ഇന്ത്യന്‍ വ്യോമയാനവും വിമാനങ്ങളും – ഒരു നിരീക്ഷണം

വിവരണം – Aravind R Vaishnavam.

പണ്ടത്തെക്കാലത്തെ അപേക്ഷിച്ച് യാത്രകള്‍ ചെയ്യാന്‍ ഇന്ന്‍ അധികമാര്‍ക്കും ബുദ്ധിമുട്ടില്ല. വ്യാപാരം, വിദ്യാഭ്യാസം, തുടങ്ങി പല ആവശ്യങ്ങള്‍ക്കായി മനുഷ്യന്‍ നാടുനീളെ സഞ്ചരിക്കുന്നു. നൂറ്റാണ്ടുകള്‍ക്കു മുന്‍പ്തന്നെ കടലിനക്കരെയുള്ള നാടുകളില്‍ പോവാനായി മനുഷ്യന്‍ വെമ്പല്‍ കൊണ്ടിരുന്നു. മാനത്ത് പാറി നടക്കുന്ന പറവകളെ കാണുമ്പോള്‍ അതുപോലെ പറന്നു നടക്കാനുള്ള മനുഷ്യന്റെ ആഗ്രഹങ്ങള്ക്കും ഒട്ടേറെ നൂറ്റാണ്ടിന്റെ പഴക്കമുണ്ട്. അതിനായി നടത്തിയ ഓരോ പരീക്ഷണങ്ങളും മറ്റും ഒട്ടേറെപ്പേരുടെ ജീവനെടുത്തെങ്കിലും, ദേശാടനപക്ഷികളെ പോലെ അന്യനാടുകളിലേക്ക് പറക്കാനുള്ള സ്വപ്നങ്ങള്‍ മനുഷ്യന്‍ വിട്ടുകളഞ്ഞില്ല.

അങ്ങനെ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍, കൃത്യമായി പറഞ്ഞാല്‍ 1903-ല്‍, റൈറ്റ് സഹോദരന്മാര്‍ ലോകത്തിലെ ആദ്യത്തെ പറക്കുന്ന യന്ത്രം കണ്ടുപിടിച്ചു. സൈക്കിള്‍ വര്‍ക്ക്ഷോപ്പില്‍ ജനിച്ച ആദ്യത്തെ ആ “വിമാന”ത്തിന് പക്ഷേ ഇന്നത്തെ വിമാനങ്ങളുടെ രൂപവുമായി വലിയ ബന്ധമൊന്നും തോന്നില്ല. ഇന്ന് വ്യോമയാന മേഖലയില്‍ വിജയക്കൊടി പാറിച്ചുകൊണ്ടിരിക്കുന്ന പ്രശസ്ത അമേരിക്കന്‍ കമ്പനിയായ ബോയിങും, യൂറോപ്പ്യന്‍ കമ്പനിയായ എയര്‍ബസ്സും കൂടാതെ ഒരുപാട് വിമാന കമ്പനികളും ചുരുങ്ങിയ കാലങ്ങളില്‍ പിറവിയെടുത്തു.

ഗള്‍ഫ് എന്ന മോഹഭൂമിയിലേക്ക് സാധാരണക്കാരായ മലയാളികളുള്‍പ്പടെയുള്ളവര്‍ പറക്കാന്‍ തുടങ്ങിയതോടെ ഇന്ത്യയില്‍ ഒട്ടേറെ വിമാന കമ്പനികള്‍ കൂണുപോലെ മുളച്ചുവന്നു. ചരിത്രപരമായി പറയുമ്പോള്‍ ഇന്ത്യയിലെ ആദ്യ വിമാനം,ടാറ്റ എയര്‍സര്‍വീസിന്റെതായിരുന്നു. 1932-ല്‍ ജെ.ആര്‍.ഡി. ടാറ്റയെന്ന വ്യവസായി ആരംഭിച്ച ഈ എയര്‍ലൈനാണ് പിന്നീട് എയര്‍ ഇന്ത്യ എന്ന കമ്പനിയായി മാറിയത്. ഇരുപതാം നൂറ്റാണ്ടിന്റ്റെ പല കാലത്തായി ഒട്ടേറെ എയര്‍ലൈന്‍ കമ്പനികള്‍ വന്നെങ്കിലും, പലതും പെട്ടെന്നുതന്നെ ചിറകറ്റു വീണു.

