തിരുവനന്തപുരം ജില്ലയിലെ ‘അരിപ്പ’ വനമേഖലയിലേക്കുള്ള മൺസൂൺ ട്രെക്കിംഗ്…

വിവരണം – അഖിൽ സുരേന്ദ്രൻ അഞ്ചൽ.

നാടിനെ അറിഞ്ഞവൻ കാടിനെ അറിഞ്ഞാലോ?കേരളത്തിലെ പ്രശസ്തമായ കാടുകളുടെ പട്ടികയിൽ ഇടം നേടിയ തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പ്രശ്തമായ വനമേഖലകളിലൊന്നാണ് അരിപ്പ വനം. സുഹൃത്തുക്കൾക്കൊപ്പം അരിപ്പ വനമേഖലയിലേക്കുള്ള പ്രകൃതി മനോഹരമായ ട്രക്കിങ് അനുഭവമാണ് പ്രിയപ്പെട്ട യാത്രികരിലേക്ക് എത്തിക്കുന്നത്. പ്രകൃതി സ്നേഹികളായ നമ്മൾ സഞ്ചാരികൾ കാടിനെ അറിയുമ്പോൾ കിട്ടുന്ന മധുരമൂറുന്ന ചില അനുഭ സമ്പത്ത് ഉണ്ടല്ലോ എന്റെ ചങ്ങാതിമാരേ അവയൊന്നും ഹൃദയത്തിൽ നിന്ന് മായുന്നുമില്ല ഒരിക്കലും മറയുന്നുമില്ല.

കുളത്തുപ്പുഴ ടൗണിൽ നിന്ന് തിരുവന്തപുരം പോകുന്ന റൂട്ടിലാണ് പ്രകൃതിരമണീയമായ അരിപ്പ വനമേഖല സ്ഥിതി ചെയ്യുന്നത്. പ്രാദേശികമായി അരിപ്പ ‘അമ്മയമ്പലം പച്ച’ എന്ന പേരിലാണ് അറിയപ്പെടുന്നത്. ആയിരത്തിലധികം ഹൈക്ടർ വിസ്ത‍ൃതിയിലുള്ള ഈ വനം അപൂർവ്വങ്ങളായ സസ്യജന്തുജാലങ്ങൾകൊണ്ട് സമ്പന്നമാണ്. പക്ഷി നിരീക്ഷണത്തിനു പറ്റിയ വന മേഖലയാണ് ഇവിടം. പ്രകൃതി സ്നേഹികളായ സഞ്ചാരികൾക്കു ഇവിടെ തങ്ങാനും വനം ചുറ്റിനടന്നു കാണാനും കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് കോർപ്പറേഷൻ സൗകര്യമൊരുക്കിയിട്ടുണ്ട്. വിനോദ സഞ്ചാര രംഗത്ത് കേരളത്തിന്റെ ഏറ്റവും വലിയ പ്രത്യേകത എന്നു പറയുന്നത് നമ്മുടെ കാടുകൾ തന്നെയാണ്.

ഈ അവസരത്തിൽ നാട് ആറ് മാസം കാടാറ് മാസം എന്ന പഴഞ്ചൊല്ല് ഓർമ്മ വരുന്നു. ഞങ്ങൾ യാത്രികർ ഒരേ മനസ്സോടെയും ഒത്തുരുമ്മയോടു കൂടി കാട് കയറി. മൺസൂൺ കാലമായതിനാൽ ചെറിയ ചാറ്റൽ മഴയിൽ കാനനപാതയിലൂടെ സഞ്ചാരം തുടങ്ങി. യാത്രയിലെ ഞങ്ങളുടെ വഴികാട്ടിയും മാർഗ്ഗ നിർദേശിയും കുര്യൻ അച്ചായനാണ്. എനിക്ക് ഓർമ്മ വരുന്നത് മഹാഭാരത കഥയിൽ അർജുനന് ,ശ്രീകൃഷ്ണന് സാരഥിയായി തേര് തെളിച്ചതു പോലെ വഴികാട്ടിയായി മുന്നോട്ട് ഞങ്ങൾ യാത്രികരെ കൊണ്ട് അദേഹം പറന്ന് ഉയർന്നു.

