ആഗ്രയിലെ രണ്ട് ആഗ്രഹങ്ങൾ കണ്ടറിഞ്ഞ നിമിഷം..

വിവരണം – Vysakh Kizheppattu.

പുലർച്ചെ 3 മണിക്ക് വീട്ടിൽ നിന്ന് ഇറങ്ങിയാലേ കോയമ്പത്തൂർ ലേക്കുള്ള ട്രെയിൻ കിട്ടൂ. അവിടെ നിന്നാണ് ഫ്ലൈറ്റ്. അതിനാൽ സമയം കണക്കാക്കിയാണ് രാത്രി ഉറങ്ങാൻ കിടന്നത്. ഇങ്ങനെ ഉള്ള സമയങ്ങളിൽ അലറാത്തിനേക്കാൾ കൃത്യത നമ്മുടെ മനസിന് ഉണ്ടാകും. ഉദ്ദേശിച്ച സമയത്തേക്കാൾ നേരത്തെ എഴുനേൽക്കാൻ നമ്മുക്ക് സാധിക്കും. ആദ്യം നോക്കിയത് ട്രെയിൻ സ്റ്റാറ്റസ് ആണ്. വൈകി അല്ല ഓടുന്നത് എന്ന് മനസിലാക്കിയപ്പോൾ അധികം വൈകാതെ വീട്ടിൽ നിന്ന് ഇറങ്ങി. ശിവരാത്രി ദിവസം. അടുത്തുള്ള അമ്പലം പ്രകാശപൂരിതമായി നിൽക്കുന്നത് കണ്ടുകൊണ്ടാണ് സ്റ്റേഷൻ യാത്ര. അവധി ദിനം ആയതിനാൽ തിരക്ക് ഉണ്ടാകില്ല എന്ന് കരുതി ടിക്കറ്റ് എടുത്തു കാത്തു നിന്നു. ആ കരുതൽ തെറ്റായിരുന്നു എന്ന് ഉടനെ മനസിലായി. കോയമ്പത്തൂർ വരെ നിന്നുള്ള യാത്ര. അവിടെ എത്തിയപ്പോഴും തിരക്കിന് കുറവില്ല.

ഫ്ലൈറ്റ് നു സമയം ഉണ്ട്. അതിനാൽ ഭക്ഷണം കഴിച്ചു മെല്ലെയാണ് എയർപോർട്ടിലേക്ക് പോയത്. നമ്മുടെ നാട്ടിലെ അപേക്ഷിച്ചു വളരെ ചെറിയ എയർപോർട്ട് ആണ്. ആഭ്യന്തര സർവീസ് ആണ് അവിടെ പ്രധാനം. നടപടിക്രമങ്ങൾ എല്ലാം തീർത്തു കാത്തിരിപ്പ് വീണ്ടും തുടർന്നു. 15 മിനിറ്റ് വൈകിയാണ് യാത്ര ആരംഭിച്ചത്. കോയമ്പത്തൂർ തിരഞ്ഞെടുക്കാൻ പ്രധാന കാരണം ടിക്കറ്റ് ചാർജും പിന്നെ യാത്ര സമയവും ആണ്. അങ്ങനെ 3 മണിക്കൂർ യാത്രക്കൊടുവിൽ തലസ്ഥാനത്തു എത്തിച്ചേർന്നു. എന്റെ വരവും കാത്തു അമ്മുസ് (ഭാര്യ) പുറത്ത് നിൽപ്പുണ്ടായിരുന്നു. ഗ്രെയ്റ്റർ നോയിഡയിൽ ആണ് താമസം. അതിന് മുന്നേ സരോജിനി മാർക്കറ്റിൽ ഒന്ന് കയറണം. മെട്രോ ഉള്ളതിനാൽ യാത്ര എളുപ്പം. അവിടെ നിന്ന് ബൊട്ടാണിക്കൽ പോയി. പിന്നീട് ബസിൽ ആണ് ഗ്രെയ്റ്റർ നോയിഡ പോയത്. അങ്ങനെ യാത്രകൾ മാത്രം നിറഞ്ഞ ആദ്യ ദിനത്തിന് അവിടെ അവസാനമായി..