ഒരു പത്തു-ഇരുപത് വര്‍ഷങ്ങള്‍ക്കു മുന്‍പ് വിമാനയാത്രയെന്നത് പലയാളുകള്‍ക്കും ആഡംബരമായിരുന്നു. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ രണ്ടു ദശകം കടന്നുപോവുമ്പോള്‍, ഇന്ന്‍ ഒട്ടേറെ എയര്‍ലൈന്‍ കമ്പനികള്‍ ഇന്ത്യന്‍ വ്യോമമേഖലയില്‍ ശക്തമായ മല്‍സരം കാഴ്ച്ചവെയ്ക്കുന്നു. എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്സ്പ്രസ്സ്, ഇന്‍ഡിഗോ, സ്പൈസ് ജെറ്റ്, വിസ്താര, ഗോ എയര്‍, എയര്‍ ഏഷ്യ-ഇന്ത്യ തുടങ്ങിയ കമ്പനികള്‍ അന്താരാഷ്ട്ര-ആഭ്യന്തര റൂട്ടുകളിലെ ഇന്ത്യന്‍ സാന്നിധ്യമാണ്.

ബജറ്റ് എയര്‍ലൈനുകള്‍ വന്നതോടെ വിമാനയാത്രയെന്നത് സാധാരണക്കാര്‍ക്കും എളുപ്പം നടത്താമെന്നായി. നമ്മുടെ രാജ്യത്തിന്റെ പല സ്ഥലങ്ങളിലേക്കും വിമാനസര്‍വീസുകള്‍ വന്നതോടെ ഒരു ദിവസം കൊണ്ടുതന്നെ അവിടെയെത്താമെന്നുമായി. വിമാനയാത്രയെന്നത് ഇന്ത്യയിലിന്ന് സര്‍വ്വസാധാരണമായ കാര്യമായെങ്കിലും, വ്യോമയാനമേഘലയില്‍ വലിയ പരിചയസമ്പത്തൊന്നുമില്ലാത്തൊരു സാധാരണക്കാരനറിയാത്ത കുറേ കാര്യങ്ങളുണ്ട്. അങ്ങനെയുള്ള ചില കാര്യങ്ങളിവിടെ പരിചയപ്പെടുത്തിത്തരാം.

നമ്മുടെ നാട്ടിലെ കാറും, ബസ്സുമെല്ലാം റോഡില്‍ ഇറക്കുന്നതിന് മുന്‍പ് റജിസ്ട്രേഷന്‍ ചെയ്യുമല്ലോ. ഉദാഹരണത്തിന്, കേരളത്തില്‍ റജിസ്റ്റര്‍ ചെയ്യുന്ന വണ്ടികളാണെങ്കില്‍ KL- എന്ന്‍ തുടങ്ങുന്ന നമ്പറാണിടുന്നത്. അതുപോലെ ഇന്ത്യയില്‍ റജിസ്റ്റര്‍ ചെയ്യുന്ന വിമാനങ്ങളാണെങ്കില്‍ VT- എന്ന സീരീസില്‍ ആയിരിക്കും റജിസ്ട്രേഷന്‍. Viceroy Territory എന്നാണതിന്റെ പൂര്‍ണ രൂപം.

