അങ്കമാലിയിൽ നിന്നും മണാലി വരെ ഹെർക്കുലീസ് സൈക്കിളിൽ… ‘എവിൻ രാജു’ അടിപൊളിയാണ്…

ഇന്ത്യ മുഴുവനും ചുറ്റി സഞ്ചരിക്കുന്ന, സഞ്ചാരം രക്തത്തിൽ അലിഞ്ഞു ചേർന്ന യാത്രാപ്രേമികൾ ഇന്ന് ധാരാളമാണ്. പ്രധാനമായും ബുള്ളറ്റ്, കാറുകൾ തുടങ്ങിയ വാഹനങ്ങളിലാണ് സാധാരണയായി സഞ്ചാരികളുടെ ഓൾ ഇന്ത്യ ട്രിപ്പുകൾ നടത്തപ്പെടാറുള്ളത്. ചിലർ ട്രെയിനും, ബസ്സുമൊക്കെ അടങ്ങിയ പൊതുഗതാഗത സംവിധാനം ഉപയോഗപ്പെടുത്തിയും ഇന്ത്യയെ അറിയുവാനുള്ള യാത്രകൾ നടത്താറുണ്ട്. എന്നാൽ ഇവരിൽ നിന്നെല്ലാം വ്യത്യസ്തനാകുകയാണ് അങ്കമാലിക്കാരനായ എവിൻ രാജു എന്ന യുവാവ്.

എന്താണ് എവിൻ രാജുവിനെ വ്യത്യസ്തനാക്കുന്നത് എന്നറിഞ്ഞാൽ ആരുമൊന്നു അമ്പരന്നു പോകും. കാരണം മറ്റൊന്നുമല്ല, സാധാരണക്കാരന്റെ വാഹനം എന്ന വിളിപ്പേരുള്ള പഴയ ഹെർക്കുലീസ് സൈക്കിളിലാണ് എവിൻ്റെ ഓൾ ഇന്ത്യ ട്രിപ്പ്. എല്ലാവരും ബൈക്കിലും കാറിലുമൊക്കെയായി പ്രതികൂലമായ കാലാവസ്ഥയെയും മറ്റു പ്രതിസന്ധികളെയുമൊക്കെ നേരിട്ടുകൊണ്ട് യാത്രകൾ പോകുമ്പോൾ, ഇവിടെയിതാ ഒരു പയ്യൻ കൂളായി പഴയ സൈക്കിളിൽ ഇന്ത്യയുടെ തെക്കേയറ്റത്തു നിന്നും അങ്ങ് വടക്കേയറ്റത്തേക്ക് ഒരു യാത്ര നടത്തി എന്നതാണ് എവിന്റെ സഞ്ചാരത്തെ വാർത്താ പ്രാധാന്യമുള്ളതാക്കുന്നത്.

2019 ജനുവരി 28 നു സ്വദേശമായ അങ്കമാലിയിൽ നിന്നും സൈക്കിളിൽ ആരംഭിച്ച യാത്ര കർണാടക, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത് വഴി രാജസ്ഥാനിൽ എത്തുകയും, അവിടെ നിന്നു ഡൽഹിയേക്കും പിന്നീട് ഹിമാചൽ പ്രദേശിലെ മണാലിയിലേക്കും ആയിരുന്നു. ഇത്രയും ദൂരം സൈക്കിളും ചവിട്ടി മണാലിയിൽ എത്തിയപ്പോൾ തീയതി മെയ് 11 ആയിരുന്നു. ഏതാണ്ട് നാലു മാസത്തോളമെടുത്താണ് എവിൻ അവിടെയെത്തിയത് എന്നു സാരം.

വളരെ ചെലവ് ചുരുക്കിയായിരുന്നു എവിന്റെ ഈ യാത്ര. സഞ്ചാരം സൈക്കിളിൽ ആയതുകൊണ്ട് ഇന്ധനത്തിനായി പണമൊന്നും മുടക്കേണ്ടി വന്നില്ല. യാത്രയെന്നു പറയുമ്പോൾ ചുമ്മാ വഴിയിലൂടെ സൈക്കിൾ റൈഡ് മാത്രമായി ഒതുങ്ങുന്നതായിരുന്നില്ല എവിന്റെ യാത്ര. പോകുന്ന സ്ഥലങ്ങളിലെ പ്രധാനപ്പെട്ട കാണേണ്ട സ്ഥലങ്ങളൊക്കെ സന്ദർശിച്ചു കൊണ്ടായിരുന്നു ഇങ്ങു കേരളം മുതൽ മണാലി വരെ എവിൻ എത്തിയത്.

