കേരളത്തിൻ്റെ അഭിമാനമാകേണ്ടിയിരുന്ന എയർ കേരളയ്ക്ക് സംഭവിച്ചതെന്ത്?

കേരളത്തിന് സ്വന്തമായി ഒരു കൊമേഴ്ഷ്യൽ എയർലൈൻ… അതായിരുന്നു എയർ കേരള എന്ന പ്രോജക്ട്. എന്നാൽ കേരളത്തിൻ്റെ അഭിമാനമാകേണ്ടിയിരുന്ന എയർ കേരളയ്ക്ക് സംഭവിച്ചതെന്ത്? അക്കാര്യങ്ങളിലേക്ക് ഒരു തിരിഞ്ഞുനോട്ടം.

2006 ഫെബ്രുവരിയിലായിരുന്നു അന്നത്തെ സംസ്ഥാന സര്‍ക്കാര്‍ ‘എയര്‍ കേരള’ എന്ന പേരിൽ പുതിയ വിമാന സര്‍വീസ് ആരംഭിക്കാന്‍ തീരുമാനിക്കുന്നത്. ഇതിനായി നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ നടത്തിപ്പുകാരായ കൊച്ചിന്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡി(സിയാല്‍)ന്റെ അനുബന്ധമായി എയര്‍ കേരള ലിമിറ്റഡ് എന്ന പേരില്‍ കമ്പനിയും രൂപീകരിച്ചു. തുടര്‍ന്ന് സിയാലിന്റെ നേതൃത്വത്തില്‍ എയര്‍ കേരള ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് വിശദമായ രീതിയില്‍ തന്നെ സാധ്യതാപഠനവും നടത്തിയിരുന്നു.

2013 ഏപ്രിൽ 14 നു ‘എയര്‍ കേരള’ എന്ന കേരളത്തിന്റെ സ്വന്തം വിമാന സര്‍വീസ് ആരംഭിക്കുമെന്ന് പ്രഖ്യാപനമുണ്ടായി. ഇന്ത്യയിൽ ആദ്യമായിട്ടായിരുന്നു ഒരു സംസ്ഥാനം വിമാനസർവീസ് തുടങ്ങുമെന്ന് പ്രഖ്യാപിച്ചത്. ഇത് എല്ലാവരിലും ആവേശം പടർത്തുകയുണ്ടായി.

പ്രവാസികളുടെ വിമാനയാത്രാ ചെലവു ചുരുക്കുക, യാത്ര സുഗമമാക്കുക എന്നിവയ്ക്കായി ഗള്‍ഫ് രാജ്യങ്ങളിലേക്ക് ചെലവു കുറഞ്ഞ വിമാന സര്‍വീസായിരുന്നു എയർ കേരളയുടെ ലക്ഷ്യം.

200 കോടി രൂപയുടെ പദ്ധതിയില്‍ 26 ശതമാനം വിഹിതം സംസ്ഥാന സര്‍ക്കാരും ബാക്കി വിഹിതം പ്രവാസികളില്‍ നിന്ന് ഓഹരിയായും സമാഹരിക്കാനാണ് ലക്ഷ്യമിട്ടത്. തുടക്കത്തിൽ രണ്ടു ലക്ഷമായി നിജപ്പെടുത്തിയ ഓഹരിത്തുക പിന്നീട് പതിനായിരമായി കുറച്ചിരുന്നു.

എന്നാൽ വന്‍തുക നിക്ഷേപിക്കാന്‍ തയാറായ പല പ്രമുഖ പ്രവാസി ഇന്ത്യക്കാരും പിന്‍വാങ്ങിയതോടെ പദ്ധതി അനിശ്ചിതത്വത്തിലായി. ഇതോടെ കോടികള്‍ നിക്ഷേപിക്കാന്‍ കഴിവുള്ളവര്‍ മാറിനില്‍ക്കുമ്പോള്‍ ഗള്‍ഫിലെ സാധാരണക്കാരില്‍നിന്ന് പണം പിരിച്ച് പദ്ധതി നടപ്പാക്കേണ്ടായെന്ന തീരുമാനവും ഉയർന്നു വന്നു.

ഗൾഫിലെ പ്രമുഖ വ്യോമ ഗതാഗത ഓപ്പറേറ്ററായ അബുദാബി ഏവിയേഷ (എഡിഎ) നുമായി കൈകോർത്തുകൊണ്ട് പ്രവർത്തനമാരംഭിക്കുവാനും കേരള സർക്കാർ ശ്രമം നടത്തിയിരുന്നു. എന്നാൽ ഇത് എങ്ങുമെങ്ങും എത്താത്ത രീതിയിൽ പോകുകയായിരുന്നു.

വ്യോമയാന നിയമപ്രകാരം ചുരുങ്ങിയത് അഞ്ച് വര്‍ഷം ആഭ്യന്തര സര്‍വീസ് നടത്തി പരിചയമുള്ളതും കുറഞ്ഞത് 20 വിമാനങ്ങളുള്ളതുമായ ഇന്ത്യന്‍ കമ്പനിക്ക് മാത്രമേ വിദേശ സര്‍വീസിന് അനുമതി ലഭ്യമാകൂവെന്ന സാങ്കേതിക കുരുക്കും എയര്‍ കേരളക്ക് മുന്നിലുണ്ട്. ഈ രണ്ട് നിബന്ധനകളില്‍ എയര്‍ കേരളക്ക് ഇളവ് നല്‍കണമെന്ന കേരളത്തിന്‍റെ അപേക്ഷയില്‍ ഇതുവരെ വ്യോമയാന മന്ത്രാലയം തീരുമാനമെടുത്തിട്ടില്ല.

അങ്ങനെ മലയാളികളുടെ, അതിലുപരി പ്രവാസികളുടെ വലിയ സ്വപ്നമായിരുന്ന എയർകേരള പ്രഖ്യാപനത്തിൽ തന്നെ ഒതുങ്ങിയിരിക്കുകയാണ്. പക്ഷെ ഇനിയും നമുക്ക് പ്രതീക്ഷകളുണ്ട്. എന്നെങ്കിലും മലയാളികളുടെ സ്വന്തം എയർ കേരള യാഥാർഥ്യമാകുമെന്ന്.