ഇതില്‍ ബ്രിട്ടീഷിന്റെ കൊളോണിയല്‍ ഭരണത്തിന്റെ തഴമ്പുകള്‍ മായാതെ കിടക്കുന്നതിനാല്‍ ഈ കോഡ് മാറ്റണമെന്ന് ആഗ്രഹിക്കുന്ന ഒരുപാടുപേരുണ്ട്. ഇന്ത്യ അടിസ്ഥാനമായി, വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന എയര്‍ലൈന്‍ കമ്പനികളുടെ വിമാനങ്ങള്‍ കൂടാതെ പ്രൈവറ്റ് ജെറ്റുകളും, ഹെലികോപ്ടറുകളും VT- സീരീസില്‍ തന്നെയാണിപ്പോള്‍ റജിസ്റ്റര്‍ ചെയ്യുന്നത്. വ്യോമസേനയുടെയും, നാവികസേനയുടെയും, കരസേനയുടെയും വിമാനങ്ങളും, ഹെലികോപ്ടറുകളും റജിസ്റ്റര്‍ ചെയ്യുന്നത് വേറെ രീതിയിലാണ്.

റജിസ്ട്രേഷനില്‍ VT- എന്ന ഭാഗം കഴിഞ്ഞാല്‍ പിന്നെയുള്ളത് മൂന്നക്ഷരമുള്ള ഇംഗ്ലിഷ് കോഡാണ്. ഈ കോഡിലെ ആദ്യത്തെ അക്ഷരത്തില്‍നിന്ന്‍ പലപ്പോഴും നമുക്കു ഏത് കമ്പനിയുടെ വിമാനമാണെന്ന് മനസ്സിലാക്കാന്‍ പറ്റും. ഉദാഹരണത്തിന് VT-IFN എന്നത് ഇന്‍ഡിഗോ ഫ്ലീറ്റിലുള്ള വിമാനമാണ്. ഇന്‍ഡിഗോ കമ്പനിയുടെ വിമാനങ്ങളില്‍ മൂന്നക്ഷരങ്ങളില്‍ ആദ്യത്തേത് എപ്പോഴും “I” ആയിരിക്കും. അതുപോലെ “S” എന്ന്‍ വെച്ചു തുടങ്ങുന്നത് മിക്കവാറും സ്പൈസ്ജെറ്റ് കമ്പനിയുടെ വിമാനവുമാണ്, ഉദാഹരണത്തിന് VT-SZN.

രണ്ടാമത്തെ അക്ഷരം ഒരു സീരീസും, മൂന്നാമത്തെ ഇംഗ്ലിഷ് അക്ഷരം ആ സീരീസിലെ എത്രാമത്തെ വിമാനമാണെന്നും സൂചിപ്പിക്കുന്നു. ഉദാഹരണമായി VT-ITA, VT-ITB, VT-ITC തുടങ്ങിയ വിമാനങ്ങള്‍ ഇന്‍ഡിഗോയുടെ A320 NEO മോഡലുകളിലുള്ള വിമാനങ്ങളാണ്. ആ സീരീസിലെ VT-ITZ എന്ന അവസാനത്തെ വിമാനം കഴിഞ്ഞു വന്ന NEO വിമാനങ്ങള്‍ VT-IV_ എന്ന സീരീസില്‍ ഇറങ്ങി (VT-IVA, VT-IVB, VT-IVC….VT-IVZ).

എല്ലാ കമ്പനികളും ഈ രീതിയിലല്ല വിമാനം റജിസ്റ്റര്‍ ചെയ്യുന്നത്. എയര്‍ ഏഷ്യ-ഇന്ത്യയിലെ വിമാനങ്ങളുടെ റജിസ്ട്രേഷന്‍ കുറച്ച് രസകരമാണ്. ഭൂരിഭാഗം വിമാനങ്ങളുടെ റജിസ്ട്രേഷനിലേ അവസാന മൂന്നക്ക കോഡ്, ചില വിമാനത്താവളത്തിന്റെ IATA കോഡ് വെച്ചുള്ളതാണ്; VT-BOM (BOM – മുംബൈ വിമാനത്താവളം), VT-HYD (HYD – ഹൈദരാബാദ് വിമാനത്താവളം), VT-SIN (SIN – സിംഗപ്പൂര്‍ വിമാനത്താവളം).

