‘അന്നെ ബോണി’ എന്ന ഉശിരുള്ള ഒരു കടൽ കൊള്ളക്കാരിയുടെ കഥ

ലേഖകൻ – ജെയിംസ് സേവ്യർ.

Anne McCormac അയർലണ്ടിലെ കൌണ്ടി കോർക്കിൽ കിൻസേൽഎന്ന പ്രദേശത്ത് 1700 കാലഘട്ടത്തിൽ ജനിച്ചു. വക്കീലായ William McCormac നു വേലക്കാരിയായ Mary Brennan ൽ ജനിച്ച കുട്ടിയായിരുന്നു അവൾ.എന്നാൽ പിന്നീട് ആനി ബോണി എന്നാണ് അറിയപ്പെട്ടത്.അന്നെയുടെ പിതാവ് തന്റെ ഭാര്യാ വീട്ടുകാരിൽ നിന്ന് അകന്ന് ലണ്ടനിലേക്ക് യാത്ര തിരിച്ചു. തന്റെ മകളെ ആണ്കുട്ടികളെ പോലെ വസ്ത്രം ധരിപ്പിച്ചാണ് വില്ല്യം നടത്തിയിരുന്നത്. അന്നെയെ വില്ല്യം ആൻഡി എന്നാണു വിളിച്ചിരുന്നത്. ഭാര്യാവീട്ടുകാർ വില്യമിനെ കണ്ടെത്തി.വില്ല്യം അന്നെയെയും ഭാര്യയേയും കൊണ്ട് കരോളിനാസ് എന്നാ സ്ഥലത്തേക്ക് നീങ്ങി.വില്ല്യം മക് കൊർമാക്ക് തന്റെ പേരിലെ ആദ്യ പദമായ മക് ഉപേക്ഷിച്ചു. ഒരു ഐറിഷ് കാരനായി പെട്ടന്ന് അറിയപ്പെടും എന്നുള്ളതായിരുന്നു അതിനു കാരണം.

ചാൾസ് ടൌണിലെ ആദ്യകാലത്തെ താമസത്തിനിടയിൽ വില്ല്യം കഷ്ടപ്പെട്ടു പോയെങ്കിലും നിയമത്തിലുള്ള അയാളുടെ പരിജ്ഞാനവും സാധനങ്ങൾ വാങ്ങുവാനും വിൽക്കുവാനുമുല്ല കഴിവും ടൌണിൽ ഒരു വീടും നഗരത്തിനു പുറത്ത് ഒരു തോട്ടവും നേടിയെടുക്കാൻ വില്ല്യമിനെ പര്യാപ്തനാക്കി. അന്നെക്ക് 12 വയസ്സുള്ളപ്പോൾ അമ്മയായ മേരി മരിച്ചു. എന്നാൽ ആ ജീവിതം അത്ര മെച്ചമല്ലായെന്നു കണ്ട് വില്ല്യം കൂടുതൽ ലാഭകരമായ മറ്റ് ബിസ്സിനസ്സിൽ എർപ്പെട്ട് സാമാന്യം നല്ലൊരു സമ്പത്ത് ഉണ്ടാക്കി.

ചുവന്ന തലമുടിക്കാരിയായ അന്നെ ആരുടേയും ശ്രദ്ധ പിടിച്ചു പറ്റുന്ന ഒരു സുന്ദരിയായിരുന്നു. എന്നാൽ ഒരു കുഴപ്പം അവൾ ഭയങ്കര ദേഷ്യക്കാരിയുമായിരുന്നു. 13 വയസ് പ്രായമുള്ളപ്പോൾ ഒരു വേലക്കാരി പെണ്കുട്ടിയെ മേശക്കത്തിക്ക് കുത്തുക പോലുമുണ്ടായി .

