കരിപ്പൂർ അപകടം; സോഷ്യൽ മീഡിയയിൽ കറുപ്പണിഞ്ഞ് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്‌പ്രസും

കരിപ്പൂരിൽ എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന ദുരന്തമുണ്ടായതിനെത്തുടർന്ന് തങ്ങളുടെ ഒഫീഷ്യൽ സോഷ്യൽ മീഡിയ പേജുകളിൽ ലോഗോ കറുത്ത നിറത്തിലാക്കി എയർ ഇന്ത്യയും, എയർ ഇന്ത്യ എക്സ്‌പ്രസും. അപകടത്തിൽ ജീവൻ നഷ്ടമായവരുടെ കുടുംബത്തോടുള്ള അനുശോചനം എന്ന നിലയ്ക്കാണ് പ്രൊഫൈൽ ലോഗോയ്ക്കും, കവർ ഫോട്ടോയ്ക്കും കറുത്ത നിറം നൽകിയത്. സാധാരണയായി വെള്ള പശ്ചാത്തലത്തിൽ ചുവപ്പും മഞ്ഞയും നിറത്തിലാണ് എയർ ഇന്ത്യയുടേയും എയർ ഇന്ത്യ എക്സ്പ്രസ്സിൻ്റെയും ലോഗോകൾ.

വന്ദേഭാരത് മിഷന്റെ ഭാഗമായി ആഗസ്റ്റ് 7 വെള്ളിയാഴ്ച ദുബായിൽ നിന്നും കോഴിക്കോട്ടേക്ക് വന്ന എയർ ഇന്ത്യ എക്സ്പ്രസ്സ് IX-1344 വിമാനം രാത്രിയോടെ കരിപ്പൂർ എയർപോർട്ടിൽ ലാൻഡ് ചെയ്യുവാനുള്ള ശ്രമത്തിനിടെ 35 അടിയോളം താഴ്ചയിലേക്ക് വീഴുകയും, അതിൻ്റെ ആഘാതത്തിൽ വിമാനം രണ്ടായി പിളരുകയും ചെയ്തു. കൊണ്ടോട്ടി-കുന്നുംപുറം റോഡില്‍ മേലങ്ങാടി വഴിയുള്ള ക്രോസ് ബെല്‍റ്റ് റോഡിന്റെ ഭാഗത്തേക്കാണ് വിമാനം പതിച്ചത്. അപകടത്തിൽ പൈലറ്റുമാർ അടക്കം 19 ജീവനുകളാണ് പൊലിഞ്ഞു പോയത്.

അപകടത്തിൽ എയർ ഇന്ത്യയ്ക്ക് നഷ്ടമായത് പ്രഗത്ഭരായ രണ്ടു പൈലറ്റുമാരെയാണ്. ക്യാപ്റ്റന്‍ ദീപക് വസന്ത് സാഠേ, ക്യാപ്റ്റന്‍ അഖിലേഷ് കുമാർ എന്നിവരാണ് അപകടത്തില്‍ മരണപ്പെട്ടത്. എയര്‍ ഫോഴ്സ് അക്കാദമിയില്‍ നിന്ന് സ്വോര്‍ഡ് ഓഫ് ഹോണര്‍ പുരസ്‌കാരം നേടിയിട്ടുള്ള ഫൈറ്റര്‍ പൈലറ്റ് കൂടിയായിരുന്നു ക്യാപ്റ്റൻ ദീപക് വസന്ത് സാഠേ.

അതേസമയം അപകടത്തില്‍ മരിച്ചവര്‍ക്ക് അനുശോചനമര്‍പ്പിച്ച് നിരവധി സെലിബ്രിറ്റികളും രംഗത്തെത്തിയിരുന്നു. ഷാരൂഖ് ഖാന്‍, അക്ഷയ്കുമാര്‍, അജയ് ദേവ്ഗണ്‍, സച്ചിൻ ടെണ്ടുൽക്കർ, വിരാട് കോഹ്ലി എന്നിവര്‍ അപകടത്തില്‍ മരിച്ചവര്‍ക്ക് അനുശോചനം അറിയിച്ചിട്ടുണ്ട്.

കരിപ്പൂരിലെ വിമാന അപകടത്തിൽ മരിച്ച യാത്രക്കാരുടെ ബന്ധുക്കാർക്ക് 75 ലക്ഷം രൂപ മുതൽ ഒരു കോടി വരെ നഷ്ടപരിഹാരം ലഭിച്ചേക്കുമെന്ന് റിപ്പോർട്ട്. വിമാനടിക്കറ്റ് എടുക്കുമ്പോൾ ലഭിക്കുന്ന ഇൻഷുറൻസ് പരിരക്ഷയിൽ നിന്നാണ് ഇത് ലഭിക്കുക. അതേസമയം പരിക്കേറ്റവരുടെ നഷ്ടപരിഹാരത്തുകയുടെ കാര്യത്തിൽ വ്യക്തതയില്ല. അപകടത്തിൽപ്പെട്ട് തകർന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് 375 കോടിയുടെ ഇൻഷുറൻസാണ് ഏർപ്പെടുത്തിയിരുന്നത്. ഇന്ത്യയിലെ നാലു പൊതുമേഖലാ ഇൻഷുറൻസ് കമ്പനികളുടെ കൺസോർഷ്യമാണ് വിമാനം ഇൻഷുർ ചെയ്തിരിക്കുന്നതെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.

അതോടൊപ്പം അപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബത്തിന് പത്തുലക്ഷം രൂപ നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. പരിക്കേറ്റ എല്ലാവരുടെയും ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കരിപ്പൂര്‍ വിമാനത്താവളത്തിലെ അപകടത്തില്‍ ദുഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തിയിരുന്നു.