ഇനി ഓരോ വിമാനകമ്പനി ഉപയോഗിയ്ക്കുന്ന വിമാനങ്ങളെക്കുറിച്ച് (ഫ്ലീറ്റ്) പറയാം. നമ്മുടെ കെ.എസ്.ആര്‍.ടി.സി ബസ്സുകളുടെ കാര്യം പറയുകയാണെങ്കില്‍ ടാറ്റ, അശോക് ലെയ്ലാന്‍ഡ്, ഐഷര്‍ എന്നീ കമ്പനികളുടെ വണ്ടികളാണല്ലോ ഉപയോഗിക്കുന്നത്. അതുപോലെ നോക്കിയാല്‍ ഇന്ത്യയില്‍ പ്രധാനമായും ബോയിങ്, എയര്‍ബസ്സ് എന്നീ കമ്പനികളുടെ വിമാനങ്ങളാണ് ഉപയോഗത്തിലുള്ളത്. എയര്‍ലൈന്‍ കമ്പനികള്‍ക്കനുസരിച്ച് ഒരു വിമാനത്തിന്റ്റെ മോഡല്‍, അതില്‍ കയറാവുന്ന പരമാവധി ആളുകളുടെ എണ്ണം, സീറ്റിങ്, ഒറ്റയടിക്ക് എത്ര ദൂരം പറക്കാം, എണ്ണത്തിലെല്ലാം ചെറിയ മാറ്റങ്ങളുണ്ടാവും.

ഏകദേശം 120-220 ആളുകള്‍ക്ക് യാത്ര ചെയ്യാവുന്ന എയര്‍ബസ്സ് A319, A320, A321 (മൊത്തത്തില്‍ A320 ഫാമിലി എന്നു വിളിക്കും) എന്നീ മോഡല്‍ വിമാനങ്ങളാണ് നാരോ – ബോഡി വിഭാഗത്തില്‍ എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, ഗോ എയര്‍, എയര്‍ ഏഷ്യ-ഇന്ത്യ, വിസ്താര എന്നീ കമ്പനികള്‍ ഉപയോഗിക്കുന്നത്. ഈ മോഡലിന്റെ ഏറ്റവും മുന്നിലെ ഭാഗം ഉരുണ്ടിരിക്കുന്നതിനാല്‍, കാഴ്ചയില്‍ നിന്നുതന്നെ ഇവയെ മനസ്സിലാക്കാന്‍ പറ്റും. പൊതുവേ 1-6 മണിക്കൂര്‍ വരെയുള്ള യാത്രകള്‍ക്ക് ഉപയോഗിക്കുന്ന ഈ വിമാനത്തിന്റ്റെയുള്ളില്‍ എക്കണോമി വിഭാഗത്തില്‍ 3-3 എന്ന സീറ്റിങ്ങും, ഒരു ഇടനാഴിയുമാണ് (Aisle) ഉള്ളത്.

A320, A321 എന്നീ മോഡലുകള്‍ 2 എന്‍ജിന്‍ ഓപ്ഷനില്‍ വരുന്നുണ്ട്: C.E.O. (Current Engine Option) എന്ന പഴയ മോഡലും, N.E.O (New Engine Option) (നിയോ) എന്ന പുതിയ മോഡലും. വിമാനത്തിന്റെ പുറത്തു നിന്നു നോക്കിയാല്‍ തന്നെ ഇവ തമ്മിലുള്ള വ്യത്യാസമറിയാന്‍ പറ്റും. പഴയ CEO മോഡലുകളുടെ ചിറകുകളുടെ അറ്റത്ത് മല്‍സ്യത്തിന്റെ വാല്‍ പോലെയുള്ള ഒരു ഭാഗം കാണാം. എന്നാല്‍ അവസാനമിറങ്ങിയ CEO മോഡലുകളുടെയും, എല്ലാ NEO മോഡലുകളുടെയും ചിറകിന്റെ അറ്റം, മുകളിലേക്കു വളഞ്ഞു നില്‍കുന്ന “Sharklet”അല്ലെങ്കില്‍ “Winglet” എന്ന ഭാഗമാണ്.

