മുതലാളി കൈവിട്ട ലോറി ഡ്രൈവർക്ക് തുണയായി ആലുവക്കാർ

ഇന്ത്യയിലുടനീളം സഞ്ചരിക്കുന്നതിൽ ഭൂരിഭാഗം സ്ഥലങ്ങളിൽ നിന്നും മോശം അനുഭവങ്ങൾ നേരിടുന്നവരാണ് ലോറി ഡ്രൈവർമാർ. എന്നാൽ കഴിഞ്ഞ ദിവസം ഒരു ലോറി ഡ്രൈവറുടെ കണ്ണും മനസ്സും വയറും നിറച്ചാണ് മലയാളികൾ തങ്ങളുടെ സ്നേഹം കാണിച്ചത്.

സംഭവം ഇങ്ങനെ – തമിഴ്‌നാട്ടിലെ ചെന്നൈയിൽ നിന്നും ലോഡുമായി എറണാകുളത്തേക്ക് വന്നതായിരുന്നു പേരറിയാത്ത ആ പാവം തമിഴ്‌നാട് സ്വദേശിയായ ലോറി ഡ്രൈവർ. ഓട്ടം തുടങ്ങുന്നതിനു മുൻപേ തന്നെ ലോറി മുതലാളി യാത്രയ്ക്കായുള്ള ഡീസൽ ലോറിയിൽ നിറച്ചിട്ടുണ്ട് എന്നു പറഞ്ഞായിരുന്നു ഡ്രൈവർക്ക് വണ്ടി കൈമാറിയത്. ആ ധൈര്യത്തിൽ പാവം ഡ്രൈവർ അണ്ണൻ ഇങ്ങ് ഓടിച്ചു പോരുകയും ചെയ്തു.

ചെന്നൈയിൽ നിന്നും തുടങ്ങിയ യാത്ര എറണാകുളം ജില്ലയിലെ ആലുവയിൽ എത്തിയപ്പോൾ ഫുൾ സ്റ്റോപ്പിട്ടു. വണ്ടി പണിമുടക്കി എന്നായിരുന്നു ഡ്രൈവർ ആദ്യം കരുതിയത്. എന്നാൽ പിന്നീട് പരിശോധിച്ചപ്പോൾ ആണ് ഡീസൽ തീർന്നു പോയതിനാലാണ് വണ്ടി വഴിയിൽവെച്ച് നിന്നു പോയതെന്നു മനസ്സിലായത്. ആലുവ മാതാ തിയേറ്ററിനു സമീപമുള്ള പമ്പ് ജംങ്ഷനിലായിരുന്നു സംഭവം. പൊതുവെ വാഹനത്തിരക്കുള്ള ഈ ഏരിയയിൽ ഡീസൽ തീർന്ന ഈ ലോറി പണിമുടക്കി കിടന്നപ്പോൾ അത് മറ്റുള്ള വാഹനങ്ങൾക്കും യാത്രക്കാർക്കും ബുദ്ധിമുട്ടായി.

അങ്ങനെയാണ് നാട്ടുകാരിൽ ചിലർ ലോറി ഡ്രൈവറെ സമീപിച്ച് കാര്യം തിരക്കിയത്. ലോറിയുടെ മീറ്റർ (fuel guage) തകരാറിൽ ആയിരുന്നതിനാൽ ഇന്ധനത്തിന്റെ അളവ് മനസ്സിലാക്കുവാൻ ഡ്രൈവർക്ക് സാധിച്ചിരുന്നില്ല. ഡീസൽ തീർന്നുപോയ വിവരം നാട്ടുകാരിൽ ചിലർ ലോറി മുതലാളിയെ വിളിച്ച് അറിയിച്ചെങ്കിലും, താൻ വേണ്ടത്ര ഡീസൽ അടിച്ചിട്ടുണ്ടായിരുന്നുവെന്നും ഡ്രൈവർ ഇന്ധനം മറിച്ചു വിട്ടിട്ടുണ്ടാകും എന്നുമായിരുന്നു മുതലാളിയുടെ മറുപടി. എന്നാൽ പാവം ഡ്രൈവറുടെ പക്കൽ ഭക്ഷണം കഴിക്കുവാൻ പോലും പണം ഉണ്ടായിരുന്നില്ല. പാതിവഴിയിൽ നിന്നുപോയ ലോറിയ്ക്കും, ചുറ്റും കൂടിയ നാട്ടുകാർക്കും മുന്നിൽ ആ പാവം മനുഷ്യൻ നിസ്സഹായനായി നിന്നു.

ഇതോടെ നാട്ടുകാരിൽ ചില ചെറുപ്പക്കാർ ഒത്തുകൂടി ലോറി ഡ്രൈവർക്ക് ഭക്ഷണം വാങ്ങിക്കൊടുക്കുകയും, ലോഡ് എത്തിക്കുന്നതിനായുള്ള ഡീസൽ സ്വന്തം ചെലവിൽ ലോറിയിൽ അടിച്ചു കൊടുക്കുകയും ചെയ്തു. ഇതോടെ പാവം ലോറി ഡ്രൈവറുടെ കണ്ണുകൾ സന്തോഷവും നന്ദിയും കൊണ്ട് നിറഞ്ഞു. മനസ്സു നിറഞ്ഞു നന്ദി പറഞ്ഞു കൊണ്ടായിരുന്നു ലോറിയുമായി ഡ്രൈവർ അവിടെ നിന്നും പോയത്.

ഇത്തരത്തിലുള്ള പാവം ലോറി ഡ്രൈവർമാർ വളരെ കഷ്ടപ്പെട്ടാണ് ഓരോ ലോഡും പറഞ്ഞ സമയത്ത് സ്ഥലത്തെത്തിക്കുന്നത്. അതിനിടയിലാണ് ഇത്തരത്തിലുള്ള ദുരനുഭവങ്ങളും. നമ്മുടെ നാട്ടിലേക്കുള്ള പച്ചക്കറികളും മറ്റ് അവശ്യ വസ്തുക്കളുമെല്ലാം എത്തിക്കുന്നത് ഇത്തരം ഡ്രൈവർമാരുള്ളത് കൊണ്ട് മാത്രമാണ്. മറ്റു വാഹനക്കാർ, പോലീസുകാർ തുടങ്ങി ഒത്തിരിയാളുകളുടെ ചീത്തവിളിയും (ചിലപ്പോൾ മർദ്ദനവും) സഹിച്ചായിരിക്കും കിലോമീറ്ററുകൾ താണ്ടി, മര്യാദയ്ക്ക് ഉറങ്ങാൻ പോലും കഴിയാതെ ലോഡുകളുമായി ഇവർ വരുന്നത്.

ഈ സംഭവത്തിൽ മുതലാളിയുടെ കുറ്റമാണോ അതോ പമ്പുകാരുടെ കുറ്റമാണോ അതോ ലോറി ഡ്രൈവറുടെ കുറ്റമാണോ എന്നൊന്നും അറിയില്ല. എങ്കിലും മനുഷ്യ മനസാക്ഷിയെ ഓർത്ത് നാട്ടുകാർ ചെയ്ത ഈ പരോപകാരം എടുത്തു പറയേണ്ടതു തന്നെയാണ്, അഭിനന്ദിക്കപ്പെടേണ്ടതു തന്നെയാണ്. വഴിയിൽ കുടുങ്ങിയ അന്യസംസ്ഥാനക്കാരനായ ഒരു മനുഷ്യനെ സഹായിക്കുവാൻ അന്നാട്ടുകാർ കാണിച്ച ആ മനസ്സിന് ഒരു ബിഗ് സല്യൂട്ട്.