സ്റ്റാച്യു ഓഫ് യൂണിറ്റി; ലോകത്തിലെ ഏറ്റവും വലിയ പ്രതിമ – നിങ്ങൾ അറിയേണ്ടതെല്ലാം.

ലോകത്തിലെ ഏറ്റവും ഉയരമുള്ള പ്രതിമ ഏതാണെന്നു ചോദിച്ചാൽ ‘ചൈനയിലെ സ്പ്രിങ് ടെമ്പിൾ ബുദ്ധ’ എന്നായിരുന്നു ഇതുവരെ എല്ലാവരും ഉത്തരം പറഞ്ഞിരുന്നത്. എന്നാൽ ഇനി മുതൽ ആ സ്ഥാനം നമ്മുടെ ഇന്ത്യയിലെ ഗുജറാത്ത് സംസ്ഥാനത്തെ സർദാർ സരോവർ ഡാമിന് സമീപം പണിതീർത്ത സർദാർ വല്ലഭായ് പട്ടേലിന്റെ പ്രതിമയാണ് വഹിക്കുക. ഏകദേശം മൂവായിരം കോടിയോളം രൂപ ചെലവഴിച്ചാണ് സ്റ്റാച്യു ഓഫ് യൂണിറ്റി എന്നു പേരിട്ടിരിക്കുന്ന ഈ അതികായ പ്രതിമ പണി തീർത്തിരിക്കുന്നത്. 189 മീറ്ററാണ് ഈ പ്രതിമയുടെ ഉയരം. അതായത് മുൻപ് ഒന്നാം സ്ഥാനം അലങ്കരിച്ചിരുന്ന ചൈനയിലെ സ്പ്രിങ് ടെമ്പിൾ ബുദ്ധയെക്കാൾ 23 മീറ്റർ കൂടുതൽ ഉയരത്തിലാണ് സ്റ്റാച്യു ഓഫ് യൂണിറ്റി.

2013 ഒക്ടോബർ 13 ന് ആയിരുന്നു പ്രതിമയുടെ ശിലാസ്ഥാപനം നടന്നത്. എൽ ആൻഡ് ടി എന്ന കമ്പനിയ്ക്കായിരുന്നു നിർമാണച്ചുമതല. പ്രശസ്തനായ ശിൽപി രാം സുതാർ ആയിരുന്നു പ്രതിമ രൂപകൽപ്പന ചെയ്തത്. ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ എന്നറിയപ്പെടുന്ന സർദാർ വല്ലഭായ് പട്ടേലിന്റെ അനേകം വ്യത്യസ്ത ചിത്രങ്ങൾ പരിശോധിച്ചതിനും മറ്റു പഠനങ്ങൾക്കും ശേഷമാണ് പ്രതിമ രൂപകൽപ്പന ചെയ്തത്. 25000 ടൺ ഉരുക്കും 90000 ടൺ സിമന്റും 1850 ടൺ വെങ്കലവും ഉപയോഗിച്ചായിരുന്നു പ്രതിമയുടെ നിർമ്മാണം. ഏകദേശം മൂന്നര വർഷത്തോളം മാത്രമേ ഈ പ്രതിമ നിർമ്മിക്കുവാനായി എടുത്തുള്ളൂ എന്നതാണ് മറ്റൊരു പ്രത്യേകത. ഏകദേശം 3500 നിർമ്മാണ തൊഴിലാളികളുടെയും 250 ഓളം എൻജിനീയർമാരുടെയും പരിശ്രമത്തിൻ്റെ ഫലമായാണ് ഇത്രവേഗത്തിൽ പ്രതിമാ നിർമ്മാണം പൂർത്തിയായത്. പ്രതിമയിലെ വെങ്കലപാളികൾ ഉറപ്പിക്കാൻ 200 ഓളം ചൈനീസ് വിദഗ്ധരായിരുന്നു പണിയെടുത്തത്.

ന്യൂയോർക്കിലെ സ്റ്റാച്യു ഓഫ് ലിബർട്ടിയുടെ ഇരട്ടിയോളം വരും നമ്മുടെ സ്റ്റാച്യു ഓഫ് യൂണിറ്റി. പ്രകൃതിക്ഷോഭങ്ങളെ അതിജീവിക്കുന്ന തരത്തിലാണ് പ്രതിമയുടെ നിർമ്മാണം. മണിക്കൂറിൽ 180 കിലോമീറ്റർ വേഗതയിൽ വീശുന്ന കാറ്റിനെയും റിക്ടർ സ്‌കെയിലിൽ 6.5 തീവ്രത വരുന്ന ഭൂകമ്പത്തെയും ചെറുക്കുവാൻ സ്റ്റാച്യു ഓഫ് യൂണിറ്റിയ്ക്ക് സാധിക്കും. ഇത്രയൊക്കെ കേട്ടിട്ട് ഇത് വെറുമൊരു പ്രതിമ മാത്രമാണെന്ന് വിചാരിച്ചെങ്കിലും നിങ്ങൾക്ക് തെറ്റി. ഒരു ടൂറിസ്റ്റു കേന്ദ്രം കൂടിയാണ് ഈ പ്രതിമയും പരിസരവും. പ്രതിമയുടെയുള്ളിലൂടെ മുകൾഭാഗം വരെയും ആളുകൾക്ക് എലവേറ്ററുകൾ വഴി പോകാവുന്നതാണ്.

