ആൻഡമാൻ തെരുവുകളിൽ കട്ട ലോക്കൽ സ്റ്റൈലിൽ ഒരു ചുറ്റിത്തിരിയൽ…

ബീച്ചിലെ കാഴ്ചകളൊക്കെ കണ്ടശേഷം ഞങ്ങൾ തിരികെ റൂമിലെത്തി കുറേസമയം വിശ്രമിച്ചു. വൈകുന്നേരമായപ്പോൾ ഞങ്ങൾ പോർട്ട് ബ്ലെയറിലെ സായാഹ്നക്കാഴ്ചകൾ കാണുവാനായി പുറത്തേക്ക് ഇറങ്ങി. നാട്ടിൽ നിന്നും കൊണ്ട് വന്ന തോളത്തു തൂക്കിയിടാൻ കഴിയുന്ന തരത്തിലെ ചെറിയ ബാഗും തൂക്കി വള്ളിച്ചെരുപ്പും ധരിച്ച് കട്ട ലോക്കൽ സഞ്ചാരിയായി ഞങ്ങൾ പുറത്തേക്ക് ഇറങ്ങി. ഹോട്ടലിൽ നിന്ന് തന്നെ നല്ല കിടിലൻ വ്യൂ ഞങ്ങൾ കണ്ടിരുന്നു. ഞങ്ങൾ പുറത്തേക്ക് ഇറങ്ങിയപ്പോൾ സമയം വൈകീട്ട് അഞ്ചരയായിരുന്നു. സൂര്യൻ അസ്തമിക്കുവാൻ തയ്യാറെടുക്കുകയായിരുന്നു അപ്പോൾ.

ഞങ്ങൾ റോഡിലൂടെ ചുമ്മാ നടക്കുവാൻ തുടങ്ങി. ശരിക്കും നമ്മുടെ നാടുപോലെ തന്നെയായിരുന്നു അവിടെ ഞങ്ങൾക്ക് ഫീൽ ചെയ്തത്. ഹിന്ദിക്കാരും, തമിഴരും, മലയാളികളും ഒക്കെ അവിടെയുണ്ടായിരുന്നു. അതുകൊണ്ട് മലയാളം പറഞ്ഞാലും നമുക്ക് അവിടെ പിടിച്ചു നിൽക്കാൻ പറ്റുമായിരുന്നു. നടക്കുന്നതിനിടയിൽ ഒരു പച്ചക്കറിക്കട ഞങ്ങളുടെ കണ്ണിൽപ്പെട്ടു. കൂടെയുണ്ടായിരുന്ന സുഹൃത്ത് വിപിൻ പച്ചക്കറികളുടെ വില അന്വേഷിക്കുന്ന തിരക്കിലായിരുന്നു. നമ്മുടെ നാട്ടിലെ വിലയുമായി വലിയ വ്യത്യാസം ഒന്നുംതന്നെ അവിടെ അനുഭവപ്പെട്ടില്ല. പച്ചക്കറികൾ നല്ല ഫ്രഷും ആയിരുന്നു.

അതിനിടെ ഒരു ബേക്കറി കണ്ടപ്പോൾ വിപിന് നമ്മുടെ മിക്സ്ചർ കഴിക്കുവാൻ കൊതിയായി. ഉടനെ മച്ചാൻ അവിടേക്ക് ഓടിക്കയറി, പിന്നാലെ ഞാനും. മിക്സ്ചറിന്റെ രുചിയൊക്കെ നമ്മുടെ നാട്ടിലത്തേതിനു സമമായിരുന്നു. വലിയ പ്രത്യേകതകൾ ഒന്നുംതന്നെ അവിടെ പലഹാരങ്ങളിൽ കാണുവാൻ സാധിച്ചില്ല. മിക്സ്ചറും തിന്നുകൊണ്ടായി പിന്നെ ഞങ്ങളുടെ നടത്തം. പോകുന്ന വഴിയിൽ ധാരാളം പഴയ കെട്ടിടങ്ങൾ കാണുവാൻ സാധിച്ചു. ഫോറസ്റ്റ്‌ ഓഫീസ്, സർക്കാർ സ്‌കൂൾ തുടങ്ങിയവയുടെ മുകൾ ഭാഗമെല്ലാം ആസ്ബറ്റോസ് അല്ലെങ്കിൽ അലുമിനിയം ഷീറ്റുകൾ കൊണ്ട് മൂടിയതായിരുന്നു.

