യാത്രക്കാരുടെ ലഗേജുകൾക്ക് സംരക്ഷകനായി ഒരു എയർപോർട്ട് ജീവനക്കാരൻ – വീഡിയോ വൈറൽ..

വാർത്തകളിലും മറ്റും നമ്മൾ ധാരാളം കേട്ടിട്ടുള്ള ഒന്നാണ് എയർപോർട്ടുകളിലെ ജീവനക്കാർ യാത്രക്കാരുടെ ലഗേജുകൾ കൈകാര്യം ചെയ്യുന്ന രീതിയെക്കുറിച്ച്. ചിലസമയങ്ങളിൽ യാത്രക്കാർക്ക് നശിപ്പിച്ച രീതിയിലായിരിക്കും ലഗേജുകൾ ലഭിക്കുക. ജീവനക്കാരുടെ മോശം കൈകാര്യമാണ് ഇതിനു കാരണം. ഒരു വ്യക്തിയുടെ വിലപിടിപ്പുള്ളവയാണ് ഇതെന്ന് ഓർക്കാതെ വലിച്ചെറിയുകയാണ് പല എയർപോർട്ട് ജീവനക്കാരും. സംഭവം പരാതിപ്പെട്ടാലോ? പ്രത്യേകിച്ച് കാര്യമൊന്നും ഉണ്ടാകാറുമില്ല. ഈ പറഞ്ഞ ജീവനക്കാർ വീണ്ടും തങ്ങളുടെ പണി പഴയപടി തുടരുകയും ചെയ്യും.

ചിലർക്കാകട്ടെ യാത്രക്കാരുടെ ലഗേജുകൾ കുത്തിത്തുറന്ന് വിലപിടിപ്പുള്ളത് മോഷ്ടിക്കുവാനാണ് താല്പര്യം. നമ്മുടെ കരിപ്പൂരും നെടുമ്പാശ്ശേരിയിലും ഒക്കെ ഇത് സ്ഥിരമായി അരങ്ങേറുന്ന ഒരു കലാപരിപാടിയാണ്. പലതവണ കള്ളന്മാരെ കയ്യോടെ പൊക്കിയിട്ടുമുണ്ട്. ചില ആഫ്രിക്കൻ രാജ്യങ്ങളിലെ എയർപോർട്ടുകളിൽ ഇത്തരത്തിലുള്ള ലഗേജുകൾ തിരിച്ചു കിട്ടിയാൽ തന്നെ ഭാഗ്യം എന്ന രീതിയാണുള്ളത്.

അപ്പോൾ പറഞ്ഞു വരുന്നത് പൊതുവെ കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും കഴിഞ്ഞ ദിവസം ഒരു എയർപോർട്ട് ജീവനക്കാരന്റെ പ്രവർത്തി ലോകത്തെ തന്നെ ഞെട്ടിച്ചുകളഞ്ഞു. സൗത്ത് ആഫ്രിക്കയിലെ ലാൻസെറിയ ഇന്റർനാഷണൽ എയർപോർട്ടിലായിരുന്നു ഈ സംഭവം. ചലിക്കുന്ന ബെൽറ്റ് വഴി വരുന്ന ലഗേജുകൾ സുരക്ഷിതമായി യാത്രക്കാർക്ക് എളുപ്പത്തിൽ എടുക്കാവുന്ന രീതിയിൽ ആക്കി മാറ്റുന്ന ജീവനക്കാരനെ വളരെ അമ്പരപ്പോടെയായിരുന്നു യാത്രക്കാരിയായ ജാനിൻ ബ്രാൻഡ് വീക്ഷിച്ചത്. ഈ ദൃശ്യങ്ങൾ അവർ മൊബൈൽഫോണിൽ വീഡിയോയായി പകർത്തുകയും ചെയ്തു.

എഫ്രയിം സിബെക്കോ എന്ന എയർപോർട്ട് ജീവനക്കാരനാണ് ഈ പ്രവർത്തി ചെയ്ത ലോകത്തിന്റെ കൈയടി ഏറ്റുവാങ്ങിയത്. “നിങ്ങൾ എവിടെയൊക്കെ സഞ്ചരിച്ചിട്ടുണ്ടെങ്കിലും ഇതുപോലെ ഒരനുഭവം വേറെ ഒരിടത്തും നിങ്ങൾക്ക് ഉണ്ടാകുവാൻ ഇടയില്ല” എന്നാണ് ഈ സംഭവത്തെക്കുറിച്ച് യാത്രക്കാരിയായ ജാനിൻ വിശേഷിപ്പിച്ചത്. സെപ്റ്റംബർ ആറാം തീയതിയായിരുന്നു ജാനിൻ ഈ വീഡിയോ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഏകദേശം 1.2 മില്യൺ ആളുകളാണ് ഇതുവരെ ഈ വീഡിയോ കണ്ടതും ഷെയർ ചെയ്തതും. ചെറിയ ബാഗുകൾ പോലും സിബെക്കോ യാത്രക്കാർക്ക് എളുപ്പത്തിൽ എടുക്കത്തക്കവിധം നേരെയാക്കി വെയ്ക്കുന്നു. യാതൊരുവിധത്തിലുള്ള പ്രതിഫലം പ്രതീക്ഷിച്ചിട്ടല്ല സിബെക്കോ ഈ നല്ല പ്രവർത്തി ചെയ്തത് എന്നും കൂടി നാം ഓർക്കണം.

വീഡിയോ കണ്ട എല്ലാവരും സിബെക്കോയെ അഭിനന്ദിച്ചു കൊണ്ടാണ് കമന്റുകൾ ഇടുന്നത്. സിബെക്കോയ്ക്ക് ജോലിയിൽ പ്രമോഷൻ കൊടുക്കണമെന്നും ആളുകൾ എയർപോർട്ട് അധികൃതരോട് ആവശ്യപ്പെടുന്നുണ്ട്. ഇത്രയേറെ പ്രശസ്തി ലഭിച്ചിട്ടും സിബെക്കോ തൻ്റെ ജോലി ഭംഗിയായി ഇപ്പോഴും തുടർന്നു കൊണ്ടിരിക്കുന്നു.

നമ്മുടെ നാട്ടിലെ എയർപോർട്ടുകളിൽ ജോലി ചെയ്യുന്ന എല്ലാവരും സിബെക്കോയെപ്പോലെ ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുകയാണ് ഇപ്പോൾ. ചോര നീരാക്കി കഷ്ടപ്പെട്ട് പണിയെടുത്ത് നാട്ടിലേക്ക് വരുന്ന പ്രവാസിയുടെ ലഗേജുകളിൽ വിലപിടിപ്പുള്ളത് പരതുന്ന എയർപോർട്ട് ജീവനക്കാരേ, നിങ്ങൾക്ക് മനുഷ്യത്വം എന്നൊന്ന് ഉണ്ടെങ്കിൽ ഇനിയെങ്കിലും അത്തരം വൃത്തികെട്ട പ്രവർത്തികളിൽ നിന്നും പിന്മാറണം. നിങ്ങൾ നിങ്ങളുടെ ജോലി മര്യാദയ്ക്ക് ചെയ്യൂ..സിബെക്കോയെ പോലുള്ളവരെ മാതൃകയാക്കൂ.