അന്നെ ഒരു ചെറിയ കടൽക്കൊള്ളക്കാരനായ ജയിംസ് ബോണിയെ വിവാഹം കഴിച്ചു. അങ്ങനെ അവൾ അന്നെ ബോണിയായി. ജയിംസ് അമ്മായിയപ്പനായ വില്ല്യമിന്റെ സമ്പത്ത് കൈയ്യിൽ വരുമെന്ന് പ്രതീക്ഷിച്ചിരുന്നു. പക്ഷെ അന്നെക്ക് ഒരു നയാപൈസപോലും കിട്ടിയില്ല. കലിപ്പ് മൂത്ത അന്നെ അപ്പന്റെ തോട്ടത്തിനു തീയിട്ടു. ഇതിനു ചരിത്രപരമായി എന്ത് സത്യമുണ്ടെന്ന് അറിയില്ല. എന്തെങ്കിലുമാകട്ടെ, അന്നെയും ജയിസും 1714 നും 1718 നും ഇടയിൽ Republic of Pirates എന്ന് അറിയപ്പെടുന്ന ന്യൂ പ്രോവിടൻസ് ഐലണ്ടിലെ നാസ്സോ എന്നാ സ്ഥലത്തേക്ക് വച്ചുപിടിച്ചു കടൽക്കൊള്ളക്കാരുടെ ഒരു വിഹാര ഭൂമിയായിരുന്നു ആ സ്ഥലം. അവിടത്തെ അന്തേവാസികൾ രാജാവിന്റെ ദയാ ദാക്ഷിണ്യം ലഭിച്ചവരോ നിയമ ലംഘകരോ ആയിരുന്നു . Governor Woodes Rogers ന്റെ വരവോടെ ജയിംസ് ഗവർണറുടെ ഒരു ഇൻഫോർമർ ആയി മാറി.

എന്നാൽ ബഹാമാസിലായിരുന്നപ്പോൾ ജയിംസ് ബോണി പ്രാദേശിക കടൽക്കൊള്ളക്കാരുമായി ഇടപഴകിയിരുന്നു. അതിനിടയിൽ അന്നെ Pirate sloop Revenge ന്റെ ക്യാപ്റ്റനായ John “Calico Jack” Rackham നെ കണ്ടുമുട്ടി. അവർ തമ്മിൽ പ്രണയത്തിലായി. അന്നത്തെ രീതിവച്ച് കാലിക്കോ ജാക്ക് അന്നെയുടെ വിവാഹ മോചനത്തിനായി നല്ലൊരു തുക ജയിംസിന് വാഗ്ദാനം ചെയ്തു. പക്ഷെ ജയിംസ് അത് നിരസിച്ചു. 1720 ൽ അന്നെ ജയിംസിനെ ഉപേക്ഷിച്ച് കാലിക്കൊയുടെ കൂടെ കൂടി. അവർക്ക് ക്യൂബയിൽ ഒരു കുട്ടിയുണ്ടായിരുന്നുവെന്നും അവനെയവർ ഉപേക്ഷിച്ചുവെന്നും ആ കുട്ടി അവരുടെ കൂടെ പോയിയെന്നുമുള്ള മറ്റ് പല കഥകളും കേൾക്കുന്നുണ്ട്.

അന്നെ ബോണി, കാലിക്കോ ജാക്കിന്റെ കൂടെ കൂടി ജയിംസിനെ ഉപേക്ഷിച്ച് കടൽക്കൊള്ള ജീവിതം തുടങ്ങി. കാലിക്കൊയും അന്നുയും കടലിൽ വച്ച് വിവാഹിതരായി. കാലിക്കൊയും അന്നെയും മറ്റൊരു കടൽക്കൊള്ളക്കാരിയായ മേരി റീഡും 1720 ആഗസ്റ്റിൽ അന്നെ വില്ല്യം എന്ന് പേരുള്ള ഒരു Sloop ന്റെ (വേഗതയുള്ള വളരെക്കുറച്ച് നാവികരെ ഉപയോഗിച്ച് കൈകാര്യം ചെയ്യാവുന്ന ഒരു കപ്പൽ ) സഹായത്തിനായി കാലിക്കൊയോടൊപ്പം കൂടി. ഒരു ഡസൻ പണിക്കാരോടോപ്പം അവർ ജമൈക്കൻ തീരങ്ങളിൽ വ്യാപാരക്കപ്പലുകൾ കൊള്ളയടിക്കാൻ തുടങ്ങി. റിവഞ്ച് എന്ന കപ്പൽ മോഷ്ടിച്ച് നാസ്സോ തുറമുഖത്ത് നങ്കൂരമടിച്ച് ഒരു കടൽ യാത്രക്ക് ഒരുങ്ങി. അവർ മൂവരും കടൽ ക്കൊള്ളയ്ക്കുള്ള ജോലിക്കാരെ റിക്രൂട്ട് ചെയ്തു.

