കെ.പി.എൻ. ട്രാവൽസ് – ഒരു ക്ലീനർ തുടങ്ങിവെച്ച ബസ് സർവ്വീസ് സംരംഭം

ഹൈവേകളിലും മറ്റും നിങ്ങൾ കണ്ടിട്ടുണ്ടാകും KPN എന്ന് പേരുള്ള ബസ്സുകളെ. അതെ, സൗത്ത് ഇന്ത്യയിലെ പേരുകേട്ട ബസ് ഓപ്പറേറ്ററാണ് KPN ട്രാവൽസ്. 1972 ൽ തമിഴ്‌നാട് സ്വദേശിയായ കെ.പി. നടരാജൻ രൂപം നൽകിയ സ്ഥാപനമാണ് കെ.പീ.എൻ ട്രാവൽസ്. വെറും ഏഴാം ക്ലാസ് വിദ്യാഭാസം മാത്രമുള്ള നടരാജൻ ഇത്രയും ബസ്സുകളുള്ള ട്രാവൽസ് ഉടമയായതിനു പിന്നിൽ അധികമാരും അറിയാത്ത ഒരു കഥയുണ്ട്. ആ കഥയാണ് ഇനി പറയുവാൻ പോകുന്നത്.

സേലം സ്വദേശിയായിരുന്ന കെ.പി.നടരാജന്റെ കുട്ടിക്കാലത്ത് നാലാം ക്‌ളാസ് വരെ പഠിക്കുന്നതിനിടയിൽ സ്‌ഥിരമായി സ്‌കൂളിൽ പോകുവാൻ ബസ്സിൽ കയറാറുണ്ടായിരുന്നു. ഇടയ്ക്കെപ്പോഴോ നടരാജൻ എന്ന ആ വിദ്യാർത്ഥിയ്ക്ക് സ്ഥിരമായി കയറാറുണ്ടായിരുന്ന ആ ബസ്സിനോട് വല്ലാത്ത ഇഷ്ടം തോന്നി. അന്ന് അത് ഓടിച്ചിരുന്നത്, നല്ല ടിപ്ടോപ് ആയി ഡ്രെസ് ചെയ്തു വരുന്ന അറുമുഖൻ എന്ന് പേരുള്ള ഒരു ഡ്രൈവറായിരുന്നു. എന്നെങ്കിലും ബസ് ഓടിക്കണം എന്ന് കുഞ്ഞു നടരാജന് മനസ്സിൽ ആഗ്രഹമുണ്ടായി. പിന്നെ പിന്നെ നടരാജൻ ബസ്സിൽ കയറാൻ വേണ്ടി സ്‌കൂളിൽ പോകുന്ന പോലെയായി.

ഒടുവിൽ ബസ്സിനോടുള്ള ഇഷ്ടം കൂടിക്കൂടി നടരാജന്റെ പഠനം ഒരുവഴിയിലായി. ഏഴാം ക്‌ളാസിൽ വെച്ച് പഠനം നിർത്തിയ നടരാജൻ ഓരോരോ റൂട്ട് ബസ്സുകളിൽ ക്ളീനറായി ജോലിക്കു പോകുവാൻ തുടങ്ങി. റൂട്ട് ബസിനു കുഴപ്പങ്ങൾ എന്തെങ്കിലും വന്നാൽ പകരം ഓടുന്നതിനായി സ്പെയർ ആയി വണ്ടികൾ ഉണ്ടാകും. നടരാജൻ ക്ളീനറായി പോയിരുന്ന ബസ് സ്പെയർ ബസ് ആയിരുന്നതിനാൽ ഓട്ടമൊന്നും ഇല്ലാതെ സേലം ബസ് സ്റ്റാൻഡിൽ കിടക്കുകയായിരുന്നു.

ഒട്ടുമില്ലാതെ കിടന്നു ബോറടിച്ച നടരാജൻ ഒരു ദിവസം വൈകുന്നേരം ചായകുടിക്കാനായി ബസ്സിൽ നിന്നും പുറത്തേക്കിറങ്ങിയപ്പോൾ അദ്ദേഹത്തിൻ്റെ പിന്നാലെ പത്തോളം ആളുകൾ വന്നു ബസ് കോയമ്പത്തൂർ പോകുമോയെന്ന് ചോദിച്ചു. എത്രയാളുകൾ ഉണ്ടെന്നു ചോദിച്ചപ്പോൾ 20 പേർ മൊത്തം ഉണ്ടെന്നു അവർ പറഞ്ഞു. അങ്ങനെ നടരാജൻ ആ ആളുകളെയും കയറ്റി ബസ് കോയമ്പത്തൂരിലേക്ക് കൊണ്ടുപോയി.