വിമാനത്തിന്റെ ഇന്ധനക്ഷമത വര്‍ദ്ധിപ്പിക്കാന്‍ സഹായികുന്നത്തില്‍ നല്ല പങ്ക് വെക്കുന്ന ഈ ഭാഗം, പക്ഷേ എല്ലാ വിമാനങ്ങളിലും കാണാന്‍ സാധിക്കില്ല. പിന്നെ, പുറമെ നിന്ന് കാണുമ്പോള്‍ വിമാനത്തിന്റെ എന്‍ജിന്റ്റെ വലിപ്പത്തില്‍നിന്നും, CEO ആണോ, NEO ആണോ എന്നും മനസ്സിലാക്കാം. നീളം കുറഞ്ഞ്, വലിയ വാവട്ടമുള്ള എന്‍ജിന്‍ NEO മോഡല്‍ വിമാനത്തിലുള്ളപ്പോള്‍, നീളം കൂടിയതും, ചെറിയതുമായ എന്‍ജിനാണ് CEO മോഡലിലുള്ളത്. നമ്മുടെ ഇന്‍ഡിഗോ എയര്‍ലൈന്‍സാണ് A320, A321 NEO മോഡലുകളുടെ ഏറ്റവും വലിയ ഓപ്പറേറ്റര്‍. യാത്രക്കാരിരിക്കുന്ന വിമാനത്തിന്റെ ഫ്യൂസിലാഷ് (Fuselage),അഥവാ പ്രധാന ബോഡിയുടെ നീളംനോക്കിയാല്‍ A319, A320, A321 എന്നീ മോഡലുകളെ തിരിച്ചറിയാന്‍പറ്റും.

ഇനി ബോയിംഗ് വിമാനത്തിന്റെ കാര്യമാണെങ്കില്‍, B737 ഫാമിലിയിലുള്ള B737-700/800/900 എന്നിങ്ങനെ മൂന്ന്‍ നാരോ ബോഡി മോഡലുകലും, B777 ഫാമിലിയിലുള്ള B777-200(LR), B777-300(ER), പിന്നെ B787-8 ഡ്രീംലൈനറും, ജംബോ വിമാനമായ B747-400 വൈഡ് ബോഡി മോഡലുകളും ഇന്ത്യന്‍ കമ്പനികള്‍ ഓപ്പറേറ്റ് ചെയ്യുന്നു.

ഒട്ടേറെ B737 വിമാനങ്ങള്‍ എയര്‍ ഇന്ത്യ എക്സ്പ്പ്രസ്, സ്പൈസ്ജെറ്റ്,വിസ്താര ഫ്ലീറ്റിലുണ്ട്. കോക്പിറ്റിന്റെ മുന്നിലെ ഭാഗം എയര്‍ബസ്സ് A320 വിമാനങ്ങളെക്കാള്‍ കൂര്‍ത്തിട്ടായതിനാലും,തറനിരപ്പില്‍നിന്നു വളരെ കുറച്ചുമാത്രം ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന എന്‍ജിനുകളും, അവയുടെ മുന്‍ഭാഗത്തിന്റ്റെ വട്ടമല്ലാത്ത ആകൃതിയില്‍നിന്നും 737 മോഡല്‍ വിമാനത്തിനെ പെട്ടെന്ന് തിരിച്ചറിയാന്‍ പറ്റും. മിക്കയെണ്ണത്തിലും ചിറകിന്റെയറ്റത്ത് Winglet ഉണ്ട്.

