തമിഴ്‌നാട്ടിലെ ഒരു ആദിവാസി ഊരും കൃഷി സ്ഥലവും കാണാൻ പോയാലോ?

ആനക്കട്ടിയിലെ SR ജംഗിൾ റിസോർട്ടിൽ നിന്നുള്ള കാഴ്ചകളാണ് ഇപ്പോൾ നിങ്ങൾ കണ്ടുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയിലെ കിടിലൻ ജീപ്പ് യാത്രയുടെ ത്രിൽ രാവിലെ എഴുന്നേറ്റിട്ടും ഉള്ളിൽ നിന്നും പോകുന്നില്ല. ഹണിമൂൺ സ്യൂട്ടിലെ താമസമെല്ലാം ആസ്വദിച്ച ഞങ്ങൾ ഇനി ഇന്ന് കോർപ്പറേറ്റ് സ്യൂട്ടിലേക്ക് ആണ് പോകുന്നത്. നാലോ അഞ്ചോ ആളുകൾക്ക് ഒരുമിച്ച് താമസിക്കുവാൻ സാധിക്കുന്ന ഒരു സ്യൂട്ടാണിത്.

രാവിലെതന്നെ ഞങ്ങൾ റെഡിയായി റൂമിൽ നിന്നും പുറത്തേക്ക് ഇറങ്ങി. സലീഷ് അവിടെ ഒരു കുതിരയുമായി ഞങ്ങളെ കാത്ത് നിൽക്കുന്നുണ്ടായിരുന്നു. അമീറ എന്ന് പേരുള്ള ഒരു കുതിരയായിരുന്നു അത്. എന്നെ സലീഷ് കുതിരപ്പുറത്ത് കയറ്റി. ഏതാണ്ട് 24 വയസ്സുള്ള അമീറ കാഴ്ചയിൽത്തന്നെ സുന്ദരിയും ആരോഗ്യവതിയുമായിരുന്നു. കുതിരപ്പുറത്തു തന്നെയായിരുന്നു കോർപ്പറേറ്റ് സ്യൂട്ടിലേക്ക് എൻ്റെ യാത്രയും. കിംഗ് ഓഫ് ജംഗിൾ എന്നായിരുന്നു കോർപ്പറേറ്റ് സ്യൂട്ടിന്റെ പേര്. ഒരുകണക്കിന് കുതിരപ്പുറത്തു നിന്നും ഇറങ്ങി സ്യൂട്ടിലേക്ക് നടന്നു.

ഇതിന്റെ മുന്നിൽ തന്നെ ക്യാമ്പ് ഫയർ സെറ്റപ്പുകൾ ഒക്കെയുണ്ട്. തൊട്ടപ്പുറത്തായി ബാച്ചിലേഴ്‌സ് സ്വിമ്മിങ് പൂളും ഉണ്ട്. കോർപ്പറേറ്റ് സ്യൂട്ടിലെ നാലാം നമ്പർ റൂമിലായിരുന്നു ഞങ്ങളുടെ അന്നത്തെ താമസം. റൂമിനകത്ത് നല്ല സൗകര്യമുണ്ടായിരുന്നു. രണ്ടു ഡബിൾ കട്ടിലുകളിലായി നാലുപേർക്ക് സുഖമായി കിടക്കാം. കൂടാതെ എക്സ്ട്രാ ബെഡ് ഇടുന്നതിനായി ധാരാളം സ്ഥലവും ഉണ്ട് റൂമിൽ. റൂമുകളുടെ വരാന്തയിൽ ഇരിക്കാനുള്ള സൗകര്യങ്ങളൊക്കെയുണ്ട്. റൂമിൽ വന്നു ഞങ്ങൾ കുറച്ചു സമയം വിശ്രമിച്ചു. വിശ്രമത്തിനു ശേഷം ഞങ്ങൾ ഇന്നത്തെ പരിപാടികൾക്കായി ഇറങ്ങി.

