അലാസ്‌ക്ക (Alaska) : റഷ്യയുടെ ദുഖവും അമേരിക്കയുടെ സ്വപ്നവും ..!

എഴുത്ത് – പ്രകാശ് നായർ മേലില.

ഒരു നിമിഷത്തെ പിഴവ്.. അനേക വർഷങ്ങളായി അതോർത്തു മുഴുവൻ റഷ്യൻ ജനതയും ഭരണകൂടവും ഇന്നും ദുഃഖിക്കുകയാണ്‌. കാരണം ആ പിഴവിന് വലിയ വിലയാണവർ നൽകേണ്ടിവന്നത്. ഒരു കാലത്തു റഷ്യയുടെ സ്വന്തമായിരുന്ന ആ വലിയ ഭൂപ്രദേശം ‘അലാസ്‌ക്ക’ (Alaska ) ഇന്ന് അമേരിക്കയുടെ കയ്യിലാണ്. റഷ്യ, അമേരിക്കയ്ക്ക് അവിടം വെറുതെ നല്കിയതല്ല. മറിച്ചു 72 ലക്ഷം ഡോളറിനു അമേരിക്ക റഷ്യയോട് ആ പ്രദേശം വിലയ്ക്ക് വാങ്ങുകയായിരുന്നു. 1867 മാർച്ചു 30 നായിരുന്നു ആ കൈമാറ്റം നടന്നത്.

ഇന്ന് വൻ എണ്ണനിക്ഷേപവും സ്വർണ്ണ, വജ്ര ഖനികളും കൊണ്ട് സന്പന്നമായ അലാസ്കകയാണ് അമേരിക്കയുടെ ഖജനാവ് നിറക്കുന്നത് എന്ന് പറഞ്ഞാൽ തെറ്റില്ല. അത്ര സമ്പന്നമാണ് ആ പ്രദേശം. സത്യത്തിൽ അന്ന് നടന്നതിങ്ങനെയാണ്. അന്നത്തെ അമേരിക്കൻ പ്രസിഡണ്ട് ആൻഡ്ര്യു ജോൺസൻ റഷ്യൻ വിദേശകാര്യമന്ത്രിയാ യിരുന്ന അലക്‌സാണ്ടർ മിഖയിലോവിച് ഗോർഖക്കോവിനെ കയ്യിലെടുക്കുകയായിരുന്നു. കാരണം അലാസ്‌ക്കയ്ക്ക് മേൽ അമേരിക്കയ്ക്ക് എപ്പോഴും ഒരു കണ്ണുണ്ടായിരുന്നു.

അലക്‌സാണ്ടർ മിഖയിലോവിച് ഗോർഖക്കോവ് അന്നത്തെ റഷ്യൻ ചക്രവർത്തി അലക്‌സാണ്ടർ രണ്ടാമനെക്കൊണ്ട് അലാസ്‌ക്ക പ്രദേശം റഷ്യക്ക് വിൽക്കാൻ സമ്മതിപ്പിക്കുകയായിരുന്നു. അന്നത്തെ കാലത്ത് 72 ലക്ഷം ഡോളർ നല്ല വിലയായിരുന്നു. എന്നാൽ ജനങ്ങൾ പൂർണ്ണമായും ഈ തീരുമാനത്തിന് എതിരായിരുന്നുവെങ്കിലും അലക്‌സാണ്ടർ ചക്രവർത്തി 1867 മാർച്ചു 30 നു ഈ ഉടമ്പടിയിൽ ഒപ്പുവച്ചതോടെ അലാസ്‌ക്ക എന്ന വിശാലമായ ഭൂപ്രദേശം അമേരിക്കയുടെ ഭാഗമായിത്തീർന്നു.

ഇവിടം വിൽക്കാനുള്ള മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു. അതായത് റഷ്യക്ക് ഈ പ്രദേശം കൊണ്ട് ഒരു പ്രയോജനവുമില്ലായിരുന്നു. മലകളും പർവ്വതങ്ങളും കാടും നിറഞ്ഞ ഈ പ്രദേശത്തെ ജനസംഖ്യ ഏകദേശം 6000 ത്തിൽ താഴെ മാത്രം. ഇത്ര വലിയ ഏരിയയുടെ സുരക്ഷയും വലിയ ബാദ്ധ്യതയായിരുന്നു. അന്ന് എണ്ണയും സ്വർണ്ണമുൾപ്പടെയുള്ള മറ്റു നിക്ഷേപങ്ങളെപ്പറ്റിയും വലിയ ഗ്രാഹ്യവും ഇല്ലായിരുന്നു. സർവ്വോപരി അന്ന് റഷ്യയുടെ സാമ്പത്തികനില വല്ലാത്ത പരുങ്ങലിലും. എന്നാൽ റഷ്യൻ ജനതയ്ക്ക് ഇത് മറക്കാനും പൊറുക്കാനുമായില്ല. ഇന്നും അതുതന്നെയാണ് സ്ഥിതി.

