ആ കുഞ്ഞു ജീവനും കൊണ്ട് 450 കി.മീ. ദൂരം പാഞ്ഞ ആ ആംബുലന്‍സ് ഡ്രൈവര്‍ ഇതാ…

ഇന്ന് കേരളം മുഴുവനും ഉറ്റുനോക്കിയിരുന്ന ഒരു സംഭവമായിരുന്നു മംഗലാപുരത്തു നിന്നും തിരുവനന്തപുരത്തേക്ക് ഹൃദയ ശസ്ത്രക്രിയയ്ക്കായി 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനേയും കൊണ്ട് ആംബുലൻസ് ശരവേഗത്തിൽ പറന്നത്. തിരുവനന്തപുരത്തേക്ക് കുതിക്കുന്നതിനിടെ സംഭവത്തിൽ ആരോഗ്യവകുപ്പ് ഇടപെടുകയും കൊച്ചിയിലെ അമൃതാ ആശുപത്രിയിൽ ചികിത്സ ലഭ്യമാക്കുവാനും തീരുമാനമായി. ഹൃദ്യം പദ്ധതിയിൽ ഉൾപ്പെടുത്തി മുഴുവൻ ചികിത്സ ചിലവും സർക്കാർ വഹിക്കാനും തീരുമാനമായിട്ടുണ്ട്.

കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമായി മാറുകയാണ് ആംബുലൻസ് ഡ്രൈവറായ ഹസ്സൻ. ഏകദേശം നാല് മണിക്കൂർ കൊണ്ടാണ് 450 കിലോമീറ്റർ ഹസ്സൻ നിയന്ത്രിച്ച ആംബുലൻസ് പിന്നിട്ടത്. KL-60 – J 7739 എന്ന ആ ആംബുലൻസിന്റെ വളയം തിരിക്കുമ്പോള്‍ ഹസന്‍റെ മനസ്സില്‍ കുഞ്ഞിന്‍റെ ജീവന്‍ രക്ഷിക്കണം എന്ന ഒരൊറ്റ ചിന്ത മാത്രമായിരുന്നു. അതുകൊണ്ടുതന്നെ പ്രതിബന്ധങ്ങളും തിരഞ്ഞുമറിഞ്ഞ റോഡുമെല്ലാം ഹസന്‍റെ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ വഴി മാറിക്കൊടുത്തു. 50 കിലോമീറ്റർ മുൻപാണ് ലക്‌ഷ്യം തിരുവനന്തപുരത്തു നിന്നും മാറ്റി കൊച്ചി അമൃതയിലേക്ക് ആക്കിയ വിവരം ഹസ്സൻ അറിയുന്നത്. കാസർഗോഡ് ജില്ലയിലെ ഉദുമ മുക്കുന്നോത്ത് സ്വദേശി ഹസ്സൻ ദേളി എന്ന 34 കാരന്‍ തന്‍റെ ദൗത്യം ഏറ്റവും കൃത്യമായി നിര്‍വ്വഹിച്ചതിന്‍റെ പേരില്‍ ഏവരുടെയും അഭിനന്ദനം ഏറ്റുവാങ്ങുകയാണ്. സിഎച്ച് മുഹമ്മദ് കോയ സ്മാരക സെന്റർ ഉദുമയുടേതാണ് ആംബുലൻസ്.

ഇതാദ്യമായല്ല ഹസ്സൻ ദേളി ദീർഘദൂര യാത്രകൾ ഏറ്റെടുക്കുന്നത്. 2017 ഡിസംബർ മാസം പത്താം തീയ്യതി മംഗലാപുരത്തെ എജെ ആശുപത്രിയിൽ നിന്ന് തിരുവനന്തപുരത്തെ റീജണൽ കാൻസർ സെന്ററിലേക്ക് മറ്റൊരു രോഗിയെയും ഇദ്ദേഹം എത്തിച്ചിട്ടുണ്ട്. കാസർകോട് സ്വദേശിയായ ഇബ്രാഹിം എന്നയാളെ മംഗളൂരു എ.ജെ ആശുപത്രിയിൽ നിന്നും തിരുവനന്തപുരം ആർ.സി.സി.യിലേക്ക് എത്തിക്കുന്നതിനുള്ള ദൗത്യവുമായി വൈകിട്ട് 3.25ന് പുറപ്പെട്ട ആംബുലൻസ് 645 കിലോമീറ്റർ പിന്നിട്ട് രാത്രി 12.20 നായിരുന്നു അന്ന് തിരുവനന്തപുരത്തെത്തിയത്. അന്ന് 8 മണിക്കൂറും 45 മിനിറ്റുമാണ് ഹസ്സൻ ദൂരം താണ്ടാനെടുത്തത്. കേരളക്കരയുടെ അഭിമാനമായി അന്ന് തന്നെ ഹസ്സൻ മാറിയിരുന്നു. ഇന്നിതാ 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ സുരക്ഷിതമായി കൊച്ചിയിലെത്തിച്ച ഹസ്സന്‍ വീണ്ടും കേരളത്തിന്റെ കയ്യടി നേടുകയാണ്.

രാവിലെ മംഗലാപുരത്തു നിന്നും പുറപ്പെട്ട ആംബുലൻസിനു വഴിയൊരുക്കുവാനും വഴിയിലെ തടസ്സങ്ങൾ മാറ്റുവാനുമായി കേരളത്തിലെ ജനങ്ങൾ ഒറ്റക്കെട്ടായ കാഴ്ചയാണ് പിന്നീട് കണ്ടത്. വാട്സ് ആപ്പ്, ഫേസ്‌ബുക്ക് ഗ്രൂപ്പുകളെല്ലാം ആംബുലൻസിനു തടസ്സങ്ങൾ നീക്കി മുന്നേറുവാനുള്ള ഓൺലൈൻ കേന്ദ്രങ്ങളായി മാറി. ആംബുലൻസിന്റെ യാത്ര ലൈവായി ഫേസ്‌ബുക്കിലൂടെ സംപ്രേക്ഷണം ചെയ്തിരുന്നു. ആംബുലൻസ് കടന്നു പോകുന്ന വിവരങ്ങൾ ഓരോ മിനിറ്റുകളിലും കൃത്യമായി ആളുകൾക്ക് മനസ്സിലാക്കുവാൻ ഇതുമൂലം സാധിച്ചു. ഇലക്ഷനോടനുബന്ധിച്ച് പ്രചരണത്തിനിറങ്ങിയ വിവിധ രാഷ്ട്രീയ പാർട്ടികളുടെ ഉച്ചഭാഷിണി ഘടിപ്പിച്ച വാഹനങ്ങൾ കുറച്ചു നേരത്ത് ആംബുലൻസിനു വഴിയൊരുക്കുന്നതിനായി കക്ഷി രാഷ്ട്രീയം മറന്ന് ഒറ്റക്കെട്ടായി മാറി. പ്രളയശേഷം മലയാളികൾ ഒറ്റക്കെട്ടായി മാറിയ കാഴ്ചയ്ക്കാണ് ഇന്ന് കേരളം സാക്ഷ്യം വഹിച്ചത്.

വിവരങ്ങൾക്ക് കടപ്പാട് – വിവിധ ഓൺലൈൻ മാധ്യമങ്ങൾ.