ഇതൊരു ഒന്നൊന്നര “ആനക്കാര്യം” : മരിയൻ കോളേജിലെ NSS യൂണിറ്റിൻ്റെ ത്രിദിന ക്യാമ്പ്

“അതിത്ര ആനക്കാര്യമാണോ..?” അപ്രധാനമായ കാര്യങ്ങളെ സൂചിപ്പിക്കാൻ സാധാരണയായി നാട്ടിൻ പുറങ്ങളിൽ ഉപയോഗിക്കുന്ന ഒരു ശൈലിയാണ് ഇത്. പേരിൽ ആന ഉണ്ടെങ്കിലും, ഉദ്ദേശിക്കുന്നത് ആനയെ അല്ല. പക്ഷെ ഇന്ന് അത് ഒരു കോളേജ് അവിടുത്തെ NSS യൂണിറ്റ് ന്റെ ഈ പാഠ്യവർഷത്തിലെ ആദ്യ ത്രിദിന ക്യാമ്പ് “ആനക്കാര്യം” എന്ന പേരിൽ വിജയകരമായി നടത്തി കഴിഞ്ഞു.

“ഇതിലെന്തിത്ര ആനക്കാര്യം ഇരിക്കുന്നു.. ഒരു കോളേജ് ആയാൽ NSS യൂണിറ്റും ക്യാമ്പും അതിനു പേരിടീലും ഒക്കെ സാധാരണം അല്ലെ..?” എന്ന് ചോദിക്കുന്നവർക്ക് ഒരുത്തരം. കോളേജായാൽ NSSഉം ക്യാമ്പും ഒക്കെ സാധാരണം തന്നെയാണ്. പക്ഷെ “ആനക്കാര്യം” എന്ന ഈ പുതിയ പേര് കുറച്ച് അസാധാരണമാണ്. കാരണം ഒന്ന് ഈ ശൈലി ഇത് വരെ ഉപയോഗിച്ചിട്ടുള്ളത് അപ്രധാനമായ കാര്യങ്ങളെ ചെറുതാക്കി കാണിക്കാൻ മാത്രമാണ്. അല്ലാതെ ഒരിക്കലും പ്രധാനപ്പെട്ട കാര്യങ്ങളെ വലുതാക്കി കാണിക്കാൻ ഉപയോഗിക്കുന്നതായി സാധാരണ നമ്മൾ കാണാറില്ല..

കാര്യം “ആനക്കാര്യം” എന്ന പേരിൽ “ആന” ഉണ്ടെങ്കിലും ഇത് വരെ ആനയെപ്പറ്റി പറയാൻ ഈ ശൈലി ഉപയോഗിക്കുന്നത് പതിവില്ലാത്ത ഒന്നാണ്. അവിടെയാണ് ഇതൊരു “ആനക്കാര്യമായി” മാറുന്നത്. കാരണം ഒരു NSS യൂണിറ്റ് ആനകൾക്ക് കൂടെ വേണ്ടി ഒരു ക്യാമ്പ് നടത്തുമ്പോ അതിന് “ആനക്കാര്യം” എന്നല്ലാതെ പിന്നെ ഏത് പേരാണ് അനുയോജ്യമാവുക.

“ആഹ് ഇപ്പൊ കൊള്ളാം തരക്കേടില്ല, ആനക്കാര്യം ഒരു ഗും ഒക്കെയുണ്ട്.. ആട്ടെ ആനകളെ നോക്കാനും പരിപാലിക്കാനും ഒക്കെ വേണ്ടി ആനപ്പണിക്കാരും സർക്കാർ വകുപ്പും ഒക്കെ ഇല്ലേ, ആനയ്ക്ക് വേണ്ടത് എന്തൊക്കെ ആന്ന് ഒക്കെ അവർക്കല്ലേ അറിയൂ വെറുതെ എന്തിനാ ഈ പിള്ളേര് കൂട്ടം ആയിട്ട് ചെന്ന് ആനയെ ചൊടിപ്പിച്ചു വല്ല അപകടവും ഒണ്ടാക്കി വെക്കുന്നേ? ” – എന്റെ സാറേ.. ഇത് സാറുദ്ദേശിക്കുന്ന ആനയല്ല.. ഇതു വേറെ ആന. ഇത് നാല് കാലൊള്ള ആനയല്ല. ആറ് വീലൊള്ള ആനയാ.. നമ്മടെ കേസാർറ്റീസി ഇല്ലേ.. നമ്മടെ സ്വന്തം ആനവണ്ടീന്ന്..