അലാസ്‌ക്ക തങ്ങളുടെ രാജ്യത്തിന്റെ അവിഭാജ്യ ഘടകമാണെന്നാണ് റഷ്യൻ ജനത ഇന്നും കണക്കാക്കുന്നത്. ഉദാഹരണമായി 2014 ൽ റഷ്യ ക്രീമിയ പിടിച്ചെടുത്തതിനെത്തുടർന്നു ആഹ്ലാദത്തിലായ റഷ്യൻ ജനതയെ കൂടുതൽ ആവേശഭരിതരാക്കാൻ പ്രസിദ്ധനായ റഷ്യൻ ഗായകൻ ‘നിക്കോളായ് വ്യാചേസ്‌ലാവൊഴിച്ച്‌ ‘ ആലപിച്ച ഗാനം ഇന്നും ജനങ്ങളുടെ ചുണ്ടിൽ തത്തിക്കളിക്കുന്നുണ്ട്. ആ ഗാനത്തിന്റെ സാരാംശം ഇതായിരുന്നു ‘ഒരു നാൾ അലാസ്‌ക്ക അമേരിക്കയിൽ നിന്ന് നമ്മുടെ വ്ലാദിമിർ പുട്ടിൻ പിടിച്ചെടുക്കും.’

അലാസ്‌ക്ക അമേരിക്കക്ക് കൈമാറ്റം നടത്തപ്പെട്ട ശേഷം ജനങ്ങൾ രാജാവിനെതിരായി മാറി എന്നതാണ് വാസ്തവം.. മൂന്നു തവണ അദ്ദേഹത്തെ കൊല്ലാനുള്ള ശ്രമങ്ങൾ നടന്നു.ഒടുവിൽ 1881 മാർച്ചു 13 ന് സെന്റ് പീറ്റർസ്ബർഗ് ലെ വിന്റർ പാലസിൽ വച്ച് ‘ഇവാൻ എമൾന്യാണോവ് ‘ എന്ന വ്യക്തി ബാംബെറിഞ്ഞാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയത്. എന്നാൽ റഷ്യൻ ഭരണകൂടം ഇന്നും ഈ കൊലപാതകത്തിനുള്ള കാരണം അലാസ്‌ക്ക പ്രദേശത്തിന്റെ വില്പനയാണെന്നു സമ്മതിച്ചിട്ടില്ല. കാരണം ഭരണകൂടത്തിന് പറ്റിയ ഏറ്റവും വലിയ വീഴ്ചയും – വിഡ്ഢിത്തവും അവർ അംഗീകരിക്കാൻ തയ്യാറല്ല എന്നത് തന്ന.

പ്രകൃതിരമണീയമാണ് അലാസ്‌ക്ക. രണ്ടു സമുദ്രങ്ങളുടെ സംഗമവും. ഇവിടെ ഗ്ലേഷിയറിലെ മഞ്ഞുമലകളിൽ നിന്നൂറിവരുന്ന ശുദ്ധജലം കൊണ്ട് സമൃദ്ധമാണ് സമുദ്രത്തിന്റെ നല്ലൊരുഭാഗവും. ഭൂകമ്പബാധിത മേഖലയാണെങ്കിലും 1959 ൽ അലാസ്‌ക്ക അമേരിക്കയിലെ 49 മത്തെ സംസ്ഥാനമായി മാറപ്പെട്ടു. കിഴക്കു കാനഡയും വടക്ക് ആർട്ടിക് സമുദ്രവും പടിഞ്ഞാറും തെക്കും ശാന്തസമുദ്രവുമാണുള്ളത്. സ്ഥലവിസ്തൃതിയുടെ അടിസ്ഥാനത്തിൽ അമേരിക്കയിലെ 50 സംസ്ഥാനങ്ങളിൽ ഏറ്റവും വലുതാണ് അലാസ്‌ക്ക. 1,717,856 കി.മീ. വിസ്തൃതിയുള്ള അലാസ്‌ക്ക ഭൂപ്രദേശം ഇന്ന് അമേരിക്കയുടെ അക്ഷയഖനിയാണെന്നു പറഞ്ഞാൽ അതിശയയോക്തിയാകില്ല. അത്ര സന്പന്നമാണിവിടം.

പെട്രോളിയം – പ്രകൃതി വാതകങ്ങളുടെ വൻ നിക്ഷേപമുള്ള ഇവിടെ നിരവധി ഓയിൽ റിഫൈനറികൾ പ്രവർത്തിക്കുന്നുണ്ട്. അമേരിക്കക്ക് ആവശ്യമായ പെട്രോളിയം പദാർഥങ്ങളുടെ 20 % അലാസ്‌കയിൽ നിന്നാണ് ലഭിക്കുന്നത്. 1950 കളിൽ ഇവിടെ സ്വർണ്ണ, വജ്ര നിക്ഷേപണങ്ങളുടെ വൻ ശേഖരം കണ്ടെത്തുകയുണ്ടായി. ഇപ്പോൾ ഇവിടെ സ്വർണ്ണഖനനം വലിയതോതിൽ നടക്കുന്നുണ്ട്. കൂടാതെ മൽസ്യബന്ധനത്തിനും ടൂറിസത്തിനും ഏറെ പ്രസിദ്ധമാണിവിടം. ലക്ഷക്കണക്കിന് ടൂറിസ്റ്റുകളാണ് ഓരോ മാസവും ഇവിടെയെത്തുന്നത്. ഇപ്പോൾ ഇവിടുത്തെ ജനസംഖ്യ 6,83,478 ആണ്. അമേരിക്കൻ പ്രസിഡന്റായിരുന്നു ആൻഡ്രു ജോൺസന് അലാസ്‌ക്കയുടെ കാര്യത്തിലുണ്ടായിരുന്ന ദീര്ഘവീക്ഷണത്തെ അമെരിക്കൻ ജനത ഇന്നും നന്ദിയോടെയാണ് സ്മരിക്കുന്നത്.