പടുകൂറ്റൻ മരങ്ങളും, വിവിധയിനം പക്ഷികളും, ചിത്രശലഭങ്ങളും, കാട്ടാറും, കാട്ടരുവികളും പ്രത്യേകിച്ച് എടുത്ത് പറയേണ്ടത് ആ ആനയും നിറഞ്ഞ കാടിനുള്ളിൽ നാട്ടുക്കാരൻ അകപ്പെട്ട അവസ്ഥ ചിന്തിക്കുമ്പോൾ വനം ഒരു ധനം തന്നെയാണ് സുഹൃത്തുക്കളെ. പല ഭാഗങ്ങളിലായി കാടിനുള്ളിൽ ആനപ്പിണ്ടി കണ്ടു. പക്ഷേ കാട്ടാനെയെ കണ്ടില്ല. കാടിന്റെ കുളിർമ്മയും, ചില കുരുവികളുടെയും കാട്ടരുവികളുടെയും മനോഹരമായ കാഴ്ചകളും, ശബ്ദങ്ങളും ഞങ്ങൾ യാത്രികർക്ക് മുന്നോട്ട് ഉള്ള യാത്രയ്ക്ക് പ്രചോദനം കൂട്ടി.

കൊളയട്ടയുടെ ആക്രമണം ഞാൻ ഉൾപ്പടെ നിരവധി ചങ്ങാതിമ്മാർക്കും അനുഭവിക്കേണ്ടി വന്നു. രക്ത ദാഹിയായി അവൻ ഞങ്ങളെ ഓരോത്തരെയും വേട്ടയാടി കൊണ്ടേയിരുന്നു. കാനനപാതയിൽ കാടിനുള്ളിൽ ഒരു വീട് കണ്ടപ്പോൾ അത്ഭുതം തോന്നിയ നിമിഷങ്ങൾ.. അവിടെ നിന്ന് ദാഹജലവും വാങ്ങി, കുറച്ച് ഉപ്പും ശേഖരിച്ച് നടത്തം തുടങ്ങി. ഉപ്പ് വാങ്ങിച്ചത് നമ്മുടെ കൊളയട്ടയ്ക്കാണേ. അവൻ കടിക്കുമ്പോൾ ഉപ്പ് തേച്ചാണ് എടുത്ത് കളയുന്നത്.

കാട്ടാന വരും എന്ന ഭയത്താൽ ഞങ്ങൾ ചെറിയ നിശബ്ദത കലർന്ന രീതിയിലായിരുന്നു സഞ്ചാരം. ചങ്ങാതിമ്മാരിൽ പലരും കാനനഭംഗി മൊബെൽ ഫോണുകളിലും ക്യാമറകളിലും പകർത്താൻ തുടങ്ങി. പ്രകൃതി ഒരുക്കിയിരിക്കുന്ന ദ്യശങ്ങളുടെ കലവറ ഞാൻ എന്റെ കണ്ണുകളിലൂടെ ഹൃദയത്തിനുള്ളിലൊതുകി. ഓരോ മനുഷ്യനും ഓരോ കാടുകളാണ്. പൂർണ്ണമായി ആരും കണ്ട് തീരില്ല. കാണാതിരുന്നാൽ ചിന്തകൾ ഭ്രാന്തമായ് അലയുന്നതിവിടെ, കണ്ടു കണ്ടിരുന്നാൽ കിനാവുകൾ പൂത്തുമ്പികളായ് പാറിപ്പറക്കുന്നതിവിടെ…ഇനിയൊരു ജന്മമുണ്ടെങ്കിൽ കാടിന്റെ മകനായി ജനിക്കണം.

ഇങ്ങനെ ഒരു കാനന യാത്ര കാഴ്ച്ചയുടെ ദൃശ്യ വിരുന്ന് ഒരുക്കി തന്ന ടീമിന് എന്റെ ഹൃദയത്തിൽ തൊട്ട നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നു. നാടു നാടായിരിക്കണമെങ്കിൽ കാടു വളർത്തുവിൻ നാട്ടുകാരെ… നാടു കാടായി നശിക്കാതിരിക്കാനും കാടു വളർത്തുവിൻ നാട്ടുകാരെ… പിന്നിടുന്ന ദൂരമല്ല കാണുന്ന കാഴ്ചകളാണ് ഓരോ യാത്രയെയും മനോഹരമാക്കി തീർക്കുന്നത്. ഓരോ യാത്രയും പ്രാഥമികമായി മനസ്സിലാക്കിത്തരുന്ന ഒരേ ഒരു കാര്യം ഇനിയും കാണാനുള്ള സ്ഥലങ്ങളുടെ വ്യാപ്തിയാണ്. നമ്മുടെ ചുറ്റുവട്ടത്തെ സ്ഥലങ്ങൾ പോലും നാം ശരിക്ക് കണ്ട് തീർക്കാറില്ലല്ലോ. നമ്മുടെ നാട്ടിൽ തന്നെ കാണാൻ വിട്ടുപോയ സവിശേഷമായ ഭൂഭാഗങ്ങൾ അനേകം വേറെയും ഉണ്ടാവും എന്ന മനസ്സിലാക്കലിൽ സഞ്ചാരം തുടരുന്നു…