തിരുവിതാംകൂർ സ്റ്റേറ്റ് ട്രാൻസ്പോർട്ട് ഡിപാർട്ട്മെന്റ് എന്ന പേരിൽ തിരുവിതാംകൂർ രാജ്യത്തിന്റെ ഗതാഗത ആവശ്യങ്ങൾ നിറവേറ്റുന്നതിന് സർക്കാർ ആരംഭിച്ച കെ.എസ്.ആർ.ടി.സി. എന്ന കേരളത്തിലെ ആദ്യ പൊതുമേഖലാ ബസ് കമ്പനി വളരെ വേഗം നിരത്തുകളിൽ നിന്ന് ജനമനസുകളിലേക്ക് യാത്ര തുടരുകയാണ് എന്ന് വ്യക്തമായി കാണിക്കുന്ന ഒരു ഉദാഹരണം മാത്രമാണ് ഇടുക്കി ജില്ലയിലെ , ഹൈറേഞ്ചിലെ പ്രധാനപ്പെട്ട ഹിൽസ്റ്റേഷൻ ആയ കുട്ടിക്കാനത്തിന്റെ ഹൃദയമായ മരിയൻ കോളേജിലെ NSS യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 2019-20 കലാലയ വർഷത്തിലെ പ്രവർത്തനങ്ങളുടെ തുടക്കമായി പുതിയ കുട്ടികൾക്ക് ഒറിയന്റേഷൻ നൽകാൻ സംഘടിപ്പിച്ച ത്രിദിന ക്യാമ്പ്..

ഇടതടവില്ലാത്ത മഞ്ഞും, മഴയും ഒപ്പം ചുരം കേറിയും ഇറങ്ങിയും വന്നു പോകുന്ന ആനവണ്ടികളും കാറ്റും തഴുകി പോകാത്ത കുട്ടിക്കാനം പൂർണമല്ലന്ന് ഒരു 10 മിനിറ്റ് ഇവിടെ കുട്ടിക്കാനത്ത് വന്നു നിക്കുന്ന ഏതൊരാൾക്കും പെട്ടന്ന് മനസിലാവും. പ്രകൃതിയോട് അടുത്ത നിൽക്കുന്ന കുട്ടിക്കാനം പുറത്തു നിന്നെത്തുന്ന സഞ്ചാരികളെയും, വിദ്യാർത്ഥികളെയും ഒരു പോലെ ഡബിൾ ബെല്ലടിച്ചു സ്വീകരിച്ചിട്ടെ ഒള്ളു. അതിനു കണ്ണികളായി നിത്യേന പ്രവർത്തിക്കുന്നത് നമ്മടെ സ്വന്തം ആനവണ്ടി ആകുമ്പോ കുറച്ചു കൂടുതൽ സ്നേഹം ആ ഭാഗത്തോട്ടും പോകുന്നത് സ്വാഭാവികമാണല്ലോ..

മണ്ണിനോടും, മഴയോടും മല്ലടിച്ചു ജീവിക്കുന്ന കുട്ടിക്കാനത്തുകാർക്ക് ഇടുങ്ങിയ വഴി കേറി ഉൾഗ്രാമങ്ങളിലേക്ക് എത്തിക്കുന്ന ജീപ്പ് കഴിഞ്ഞാ പിന്നെ ചെറുതും വലുതുമായ എല്ലാ യാത്രകൾക്കും എപ്പഴും കൂടെയുള്ള ആനവണ്ടിയോട് ഇഷ്ടം കുറഞ്ഞു പോയാലെ അത്ഭുതപ്പെടേണ്ട കാര്യമുള്ളു. മഞ്ഞിന്റെ മൂടുപടത്തിൽ ഒതുങ്ങി കൂടി ഒളിച്ചിരുന്ന കുട്ടിക്കാനത്തിനെ സഞ്ചാരികളുടെ പ്രിയതോഴിയാക്കിയതിൽ കുട്ടിക്കാനത്തെ മരിയൻ കോളേജിന് ഉള്ള പങ്ക് ചെറുതല്ല..

