എയർബസ് ബലൂഗ – വിചിത്രമായ ഒരു വിമാന മോഡൽ

പൊതുവെ എല്ലാ വിമാനങ്ങളുടെയും രൂപഘടനയും മുഖഭാവവുമെല്ലാം, ചെറിയ വ്യത്യാസങ്ങൾ ഉണ്ടെങ്കിൽക്കൂടി ഏകദേശം ഒരേപോലെയൊക്കെത്തന്നെ ആയിരിക്കും. ഒന്നു ശ്രദ്ധിച്ചു നോക്കിയാൽ കാണാം, സാധാരണയായി വിമാനങ്ങൾക്ക് അൽപ്പം ഗൗരവഭാവമായിരിക്കും. എന്നാൽ പൊതുവായ രൂപഘടനയിൽ നിന്നും വ്യത്യസ്തമായി എയർബസ് പുറത്തിറക്കിയ ഒരു വിമാനമോഡലാണ് ബെലൂഗ. വ്യത്യസ്തവും കൗതുകകരവുമായ ബെലൂഗയുടെ വിശേഷങ്ങൾ ഒന്നറിഞ്ഞിരിക്കാം.

1992 ൽ പ്രമുഖ എയർക്രാഫ്റ്റ് നിർമ്മാതാക്കളായ എയർബസ് A300-600ST എന്ന ഒരു കാർഗോ വിമാനമോഡലിൻ്റെ നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിച്ചു. സാധാരണ വിമാനങ്ങളിൽ നിന്നും വ്യത്യസ്തമായിരുന്നു A300-600ST യുടെ രൂപഘടന. ഒരു ബെലൂഗ ഡോൾഫിന്റെ രൂപസാദൃശ്യമുള്ള മോഡലായതിനാൽ ഇവയ്ക്ക് ബെലൂഗ എന്നാണു പേര് ലഭിച്ചത്. 1994 ൽ ബെലൂഗ ആദ്യത്തെ പരീക്ഷണപ്പറക്കൽ നടത്തി. വിജയകരമായ പരീക്ഷണപ്പറക്കലുകൾക്കു ശേഷം 1995 ൽ ബെലൂഗ ST ഔദ്യോഗികമായി പുറത്തിറക്കി.

ചെറുവിമാനങ്ങളും, വലിയ വിമാനങ്ങളുടെ ഭാഗങ്ങളും, വളരെ വലുപ്പമുള്ള മറ്റു വസ്തുക്കളും ദൂരസ്ഥലങ്ങളിലേക്കു കൊണ്ടുപോകുന്നതിനായാണ് എയര്‍ബസ് ബെലൂഗയെ പുറത്തിറക്കിയത്. ഇത്തരത്തിൽ ആകെ അഞ്ചു ബെലൂഗകൾ അന്ന് എയർബസ് പുറത്തിറക്കിയിരുന്നു. 56.15 മീറ്റർ നീളവും, വിംഗ്‌സ്‌പാൻ അടക്കം 44.84 മീറ്റർ വീതിയും, 17.24 മീറ്റർ നീളവുമാണ് ബെലൂഗയ്ക്ക് അന്ന് ഏകദേശം 28.5 കോടി ഡോളറായിരുന്നു വില.

വിവിധ രാജ്യങ്ങളിൽ ഉൽപാദിപ്പിക്കുന്ന വിമാനഭാഗങ്ങൾ ഒരിടത്ത് എത്തിച്ച് കൂട്ടിയോജിപ്പിച്ചായിരുന്നു അന്ന് എയർബസ് വിമാനങ്ങൾ പുറത്തെത്തിയിരുന്നത്. ഇക്കാരണത്താൽ എയർബസിന്റെ തന്നെ ആവശ്യങ്ങൾക്കായാണ് ആദ്യകാലത്ത് ബെലൂഗ വിമാനങ്ങൾ ഉപയോഗിച്ചിരുന്നത്. മുൻപ് ചരക്കു നീക്കങ്ങൾക്കായി സൂപ്പർ ഗപ്പി എന്ന മോഡലായിരുന്നു എയർബസ് കമ്പനി ഉപയോഗിച്ചിരുന്നത്. 1997 ൽ സൂപ്പർഗപ്പി സർവ്വീസിൽ നിന്നും പിൻവലിച്ചതോടെ പിന്നീട് ബെലൂഗയായിരുന്നു ആ സ്ഥാനത്ത് തുടർന്നത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വലിയ സാമഗ്രികളുടെ ചരക്കുനീക്കങ്ങൾ ബെലൂഗ വിജയകരമായി നടത്തിക്കൊണ്ടിരുന്നു. അതുപോലെതന്നെ 2004 ൽ ഇന്ത്യൻ മഹാസമുദ്രത്തിലുണ്ടായ സുനാമി ദുരന്തത്തിൽപ്പെട്ടവർക്കുള്ള ദുരിതാശ്വാസ സാമഗ്രികൾ എത്തിക്കുവാൻ ബെലൂഗയും ഉണ്ടായിരുന്നു. കൂടാതെ 2005 ല്‍ കത്രീന ചുഴലിക്കാറ്റിനെ തുടര്‍ന്ന് അമേരിക്കയിൽ എയര്‍ബസ് ബലൂഗ രക്ഷാപ്രവര്‍ത്തനത്തിനും എത്തിയിരുന്നു.