ഒടുവിൽ മണാലിയിൽ എത്തിയപ്പോൾ എവിൻ്റെ കയ്യിലുണ്ടായിരുന്ന പണം തീർന്നു. പിന്നൊന്നും നോക്കിയില്ല, ആ ‘സഞ്ചാരി ഭീകരൻ’ അവിടെത്തന്നെ ഒരു ജോലിയ്ക്ക് ശ്രമിക്കുകയാണ് ഉണ്ടായത്. ഒടുവിൽ ജോലി ലഭിക്കുകയും ചെയ്തു, ഒന്നല്ല രണ്ടു ജോലികൾ. രാവിലെ എട്ട് മണി മുതൽ വൈകിട്ട് അഞ്ച് മണി വരെ റോഡ് പണിക്കാരുടെയൊപ്പം കല്ലുകെട്ട്, പിന്നെ വൈകീട്ട് ആറുമണി മുതൽ രാത്രി 11 മണി വരെ ഒരു ധാബയിൽ സഹായി. എങ്ങനുണ്ട് നമ്മുടെ മച്ചാൻ ആള് അടിപൊളിയല്ലേ?

വിചാരിക്കുന്ന പോലെ അത്ര എളുപ്പമായിരുന്നില്ല ഈ സൈക്കിൾ യാത്ര. യാത്രയ്ക്കിടയിൽ പലതരത്തിലുള്ള അനുഭവങ്ങൾ എവിനു നേരിടേണ്ടി വന്നിട്ടുണ്ട്. കയ്യിലുണ്ടായിരുന്ന ഒരു ക്യാമറാ ഫോൺ ചാന്ദ്നി ചൗക്കിൽ വെച്ച് ഏതോ ഒരു കള്ളനാൽ മോഷ്ടിക്കപ്പെട്ടതാണ് അതിൽ എടുത്തു പറയേണ്ടത്. ഫോൺ പോയപ്പോൾ അതിലെടുത്ത ചിത്രങ്ങളും വീഡിയോകളുമൊക്കെ അതിനൊപ്പം പോയതാണ് എവിനെ കൂടുതൽ വിഷമിപ്പിച്ചത്.

ഒടുവിൽ ഡൽഹിയിലുള്ള ഒരു സുഹൃത്തിന്റെ കൈയിൽ നിന്നും പഴയൊരു ഫോണും വാങ്ങിയാണ് എവിൻ യാത്ര തുടർന്നത്. മണാലിയിൽ എത്തിയപ്പോൾ ആ ഫോൺ കേടാകുകയും ചെയ്തു. ഇതോടെ കൈയിൽ ഫോൺ ഇല്ലാത്ത അവസ്ഥയായി. ഇപ്പോൾ വീട്ടുകാരെയും കൂട്ടുകാരെയുമൊക്കെ ബന്ധപ്പെടുന്നത് ധാബയിൽ കൂടെ ജോലിചെയ്യുന്ന ഒരാളുടെ ഫോൺ വഴിയാണ്.

മണാലിയിലെ കല്ലുകെട്ട് പണിയ്ക്ക് മര്യാദയ്ക്ക് കൂലി ലഭിക്കാത്തതുകൊണ്ട് ആ പണി തൽക്കാലം എവിൻ ഉപേക്ഷിക്കുകയും തൽസ്ഥാനത്ത് മറ്റൊരു ജോലിയ്ക്കായി അന്വേഷിച്ചു കൊണ്ടിരിക്കുകയുമാണ് ചെയ്യുന്നത്. മണാലിയിൽ നിന്നുകൊണ്ട് ജോലിചെയ്ത് ആവശ്യത്തിനു പണമുണ്ടാക്കിയ ശേഷം നേപ്പാൾ, ഭൂട്ടാൻ, ഇന്ത്യയുടെ വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലേക്കൊക്കെ പോകുക എന്നതാണ് എവിന്റെ അടുത്ത ലക്‌ഷ്യം. എന്തായാലും എവിന്റെ ആഗ്രഹങ്ങൾ പൂർത്തിയാകട്ടെ എന്നാശംസിക്കുന്നു.