1995 ൽ സ്ഥാപിക്കപ്പെട്ട കോളേജിൽ വിവിധ ആവശ്യങ്ങൾക്ക് വേണ്ടി വന്നവരും, പഠനത്തിനും മറ്റും ഇവിടെ നിന്നവരും ആയ ആളുകളിലൂടെ ഒക്കെ കേട്ടും അറിഞ്ഞും ആളുകൾ ആനവണ്ടിയും പിടിച്ചു ചുരം കേറി ഇങ്ങെത്താൻ തുടങ്ങി. കുട്ടിക്കാനത്തിന്റെ സാമ്പത്തീക സ്ഥിതിയും പ്രശസ്തിയും കോളേജിനൊപ്പം വളർന്നു. ഒപ്പം കൂട്ടുതൽ പേരെ എത്തിക്കാൻ കൂടുതൽ ആനവണ്ടികളും കുട്ടിക്കാനം വഴി പറന്നു നടന്നു. ഇന്ന് കുട്ടിക്കാനത്തെയും തൊട്ടടുത്ത പീരുമേട്ടിലെയും പാമ്പനാറിലെയും 10 ഓളം വരുന്ന വലിയ പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 10000 ഓളം വരുന്ന ഉദ്യോഗാർത്ഥികൾക്കും, സർക്കർ ഓഫീസുകൾ ഉൾപ്പെടെയുള്ള ഓഫീസുകളിലെ ജീവനക്കാർക്കും ഒക്കെ പ്രധാന യാത്രാ മാർഗം ആനവണ്ടി തന്നെ.. അപ്പൊ പിന്നെ ഒരു NSS ക്യാമ്പ് അതിന്റെ പ്രധാന ഉദ്ദേശ്യം ആനവണ്ടിക്ക് വേണ്ടി മാറ്റി വെക്കുന്നതിന്റെ സാംഗത്യം വ്യക്തമാണല്ലോ.

എല്ലാ വർഷവും ഊർജ്ജസ്വലമായ കർമരിപാടികളുമായി മരിയൻ കോളേജിലെ NSS യൂണിറ്റ് എല്ലാ വർഷവും സമൂഹത്തിന്റെ മുഖ്യധാരയിൽ കർമനിരതമാണ്. പക്ഷെ ഇത്തവണത്തെ പ്രവർത്തന പരിപാടികളുടെ തുടക്കം കുറച്ചു വ്യത്യസ്തമാണ്. ‌2019 ഓഗസ്റ്റ് 2 ന് തുടങ്ങിയ ത്രിദിന ക്യാമ്പിനു “ആനക്കാര്യം” എന്ന പേര് നൽകിയതിൽ തുടങ്ങുന്നു ഈ വ്യത്യസ്തത. എല്ലാ വർഷത്തേയും പോലെ സാമൂഹിക ഇടപെടലുകളുടെ ഭാഗമായി ഉള്ള പാലിയേറ്റിവ് കെയറിങ്ങും, പരിസര ശുചീകരണ യത്നവും, ബോധവൽക്കരണപരിപാടികളും ഇത്തവണയും നടത്താൻ തന്നെയാണ് മുഖ്യതീരുമാനം. എന്നാൽ അതിന് ഒക്കെ തുടക്കം കുറിച്ചു കൊണ്ട് നമ്മടെ സ്വന്തം ആനവണ്ടിയെ സംരക്ഷിക്കുന്നതിനും, പൊതുഗതം ശീലമാക്കുന്നതിനും വേണ്ടി ” ആനക്കാര്യം ” എന്ന പേരിൽ ക്യാമ്പ് സംഘടിപ്പിച്ചു കഴിഞ്ഞു.

