‘ഏപ്രിൽ ഫൂൾ’ ജീവിതത്തിൽ വില്ലനായി കടന്നു വരുമ്പോൾ – ഒരു അനുഭവക്കുറിപ്പ്…

ഏപ്രിൽ ഒന്ന് – വിഡ്ഡിദിനം എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. ആർക്കും ആരെയും പറ്റിക്കാവുന്ന ദിവസം. വർഷത്തിൽ കിട്ടുന്ന ഒരേയൊരു ചാൻസ് മുതലാക്കുവാനുള്ള നെട്ടോട്ടത്തോടെയായിരിക്കും മിക്കയാളുകളും ഈ ദിവസം ആരംഭിക്കുന്നത്. എന്നാൽ ഈ ഏപ്രിൽ ഫുളുകൾക്കു പിന്നിൽ അപകടകരമായ ഒരു കാര്യമുണ്ട്. എന്തെങ്കിലും അത്യാവശ്യത്തിനു ഒരാളെ വിളിച്ചാൽ പറ്റിക്കുകയാണെന്ന കാര്യം പറഞ്ഞു വരാൻ വിസമ്മതിക്കും. പലയാളുകൾക്കും ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടാകും. അടിയന്തിര ഘട്ടങ്ങളിൽ ഏപ്രിൽ ഫൂൾ ഒരു വില്ലനായി തന്നെയാണ് കടന്നുവരുന്നത്. അത്തരത്തിലുള്ള ഒരനുഭവം പങ്കുവെക്കുകയാണ് ഫോട്ടോഗ്രാഫറും പൊന്നാനി സ്വദേശിയുമായ റസാഖ്. അദ്ദേഹത്തിൻ്റെ ഫേസ്‌ബുക്ക് കുറിപ്പ് ഇങ്ങനെ…

“ഇന്ന് ഏപ്രിൽ ഫൂളാണെന്നും എല്ലാ പ്രാവശ്യത്തെയും പോലെ ഈ വർഷവും ആര് വിളിച്ചാലും പറ്റിക്കപ്പെടരുത് എന്ന് മനസിൽ ഓർത്തയാണ് രാത്രി കിടന്നത്. പതിവ് തെറ്റിക്കാതെ രാവിലെ തന്നെ ഫോൺ റിങ് ചെയ്തപ്പോൾ എടുക്കാൻ അൽപ്പം മടിച്ചാണ് ഫോൺ എടുത്തത്. അപ്പുറത്തുനിന്നും ഒരു പെൺ ശബ്ദം – “റസാഖ് അല്ലെ? ബ്ലഡ് ഡോനെഷൻ ബുക്കിൽ നിന്നും നമ്പർകിട്ടി വിളിക്കുകയാണ്. അത്യാവിഷമായി ബ്ലഡ്‌ വേണായിരുന്നു. അർജന്റായി എടപ്പാൾ ഹോസ്പിറ്റലിലേക്ക് വരാമോ?” എല്ലാ വട്ടവും ഏപ്രിൽ ഫൂളിന് ഫ്രണ്ടുകളിൽ നിന്നും പറ്റിക്കപെടാറുള്ള ഞാൻ ഈ വർഷമെങ്കിലും പറ്റിക്കപ്പെടരുതെന്ന വാശിയോടെ അൽപ്പം ഗൗരവത്തിൽ പറഞ്ഞു “ഫോൺ വെച്ചിട്ടു പോ, എന്നെ ഫൂളാക്കാൻ നോക്കണ്ട” എന്ന്. അപ്പോഴേക്കും അപ്പുറത്തുള്ള സൗണ്ട് അൽപ്പം ഇടറിയിരുന്നു. എന്തുവന്നാലും ഫൂളാവില്ലാ എന്ന ഉറച്ചതീരുമാനത്തിനാൽ ഞാൻ ഫോൺ കട്ട് ചെയ്തു.

20 മിനിറ്റിനുശേഷം ആ നമ്പറിൽനിന്നും വീണ്ടുമൊരു കാൾ “ഏപ്രിൽ ഫൂളാക്കിയതല്ല ആരേയും കിട്ടിയില്ല വിളിച്ചവരൊക്കെ ഫൂളാകുകയാണെന്നും കരുതി വരുന്നില്ല ഇയാളിവിടെ അടുത്തല്ലേ ദയവുകരുതി ഒന്നുവരുമോ?” ആ വാക്കുകളിൽ ഫൂളാക്കുന്നതിന്റെ സ്വരം തെളിഞ്ഞു വന്നില്ല. പകരം നിസ്സാഹായതയുടെ ഇടറിച്ച വാക്കുകളിൽ കേൾക്കാമായിരുന്നു. പിന്നെ കിടന്ന് ഉറക്കം കിട്ടിയില്ല. ഒരുപക്ഷെ സത്യമാണെങ്കിൽ എന്നൊരു തോന്നൽ. രണ്ടും കല്പിച്ചു വരാമെന്നു സമ്മതം മൂളി. ഹോസ്പിറ്റൽ എത്തിയതും നമ്പറിൽ വിളിച്ചപ്പോൾ 19 – 20 വയസുതോണിക്കുന്ന ഒരു പെൺകുട്ടി നടന്നു വന്നു.

കാര്യം തിരക്കിയപ്പോൾ “ഉമ്മയുടെ ഓപ്പറേഷന് വേണ്ടിയാണ് ബ്ലഡ് എന്നും, ബ്ലഡ് ബാങ്കിൽ നിന്നും തല്ക്കാലം ബ്ലഡ് കിട്ടിയിട്ടുണ്ട്, പകരം ബ്ലഡ് നിങ്ങളുടെ കൊടുത്താൽ മതിയെന്നും, ഇന്ന് ഏപ്രിൽ ഫൂൾ ആയതുകൊണ്ട് രാവിലേ തന്നെ വിളിച്ചവരാരും തന്നെ ഫൂളാക്കുകയാണെന്ന കാരണത്താൽ വരാൻ വിസമ്മതിച്ചതാണ് വീണ്ടും നിങ്ങളെ വിളിച്ച് ബുദ്ധിമുട്ടിക്കാൻ കാരണമെന്നും” പറഞ്ഞപ്പോഴാണ് നമ്മൾ തമാശക്കുചെയ്യുന്ന പല ഫൂളാക്കലിലും ഇതുപോലുള്ള അത്യാവശ്യമായ പല കാര്യങ്ങളും ആളുകൾ വിശ്വസിക്കാതെ പോവുന്നുണ്ടെന്ന സത്യം മനസിലാക്കിയത്.

ഇത് പറഞ്ഞുവന്നത് ഞാൻ ബ്ലഡ് കൊടുത്തു എന്നുള്ളത് വലിയ കാര്യമായി എടുത്തുകാണിക്കാനല്ല. മറിച്ചു ചില സത്യങ്ങൾ ഏപ്രിൽ ഫൂൾ എന്ന ഈ ഡേയിൽ വിശ്വസിക്കാതെ പോവുന്നു എന്നത് പറയാൻ വേണ്ടി മാത്രമാണ്. ഇപ്പോൾ ആ നമ്പറിൽ നിന്നും വീണ്ടും കാൾ വന്നു. “സർജറി കഴിഞ്ഞു സുഖമായിരിക്കുന്നു വന്നതിനും ബ്ലഡ് തന്നതിനും നന്ദി.”