ഒരു സിനിമാനടൻ കെഎസ്ആർടിസി ഡ്രൈവറുടെ ആരാധകനായി മാറിയ കഥ…

എഴുത്ത് – അരുൺ പുനലൂർ (ഫോട്ടോഗ്രാഫർ, സിനിമാതാരം).

സിനിമാ നടീ നടന്മാരുടെയും രാഷ്ട്രീയക്കാരുടെയും ആള്ദൈവങ്ങളുടേയുമൊക്കെ ആരാധകരായ ലക്ഷക്കണക്കിന് ആളുകളുണ്ടിവിടെ. പക്ഷെ ഒരു ksrtc ഡ്രൈവറുടെ കടുത്ത ആരാധകനായി എത്രപേരുണ്ടാകും…? ഈ ചോദ്യം കേട്ടാലുടൻ ചാടിയെഴുന്നേറ്റ് ഞാൻ കൈ പൊക്കും… ഞാനുണ്ട്.. സന്തോഷ്‌ കുട്ടൻ എന്ന ksrtc ഡ്രൈവറുടെ കട്ട ഫാനാണ് ഞാൻ എന്നുച്ചത്തിൽ വിളിച്ചു പറയും.

അവധി ദിനത്തിൽ താനോടിക്കുന്ന ബസ് കഴുകാൻ മകനുമൊത്ത് എത്തിയ വാർത്തയിലൂടെയാണ് ഈ മനുഷ്യനെക്കുറിച്ചു ആദ്യമറിയുന്നത്. ആ ഒറ്റ വാർത്തയിലൂടെ ഇങ്ങേരുടെ തൊഴിലിനോടുള്ള ആത്മാർത്ഥത മനസ്സിലായി.നമ്മളെങ്ങിനെയാണ് പച്ച മനുഷ്യരെ കണ്ടാൽ എടുത്തങ്ങു ചങ്കിൽ വക്കും. അന്ന് മുതൽ ഞാനിങ്ങേരുടെ കടുത്ത ആരാധകനായി. പിന്നീട് ഇങ്ങേരെക്കുറിച്ചു വന്ന ആർട്ടിക്കിളുകൾ എല്ലാം വായിച്ചു. ഷെയർ ചെയ്തു…

ഇന്നത്തെ ദിവസം രാവിലെ തൃശൂർക്ക് പോകാൻ ഇറങ്ങി കൊട്ടാരക്കര നിന്നും മ്മടെ സുഹൃത്ത് അരുൺ ഓടിക്കുന്നൊരു കോട്ടയം ഫാസ്റ്റിൽ കേറി അത് അടൂർ എത്തിയപ്പോ മയ്യതുത്തൂരായി (കേടായി). അവനെ തെറി വിളിച്ചിട്ട് അവിടുന്ന് അടുത്ത വണ്ടി കേറി തിരുവല്ല ഇറങ്ങി ചാപ്പാട് അടിച്ചിട്ട് നിക്കുമ്പോൾ അതാ ഒരു കോട്ടയം വരുന്നു. കോട്ടയത്തിറങ്ങിയതും തൃശൂർ വഴി പാലക്കാട് വിടുന്നു. ഓടിക്കയറി സീറ്റ് പിടിച്ചപ്പോ മറ്റേ ഫുൾ ഗ്ളാസ് വണ്ടിയാണ്. കഷ്ടകാലത്തിനു മ്മളിരിക്കുന്ന സൈഡിൽ കട്ട വെയിൽ. ചൂട് സഹിക്കാൻ മേലാഞ്‌ ഏറ്റുമാനൂരെത്തി അവിടെയിറങ്ങി.