ജമൈക്കക്കും പരിസര പ്രദേശങ്ങളിലും ജീവിതം ചിലവഴിച്ചവരായിരുന്നു അവരിൽ അധികവും. ചുരുങ്ങിയ മാസങ്ങൾ കൊണ്ട് കടൽക്കൊള്ളയിലൂടെ അവർ അതിഭീമമായ സമ്പത്ത് വാരിക്കൂട്ടി. തന്റെ കൂടെയുള്ള ആണുങ്ങളോടൊപ്പം നിന്ന് ഒരു പുരുഷനെപ്പോലെ അവൾ വീറോടെ പൊരുതി, അന്നെ സഹപ്രവർത്തകരുടെ ആദരവ് നേടിയെടുത്തു. The Boston News-Letter ൽ ഗവർണർ റോജേർസ് അന്നെയെ പിടിക്കപ്പെടേണ്ട ഒരു കടൽ ക്കൊള്ളക്കാരിയായിയുള്ള ഒരു സർക്കുലർ പ്രസിദ്ധപ്പെടുത്തി. അന്നെ ചരിത്രപരമായി ഒരു കടൽക്കൊള്ളക്കാരിയായി അറിയപ്പെടുന്നുവെങ്കിലും അവൾ സ്വന്തമായി ഒരു കപ്പലും നയിച്ചിരുന്നില്ല.

1720 നവംബർ 15 നു കാലിക്കോ ജാക്കും അംഗങ്ങളും ജമൈക്കയുടെ ഗവർണറായിരുന്ന Nicholas Lawes ന്റെ കീഴിലുള്ള Jonathan Barnet ന്റെ നാവികത്വത്തിലുള്ള ഒരു രാജകീയ കപ്പൽ ആക്രമിച്ചു. എന്നാൽ കാലിക്കോയുടെ കീഴിലുള്ള അംഗങ്ങൾ അമിതമായി മദ്യപിച്ചിരുന്നതുകാരണം അവർക്ക് കൂടുതൽ സമയം പിടിച്ചു നില്ക്കാൻ കഴിഞ്ഞില്ല. എന്നാൽ അന്നെയും മേരി റീഡും ധീരമായി പോരാടി ജോനാതന്റെ ട്രൂപ്പിനെ കുറച്ചു സമയം പിടിച്ചുനിർത്തി. കാലിക്കൊയും അംഗങ്ങളും ജോനാതന്റെ പിടിയിലായി. ജമൈക്കയിലെത്തിച്ച അവരെ തൂക്കിക്കൊല്ലാൻ ഗവർണർ ലോവസ് വിധിച്ചു.

തടവിലാക്കപ്പെട്ട കാലിക്കൊയോടു അന്നെ പറഞ്ഞ അവസാന വാക്കുകൾ ഇതായിരുന്നു ”നിങ്ങൾ ആണുങ്ങളെപ്പോലെ പൊരുതി. ഒരു പട്ടിയെപ്പോലെ തൂക്കിലേറ്റപ്പെടേണ്ടയാളല്ല നിങ്ങൾ”. കാലിക്കൊയുടെ വധത്തിനു ശേഷം അന്നെയും മേരി റീഡും അവർ ഗർഭിണികളാണെന്നു പറഞ്ഞു ദയാ വായ്പ്പിനപേക്ഷിച്ചു. ഇംഗ്ലീഷ് നിയമമനുസരിച്ച് അവരുടെ പ്രസവം കഴിയുന്നത് വരെ വധശിക്ഷ മാറ്റി വച്ചു. മേരി റീഡ് കുട്ടി പിറക്കുന്നതിനോടനുബന്ധിച്ചുള്ള ഒരു പനി പിടിപെട്ട് തടവറയിൽ വച്ച് മരിച്ചു.

പിന്നീട് ചരിത്രപരമായി അന്നേ ബോണി സ്വതന്ത്രയായോ അതോ വധശിക്ഷക്ക് വിധേയയായോ എന്നുള്ളതിനെക്കുറിച്ച് യാതൊരു വിവരവുമില്ല. പിന്നെയുള്ളത് ഊഹാപോഹം മാത്രമാണ്. അന്നെയുടെ പിതാവ് ധനം കൊടുത്ത് ജമൈക്കൻ ഗവർണർ ലോവസിൽ നിന്ന് അന്നെയെ സ്വതന്ത്രയാക്കിയെന്നും ഒരു വിർജീനിയക്കാരൻ Joseph Buerliegh നു കല്യാണം കഴിച്ചുകൊടുത്തുവെന്നും അയാളിൽ അന്നേക്ക് 8 കുട്ടികൾ പിറന്നുവെന്നും 80 വയസ്സുവരെ അന്നെ ബോണി ജീവിച്ചിരുന്നുവെന്നും പറയപ്പെടുന്നു.