‌108 ഓളം വിദ്യാർത്ഥികൾ കോർഡിനേറ്റർമാരുടെയും, ഓഫീസർമാരുടെയും നേതൃത്വത്തിൽ അടുത്ത KSRTC ഡിപ്പോ ആയ കട്ടപ്പനയിൽ എത്തിയാണ് പരിപാടികൾക്ക് തുടക്കം കുറിച്ചത്. കട്ടപ്പന മുനിസിപ്പൽ ചെയർമാൻ ശ്രീ.ജോയ്.വെട്ടിക്കുഴി ഉത്ഘാടനകർമം നിർവഹിച്ച പരിപാടി തുടർന്ന് യാത്രകൾക്ക് പൊതുഗതമാർഗങ്ങളെ ഉപയോഗിക്കുന്നത് വഴി പൊതുമേഖലയെ ശക്തിപ്പെടുത്തുന്നതിന്റെ ആവശ്യകതയെ പറ്റിയും, പൊതുഗതാഗത സ്ഥാപനനങ്ങൾക്കും വാഹനങ്ങൾക്കും എതിരെ ഹർത്താൽ, ബന്ദ് പോലെയുള്ള വിഷയങ്ങൾ മറയാക്കി നടത്തുന്ന അക്രമങ്ങൾ മൂലം ഉണ്ടാകുന്ന ഭവിഷ്യത്തിനെ പറ്റിയും ബോധവൽക്കരണം നടത്തുന്നതിന് ശ്രദ്ധേയ പങ്കു വഹിച്ചു.

കട്ടപ്പന ഡിപ്പോയിലെ ബസ്സുകൾ വോളെന്റേർസ് കഴുകി വൃത്തിയാക്കി. കട്ടപ്പന ഡിപ്പോയും പരിസരവും, ബസ്സ് സ്റ്റാന്റും, കുട്ടിക്കാനം ടൗണും വോളെന്റേർസ് ന്റെ നേതൃത്വത്തിൽ തന്നെ ശുചിയാക്കുകയും ചെയ്തു. കമ്മ്യൂണിറ്റി ഡെവലപ്പ്മെന്റിന്റെ ഭാഗമായ പാലിയേറ്റിവ് കെയറിങ്ങിനും, പരിസര ശുചീകരണത്തിനും സമയം കണ്ടെത്തിയ പ്രോഗ്രാം “പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുക, ഇന്ധനഉപയോഗം കുറയ്ക്കുക” എന്ന മുദ്രാവാക്യം മുന്നോട്ട് വെച്ച് കട്ടപ്പനയിൽ ഫ്ലാഷ് മോബ്ബും നടത്തിയാണ് സമാപിച്ചത്. പരിപാടികൾക്ക് NSS വോളന്റീർസ് സെക്രട്ടറിമാരായ അരുൺ എസ്, പി.എസ്.ശ്രുതി എന്നിവർ നേതൃത്വം നൽകി.

ആനവണ്ടിയെ വഴിയിൽ കണ്ടാൽ പേടിച്ചു വഴി മാറുന്ന ഒരു സംസാകാരത്തിന് മുന്നിയ വേറിട്ട മുഖമായി ഈ NSS ക്യാമ്പ്. ‌തീരാബാധ്യതകൾക്കിടയിലും സാധാരണക്കാരുടെ സ്വപ്നങ്ങൾക്ക് ചിറക് വിരിച്ചു കൊടുത്ത് പറക്കുന്ന KSRTC ബസ്സ് വഴിയിൽ അപകടത്തിൽ പെട്ട് കിടന്നവരേയും, യാത്രാ മദ്ധ്യേ അസുഖം കൂടിയവരേയും കൃത്യ സമയത്ത് ആശുപത്രികളിൽ എത്തിച്ചു കയ്യടി നേടിയ വാർത്തകൾ ഈയിടെ ആയി സാധാരണമാണ്. സാധാരണക്കാരുടെ പ്രിയപ്പെട്ട മിത്രമായ KSRTC യ്ക്ക് ആ ബന്ധം കുറച്ചുകൂടെ ഊഷമളമാക്കുന്നതിൽ മരിയൻ കോളേജിലെ NSS ക്യാമ്പിന്റെ ‌”ആനക്കാര്യം” ചെറുതല്ല. ഇതൊരു ഒന്നൊന്നര “ആനക്കാര്യം” തന്നെയാണ് സാർ..

വിവരണം – ശ്രീജിത്ത് ആർ.