ആലത്തിയൂർ ഹനുമാൻകാവിൽ പോയാൽ ലങ്കയിലേക്ക് ചാടാം

വിവരണം – വൈശാഖ് കീഴേപ്പാട്ട്.

മലപ്പുറം ജില്ലയിലെ തിരൂരിന് അടുത്ത് ആലത്തിയൂർ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന പ്രസിദ്ധ ക്ഷേത്രമാണ് ആലത്തിയൂർ ഹനുമാൻ ക്ഷേത്രം. വീട്ടിൽ നിന്നും 15 km ദൂരം മാത്രം ഒള്ളൂവെങ്കിലും വീണ്ടും ഒന്ന് പോകാൻ വർഷങ്ങളുടെ ഇടവേള വേണ്ടിവന്നു. അതും പെട്ടന്ന് ഉണ്ടായ ഒരു തിരുമാനത്തിന്മേൽ ആയിരുന്നു എന്നുള്ളതാണ് മറ്റൊരു വസ്തുത. കുട്ടിക്കാലത് പോയിരുന്ന സമയത്ത് അന്ന് ഏറ്റവും ആകർഷിച്ചത് ലങ്കയിലേക്കുള്ള ചാട്ടമായിരുന്നു. ആ ഓർമകളുടെ വിശേഷങ്ങൾ അമ്മുവിനോട് പങ്കുവെച്ചാണ് വീട്ടിൽ നിന്നും യാത്ര ആരംഭിച്ചത്.

ലക്ഷ്യത്തിലേക്കു എത്താൻ പല വഴികൾ ഉണ്ടെങ്കിലും ഏറ്റവും എളുപ്പമായ ചമ്രവട്ടം വഴിയാണ് ഞങ്ങൾ തിരഞ്ഞെടുത്തത്. കേരളത്തിലെ ഏറ്റവും വലിയ റെഗുലേറ്റർ ബ്രിഡ്ജ് ആയ ചമ്രവട്ടം പാലത്തിലൂടെ ആലത്തിയൂർ ലക്ഷ്യമാക്കി നീങ്ങി. അധികം സമയം കഴിയാതെ തന്നെ പ്രധാന റോഡിൽ നിന്നും ക്ഷേത്ര വഴിയിലേക്ക് കടന്നു. പേര് ഹനുമൻകാവ് എന്നാണെങ്കിലും പ്രധാന ദേവൻ ശ്രീരാമൻ ആണ്. കൂടാതെ, തുല്യപ്രാധാന്യത്തോടെ ലക്ഷ്മണനും ഉപദേവതകളായി ശിവൻ, പാർവ്വതി, ഗണപതി, അയ്യപ്പൻ, സുബ്രഹ്മണ്യൻ, ദുർഗ്ഗ, ഭദ്രകാളി, നാഗദൈവങ്ങൾ എന്നിവരും ക്ഷേത്രത്തിൽ കുടികൊള്ളുന്നുണ്ട്. ‘ആലത്തിയൂർ പെരുംതൃക്കോവിൽ’ എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നു.

3000 വർഷത്തെ പഴക്കം പറയുന്ന ഈ ക്ഷേത്രം വസിഷ്ഠമഹര്ഷിയാൽ സ്ഥാപിതമായതാണ് എന്നാണ് പറയപ്പെടുന്നത്. സീതാന്വേഷണത്തിനായി പോകുന്ന ഹനുമാന് സീതാദേവിയോട് ഉണർത്തിക്കുവാനുള്ള അടയാളവാക്യം ശ്രീരാമൻ പറഞ്ഞുകൊടുക്കുന്നതും അത് ശ്രദ്ധയോടെ കേൾക്കാൻ ചെവി അല്പം ഇടത്തോട്ട് ചെരിച്പിടിച്ച രീതിയിൽ ഇരിക്കുന്നതും ആണ് ഇവിടത്തെ പ്രതിഷ്ഠയുടെ രൂപം. അടയാളവാക്യം മറ്റാരും കേൾക്കാതിരിക്കാൻ വേണ്ടിയാകണം നാലമ്പലത്തിനകത് അനിയൻ ലക്ഷ്മണന് പോലും സ്ഥാനം ലഭിക്കാതിരുന്നത്.

ക്ഷേത്രത്തിലേക്ക് കടന്നപ്പോൾ തന്നെ ആദ്യം ശ്രദ്ധിച്ചത് ലങ്കയിലേക്കുള്ള ചാട്ടം തന്നെയാണ്. അതിന്റെ പിന്നിലെ ഐതിഹ്യം ഇപ്രകാരമാണ്. സീതാനേഷണത്തിനായി ഹനുമാൻ സ്വാമി ലങ്കയിലേക്ക് ചാടിയത് ഇവിടെ നിന്നാണ് എന്നാണ് സങ്കല്പം. കരിങ്കല്ല് പാകിയ സ്ഥലം കടലായി അതിനെ ചവിട്ടാതെ ചാടുന്നതാണ് ഇതിന്റെ രീതി. വിശ്വാസികൾ ഈ തിട്ടയിലൂടെ ഓടി കരിങ്കല്ലിനു മുകളിലൂടെ ചാടുന്നു. ഈ ക്ഷേത്രത്തിൽ ഇങ്ങനെ ചാടുന്നത് ഭാഗ്യം, ആരോഗ്യം, ദീർഘായുസ്സ്, ധനം എന്നിവ നൽകും എന്ന് വിശ്വസിക്കപ്പെടുന്നു. വിശ്വാസികളുടെ എല്ലാ ദുഃഖങ്ങളും ഭയങ്ങളും മാറ്റുക മാത്രമല്ല, അവരുടെ ആഗ്രഹ പൂർത്തീകരണവും ആലത്തിയൂരിലെ ഹനുമാൻ നടത്തും എന്ന് വിശ്വസിക്കപ്പെടുന്നു.

ഇവിടത്തെ മറ്റൊരു പ്രത്യേകത ഇവിടത്തെ പ്രധാന വഴിപാടാണ്. കാര്യസിദ്ധിക്കു വേണ്ടി നടത്തുന്ന കുഴച്ച അവിൽ വഴിപാട്. ഒരു നാഴിയാണ് ഏറ്റവും കുറഞ്ഞത്. കൂടിയത് ഒരു പൊതി. അതായത് 100 നാഴി. 80 രൂപയും 8000 രൂപയും ആണ് ഇതിന്റ നിരക്ക്. കാലത്ത് 5 മുതൽ 11 വരെയും വൈകുന്നേരം 5:30 മുതൽ 7 വരെയും ആണ് ക്ഷേത്ര ദർശന സമയം. പോകുന്ന ആളുകൾ തൊട്ടടുത്തുള്ള ഗരുഡൻകാവും കൂടി കാണുക. രാമായണമാസമായ കർക്കടകം ഇവിടെ തിരക്കേറുന്ന സമയമാണ്. കൂടാതെ, ഹനുമദ്പ്രധാനമായ ചൊവ്വ, വ്യാഴം, ശനി എന്നീ ദിവസങ്ങളും പ്രധാനമാണ്.