കാലത്തു 6 മണിയോടെയാണ് രണ്ടാം ദിനം ആരംഭിച്ചത്. പ്രണയത്തിന്റെ അടയാളമായ താജ്മഹൽ ആണ് ആദ്യ കാഴ്ച്ച. അവിടെ നിന്ന് ഏകദേശം 3 മണിക്കൂർ യാത്ര ഉണ്ട്. കൃത്യ സമയത്ത് തന്നെ അമ്മുസ് ട്രാവൽസിന്റെ ഇന്നോവയുമായി രാകേഷ് ചേട്ടൻ വന്നു. മ്മടെ തൃശൂർകാരനാണ് പുള്ളി. യാത്രയുടെ തുടക്കത്തിൽ തന്നെ ഐഡി കാർഡിനെ പറ്റി ഓർമിപ്പിച്ചപ്പോൾ ആണ് അമ്മുവിന്റെ കൂട്ടൂകാരികൾ അതെടുത്തില്ല എന്ന് ബോധ്യമായത്. മടങ്ങിപ്പോയി അതെടുത്താണ് വീണ്ടും യാത്ര തുടർന്നത്. താജ്മഹൽ കാണാൻ വിദേശികൾക്കു ഉയർന്ന ചാർജ് ആണ്. അതിനാൽ സ്വദേശി ആണെന്ന് ബോധ്യപ്പെടുത്താൻ കാർഡ് വേണം.

നീണ്ടുനിവർന്നു കിടക്കുന്ന യമുന എക്സ്പ്രസ്സ്‌ വേ… അതാണ് യാത്രയിലെ ആദ്യ ആകർഷണം. മൂന്നു ടോൾ ആണ് യാത്രയിൽ ഉള്ളത്. ആദ്യം തന്നെ എല്ലാം കൂടി ഒരുമിച്ച് എടുക്കാം. F1 കാറുകൾ ചീറിപാഞ്ഞ ബുദ്ധ സർക്യൂട് യാത്രയിൽ നമ്മുക്ക് കാണാം. മഞ്ഞുമാസങ്ങളിൽ ഏറ്റവും കൂടുതൽ അപകടം ഉണ്ടാകുന്നത് ഈ റോഡിൽ ആണ്. റോഡിൻറെ മേന്മകൊണ്ട് ദൂരം താണ്ടുന്നത് അറിഞ്ഞതേയില്ല. ആഗ്ര നഗരത്തിലേക്കു എത്താറായി എന്നുള്ളത് റോഡിന്റെ മാറ്റം കണ്ടപ്പോ മനസിലായി. റോഡിൽ തിരക്ക് പൊതുവെ കുറവാണ്. അതിനാൽ പോകാവുന്നതിന്റെ മാക്സിമം പോയി ആണ് ഞങ്ങളെ ഇറക്കിയത്.