കുറെ നേരം കാത്തു നിന്നു അതാ ഒരു എക്സ്പ്രസ് പാഞ്ഞു വന്നു നിക്കുന്നു. ചാടി അകത്തു കയറിയപ്പോളാണ് അത് വേളാങ്കണ്ണി വണ്ടിയാണെന്ന് മനസ്സിലായത്. ഡ്രൈവർ ആരോടോ ഉച്ചത്തിൽ സംസാരിക്കുന്നത് കേട്ടു വെറുതെ അങ്ങോട്ട് നോക്കിയപ്പോൾ കുറച്ചു മുൻപ് മകനെയും കൊണ്ട് വണ്ടിയിൽ പോയ വാർത്ത ഷെയർ ചെയ്‌ത മ്മടെ ആരാധ്യ പുരുഷൻ സന്തോഷേട്ടനാണ് ഡ്രൈവിംഗ് സീറ്റിൽ. അപ്പോളുണ്ടായ എക്സൈറ്റ്മെന്റിൽ ഓടി അടുത്ത് ചെന്നു പറഞ്ഞു “ദേ നിങ്ങടെ വാർത്ത ഇപ്പൊ ഷെയർ ചെയ്തതേയുള്ളൂ” എന്നു. നൈസായോരു ചിരി ചിരിച്ചു കൊണ്ട് കൂളിംഗ് ഗ്ളാസൊക്കെ വച്ചു പമ്പരം പോലെ സ്റ്റിയറിങ് തിരിച്ചു പെർഫെക്ടായി വണ്ടിയോടിക്കുന്ന ആ ഡ്രൈവിങ്ങിന്റെ സൗന്ദര്യവും അങ്ങേരുടെ സ്റ്റൈലും ആസ്വദിച്ചു കൊണ്ടിരുന്നു.

പെരുമ്പാവൂർ എത്തി ചായകുടിക്കാൻ ഇറങ്ങിയപ്പോളും ഞാനീ മനുഷ്യന്റെ വർത്തമാനവും രീതികളും വീക്ഷിച്ചു അടുത്ത് കൂടി നിന്നു. തിരിച്ചു കേറുമ്പോൾ അനുവാദം ചോദിച്ചു ഒരു പടം കൂടിയെടുത്തു. തൃശൂർ എത്തിയപ്പോ യാത്ര പറഞ്ഞു പോരുന്നു. ദാ രാത്രി റൂമിൽ എത്തിയപ്പോൾ സാക്ഷാൽ സന്തോഷ്‌ അണ്ണന്റെ മെസേജ് വന്നു കിടക്കുന്നു. ഇത്രയടുത്തു എത്തിയിട്ടും പരിചയപ്പെടാൻ പറ്റാതെ പോയതിന്റെ മുഴുവൻ സങ്കടവും നിറഞ്ഞ വോയ്സ് മെസേജുകൾ. ഒത്തിരി സന്തോഷം തോന്നി…

ഞങ്ങൾ രണ്ടുപേരുടെയും സുഹൃത്തായ പ്രശാന്ത് (Prasanth Paravoor) പറഞ്ഞപ്പോളാണ് ആ വന്നു ഫോട്ടോ എടുത്തോണ്ട് പോയ ലുങ്കിക്കാരൻ ഞാനായിരുന്നു എന്നു പുള്ളി അറിയുന്നത്. ഒത്തിരി ആരാധകരുള്ള ഈ സാധാരണ മനുഷ്യനെ കാണാൻ ഞാൻ അങ്ങോട്ട്‌ വന്നോളാം എന്നുറപ്പു കൊടുത്തു സംസാരം അവസാനിപ്പിക്കുമ്പോ ഒന്ന് ബോധ്യമുണ്ട്. നന്മ മനസ്സിൽ സൂക്ഷിക്കുന്ന, ചെയ്യുന്ന തൊഴിലിനോട് 100% ആത്മാർത്ഥതയുള്ള അപൂർവ്വം ചിലരെങ്കിലും നമുക്ക് ചുറ്റുമുണ്ട്.. അതിലൊരാളാണ് സന്തോഷേട്ടൻ…

എന്നാലും ഇന്നത്തെ സംഭവങ്ങൾ ഒന്നു റിവേഴ്സിൽ ചിന്തിച്ചു നോക്കിയാൽ ഈ മനുഷ്യന്റെ മുന്നിലേക്ക്‌ എന്നേ കൊണ്ടെത്തിക്കാനായിരുന്നു ഇന്നത്തെ വണ്ടി കേടാവൽ മുതൽ വെയിൽ വരെ എന്നോട് ചെയ്തത്. എന്റെ മനസ്സിൽ അങ്ങേരു ഡ്രൈവറന്മാർക്കിടയിലെ സൂപ്പർ സ്റ്റാർ തന്നെയാണ്. വെറും സൂപ്പർ സ്റ്റാറല്ല സൂപ്പർ മനുഷ്യനും കൂടിയാണ് അങ്ങേരു. ഇനിയിങ്ങേര്‌ ഓടിക്കുന്ന ബസിൽ ഒരു വേളാങ്കണ്ണി ട്രിപ്പ് പോയി വരണം. അതാണ്‌ അടുത്ത ടാർജെറ്റ്. സന്തോഷേട്ടൻ വെറും മാസ് അല്ല മരണ മാസ് തന്നെയാണ്…