ആഗ്രയിൽ നിന്നും യമുനാ എക്സ്പ്രസ്സ് ഹൈവേയിലൂടെ ഡൽഹി വഴി പഞ്ചാബിലേക്ക്…

ആഗ്രയിൽ നിന്നും ഞങ്ങൾ പഞ്ചാബിലെ ലുധിയാനയിലേക്ക് ഞങ്ങൾ യാത്രയാരംഭിച്ചു. വീണ്ടും എക്സ്പ്രസ്സ് ഹൈവേയിലേക്കാണ് ഞങ്ങൾ കയറുവാൻ പോകുന്നത്. ജമ്മു ആയിരുന്നു ഞങ്ങളുടെ അടുത്ത ലക്‌ഷ്യം എങ്കിലും അവിടേക്ക് 1200 കിലോമീറ്റർ ദൂരമുണ്ടായിരുന്നു. അതുകൊണ്ട് ലുധിയാനയിൽ ഒന്ന് തങ്ങുവാൻ ഞങ്ങൾ തീരുമാനിച്ചു. അങ്ങനെ ഞങ്ങൾ ആഗ്ര നഗരത്തിൽ നിന്നും യമുന എക്സ്പ്രസ്സ് വേ ലക്ഷ്യമാക്കി നീങ്ങി.

6 വരികളുള്ള ഈ പാത ഇന്ത്യയിലെ തന്നെ ഏറ്റവും ദൈർഘ്യമേറിയ അതിവേഗപാതകളിൽ ഒന്നാണ്. യമുന അതിവേഗപാതയുടെ നിർമ്മാണം മികച്ച ഗതാഗത സൗകര്യം പ്രദാനംച്ചെയ്യുകയും തന്മൂലം വാഹനങ്ങൾ സൃഷ്ടിക്കുന്ന അന്തരീക്ഷ മലിനീകരണ പ്രശ്നങ്ങൾ ഒരു പരിധിവരെ കുറയ്ക്കാനും സാധിക്കും. ഇന്ത്യയിലെത്തുന്ന വിനോദസഞ്ചാരികൾ കൂടുതലായും ഉപയോഗിക്കുന്ന ഒരു പാതയാണ് ഡൽഹി-ആഗ്രാ പാത. സുരക്ഷയും അപകടങ്ങളിൽ സഹായവും മുൻനിർത്തി പാതയിലുടനീളം 5 കി.മീ ഇടവിട്ട് സി.സി.റ്റിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. വാഹനങ്ങളുടെ വേഗത കണക്കാക്കുന്നതിനായി മൊബൈൽ റഡാറുകളും പാതയിൽ സജ്ജീകരിച്ചിട്ടുണ്ട്.

യമുന എക്സ്പ്രസ്സ് വേയിൽ ആഗ്ര മുതൽ ഡൽഹി വരെ പോകുവാനായി ഞങ്ങൾക്ക് കൊടുക്കേണ്ടി വന്നത് 415 രൂപയായിരുന്നു. ടോളും കൊടുത്ത് ഞങ്ങൾ എക്സ്പ്രസ്സ് ഹൈവേയിലൂടെ യാത്രയായി. 120 കിലോമീറ്റർ ആയിരുന്നു ഇതുവഴിയുള്ള മാക്സിമം വേഗത. അതിനപ്പുറം പോയാൽ ചിലപ്പോൾ ഫൈൻ അടയ്‌ക്കേണ്ടി വരും. ഏതാണ്ട് 70 കിലോമീറ്റർ കഴിഞ്ഞപ്പോൾ എക്സ്പ്രസ്സ് ഹൈവേയുടെ അരികിലായി റെസ്റ്റോറന്റും പെട്രോൾ പമ്പും ഒക്കെ കണ്ടു. ഞങ്ങൾ അവിടെ നിന്നും വണ്ടിയിൽ ഇന്ധനം നിറച്ചു. കുറച്ചു സമയം അവിടെ റിഫ്രഷ് ആകുവാനായി ചെലവഴിച്ച ശേഷം വീണ്ടും യാത്ര തുടർന്നു. നമ്മുടെ വാഹനത്തിലെ ക്രൂയിസ് കൺട്രോൾ ഉപയോഗിക്കുവാൻ പറ്റിയ ഒരു റോഡായിരുന്നു അത്.

