പത്തനംതിട്ടയിലെ അധികമാരും കാണാത്ത അരുവിക്കുഴി വെള്ളച്ചാട്ടം..

പത്തനംതിട്ട ജില്ലയിൽ മിക്കവാറും ആളുകൾ പോകുന്നത് ശബരിമല സീസണിൽ ആയിരിക്കും. വിനോദസഞ്ചാരത്തിനായി പത്തനംതിട്ടയിൽ വരുന്നവർ വളരെ ചുരുക്കമാണ്. പക്ഷെ ഒരു കാര്യം ഓർക്കുക, മറ്റേതു ജില്ലകളെപ്പോലെയും അതിമനോഹരമായ അധികമാരും അറിയാതെ കിടക്കുന്ന ചില സ്ഥലങ്ങൾ പത്തനംതിട്ടയിലും പരിസരപ്രദേശങ്ങളിലും ഉണ്ട്. പത്തനംതിട്ടയിൽ വെള്ളച്ചാട്ടങ്ങൾ ഉണ്ടോ? ഇല്ലെന്നു പറയാൻ വരട്ടെ.. ആരും അറിയാത്ത ഒരു സ്ഥലം പരിചയപ്പെടുത്തി തരാം. അരുവിക്കുഴി അതാണ് ഈ വെള്ളച്ചാട്ടത്തിന്റെ പേര്. കോട്ടയം ജില്ലയിൽ ഒരു അരുവിക്കുഴി വെള്ളച്ചാട്ടമുണ്ട്. അതിതല്ല കേട്ടോ.

പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരിയിലാണ് എന്റെ വീട് എന്നു നിങ്ങൾക്കറിയാമല്ലോ. എന്റെ വീട്ടിൽ നിന്നും ഏകദേശം ആറു കിലോമീറ്റർ ദൂരത്തായാണ് നമ്മുടെ അരുവിക്കുഴി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. അങ്ങനെ ഞാനും അനിയനും കൂടി ഒരു ദിവസം രാവിലെതന്നെ അരുവിക്കുഴിയിലേക്ക് യാത്രയായി. മഴയുള്ള സമയമായതിനാൽ ഞങ്ങൾ കാറിലായിരുന്നു പുറപ്പെട്ടത്. ഗൾഫിൽ നിന്നും വന്നിട്ടുള്ള എന്റെ സുഹൃത്ത് ലിംഗുവും വഴിക്കുവെച്ച് ഞങ്ങളോടൊപ്പം കൂടി. ഒരു സത്യം പറയാമല്ലോ. ഇത്രയും നാളായിട്ടും ഇവിടെ ഇങ്ങനെയൊരു വെള്ളച്ചാട്ടം ഉള്ള കാര്യം എനിക്ക് അറിയാൻ പാടില്ലായിരുന്നു. അനിയൻ ഇടയ്ക്ക് ഇവിടെയൊക്കെ സൈക്കിളിൽ കറങ്ങിയിട്ടുണ്ടെന്നു പറഞ്ഞു.

അങ്ങനെ ഞങ്ങൾ അരുവിക്കുഴിയിൽ എത്തിച്ചേർന്നു. മഴക്കാലമായതിനാൽ വെള്ളച്ചാട്ടം അത്യാവശ്യം നല്ല ഭാവത്തിലായിരുന്നു. ഒപ്പംതന്നെ കലക്കവെള്ളവും. കുളിക്കുവാനൊക്കെ പറ്റും. പക്ഷെ വെള്ളത്തിന്റെ കലക്ക നിറം കണ്ടിട്ട് ഇപ്പോൾ തോന്നുന്നില്ല. അവിടെയടുത്ത് ഒരു ഇലയുടെ മുകളിൽ പച്ചനിറത്തിൽ ഒരു ഓന്ത് ഇരിക്കുന്ന കാഴ്ച വളരെ രസകരമായി തോന്നി ഞങ്ങൾക്ക്. ഇവിടെ ടൂറിസം വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഒരു കെട്ടിടം ഞങ്ങൾ കണ്ടു. സഞ്ചാരികൾക്ക് ഒരു വിശ്രമകേന്ദ്രം എന്ന നിലയിൽ നിർമ്മിച്ചതായിരിക്കണം ഈ കെട്ടിടം. നല്ല തുക മുടക്കി നിർമ്മിച്ചിരിക്കുന്ന ഈ കെട്ടിടം ഇന്ന് ആരും തിരിഞ്ഞു നോക്കാതെ മോശമായ അവസ്ഥയിലാണ്. ഞങ്ങൾ ആ കെട്ടിടത്തിലേക്ക് ഒന്നു കയറി നോക്കുകയുണ്ടായി.