ഇവിടെ അടുത്തായി ഒരു കൃഷി സ്ഥലമുണ്ട്. ഇന്ന് അവിടേക്കാണ് ഞങ്ങളുടെ യാത്ര. പുത്തൻ മഹീന്ദ്ര ഥാർ ജീപ്പുമായി സലീഷ് പോകുവാൻ റെഡിയായി നിൽക്കുകയായിരുന്നു. സലീഷ് കറുത്ത മുണ്ടൊക്കെ ധരിച്ച് ഒരു നാട്ടിൻപുറത്തുകാരനെപ്പോലെയാണ് വന്നിരിക്കുന്നത്. തമിഴ്‌നാടൻ ഗ്രാമക്കാഴ്ചകൾ കണ്ടുകൊണ്ട് ഞങ്ങൾ യാത്ര തുടർന്നു. പോകുന്ന വഴിയിൽ കോയമ്പത്തൂരിലെ ഒരു കോളേജിലെ NSS വിദ്യാർത്ഥികൾ സ്വച്ച് ഭാരത് കാമ്പെയിനിന്റെ ഭാഗമായി അവിടെ ഒരു ഗ്രാമത്തിൽ ടോയ്‌ലറ്റ് ഉപയോഗത്തെക്കുറിച്ചും മറ്റും ബോധവൽക്കരണം നടത്തുന്നത് കണ്ടു. അവരുമായി കുറച്ചു സമയം ഞങ്ങൾ സംസാരിച്ച ശേഷം വീണ്ടും യാത്ര തുടർന്നു.

അങ്ങനെ ഞങ്ങൾ പോകുവാനുദ്ദേശിച്ച സ്ഥലത്തെത്തിച്ചേർന്നു. സലീഷിന്റെ പരിചയക്കാർ ആയിരുന്നു അവിടെയൊക്കെ. വളരെ ദൈവീകമായിട്ടാണ് ഇവർ ഇവിടെ കൃഷി ചെയ്യുന്നത്. അതുകൊണ്ട് ഇവിടത്തെ കൃഷിസ്ഥലങ്ങളിൽ ഇറങ്ങുമ്പോൾ ആരും ചെരിപ്പ് ധരിക്കാറില്ല. ഇവിടെ കാണാൻ വരുന്നവരും ആ രീതി പിന്തുടരുന്നു. സലീഷിനൊപ്പം ഞങ്ങൾ ഉൾഭാഗത്തേക്ക് നടത്തമാരംഭിച്ചു. ഒപ്പം കൃഷിസ്ഥലത്തെ പ്രധാനിയായ അണ്ണനും കൂടെയുണ്ടായിരുന്നു. ചന്ദന മരവും കോവയ്ക്കാ കൃഷിയുമൊക്കെ അവിടെ കാണാനായി. പോകുന്നവഴിയിൽ കണ്ട മാന്തോട്ടത്തിൽ നിന്നും ഒരു മാങ്ങ അവരുടെ അനുവാദത്തോടെ ഞങ്ങൾ പറിച്ചു. നല്ല അടിപൊളി ടേസ്റ്റ് ആയിരുന്നു. അതുകഴിഞ്ഞു ‘പാലക്കാട് മാങ്ങ’ എന്ന ഇനം മാങ്ങയും അണ്ണൻ ഓരോ കുല വീതം ഞങ്ങൾക്ക് സമ്മാനിച്ചു. പറമ്പിൽ നിറയെ തെങ്ങുകളും ഉണ്ടായിരുന്നു. തേങ്ങയൊക്കെ അവിടിവിടങ്ങളിലായി വീണു കിടക്കുന്നത് കാണാമായിരുന്നു. ഇവർക്ക് ആവശ്യമുള്ളപ്പോൾ പറമ്പിൽ വന്ന് ഈ തേങ്ങയൊക്കെ എടുത്തുകൊണ്ട് പോകും. ഇവിടത്തെ വാഴത്തോട്ടത്തിലൂടെയുള്ള നടത്തം വളരെ മനോഹരമാണ്.