നീണ്ടൊരു യാത്രയ്ക്കു ശേഷം ഞങ്ങൾ ഡൽഹിയിൽ എത്തിച്ചേർന്നു. ഡൽഹി നഗരത്തിലേക്ക് കയറാതെ പുറംചുറ്റിയായിരുന്നു ഞങ്ങൾ പോയത്. ഡൽഹി, നോയ്‌ഡ ഒക്കെ കഴിഞ്ഞു ഞങ്ങൾ ഈസ്റ്റേൺ പെരിഫെറൽ എക്സ്പ്രസ്സ് ഹൈവേയിലേക്ക് കയറി. എക്പ്രസ്സ് ഹൈവേയിലൂടെ അതിവേഗം ബഹുദൂരം യാത്ര ചെയ്തു ഞങ്ങൾ എളുപ്പത്തിൽ ചണ്ഡീഗഡ് പോകുന്ന ഹൈവേയിലേക്ക് കയറി. വിശന്നു തുടങ്ങിയപ്പോൾ ഹൈവേയുടെ അരികിൽ കണ്ട ഒരു ധാബയിൽ ഞങ്ങൾ കയറി. ഞങ്ങൾ 320 കിലോമീറ്റർ ദൂരം 3 മണിക്കൂർ കൊണ്ടായിരുന്നു അവിടെയെത്തിച്ചേർന്നത്.

ചായകുടിയൊക്കെ കഴിഞ്ഞു ഞങ്ങൾ വീണ്ടും യാത്രയായി. പിന്നീട് അങ്ങോട്ട് ഞാൻ പിന്നിലേക്ക് മാറിയിരുന്നു. എമിലായിരുന്നു ഡ്രൈവിംഗ് സീറ്റിൽ. പിന്നീട് അങ്ങോട്ട് അത്യാവശ്യം തിരക്കുള്ള (നമ്മുടെ അങ്കമാലി- തൃശ്ശൂർ ഹൈവേയിലേതു പോലെ) റോഡായിരുന്നു. റോഡിൽ മിക്കയിടങ്ങളിലും പൊടിക്കാറ്റ് ഞങ്ങൾ കണ്ടു. രാത്രി ഏഴരയായിട്ടും സൂര്യൻ അസ്തമിച്ചിരുന്നില്ല അവിടെ. ഏതാണ്ട് വൈകുന്നേരം നാലുമണി പോലെയായിരുന്നു തോന്നിച്ചത്. ഞങ്ങൾ മൂന്നു പേരുടെയും വാച്ചിലെ സമയം നോക്കിയപ്പോഴാണ് സമയം ഇത്രയും വൈകിയെന്ന കാര്യം ഞങ്ങൾ മനസ്സിലാക്കുന്നത്. എട്ടുമണിയോടടുത്തപ്പോളാണ് നേരം ഇരുട്ടിയത്.

രാത്രിയായതോടെ ഹൈവേയിൽ ലോറിക്കാരുടെ ബഹളമായി. അങ്ങനെ ഡൽഹിയും, ഹരിയാനയുമൊക്കെ കടന്നു ഞങ്ങൾ ഒടുവിൽ പഞ്ചാബിൽ കയറി. എന്നിട്ട് ലുധിയാനയിലെത്തിയ ഞങ്ങൾ അവിടെ ഒരു ഹോട്ടലിൽ റൂമെടുത്തു. വരുന്ന വഴി ഞങ്ങൾ കെഎഫ്സിയിൽ കയറി ചിക്കനൊക്കെ കഴിച്ചതിനാൽ പിന്നെ ഡിന്നർ കഴിക്കുവാൻ നിന്നില്ല. ഇനി അടുത്ത ദിവസം ലുധിയാനയിലെ MG ഷോറൂമിൽ ചെന്നിട്ട് MG യുടെ Hector മോഡലിന്റെ ടെസ്റ്റ് ഡ്രൈവും, റിവ്യൂവും ഒക്കെ ചെയ്യുവാനാണ് പ്ലാൻ ചെയ്തിരിക്കുന്നത്. അതിനെല്ലാം ശേഷം ജമ്മുവിലേക്ക്…

Our Sponsors: 1) Dream Catcher Resort, Munnar: 9745637111. 2) SR Jungle Resort, Anaikatty: 9659850555, 8973950555. (Follow to get discounts: https://www.instagram.com/sr_jungle_resort_coimbatore/). 3) Goosebery Mens Apparel: http://goosebery.co.in(TECHTRAVELEAT എന്ന കൂപ്പൺ കോഡ് ഉപയോഗിച്ചാൽ 25% ഡിസ്‌കൗണ്ട് ലഭിക്കും). 4) Rotary Club Kochi United. 5) DBS Automotive: 97452 22566. 6) Kairali Ford: 81380 14455. Special Thanks to 1) Le Meridien, Kochi. 2) Redband Racing, Thrissur. 3) Nexus Communication, Penta Menaka, Kochi. 4) Royalsky Holidays – 9846571800.