കയറിയപാടെ അസഹ്യമായ നാറ്റമാണ് ഞങ്ങളെ സ്വാഗതം ചെയ്തത്. സാമൂഹ്യവിരുദ്ധരുടെ ഒരു താവളം തന്നെയാണ് ഇവിടം എന്ന് അവിടത്തെ കാഴ്ചകൾ കണ്ടപ്പോൾത്തന്നെ ഞങ്ങൾക്ക് മനസ്സിലായി. ചുവരുകളിൽ നിറയെ പേരുകളും അശ്ളീല ചിത്രങ്ങളും വരച്ചു വെച്ചിരിക്കുന്നു. സത്യത്തിൽ വല്ലാത്ത നാണക്കേട് തോന്നി ഇതൊക്കെ കണ്ടപ്പോൾ. നമ്മുടെ ആളുകൾക്ക് മാത്രമാണ് ഇത്തരം മോശം സ്വഭാവമൊക്കെ. ഇത് ഔറം രാജ്യങ്ങളിൽ പോയിട്ടുള്ളവർക്ക് മനസ്സിലാകും. അവിടെയൊക്കെ ഇതുപോലെ ആരും ചെയ്ത് ഇതുവരെ കണ്ടിട്ടില്ല. DTPC അധികാരികൾ ഇതൊക്കെ ഒന്ന് ശ്രദ്ധിക്കണം എന്നപേക്ഷിക്കുന്നു. ഇതൊക്കെ നല്ല രീതിയിൽ പരിപാലിച്ചാൽ അരുവിക്കുഴിയൊക്കെ നല്ല ഒരു വിനോദസഞ്ചാരകേന്ദ്രം ആക്കി മാറ്റാവുന്നതേയുള്ളൂ.

മുകളിലെ കാഴ്ചകളൊക്കെ കണ്ടശേഷം ഞങ്ങൾ വെള്ളച്ചാട്ടത്തിന്റെ താഴേക്ക് ഇറങ്ങി. മഴക്കാലമായതിനാൽ താഴേക്ക് ഇറങ്ങുവാൻ ഞങ്ങൾ അൽപ്പം ബുദ്ധിമുട്ടി. ചെരിപ്പ് ഇട്ടിരുന്നതിനാൽ വഴുക്കാനുള്ള സാധ്യത കൂടുതലാണ്. അങ്ങനെ ചെറിയ കാട്ടിലൂടെ പണിപ്പെട്ടു ഞങ്ങൾ താഴേക്ക് എത്തിച്ചേർന്നു. താഴെ ഞങ്ങളെക്കൂടാതെ മറ്റു ചിലർ കൂടിയുണ്ടായിരുന്നു. വെള്ളച്ചാട്ടം ആസ്വദിക്കാൻ വന്നവരാണ് അവരും. എല്ലാവരും നന്നായി എന്ജോയ് ചെയ്യുന്നുണ്ടായിരുന്നു. കൂടെ ഞങ്ങളും.

സാഹസികപ്രിയരായവർക്ക് വരാൻ പറ്റിയ നല്ല സൂപ്പർ സ്ഥലമാണ് ഇത്. പക്ഷെ കുട്ടികൾക്കും പ്രായമായവർക്കും ഇവിടെ ബുദ്ധിമുട്ടായിരിക്കും ഇറങ്ങുവാൻ. പിന്നെ മഴക്കാലത്ത് വളരെ ശ്രദ്ധയോടെ വേണം ഇവിടെ ഇറങ്ങുവാൻ. അധികമാരും അറിയാതെ കിടക്കുന്ന ഈ വെള്ളച്ചാട്ടം അതിന്റെ തനിമയോടെ തന്നെ ഇനിയും നിലനിൽക്കട്ടെ. കൂടുതൽ സൗകര്യങ്ങൾ ഇവിടെ വരുത്തുവാനായി ടൂറിസം വകുപ്പും ശ്രദ്ധചെലുത്തണം എന്നപേക്ഷിക്കുന്നു. അങ്ങനെ നല്ലൊരു കാഴ്‌ച കണ്ട സംതൃപ്തിയോടെ ഞങ്ങൾ അവിടെനിന്നും തിരികെ യാത്രയായി. ഗൂഗിൾ മാപ്പ് ലൊക്കേഷൻ: https://goo.gl/maps/d8goyF9fBNM2.