ഇനിയും നടക്കാൻ ഉണ്ട്. ബുദ്ധിമുട്ട് ഉള്ളവർക്ക് ഇലക്ട്രിക് കാർ സൗകര്യം ഉപയോഗിക്കാം. തുടക്കത്തിലുള്ള ആവേശം നടക്കാൻ ആണ് പ്രേരിപ്പിച്ചത്. ഇനി ടിക്കറ്റ് എടുക്കണം. രണ്ടു തരം ടിക്കറ്റ് ഉണ്ട്. 50 & 250. 50 അണെങ്കിൽ മഹലിന്റെ താഴെ വരെ പോകാം. 250 ആണെങ്കിൽ ഉള്ളിലേക്ക് കയറാം. കാർഡ് ഉപയോഗിച്ച് ടിക്കറ്റ് എടുത്താൽ 5 രൂപ കുറവുണ്ട്. ടിക്കറ്റ് എടുത്ത് കവാടത്തിൽ കാർഡ് കാണിച്ചു അകത്തേക്ക് കയറി. കയറുന്ന ഗേറ്റും വഴിയും ഓർത്തുവെക്കാൻ ആദ്യമേ നമ്മുടെ സാരഥി പറഞ്ഞിരുന്നു. കാരണം കവാടങ്ങൾ തമ്മിൽ നല്ല ദൂരമുണ്ട്. പോയ വഴിയേ ഇറങ്ങിയില്ലെങ്കിൽ ചുറ്റിപ്പോകും. കുഴപ്പമില്ലാത്ത തിരക്കിലേക്കാണ് കയറിച്ചെല്ലുന്നത്. വെയിൽ ആരംഭം ആയതിനാൽ വ്യക്തമായി തന്നെ കാഴ്ചകൾ കാണാം. അല്ലെങ്കിൽ മഞ്ഞു മൂടിയ അവസ്ഥയാകും. മുന്നിലോട്ട് നടന്നു നീങ്ങിയപ്പോൾ മനോഹരമായ വലിയൊരു കവാടമാണ് മുന്നിൽ. അതിനകത്തുകൂടെ നീങ്ങിയാൽ ആണ് വെണ്ണക്കല്ലിൽ തീർത്ത പ്രണയസൗധം നമ്മുടെ മുന്നിൽ തെളിയുക. കവാടത്തിന്റെ ഉള്ളിലൂടെ പോയി താജ്മഹൽ കാണുന്ന ഒരു രംഗം മനോഹരമാണ്. അങ്ങനെയുള്ള ഒരുപാട് വിഡിയോകൾ മുൻപ് കണ്ടിട്ടുണ്ടെങ്കിലും നേരിട്ടുള്ള അനുഭവം വേറെ ലെവലാണ്.

അങ്ങനെ മുന്നിൽ താജ്മഹൽ. ഇനി താജ്മഹലിനെ പറ്റി അല്പം പറയാം. ലോകമഹാത്ഭുതങ്ങളിൽ ഒന്നായ താജ്‌മഹൽ മുഗൾ ചക്രവർത്തിയായ ഷാജഹാൻ തന്റെ പത്നി മുംതാസിന്റെ സ്മരണയ്ക്കായി പണികഴിപ്പിച്ചതാണ്. പേർഷ്യൻ, ഒട്ടോമൻ, ഇന്ത്യൻ, ഇസ്ലാമിക് എന്നീ വാസ്തുവിദ്യാ മാതൃകകൾ കൂടിച്ചേർന്നുണ്ടായ മുഗൾ വാസ്തുവിദ്യയുടെ ഉത്തമോദാഹരണമാണ് താജ് മഹൽ. പൂർണമായും വെണ്ണക്കല്ലിൽ നിർമ്മിച്ച ഈ സ്മാരകം പൂർത്തിയാകാൻ ഇരുപത്തി രണ്ട് വർഷം എടുത്തു എന്നാണ് കണക്ക്.ഇതിന്റെ പണി ഏകദേശം 1632 ൽ തുടങ്ങി 1653 ൽ തീർന്നു എന്നാണ് കണക്കാക്കപ്പെടുന്നത്. 17 ഏക്കറിൽ 240 അടി ഉയരത്തിൽ ആണ് താജ്മഹൽ സ്ഥിതി ചെയ്യുന്നത്.1983- ൽ ലോകത്തിലെ പൈതൃക സ്ഥലങ്ങളുടെ യുനെസ്കോയുടെ പട്ടികയിൽ താജ് മഹലിനെ ഉൾപ്പെടുത്തി. ഉസ്താദ് അഹമ്മദ് ലാഹോറിയാണ് ഇതിന്റെ പ്രധാന ശില്പി.താജ് മഹൽ വർഷം തോറും 2 മുതൽ 4 ദശലക്ഷം ആളുകൾ സന്ദർശിക്കുന്നതായിട്ടാണ് കണക്കുകൾ. വെള്ളി ആണ് അവധി ദിനം.