2014 ൽ ബലൂഗയിൽ ചെറിയ മാറ്റങ്ങൾ വരുത്തിക്കൊണ്ട് എക്സ്എൽ എന്ന പുതിയ മോഡൽ എയർക്രാഫ്റ്റ് നിർമ്മിക്കുവാൻ തയ്യാറെടുക്കുന്നതായി എയർബസ് പ്രഖ്യാപിച്ചു. 2015 ൽ ഇതിന്റെ ഡിസൈൻ തയ്യാറായി. പഴയ ബെലൂഗയുടെ ആകൃതി തന്നെയാണെങ്കിലും കോക്പിറ്റിന്റെ ഭാഗത്ത് ചിരിക്കുന്ന മുഖവും തുറന്നിരിക്കുന്ന കണ്ണുകളും നൽകി ബലൂഗ എക്എസ്എലിനെ കൂടുതൽ സുന്ദരിയാക്കുകയാണ് എയർബസ് ചെയ്തത്. എയർബസ് ബലൂഗ എക്സ്എലിന്റെ ആറു വ്യത്യസ്ത ഡിസൈനുകൾ എയർബസ് ജീവനക്കാർക്കു തന്നെ നൽകി അവരിൽ നിന്നുള്ള നിർദേശപ്രകാരമാണു പുതിയ ചിരിക്കുന്ന മുഖം സ്വീകരിച്ചത്.

എ 330–200 വിമാനത്തിന്റെ പ്ലാറ്റ്ഫോമിലാണ് ബലൂഗ എക്സ്എലിന്റെ നിർമാണം. ബലൂഗ എസ്ടിയേക്കാൾ ആറു മീറ്റർ നീളവും ഒരു മീറ്റർ വീതിയും കൂടുതലുള്ള ബെലൂഗ XL നു
പഴയ ബലൂഗയെക്കാൾ 30 ശതമാനം അധികം ഭാരം വഹിക്കാനാകും. ഉദാഹരണം നോക്കുകയാണെങ്കിൽ, എയർബസിന്റെ വലിയ വിമാന മോഡലുകളിൽ ഒന്നായ എ350 യുടെ ഒരു ചിറകു വഹിച്ചുപറക്കാൻ ബലൂഗ എസ്ടിയ്ക്ക് കഴിഞ്ഞിരുന്നെങ്കിൽ, ബലൂഗ എക്സ്എല്ലിനു അത്തരത്തിലുള്ള രണ്ടു ചിറകുകൾ വഹിച്ച് പറക്കാൻ കഴിയും.

2018 ൽ പരീക്ഷണപ്പറക്കലുകൾ ആരംഭിച്ച ബെലൂഗ XL 2020 ജനുവരിയിലാണ് ഔദ്യോഗികമായി ഓപ്പറേഷനുകൾ ആരംഭിച്ചത്. മൊത്തം ആറു ബെലൂഗ XL വിമാനങ്ങളാണ് എയർബസ് പുറത്തിറക്കിയിരിക്കുന്നത്. പഴയ ബെലൂഗ വിമാനങ്ങളുടെ കാലാവധി 2021 ൽ അവസാനിക്കുന്നതോടെ അവ സർവീസുകളിൽ നിന്നും പിൻവലിക്കുകയും തൽസ്ഥാനത്ത് പുതിയ ബെലൂഗ XL മോഡലുകൾ സർവ്വീസ് തുടരുകയും ചെയ്യും.