എയർ അറേബ്യയുടെ ചരിത്രവും വിശേഷങ്ങളും

നമ്മുടെ നാട്ടിൽ നിന്നും ഷാർജ്ജയിലേക്ക് പോകുന്നവർ എയർ ഇന്ത്യ എക്സ്പ്രസ്സ് കൂടാതെ യാത്രയ്ക്കായി തിരഞ്ഞെടുക്കുന്ന ഒരു എയർലൈനാണ്‌ എയർ അറേബ്യ. ഈ എയർ അറേബ്യയുടെ ചരിത്രവും വിശേഷങ്ങളും ഒന്നറിഞ്ഞിരിക്കാം.

യുണൈറ്റഡ് അറബ് എമിരേറ്റ്സിലെ ഷാർജ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു അന്താരാഷ്ട്ര എയർലൈനാണ് എയർ അറേബ്യ. ഷാർജ ഭരണാധികാരിയായ ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ-ഖാസിമിയുടെ ഉത്തരവ് പ്രകാരം 2003 ഫെബ്രുവരി 3 നാണ് എയർ അറേബ്യ സ്ഥാപിക്കപ്പെട്ടത്.

2003 ഒക്ടോബർ 28 നാണു എയർ അറേബ്യ പ്രവർത്തനമാരംഭിച്ചത്. ഷാർജ്ജ – ബഹ്‌റൈൻ റൂട്ടിലായിരുന്നു എയർ അറേബ്യയുടെ ആദ്യത്തെ സർവ്വീസ്. മിഡിൽ ഈസ്റ്റിലെ ആദ്യത്തെ ലോകോസ്റ്റ് എയർലൈൻ കൂടിയാണ് എയർ അറേബ്യ.

ഏവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് സർവീസ് തുടങ്ങി ആദ്യം വർഷം മുതൽതന്നെ എയർ അറേബ്യ ലാഭത്തിലാണ്. യാത്രക്കാർക്ക് മികച്ച സേവനങ്ങൾ പ്രദാനം ചെയ്യുന്ന ഒരു എയർലൈനാണ്‌ എയർ അറേബ്യ. എങ്കിലും യാത്രക്കാർക്കു ഭക്ഷണം, വെള്ളം തുടങ്ങിയവ പണം കൊടുത്താൽ മാത്രമേ ലഭിക്കുകയുള്ളൂ. കൂടാതെ ആൽക്കഹോളിക് ബിവറേജുകൾ എയർ അറേബ്യ വിമാനങ്ങളിൽ ലഭിക്കുകയുമില്ല.

ഈജിപ്ട്ടിലെ അലക്സാണ്ട്രിയ, മൊറോക്കോയിലെ കാസബ്ലാങ്ക എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് എയർ അറേബ്യ ഈജിപ്റ്റ്, എയർ അറേബ്യ മറോക്ക് എന്നീ പേരുകളിൽ എയർ അറേബ്യയുടെ അനുബന്ധ എയർലൈനുകൾ പ്രവർത്തിക്കുന്നുണ്ട്.

52 Airbus A320, 4 A321 മോഡൽ എയർക്രാഫ്റ്റുകളാണ് നിലവിൽ എയർ അറേബ്യയുടെ ഫ്‌ലീറ്റിലുള്ളത്. മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക, ഏഷ്യ, യൂറോപ്പ് തുടങ്ങിയയിടങ്ങളിലെ 170 ലധികം ലക്ഷ്യകേന്ദ്രങ്ങളിലേക്ക് എയർ അറേബ്യ സർവ്വീസുകൾ നടത്തുന്നുണ്ട്.

എയർ അറേബ്യയുടെ പ്രധാന ഹബ്ബ് ഷാർജ ഇന്റർനാഷണൽ എയർപോർട്ട് ആണ്. റാസൽ ഖൈമ ഇന്റർനാഷണൽ എയർപോർട്ട്, അബുദാബി ഇന്റർനാഷണൽ എയർപോർട്ട് എന്നിവയാണ് സെക്കൻഡറി ഹബ്ബുകൾ. ആസ്ഥാനമായ ഷാർജയിൽ അനവധി വിമാനങ്ങൾക്കു കണക്ഷൻ നൽകുന്നു എന്നതാണ് എയർ അറേബ്യയുടെ പ്രധാന സവിശേഷതകളിൽ ഒന്ന്. അറബ് എയർ കാരിയർസ് ഓർഗനൈസേഷനിലെ ഒരംഗം കൂടിയാണ് എയർ അറേബ്യ.

എയർ അറേബ്യയുടെ വിമാനങ്ങൾ ഇതുവരെ വലിയ അപകടങ്ങളിളൊന്നും പെട്ടിട്ടില്ല. ഇക്കാരണത്താൽ നല്ല സുരക്ഷാ ചരിത്രമുള്ള എയർ അറേബ്യ, ലോകത്തിലെ ഏറ്റവും സുരക്ഷിതമായ ലോകോസ്റ്റ് എയർലൈനുകളുടെ പട്ടികയിൽ മുൻപന്തിയിലാണ്.