കോയമ്പത്തൂർ റെയിൽവേ സ്റ്റേഷനിലേക്ക് ആയിരുന്നു അവർക്ക് പോകേണ്ടിയിരുന്നത്. ഐലൻഡ് എക്സ്പ്രസ് എന്ന ബാംഗ്ളൂരിലേക്കുള്ള ട്രെയിൻ അപ്പോൾ കോയമ്പത്തൂർ സ്റ്റേഷനിൽ വന്നു. അന്ന് ഈ സമയത്ത് ആകെ ഈ ഒരു ട്രെയിനെ ബാംഗ്ലൂർക്ക് ഉള്ളു. ആ ട്രിപ്പ് കഴിഞ്ഞു തിരികെ വരാൻ ആണ് മുതലാളി പറഞ്ഞത്. റെയിൽവെ സ്റ്റേഷനിൽ നിന്ന് തിരികെ വണ്ടിയെടുക്കുമ്പോഴേക്കും ഒരു നാല് പേര് വന്നു. “ട്രെയിനിന് ടിക്കറ്റ് ഫുൾ ആണ്. ബാംഗ്ലൂർ പോകുമോ” എന്ന് ചോദിച്ചു. അങ്ങനെ ട്രെയിനിൽ ടിക്കറ്റ് കിട്ടാതിരുന്ന ആളുകളെ നടരാജൻ ബസ്സിലേക്ക് വിളിച്ചു കയറ്റി. അഞ്ചു മിനിറ്റ് കൊണ്ട് ബസ് ഫുൾ ആയി.

അവിടെ നിന്നു ബസ് നേരെ സേലം വഴി ബാംഗ്ലൂർ പോയി. ബാംഗ്ലൂർ പോകാൻ പെർമിറ്റ് എടുക്കണം എന്നൊന്നും അന്ന് നടരാജന് അറിയില്ലായിരുന്നു. യാത്രക്കാർ പോകണം എന്ന് പറഞ്ഞപ്പോൾ ഡീസലുമടിച്ചു അങ്ങ് പോയി. ഇതായിരുന്നു സേലം വഴിയുള്ള ആദ്യത്തെ നൈറ്റ് സർവീസ്. അതിനു മുൻപ് ഒരു നൈറ്റ് സർവീസ് സേലം വഴി ഉണ്ടായിട്ടില്ല. എല്ലാം തുടങ്ങിവെച്ചത് നടരാജനാണ്. സംഭവം ഹിറ്റായതോടെ തൃച്ചങ്കോട് ട്രാൻസ്‌പോർട്ട് എന്ന ബസുകാരെയും കൂടെ വിളിച്ച് ഇരുവശത്തേക്കും നൈറ്റ് സർവ്വീസ് ആരംഭിച്ചു.

1967 ൽ സഹോദരന്റെ ഭാര്യാപിതാവുമായി പാർട്ണർഷിപ്പിൽ ഒരു ബസ് വാങ്ങുകയും അതിനു ശിവകുമാർ ട്രാവൽസ് എന്ന് പേരിടുകയും ചെയ്തു. കോയമ്പത്തൂർ – ബാംഗ്ലൂർ റൂട്ടിൽ നൈറ്റ് സർവ്വീസ് നടത്തിയിരുന്ന ഈ ബസ്സിൽ നടരാജൻ ക്ളീനറായി പോയിരുന്നു. ഇതിനിടയിൽ അദ്ദേഹം ബസ് ഡ്രൈവിംഗും പഠിച്ചെടുത്തു.