ഇതിന്റെ തന്നെ വലിയ എഞ്ചിനും, Split Winlglet ഉള്ള 737 MAX 8 എന്ന മോഡലുകള്‍ സ്പൈസ്ജെറ്റിനുണ്ട് (പൂട്ടിപ്പോവുന്നതിന് മുന്പ് ജെറ്റ് എയര്‍വേസ് കമ്പനിക്കും). A320 NEO മോഡലുമായി മല്‍സരിക്കാനിറങ്ങിയ ഈ മോഡല്‍ വിമാനങ്ങള്‍, പക്ഷേ ഇപ്പോള്‍ പറക്കാന്‍ അനുമതിയില്ലാതെ ഓരോ വിമാനത്താവളങ്ങളില്‍ കിടക്കുന്നു. ഇന്തോനേഷ്യയിലെ JT610, എത്യോപ്യയിലെ ET302 എന്നിങ്ങനെ 2 വിമാനാപകടങ്ങള്‍ക്കു ശേഷം, 737 MAX മോഡലിന് ലോകമെമ്പാടും തല്‍ക്കാലിക നിരോധനമുണ്ട്.

അമേരിക്ക, യൂറോപ്പ് എന്നീ സ്ഥലങ്ങളിലേക്ക് എയര്‍ ഇന്ത്യ സര്‍വീസ് നടത്തുന്നത് പ്രധാനമായും B777, B787 ഡ്രീംലൈനര്‍ വിമാനങ്ങള്‍ ഉപയോഗിച്ചാണ്. വളരെയധികം നീളവും, വീതിയുമുള്ള ചിറകുകള്‍ ഉള്ളതിനാല്‍, ഈ 2 മോഡലുകള്ക്കും Winglet ഇല്ലാതെ തന്നെ ഉയര്ന്ന റേഞ്ച്, ഇന്ധന ക്ഷമത ലഭിക്കുന്നു. അതുകൊണ്ടു തന്നെ ഒറ്റയടിക്ക് 8 മുതല്‍ 16 മണിക്കൂര്‍ വരെ നിര്‍ത്താതെ പറക്കാന്‍ ഇവയ്ക്കാവും. ഇരട്ട ഇടനാഴിയുള്ള ഈ വിമാനങ്ങള്‍, ഉയര്ന്ന യാത്രാ സുഖം വാഗ്ദാനം ചെയ്യുന്നു. B777 (ട്രിപ്പിള്‍ സെവന്‍ എന്നു വിളിക്കും) മോഡലില്‍ LR (Long Range), ER (Extended Range) എന്നിങ്ങനെ ഇന്ധനക്ഷമത കൂടിയ വേരിയന്‍റുകള്‍ ആണ് എയര്‍ഇന്ത്യ ഉപയോഗിക്കുന്നത്.

ആകാശത്തെ റാണിയെന്നറിയപ്പെടുന്ന B747-400, വിമാനങ്ങളെ ഇഷ്ടപ്പെടുന്നവര്‍ക്ക് സ്വപ്നറാണിതന്നെയാണ്. 4 എന്‍ജിനും,പകുതിയോളം ഇരട്ട ഡെക്ക് (രണ്ടു നിലകള്‍) ഉള്ള ഈ ജംബോ വിമാനം ഒറ്റ നോട്ടത്തില്‍ തന്നെ തിരിച്ചറിയാന്‍ പറ്റും. മുഴുവനായി ഇരട്ട ഡെക്കുള്ള എയര്‍ബസ്സ് A380, സാധാരണപോലെ ഒറ്റ ഡെക്കുള്ള എയര്‍ബസ്സ് A340 തുടങ്ങിയ വിമാനങ്ങള്ക്കും 4 എന്‍ജിന്‍ ഉണ്ടെങ്കിലും നില്‍വില്‍ ഇന്ത്യയിലെ ഒരു എയര്‍ലൈന്‍ കമ്പനിയും ഇവ ഓപ്പറേറ്റ് ചെയ്യുന്നില്ല. ഇന്ത്യയിലേക്ക് എമിറേറ്റ്സ്, ലുഫ്താന്സാ പോലെയുള്ള വിദേശ എയര്‍ലൈന്‍ ഓപ്പറേറ്റ് ചെയ്യുന്ന ചില സര്‍വീസില്‍ മാത്രം ഇവയെ കാണാന്‍ പറ്റും. പണ്ട് അമേരിക്കയിലേക്ക് പറന്നിരുന്ന B747 വിമാനങ്ങള്‍ ഇപ്പോള്‍ കൂടുതലായും ജിദ്ദയിലേക്കും മറ്റുമാണു പറക്കുന്നത്. വര്‍ഷങ്ങള്‍ കഴിയുംതോറും, 4 എന്‍ജിനുള്ള യാത്രാ വിമാനങ്ങള്‍ കളമൊഴിയുന്ന കാഴ്ചയാണ് കണ്ടുവരുന്നത്.