കവാടം കടന്നപാടേ ഫോട്ടോ എടുക്കുന്നതിനുള്ള തിരക്കാണ്. കൂടാതെ നമ്മുടെ ഫോട്ടോ എടുത്തു തരാം എന്ന് പറഞ്ഞുള്ള ആളുകളുടെ തിരക്ക് വേറെയും. അല്പം നേരം അവിടെ നിന്നത്തിനു ശേഷം അടുത്തേക്ക് നടന്നു. മുന്നിൽ നീളത്തിലുള്ള ഒരു പൂൾ ഉണ്ട്. അതിനു മധ്യത്തിലായി സ്റ്റേജ് പോലെ ഒരു നിർമിതി. അതിൽ കയറിയാലും നല്ല രീതിയിൽ ഫോട്ടോ എടുക്കാം. ഏറ്റവും മുൻപിൽ നിന്ന് ഇടത്തോട്ടുള്ള വഴി ആളുകൾ മുകളിലേക്ക് കയറുന്നത് കണ്ടു. അത് വിദേശികൾക്കുള്ള വരിയാണ് എന്ന് മനസിലായത് പിന്നീടാണ്. നമ്മൾ സ്വദേശികൾ ചുറ്റിക്കറങ്ങി വേണം മുകളിലേക്ക് കയറാൻ. താജ്മഹലിന് ചുറ്റും ആയതിനാൽ നമ്മുക് അതൊരു ബുദ്ധിമുട്ടല്ലല്ലോ. കറക്കത്തിനിടയിൽ ആണ് മുകളിലേക്ക് ചെരുപ്പ് ഉപയോഗിക്കാൻ കഴിയില്ല എന്നറിഞ്ഞത്. ഉപയോഗിക്കാം പക്ഷെ കവർ ഇടണം എന്ന് മാത്രം. അങ്ങനെ 20 രൂപ കൊടുത്തു 5 കവർ വാങ്ങി എല്ലാരും കാലിൽ ഇട്ടതിനു ശേഷമാണ് നടത്തം ആരംഭിച്ചത്.

യമുന നദിയുടെ തീരത്താണ് താജ്മഹൽ എന്ന് നമ്മുക് എല്ലാവര്ക്കും അറിയാം. ആ യമുന നദിയാണ് കണ്മുന്നിൽ. മഹലിനു പിറകിലൂടെ ആണ് യമുന ഒഴുകുന്നത്. അതിനു വശത്തൂടെ നടന്നു ചുറ്റിയാണ് മുകളിലേക്കുള്ള നമ്മുടെ പ്രവേശനം. ടിക്കറ്റ് കാണിച്ചു കൊടുത്തു മുകളിൽ കയറി. വെണ്ണക്കല്ലിൽ തീർത്ത പ്രണയ സൗധം തലോടി ഒന്ന് ചുറ്റിക്കറങ്ങി. അതിനു ശേഷം അകത്തേക്കും. ഉള്ളിൽ മുംതാസിന്റെയും ഷാജഹാന്റെയും ശവകുടിരങ്ങൾ. താജ് മഹലിന്റെ നിർമാ‍ണത്തിനു ശേഷം ഷാജഹാന്റെ മകനായ ഔറംഗസീബ് അദ്ദേഹത്തെ ആഗ്ര കോട്ടയിൽ തടങ്കലിലാക്കുകയും, പിന്നീട് അദ്ദേഹത്തിന്റെ മരണ ശേഷം ഭാര്യയുടെ അടുത്ത് തന്നെ അദ്ദേഹത്തെ അടക്കുകയും ചെയ്തു. കാഴ്ച്ചകൾ ഇനിയും ഉള്ളതിനാൽ ചിലവഴിക്കുന്ന സമയത്തിന് പരിധി ഉണ്ടായിരുന്നു. എന്നിരുന്നാലും നല്ലപോലെ ആസ്വദിച്ച് തന്നെയാണ് പ്രണയ സ്മാരകത്തോട് വിട പറഞ്ഞത്. അതിനിടയിൽ അവിടെ ഉള്ള ഒരു ഫോട്ടോഗ്രാഫറെ വിളിച്ചു ഞാനും അമ്മുവും കുറച്ചു ചിത്രങ്ങളും എടുത്തു. വന്നതിന്റെ ഓർമ്മക്ക് ഇരിക്കട്ടെ ഒന്ന് രണ്ടു നല്ല പടങ്ങൾ എന്ന് കരുതി.