അങ്ങനെ കാലങ്ങൾ കടന്നു പോകവേ 1972 ൽ നടരാജൻ പലയിടങ്ങളിൽ നിന്നും പണം സ്വരൂപിച്ച് സ്വന്തമായി ഒരു ബസ് വാങ്ങി. ആന്ധ്രാപ്രദേശിലെ ചിറ്റൂരിൽ നിന്നും ഷാസി വാങ്ങി കുംഭകോണത്തു കൊണ്ടു വന്നു ബോഡി കെട്ടി ബസ് ഇറക്കി. APC 7581 എന്ന ആന്ധ്രാപ്രദേശ് രജിസ്ട്രേഷനിലായിരുന്നു KPN ട്രാവൽസിന്റെ ആദ്യത്തെ ബസ്.

ആദ്യമായി വാങ്ങിയ ബസ്സിന്‌ മുത്തശ്ശന്റെയും, അച്ഛന്റെയും, നടരാജന്റെയും പേരുകളുടെ ആദ്യാക്ഷരങ്ങൾ ചേർത്ത് KPN ട്രാവൽസ് എന്ന് ബസ്സിന്‌ പേരിട്ടു. കുപ്പണ്ണ പൊന്മലൈ നടരാജൻ എന്നാണു KPN എന്നതിന്റെ മുഴുവൻ പേര്. തിരുനെൽവേലി – ബാംഗ്ലൂർ റൂട്ടിൽ ആയിരുന്നു ആദ്യത്തെ സർവ്വീസ്. കുട്ടിക്കാലത്തെ ബസ്സിലെ ഡ്രൈവർ അറുമുഖനെ നടരാജൻ തൻ്റെ ബസ്സിൽ ഡ്രൈവറാക്കി. ഈ സർവ്വീസ് ലാഭകരമായി മുന്നോട്ടു പോകവേ ട്രിച്ചി – ചെന്നൈ റൂട്ടിലും KPN ബസ് സർവ്വീസുകൾ ആരംഭിച്ചു.

നല്ല രീതിയിൽ ബസ് സർവ്വീസുകൾ നടത്തിക്കൊണ്ടിരുന്നതിനാൽ ആളുകൾ തങ്ങളുടെ യാത്രയ്ക്കായി KPN ട്രാവൽസിന്റെ ആശ്രയിക്കുവാൻ തുടങ്ങി. KPN ട്രാവൽസിന്റെ പ്രശസ്തി വർദ്ധിച്ചു. കൂടുതൽ ബസ്സുകൾ വാങ്ങി കൂടുതൽ സ്ഥലങ്ങളിലേക്ക് സർവ്വീസുകൾ ആരംഭിച്ചു. ബസ് സർവ്വീസ് രംഗത്തെ മാറ്റങ്ങളും ടെക്‌നോളജികളും KPN പിന്തുടർന്നു. 1994 ൽ ആദ്യമായി എയർ സസ്‌പെൻഷൻ സംവിധാനമുള്ള ബസ് ‘എയർബസ്’ എന്ന പേരിൽ നിരത്തിലിറക്കിയത് KPN ആയിരുന്നു.

അങ്ങനെ നല്ല രീതിയിൽ മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കെയാണ് വർഷങ്ങൾക്ക് മുൻപ് ബെംഗളൂരുവിൽ കാവേരി തർക്കത്തെത്തുടർന്നു ഉണ്ടായ അക്രമത്തിൽ കെ.പി.എൻ. ട്രാവൽസിന്റെ അൻപതോളം ബസ്സുകൾ കത്തി നശിച്ചത്. അന്നും തൻ്റെ ജീവനക്കാർ സുരക്ഷിതരാണല്ലോ എന്നോർത്ത് ആശ്വാസം കൊണ്ടയാളാണ് കെ പി നടരാജൻ. ഇന്ന് വോൾവോ, സ്‌കാനിയ തുടങ്ങി 250 ലേറെ പ്രീമിയം ലക്ഷ്വറി ബസ്സുകൾ സ്വന്തമായി ഉള്ള സൗത്ത് ഇന്ത്യയിലെ മികച്ച ട്രാവൽസുകളിൽ ഒന്നാണ് കെ.പി.എൻ. വെറും ഏഴാം ക്ലാസ് വിദ്യാഭാസം മാത്രമുള്ള നടരാജൻ ഇത്രയും ബസ്സുകളുള്ള ട്രാവൽസ് ഉടമയായതിനു പിന്നിലെ ഈ ജീവിതകഥ ഏവർക്കും ഒരു പ്രചോദനം തന്നെയാണ്.