അഞ്ചുരുളി ടണൽ വഴി പച്ചപ്പിൽ പുതച്ച് കിടക്കുന്ന വാഗമണ്ണിലേക്ക്

തേക്കടിയ്ക്ക് അടുത്തുള്ള സ്‌പൈസസ് ലാപ് റിസോർട്ടിൽ നിന്നും ഞങ്ങൾ പോയത് വാഗമണിലേക്ക് ആയിരുന്നു. Foggy Knolls എന്ന റിസോർട്ടിൽ താമസിച്ചുകൊണ്ട് ഒരു ദിവസം ആസ്വദിക്കുവാൻ ആയിരുന്നു ഞങ്ങളുടെ പ്ലാൻ. അങ്ങനെ ഞങ്ങൾ തേക്കടിയിൽ നിന്നും കട്ടപ്പന വഴി യാത്രയായി.

പോകുന്ന വഴി അഞ്ചുരുളി ടണൽ എന്ന ബോർഡ് കണ്ടപ്പോൾ ഞങ്ങൾക്കൊരു ആഗ്രഹം, ടണൽ ഒന്ന് സന്ദർശിക്കണമെന്ന്. വിജനമായ വഴിയിലൂടെ ഞങ്ങൾ അഞ്ചുരുളി ടണൽ ലക്ഷ്യമാക്കി നീങ്ങി. കട്ടപ്പനയിൽ നിന്നും ഏലപ്പാറ വഴി 9 കി.മി. ദൂരം മാത്രമേ ഉള്ളൂ അഞ്ചുരുളിയിലേക്ക്. അവസാനം ഞങ്ങൾ സ്ഥലത്തെത്തിച്ചേർന്നു. അവിടെയൊരിടത്ത് കാർ പാർക്ക് ചെയ്തതിനു ശേഷം ഞങ്ങൾ അഞ്ചുരുളി ടണലിലേക്ക് നടന്നിറങ്ങി.

ഇടുക്കി ഡാമിന്റെ ഒരു വൃഷ്ടിപ്രദേശമായിരുന്നു അത്. ഇടുക്കി ഡാമിന്റെ ആരംഭം ഇവിടെ നിന്നാണ്. അവിടെ നിന്നും കുറച്ചുമാറി സ്ഥിതി ചെയ്യുന്ന ഇരട്ടയാർ ഡാമിൽ നിന്നും ഇടുക്കി ഡാമിലേക്ക് വെള്ളം കൊണ്ടുവരാനായാണ് ഈ തുരങ്കം നിർമ്മിച്ചിരിക്കുന്നത്.

1974 മാർച്ച് 10ന് നിർമ്മാണം ആരംഭിച്ച അഞ്ചുരുളി ടണൽ 1980 ജനുവരി 30ന് ഉദ്ഘാടനം ചെയ്തു. 5.5 കിലോമീറ്റർ നീളവും 24 അടി വ്യാസവുമുള്ള ടണൽ ഇരട്ടയാർ മുതൽ അഞ്ചുരുളി വരെ ഒറ്റ പാറയിൽ കോൺട്രാക്ടർ പൈലി പിള്ളയുടെ നേതൃത്വത്തിലാണ് നിർമിച്ചത്. രണ്ടിടങ്ങളിൽ നിന്നും ഒരേ സമയം നിർമ്മാണം ആരംഭിച്ച് കൂട്ടിയോജിപ്പിക്കുകയായിരുന്നു. നിർമ്മാണ കാലയളവിൽ 22 പേർ അപകടങ്ങളിൽ മരിച്ചു.

കല്യാണത്തണ്ട് മലയുടെ ഏറ്റവും ഉയരം കൂടിയ ഭാഗത്താണ് തുരങ്കം. ഇരട്ടയാറിൽ അണക്കെട്ട് നിർമിച്ച് അവിടെ നിന്നുള്ള വെള്ളം തുരങ്കത്തിലൂടെ അഞ്ചുരുളിയിലെ ഇടുക്കി ജലാശയത്തിലേയ്ക്ക് എത്തിക്കുന്നതാണ് പദ്ധതി. ഈ ജലാശയത്തിൽ അഞ്ച് മലകൾ നിരയായി ഉരുളി കമിഴ്ത്തിയതുപോലെ ഇരിക്കുന്നതിനാൽ ആദിവാസികളാണ് അഞ്ചുരുളി എന്ന പേരിട്ടത്. ഇടുക്കി അണക്കെട്ടിൽ വെള്ളം പൂർണമായി നിറയുമ്പോൾ ടണൽ മുഖത്തുവരെ വെള്ളം കയറും. അപ്പോൾ 1000 അടിക്കു മുകളിൽ വെള്ളമുണ്ടാകും.

വേനൽക്കാലത്ത് വെള്ളമിറങ്ങുമ്പോൾ അഞ്ച് ഉരുളികൾ കമിഴ്ത്തിവെച്ചതു പോലെ, അഞ്ച് തുരുത്തുകൾ, ജലത്തിനിടയിൽ നിന്നും ദൃശ്യമാകും. അങ്ങനെയാണത്രേ അഞ്ചുരുളി എന്നീ സ്ഥലത്തിനു പേരു വന്നത്.

ഇയോബിന്‍റെ പുസ്തകം എന്ന സിനിമ കണ്ടവര്‍ അതിൻ്റെ ക്ളൈമാക്സ് രംഗങ്ങൾ ഒന്നോർത്തു നോക്കൂ. അത് ചിത്രീകരിച്ചിരിക്കുന്നത് ഈ ടണലിലാണ്. കൂടാതെ മറ്റു ചില സിനിമകളിലും ലൊക്കേഷനായിട്ടുണ്ട് അഞ്ചുരുളി തുരങ്കം. മഴക്കാലത്ത് ഈ ടണലിൽ വെള്ളം ധാരാളമായി വർദ്ധിക്കുമെന്നതിനാൽ ആ സമയത്ത് ഇവിടേക്കുള്ള യാത്ര അപകടകരമായിരിക്കും എന്ന് സമീപവാസികൾ ഞങ്ങളോട് പറയുകയുണ്ടായി.

കുറച്ചു സമയം അഞ്ചുരുളിയിൽ കാഴ്ചകൾ ആസ്വദിച്ചു ചെലവഴിച്ച ശേഷം ഞങ്ങൾ വാഗമണിലേക്കുള്ള യാത്ര തുടർന്നു. കുറച്ചങ്ങോട്ടു ചെന്നപ്പോൾ വഴിയുടെ ഇരുവശവും തേയിലത്തോട്ടങ്ങൾ, പാറക്കെട്ടുകൾ തുടങ്ങിയ മനോഹരമായ കാഴ്ചകൾ കണ്ടുതുടങ്ങി. അവ വീഡിയോ പകർത്തുന്നതിനായി ഞാൻ ഡ്രൈവിംഗ് സീറ്റ് അനിയൻ അഭിയ്ക്ക് കൈമാറി. അങ്ങനെ ഞങ്ങൾ കാഴ്ചകൾ ആസ്വദിച്ചു കൊണ്ട് വാഗമണിലേക്ക് നീങ്ങി. ഇനി നേരെ Foggy Knolls റിസോർട്ടിലേക്ക്… Foggy Knolls Resort: 7510439000.