തിരിച്ചിറങ്ങിയതിനു ശേഷം ആദ്യം അന്വേഷിച്ചത് ആഗ്ര പേട വാങ്ങാൻ ആണ്. അവിടെ വന്നിട് വാങ്ങാതെ പോകുന്നത് ശരിയല്ലല്ലോ. വാങ്ങുമ്പോൾ നോക്കി വാങ്ങണം എന്ന് മാത്രം അല്ലെങ്കിൽ അത് ഉപയോഗിക്കാൻ കൊള്ളാതെയാകും. എല്ലാ കടകളിലും പേയ്മെന്റ് ഡിജിറ്റൽ ആയതുകൊണ്ട് പണം കയ്യിൽ കരുതിയില്ലേലും കാര്യങ്ങൾ നടക്കും. ഇനി വണ്ടിയുടെ അടുത്തേക്ക് പോകണം. അത്ര ദൂരം നടക്കേണ്ട മടിക്കു ഇലക്ട്രിക്ക് വണ്ടി എടുത്തു. ഒരാൾക്കു 10 രൂപയാണ് ചാർജ്. കുറച്ചു ദൂരമേ ഉള്ളുവെങ്കിലും അടിപൊളി ആയിരുന്നു. ഇനി നേരെ ആഗ്ര ഫോർട്ടിലേക്കു ആണ്.. താജ്മഹലിൽ നിന്ന് 3 കിലോമീറ്റര് ദൂരമേ ഫോർട്ടിലേക്കു ഒള്ളു. അവിടെ വരുന്ന എല്ലാവരും ഇവിടെയും വരുന്നതിനാൽ തിരക്ക് നല്ലപോലെ ഉണ്ടാകും. സമയം ഉച്ചയോടു അടുത്തതിനാൽ വെയിലിനും കാഠിന്യം അല്പം കൂടി. വണ്ടി പാർക്ക് ചെയ്തു നേരെ കൗണ്ടറിലേക്ക് പോയി. തിരക്ക് ഉണ്ട്. അല്പം കാത്തുനിന്നു ടിക്കറ്റ് എടുത്തു. 40 രൂപയാണ് ഒരാൾക്ക്.

സെക്യൂരിറ്റി ചെക്കിങ് കഴിഞ്ഞു അകത്തേക്ക്. ചുവന്ന നിറത്തിൽ പരന്നു കിടക്കുകയാണ് ആഗ്ര ഫോർട്ട്. 94 ഏക്കറിൽ നിറഞ്ഞു നിൽക്കുന്ന കോട്ട മുഗൾ ചക്രവർത്തി അക്ബർ ആണ് പണികഴിപ്പിച്ചത്. മുഗൾ ഭരണത്തിനു കീഴിൽ ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട കോട്ടയായായിരുന്നു ഇത്. ബാബർ മുതൽ ഔറംഗസേബ് വരെയുള്ള മുഗൾ ചക്രവർത്തിമാർ ഇവിടെ നിന്നാണ്‌ സാമ്രാജ്യം ഭരിച്ചത്. സാമ്രാജ്യത്തിന്റെ ഏറ്റവും വലിയ ഖജനാവും ഇവിടെയായിരുന്നു. അകത്തേക്ക് കയറും തോറും കാഴ്ചകൾ കൂടി വന്നു. എവിടെ നോക്കിയാലും ചരിത്രം ഉറങ്ങുന്ന നിർമിതികൾ. പലയിടത്തായി പല തരത്തിൽ ഉള്ള നിർമിതികൾ. അതിൽ കല്ല് കൊണ്ടുള്ളതും വെണ്ണക്കല്ലിൽ തീർത്തതും ഉണ്ട്. കൂടാതെ നടപ്പാതയിൽ സഞ്ചാരികളുടെ മനം കവർന്നു അണ്ണാൻ കുഞ്ഞുങ്ങൾ വേറെയും. ബിസ്‌ക്കറ് പൊടി കയ്യിൽ വെച്ചാൽ അവർ വന്നു കഴിക്കും.