ബസ്സുകളൊക്കെ നമ്മുടെ നാട്ടിലെപ്പോലെ തന്നെയായിരുന്നു പോർട്ട് ബ്ലെയറിലും. ടാറ്റാ ബസ്സുകൾ ആയിരുന്നു കൂടുതലും. ഞങ്ങൾ പിന്നീട് വഴിയരികിൽ കണ്ട ഒരു പാനിപൂരി കടയിലേക്ക് പതിയെ കയറി. എനിക്കാണെങ്കിൽ ഈ പാനിപൂരി എന്നുവെച്ചാൽ ഭയങ്കര പ്രാന്താണ്. പത്തു രൂപയായിരുന്നു അവിടെ ഒരു പാനിപൂരിയുടെ വില. നല്ല ടേസ്റ്റ് ആയിരുന്നു. പിന്നെയും ഞങ്ങൾ നടത്തം തുടർന്നു. ഇതിനിടെ സൂര്യൻ ആരോടും പറയാതെ നൈസായി കടലിൽ താഴ്ന്നിരുന്നു. സ്ട്രീറ്റ് ഫുഡ് ഒന്നു പരീക്ഷിക്കുവാനായിരുന്നു ഞങ്ങളുടെ പ്ലാൻ. ഒരു ഹിന്ദിക്കാരൻ ഭായിയുടെ തട്ടുകടയിൽ കയറി പരിപ്പുവട, ആൻഡമാൻ സ്പെഷ്യൽ ഫിഷ് കട്ലറ്റ്, ചൂട് ചായ എന്നിവ കഴിച്ചു. ഫിഷ് കട്ലറ്റ് അടിപൊളിയായിരുന്നു. ഞാൻ ആദ്യമായിട്ടായിരുന്നു മീൻ കൊണ്ടുള്ള കട്ട്ലറ്റ് കഴിക്കുന്നത്. ചായക്കടയിലെ ഭായിയുമായി ഞങ്ങൾ കമ്പനിയായി. ഇന്റർനെറ്റ് ഒന്നും തന്നെ അവിടെ ലഭിക്കാത്തതിനാൽ ഇവരൊക്കെ പഴയ കാലഘട്ടത്തിലെന്നപോലെയാണ് ഇപ്പോഴും ജീവിക്കുന്നത്. നാട്ടിൽ (ഇന്ത്യ) പോകുമ്പോൾ മാത്രമാണ് ഫേസ്ബുക്കും വാട്സ്ആപ്പുമൊക്കെ ഇവർക്ക് ഉപയോഗിക്കുവാനാകുന്നത്. ജിയോയുടെ വരവും കാത്തിരിക്കുകയാണ് ഇപ്പൊ ഇവരെല്ലാം.

അങ്ങനെ ഭായിയോട് യാത്രപറഞ്ഞു ഞങ്ങൾ വീണ്ടും നടത്തം തുടർന്നു. പോകുന്ന വഴിയിൽ മതിലുകളിൽ തമിഴ്‌ നടൻ വിജയ്‌യുടെ പോസ്റ്റർ ഒക്കെ ഒട്ടിച്ചിരിക്കുന്നത് കണ്ടു. വിജയ് ഫാൻസ്‌ ഒക്കെ അവിടെയും ഉണ്ടെന്നു മനസ്സിലായി. ഞങ്ങൾ നടന്നുനടന്ന് ബീച്ചിനു സമീപത്തെത്തി. നല്ല കാറ്റായിരുന്നു അവിടെ. കുറേയാളുകൾ അവിടത്തെ പാലത്തിൽ നിന്നുകൊണ്ട് മീൻ പിടിക്കുന്നുണ്ടായിരുന്നു. കുറച്ചുസമയം അവിടെയൊക്കെ ചിലവഴിച്ച ശേഷം ഒരു ഓട്ടോറിക്ഷ പിടിച്ച് ഞങ്ങൾ താമസ സ്ഥലത്തേക്ക് തിരികെ യാത്രയായി. ഞങ്ങൾ താമസിക്കുന്ന ഹോട്ടലിനു സമീപത്തായി ഒരു 7D തിയേറ്റർ ഉണ്ടായിരുന്നു. കുട്ടികളുമായിട്ടൊക്കെ പോകുന്നവർക്ക് ഇവിടെ കയറി നന്നായി എന്ജോയ് ചെയ്യാവുന്നതാണ്. 250 രൂപയാണ് ഒരാൾക്ക് ഷോ കാണുവാനായി ഇവിടത്തെ ചാർജ്ജ്. സംഭവം കിടിലനാണ്. അത് നിങ്ങൾ കണ്ടുതന്നെ മനസ്സിലാക്കണം. ഒരിക്കലെങ്കിലും ഇത് നിങ്ങൾ ഒന്ന് ട്രൈ ചെയ്തു നോക്കേണ്ടതാണ്.

അങ്ങനെ ഞങ്ങൾ ഹോട്ടലിലേക്ക് കയറി. ഡിന്നർ ഞങ്ങൾ ഹോട്ടലിൽ നിന്നുതന്നെ കഴിച്ചു. അതിനിടെ ഹോട്ടലുകാർ ഞങ്ങൾക്ക് വൈഫൈ സൗകര്യം തരാമെന്നു പറഞ്ഞു. ബ്രോഡ് ബാൻഡ് ആയിരിക്കണം അവിടത്തെ നെറ്റ്. അല്ലാതെ വേറെ മാർഗ്ഗമൊന്നും ഇല്ലല്ലോ. എന്തായാലും നെറ്റ് കിട്ടിയിട്ടു വേണം മെയിലും യൂട്യൂബും ഫേസ്ബുക്കും ഒക്കെ ചെക്ക് ചെയ്യുവാൻ. അങ്ങനെ അന്നത്തെ പരിപാടികൾ ഒക്കെ അവസാനിപ്പിച്ച് ഞങ്ങൾ റൂമിലേക്ക് കയറി. ഇനി ബാക്കി കറക്കമെല്ലാം നാളെ…