ഇതുവരെ പറഞ്ഞതെല്ലാം ടര്‍ബോഫാന്‍ എന്‍ജിനുള്ള വിമാനങ്ങളുടെ കാര്യമാണ്. 1-1.5 മണിക്കൂര്‍ (പ്രധാനമായും ആഭ്യന്തര റൂട്ടുകളിലെ) യാത്രകള്‍ക്ക് ഇന്ത്യന്‍ കമ്പനികള്‍ ഉപയോഗിക്കുന്നത് എ.ടി.ആര്‍ (ATR 72), ഡീ ഹവില്ലാട് കാനഡ-ഡാഷ് 8-ക്യൂ400 (പഴയ പേര് ബൊംബാര്‍ഡിയര്‍ ഡാഷ് 8), പോലെയുള്ള ചെറിയ ടര്‍ബോപ്രോപ്പ് വിമാനങ്ങളാണ്. ഫാന്‍ (പ്രോപ്പല്ലര്‍) പോലെയുള്ള എന്‍ജിന്‍ കാണുമ്പോള്‍ തന്നെ ഈ വിമാനങ്ങള്‍ മനസ്സിലാവുമല്ലോ. 74 മുതല്‍ 90 വരെ യാത്രക്കാരെ കൊണ്ടുപോവാന്‍ പറ്റുന്ന ഇവയില്‍ യാത്ര ചെയ്യുമ്പോള്‍ വലിയൊരു ബസ്സില്‍ പോവുന്ന പോലെയാണ് തോന്നുക. ഇന്‍ഡിഗോ, അലയന്‍സ് എയര്‍, ട്രൂജെറ്റ്,സ്പൈസ്ജെറ്റ് കമ്പനികള്‍ ഹ്രസ്വദൂര റൂട്ടുകളില്‍ ഈ വിമാനങ്ങള്‍ ഉപയോഗിക്കുന്നു.

വിമാനങ്ങളെക്കുറിച്ച് പറയാന്‍ തുടങ്ങിയാല്‍ ഒരുപാട് പറയാനുണ്ടാവും. ഒരു സാധാരണക്കാരന്‍ വിമാനത്തില്‍ പോവുമ്പോള്‍, കാണുന്ന ചില കാര്യങ്ങളില്‍ കൌതുകവും സംശയവും ഉണ്ടാകുമല്ലോ. അതില്‍ എനിക്കു തോന്നിയിട്ടുള്ള ചിലതൊക്കെ നിരീക്ഷണത്തിലൂടെയും, ഇന്‍റര്‍നെറ്റില്‍ വായിച്ചും മനസിലാക്കിയ കാര്യങ്ങളാണ് ഇവിടെ ഞാന്‍ വിശദീകരിച്ചത്. ഇനിയിപ്പോള്‍ ഒരു വിമാനയാത്രയ്ക്ക് പോവുമ്പോള്‍ ഇതുപോലെയുള്ള കാര്യങ്ങള്‍ നിങ്ങള്‍ നോക്കുമല്ലോ, അല്ലേ?