കൊച്ചിയിൽ നിന്നും ഇസ്രായേലിലേക്ക് നേരിട്ട് വിമാന സർവ്വീസ് വരുന്നൂ…

സഞ്ചാരികൾക്കിതാ ഒരു സന്തോഷ വാർത്ത. കൊച്ചി, നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്നും ഇസ്രായിലേക്ക് നേരിട്ടുള്ള വിമാന സർവ്വീസ് വരുന്നു. കൊച്ചിയിൽ നിന്നും ഇസ്രായേൽ തലസ്ഥാനമായ ടെൽ അവീവിലേക്കാണ് കണക്ഷൻ കൂടാതെയുള്ള വിമാന സർവ്വീസ് ആരംഭിക്കുവാൻ പോകുന്നത്. ഇസ്രായേലി എയർലൈൻ കമ്പനിയായ Arkia Airlines ആണ് കൊച്ചി – ടെൽ അവീവ് റൂട്ടിൽ സർവ്വീസ് നടത്തുവാനാണ് തയ്യാറെടുക്കുന്നത്. ഈ വരുന്ന സെപ്റ്റംബർ മാസത്തോടെ സർവ്വീസ് ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

കൊച്ചിയിൽ നിന്നും ടെൽ അവീവ് വരെ ഏകദേശം ഏഴര മണിക്കൂർ നേരത്തെ യാത്രയുണ്ടാകും. മടക്കയാത്രയടക്കം ഏകദേശം അൻപതിനായിരം രൂപയിൽ താഴെയായിരിക്കും ടിക്കറ്റ് നിരക്കുകൾ വരുന്നത്. ഈ സർവ്വീസ് ആരംഭിക്കുന്നതോടെ വിശുദ്ധനാട് സന്ദർശനത്തിന് ആഗ്രഹിക്കുന്ന പ്രായമായവർക്കും മറ്റും വളരെ സഹായകരമാകും. കൂടാതെ ഇസ്രായേലിൽ ജോലിചെയ്യുന്ന മലയാളികൾക്ക് നേരിട്ട് നാട്ടിൽ വരുന്നതിനും അവസരമൊരുങ്ങും. നിലവിൽ ഇസ്രായേലിൽ ഉള്ളവർ കണക്ഷൻ ഫ്‌ളൈറ്റ് പിടിച്ചാണ് നാട്ടിൽ എത്തിച്ചേരുന്നത്. ഈ ബുദ്ധിമുട്ടിനു പുതിയ സർവ്വീസ് വരുന്നത് എന്തുകൊണ്ടും ഒരുപരിധി വരെ ഉപകാരമായിത്തീരും.

നിലവിൽ മുംബൈ, ഡൽഹി എന്നിവിടങ്ങളിൽ നിന്നും ടെൽ അവീവിലേക്ക് നേരിട്ടുള്ള വിമാനസർവീസുകൾ ലഭ്യമാണ്. മുംബൈയിൽ നിന്നും ഇസ്രായേൽ എയർലൈൻ കമ്പനിയായ ELAL ഉം ഡൽഹിയിൽ നിന്നും എയർ ഇന്ത്യയുമാണ് സർവ്വീസ് നടത്തുന്നത്. ഇതിൽ എയർ ഇന്ത്യയുടെ സർവ്വീസ് മറ്റു ഇസ്രായേൽ വിമാനങ്ങളെ അപേക്ഷിച്ച് സൗദി അറേബ്യയുടെ മുകളിലൂടെയാണ് പറക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ഈ സർവ്വീസുകൾ ദിവസേന ഉണ്ടായിരിക്കില്ല.

ഇപ്പോൾ കൊച്ചിയിൽ നിന്നും ഇസ്രായേലിലേക്ക് ആരംഭിക്കുവാൻ പോകുന്ന വിമാന സർവ്വീസിന് തുടക്കത്തിൽ തന്നെ സോഷ്യൽ മീഡിയയിലൂടെ ലഭിച്ചു കൊണ്ടിരിക്കുന്നത് മികച്ച പ്രതികരണമാണ്. നെടുമ്പാശ്ശേരി എയർപോർട്ടിനു (CIAL) വീണ്ടും അന്താരാഷ്ട്ര മാധ്യമങ്ങളിൽ ഇടം നേടുന്നതിനായി ഇപ്പോൾ നല്ലൊരു അവസരമാണ് ഇതുവഴി കൈവന്നിരിക്കുന്നത്.

ഇസ്രായേലിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമാണ് ടെൽ അവീവ്. ഇസ്രയേലി മെഡിറ്ററേനിയൻ തീരത്താണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. 51.8 ചതുരശ്ര കിലോമീറ്ററാണ് ഇതിന്റെ വിസ്തീർണം. ഇസ്രായേലിലെ ഏറ്റവും വലിയ മെട്രോപൊളിറ്റൻ പ്രദേശമായ ഗുഷ് ഡാനിലെ ഏറ്റവും വലിയ നഗരമാണ് ടെൽ അവീവ്. ടെൽ അവീവ്-യാഫോ മുൻസിപ്പാലിറ്റിയാണ് നഗരത്തിന്റെ ഭരണം നിർവഹിക്കുന്നത്.

1909 ൽ പുരാതന തുറമുഖ നഗരമായ ജാഫയുടെ പ്രാന്തപ്രദേശങ്ങളിൽ ടെൽ അവീവ് സ്ഥാപിതമായി. അധികം വൈകാതെതന്നെ ടെൽ അവീവ് വളർച്ചയിൽ ജാഫയെ കടത്തിവെട്ടി. ഇസ്രായേൽ സ്വതന്ത്രമായതിന് രണ്ട് വർഷത്തിന്ശേഷം 1950ൽ ടെൽ അവീവിനേയും ജാഫയേയും കൂട്ടിച്ചേർത്ത് ഒരൊറ്റ മുൻസിപ്പാലിറ്റിയാക്കി. ടെൽ അവീവ് സ്റ്റോക്ക് എക്സ്ചേഞ്ച് സ്ഥിതിചെയ്യുന്ന ഈ നഗരമാണ് ഇസ്രയേലിന്റെ പ്രധാന സാമ്പത്തിക കേന്ദ്രം. ഒരു പ്രസിദ്ധ വിനോദസഞ്ചാര കേന്ദ്രവുമാണീ നഗരം. ഇസ്രായേലിന്റെ സാംസ്കാരിക തലസ്ഥാനമായ ടെൽ അവീവ് നടന കലകളുടെ ഒരു പ്രധാന കേന്ദ്രവുമാണ്. 2007ൽ മെർസർ നടത്തിയ സർവേ അനുസരിച്ച് ജീവിതചെലവ് ഏറ്റവും കൂടിയ മിഡിൽ ഈസ്റ്റിലെ ഒന്നാമത്തെ നഗരവും ലോകത്തിലെ പതിനേഴാമത്തെ നഗരവുമാണ് ടെൽ അവീവ്.

Reference : വിക്കിപീഡിയ, സഞ്ചാരി ട്രാവൽഫോറം, Aviation Capital Group.