – ഹിമാചൽ പ്രദേശ് അതിർത്തിയിൽ എത്തിച്ചേർന്നു. അവിടെ രണ്ടു സംസ്ഥാനങ്ങളുടെയും ചെക്ക് പോസ്റ്റിൽ വിവരങ്ങൾ എഴുതിക്കൊണ്ടുക്കേണ്ടതായുണ്ട്. രാത്രിയിൽ ഒരു കാരണവശാലും യാത്ര ചെയ്യരുതെന്നും, പോകുന്ന വഴിയ്ക്ക് രണ്ടു മൂന്നു സ്ഥലങ്ങളിൽ താമസ സൗകര്യങ്ങൾ ഉണ്ടെന്നും, അവിടെ തങ്ങിയിട്ട് പിറ്റേന്നു മണാലിയിലേക്ക് യാത്ര തുടർന്നാൽ മതിയെന്നും ചെക്ക്‌പോസ്റ്റിൽ നിന്നും ഞങ്ങൾക്ക് നിർദ്ദേശം ലഭിച്ചു. അങ്ങനെ ഞങ്ങൾ ചെക്ക്പോസ്റ്റുകൾ കടന്നു ഹിമാചൽ പ്രദേശിൽ പ്രവേശിച്ചുകൊണ്ട് യാത്രയായി.(തുടരും…)

Our Sponsors: 1) Dream Catcher Resort, Munnar: 9745637111. 2) SR Jungle Resort, Anaikatty: 9659850555, 8973950555. (Follow to get discounts: https://www.instagram.com/sr_jungle_resort_coimbatore/). 3) Goosebery Mens Apparel: http://goosebery.co.in(TECHTRAVELEAT എന്ന കൂപ്പൺ കോഡ് ഉപയോഗിച്ചാൽ 25% ഡിസ്‌കൗണ്ട് ലഭിക്കും). 4) Rotary Club Kochi United. 5) DBS Automotive: 97452 22566. 6) Kairali Ford: 81380 14455. Special Thanks to 1) Le Meridien, Kochi. 2) Redband Racing, Thrissur. 3) Nexus Communication, Penta Menaka, Kochi. 4) Royalsky Holidays – 9846571800.