135 മീറ്റർ ഉയരത്തിലായി ഒരു വ്യൂ പോയിന്റും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇവിടെ നിന്നും ഒരേ സമയം ഇരുന്നൂറോളം ആളുകൾക്ക് കാഴ്ചകൾ കാണാവുന്നതാണ്. ഇവിടെ നിന്നുള്ള സർദാർ സരോവർ അണക്കെട്ടിന്റെ കാഴ്ച അതി ഗംഭീരം തന്നെയായിരിക്കും. പ്രതിമയുടെ പ്രവേശന കവാടത്തിൽ സർദാർ വല്ലഭായ് പട്ടേലുമായി ബന്ധപ്പെട്ട രേഖകളും ചിത്രങ്ങളും പ്രബന്ധങ്ങളും സൂക്ഷിച്ചിട്ടുള്ള മ്യൂസിയയവും ഒരുക്കിയിട്ടുണ്ട്. ഒപ്പംതന്നെ 3ഡി പ്രൊജക്‌ഷൻ മാപ്പിങ്, വോക്ക്‌വേ, ഫുഡ് കോർട്ട്, സെൽഫി പോയിന്റ്, ഷോപ്പിങ് സെന്റർ, അണ്ടർവാട്ടർ അക്വേറിയം, റിസർച് സെന്റർ തുടങ്ങിയവയും പ്രതിമയോടൊപ്പം തയ്യാറാക്കിയിരിക്കുന്നു.

നിങ്ങൾക്കും ഈ പ്രതിമ കാണുവാൻ പോകണമെന്നുണ്ടോ? സഞ്ചാരികൾക്ക് ടിക്കറ്റ് മുഖേന അവിടം സന്ദർശിക്കുവാൻ സാധിക്കും. പുറമെ നിന്നും പ്രതിമയുടെ സൗന്ദര്യം ആസ്വദിക്കുവാനായി 120 രൂപയുടെ ടിക്കറ്റും അകത്തു കയറുവാൻ 350 രൂപയുടെ ടിക്കറ്റുമാണ് എടുക്കേണ്ടത്. www.soutickets.in എന്ന വെബ്സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാം. രാവിലെ ഒൻപതു മുതൽ വൈകിട്ട് ആറു വരെയാണ് പ്രവേശനസമയം. ഇവിടെ ഗുജറാത്ത് ടൂറിസം വകുപ്പ് 52 മുറികളോടെ ‘ശ്രേഷ്ഠ ഭാരത് ഭവൻ’ എന്ന പേരിൽ ഒരു ത്രീ സ്റ്റാർ ഗെസ്റ്റ് ഹൗസ് പണികഴിപ്പിച്ചിട്ടുണ്ട്. ഇതോടൊപ്പം ആധുനിക സൗകര്യങ്ങളടങ്ങിയ ടെന്റുകൾ കൊണ്ടുള്ള രണ്ടു ടെന്റ് സിറ്റികളും അവിടെ തയ്യാറാക്കും. ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് വേണമെങ്കിൽ ഈ ടെന്റുകളിൽ താമസിക്കുകയും ചെയ്യാം. പ്രതിമ കാണാൻ ദിവസവും 15,000 ടൂറിസ്റ്റുകൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതിമയുടെ മേൽനോട്ടച്ചുമതല സർദാർ വല്ലഭായ് പട്ടേൽ രാഷ്ട്രീയ ഏക്താ ട്രസ്റ്റ് സൊസൈറ്റിക്കാണ്.

ഇന്ത്യയുടെ ആദ്യ ആഭ്യന്തരമന്ത്രി, ‘ഉരുക്കു മനുഷ്യൻ’ എന്നറിയപ്പെടുന്ന സർദാർ വല്ലഭായ് പട്ടേലിന്റെ ‘സ്റ്റാച്യു ഓഫ് യൂണിറ്റി’ എന്ന ഈ പ്രതിമ അദ്ദേഹത്തിൻ്റെ ജന്മദിനമായ ഒക്ടോബർ 31 നു (31-10-2018) ആണ് രാജ്യത്തിനു സമർപ്പിച്ചത്. ഗുജറാത്തിലെ ടൂറിസത്തിൻ്റെ വളർച്ചയിൽ ഈ പ്രതിമ ഒരു സുപ്രധാന പങ്ക് വഹിക്കുമെന്ന് തന്നെയാണ് എല്ലാവരുടെയും പ്രതീക്ഷ.