കൃഷിസ്ഥലത്തെ കാഴ്ചകളൊക്കെ കണ്ടശേഷം ഞങ്ങൾ തിരികെ നടക്കുവാൻ തുടങ്ങി. തിരിച്ചു വരവിനിടെ ഒരുകൂട്ടം കുട്ടികൾ മാവിൽകയറി കളിക്കുന്ന കാഴ്ച കണ്ടു. ആ സമയത്ത് ഞങ്ങൾക്ക് ഞങ്ങളുടെ കുട്ടിക്കാലമാണ് ഓർമ്മ വന്നത്. ഞങ്ങൾ അവരുടെ അടുത്തേക്ക് നടന്നു. ക്യാമറയൊക്കെ കണ്ടപ്പോൾ കുട്ടികൾ ഉഷാറായി. ശ്രീരാമൻ, മഹേന്ദ്രൻ, വിഷ്ണു, കന്തസ്വാമി, വരുൺ, ഈശ്വരൻ, കൗശിക് എന്നിങ്ങനെ പുരാണങ്ങളിലെ പേരുകളായിരുന്നു അവർക്ക്. അവരിൽ രണ്ടു കുട്ടികൾ മാവിൽക്കയറി ഞങ്ങൾക്കായി മാങ്ങ പറിച്ചു തന്നു. കൂട്ടത്തിൽ ഓമനത്തം തുളുമ്പുന്ന മുഖാമുള്ള വിഷ്ണു എന്ന് പേരുള്ളവനായിരുന്നു ഏറ്റവും ചെറുത്. അവരുമായി കുറേസമയം ചെലവഴിച്ച ശേഷം ഞങ്ങൾ അവിടെ നിന്നും തിരികെ യാത്രയായി. സത്യമായിട്ടും മനസ്സു നിറഞ്ഞിരുന്നു. അത്ര സ്നേഹമുള്ളവരാണ് ഇവരൊക്കെ… ഇവരോടൊപ്പം ചിലവഴിച്ച ഈ നിമിഷങ്ങളായിരിക്കും ഈ യാത്രയുടെ ഓർമ്മകളിൽ എന്നും മുന്നിൽ നിൽക്കുന്നത്.

തിരികെ റിസോർട്ടിലെത്തിയ ഞങ്ങൾ ആദ്യം ഊണ് കഴിച്ചു. നല്ല ചൂടുള്ള സമയമായിരുന്നതിനാൽ ഊണ് കഴിഞ്ഞു കുറച്ചു വിശ്രമിച്ച ശേഷം ഞങ്ങൾ പൂളിലേക്ക് ഇറങ്ങി. ആ സമയത്ത് പൂളിനും പരിസരത്തും ആരുംതന്നെ ഉണ്ടായിരുന്നില്ല. പൂളിലെ കുളിയൊക്കെ കഴിഞ്ഞു ഞങ്ങൾ റൂമിലേക്ക് മടങ്ങി. ഇനി കുറച്ചു സമയം ഒന്നുറങ്ങണം. അതിനു ശേഷം ഇത്രയും ദിവസം താമസിച്ച് മനോഹരമായ ഓർമ്മകൾ സമ്മാനിച്ച SR ജംഗിൾ റിസോർട്ടിനോടും സലീഷിനോടും യാത്ര പറയണം. അതെ.. ഞങ്ങൾ തിരികെ പോകുകയാണ്. സത്യത്തിൽ അവിടുന്ന് തിരികെ പോരാൻ മനസ്സു വരുന്നുണ്ടായിരുന്നില്ല. എങ്കിലും ഞങ്ങൾ എല്ലാവരോടും യാത്ര പറഞ്ഞുകൊണ്ട് ഇറങ്ങി. എന്റെ ഇത്രയും വീഡിയോകളിൽ തിളങ്ങി നിന്ന SR ജംഗിൾ റിസോർട്ടിലേക്ക് നിങ്ങൾക്കും പോകണമെന്ന് തോന്നുന്നുണ്ടോ? എങ്കിൽ ഇനി അടുത്ത യാത്ര കൂട്ടുകാരോടൊപ്പമോ ഫാമിലിയോടൊപ്പമോ ആയിക്കൊള്ളട്ടെ.. എന്തായാലും ഇവിടേക്ക് പ്ലാൻ ചെയ്യുക. വന്ന് ആസ്വദിച്ചിട്ടു മനസ്സു നിറച്ചു പോകുക.. SR ജങ്കിൾ റിസോർട്ട് ബുക്കിംഗിനും കൂടുതൽ വിവരങ്ങൾക്കും വിളിക്കുക: 8973950555.