ഉള്ളിൽ പലയിടത്തായി ഉള്ള മരങ്ങൾ കോട്ടയുടെ ഭംഗി കൂട്ടുകയും ഒപ്പം സഞ്ചാരികൾക്കു തണലേകുകയും ചെയ്യുന്നു. ഷാജഹാൻ ആണ് ഇന്ന് നാം കാണുന്ന ഈ രീതിയിൽ ഈ കോട്ട പണിതത്. അക്ബറിൽ നിന്നും വ്യത്യസ്തമായി മാർബിളുകൾ കൊണ്ടാണ് ഷാജഹാൻ പലതും ഇവിടെ നിർമിച്ചിട്ടുള്ളത്. അത് നമ്മുക് അകത്തു കയറിയാൽ വലതു ഭാഗത്തായി കാണാൻ കഴിയും. വലതുഭാഗത്തായി കാണുന്ന തോട്ടവും ഖാസ് മഹലും എല്ലാം ഷാജഹാന്റെ കാലത്തു നിര്മിച്ചിതാണ്. കൂടാതെ അവിടെ നിന്ന് നോക്കിയാൽ താജ്മഹലും നമ്മുക് കാണാൻ കഴിയും. കോട്ടയിലെ മറ്റൊരു ആകർഷണം ആണ് പൊതുസഭയായ ദിവാൻ ഇ ആം എന്ന മന്ദിരം. 201 അടി നീളവും 67 അടി വീതിയുമുള്ള ഈ സഭക്ക് 40 തൂണുകൾ ആണ് ഉള്ളത്.സഭക്കു നടുവിലെ ചക്രവർത്തിയുടെ ഇരിപ്പിടത്തിൽ നിന്നും വടക്കും തെക്കുമുള്ള കവാടങ്ങളിലേക്ക് വ്യക്തമായ വീക്ഷണം ലഭിക്കുന്ന രീതിയിലാണ് ഈ തൂണുകളുടെ ക്രമീകരണം. അങ്ങനെ നിരവധി പ്രത്യേകതകൾ ആണ് ഈ കോട്ടയിലെ ഓരോ നിര്മിതികൾക്കും ഉള്ളത്. എത്ര കണ്ടാലും മതിവരാത്ത കാഴ്ച്ചകൾ. പക്ഷെ എവിടെയും സ്ഥിരമായി നില്ക്കാൻ നമ്മുക് ആകില്ല. ഒരു വിധം എല്ലാം കണ്ടതിനു ശേഷമാണ് കോട്ടയിൽ നിന്ന് ഇറങ്ങിയത്.

ഇതാണ് ആഗ്രയിലെ പ്രധാന രണ്ടു കാഴ്ചകൾ. ഡൽഹിയിൽ നിന്നും ഇത്രയും ദൂരം ഈ കാഴ്ച്ചകൾക്കായി മാത്രം നമ്മൾ വരണം. പക്ഷെ കാഴ്ചകൾക്ക് ശേഷം ഈ ദൂരത്തെ പറ്റി നമ്മൾ ചിന്തിക്കുകപോലും ഇല്ല കാരണം മനസ്സിൽ അപ്പോഴും ആ കാഴ്ചകൾ തന്നെയായിരിക്കും. ആ മനസോടെ ആണ് യമുന എക്സ്പ്രസ്സ് വേ യിലൂടെ നോയിഡയിലേക്കു തിരിച്ചത്. ഈ യാത്രയുടെ വീഡിയോ കാണാം – https://bit.ly/2F0vW1R .