‘കേരളത്തിലെ നയാഗ്ര’ എന്നറിയപ്പെടുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടം

കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ചാലക്കുടിക്ക് കിഴക്കായി അതിരപ്പിള്ളി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു വെള്ളച്ചാട്ടമാണ് അതിരപ്പിള്ളി വെള്ളച്ചാട്ടം. ഏതാണ്ട് 24 മീ. ഉയരത്തിൽ നിന്നും താഴേക്കുപതിക്കുന്ന ഈ ജലപാതം ചാലക്കുടിപ്പുഴയിലാണ്. മധ്യകേരളത്തിലുള്ളവർക്ക് ഒരു ദിവസംകൊണ്ട് പോയി വരാവുന്ന ഒരു ടൂറിസ്റ്റ് ലൊക്കേഷൻ കൂടിയാണീ സ്ഥലം.

വനത്താൽ ചുറ്റപ്പെട്ടതും, ധാരാളം പക്ഷികളുടെ വാസസ്ഥലവുമാണ്‌ ഇവിടം. ജില്ലാ വിനോദസഞ്ചാര വികസന കോർപ്പറേഷന്റെ വികസന പദ്ധതികളുടെ ഭാഗമായി വിനോദസഞ്ചാരികൾ കൂടുതലായി സന്ദർശിക്കാൻ തുടങ്ങിയിട്ടുണ്ട്. വിനോദസഞ്ചാരികളുടെ ബാഹുല്യം ഇവിടത്തെ പ്രകൃതി-പരിസ്ഥിതി വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചു. അടുത്ത് രണ്ടു സ്ഥലങ്ങളിലായി ചാർപ്പ വെള്ളച്ചാട്ടം, വാഴച്ചാൽ വെള്ളച്ചാട്ടം എന്നിവ കാണാം.

അതിരപ്പള്ളി വെള്ളച്ചാട്ടത്തിന് ഇരു ഭാഗങ്ങളിലുമായി സ്ഥിതിചെയ്യുന്ന നിബിഢ വനങ്ങൾ അപൂർവ ജൈവസമ്പത്തിന്റെ കലവറയാണ്. ഇരുൾ, ഇലവ്, വെൺതേക്ക്, മരുത്, വേങ്ങ, കാഞ്ഞിരം, മരോട്ടി, തേക്ക്, വീട്ടി തുടങ്ങിയ വാണിജ്യപ്രാധാന്യമുള്ള നിരവധി വൃക്ഷങ്ങൾ ഇവിടെ വളരുന്നു. വേഴാമ്പൽ, വാനമ്പാടി, കൃഷ്ണപ്പരുന്ത്, മാടത്ത, കാട്ടിലക്കിളി, ശരപക്ഷി തുടങ്ങിയ നിരവധി പക്ഷികളുടെയും ആന, കാട്ടുപോത്ത്, വെരുക്, കടുവ, കരിങ്കുരങ്ങ്, സിംഹവാലൻ കുരങ്ങ്, കുട്ടിതേവാങ്ക് തുടങ്ങിയ ജന്തുക്കളുടെയും വിവിധയിനം ചിത്രശലഭങ്ങളുടെയും ആവാസകേന്ദ്രം കൂടിയാണ് ഈ വനപ്രദേശം. കാടർ, മലയർ, തുടങ്ങിയ ആദിവാസിവിഭാഗങ്ങൾ ഇവിടത്തെ വനങ്ങളിൽ നിവസിക്കുന്നു.

വാഴച്ചാൽ ജലപാതത്തിന് സു. 400 മീ. മുകളിലായി ജലവൈദ്യുതോർജ്ജ ഉത്പാദനം ലക്ഷ്യമാക്കി നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന അണക്കെട്ട് ഉൾപ്പെടെയുള്ള അതിരപ്പള്ളി ജല വൈദ്യുത പദ്ധതി, നിർമ്മാണ പ്രവർത്തനങ്ങൾ ഇവിടുത്തെ പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കുമെന്ന പരിസ്ഥിതി പ്രവർത്തകരുടെ എതിർപ്പിനെ തുടർന്ന് അനിശ്ചിതാവസ്ഥയിലാണ്.

മലയാളം, തമിഴ്, ഹിന്ദി സിനിമകളുടെ ഒരു ഇഷ്ടലൊക്കേഷൻ കൂടിയാണ്‌ അതിരപ്പിള്ളി. സംവിധയകൻ മണിരത്നത്തിന്റെ ‘രാവൺ’ എന്ന സിനിമയിലെ ഒരു പ്രശസ്തമായ സംഗീതരംഗം ചിത്രീകരിച്ചത് ഇവിടെയാണ്‌. ബഹുഭാഷാ ബിഗ് ബജറ്റ് ചിത്രമായ ബാഹുബലിയിലെ പ്രശസ്തമായ വെള്ളച്ചാട്ട രംഗങ്ങൾ അതിരപ്പിള്ളിയിൽ ചിത്രീകരിച്ച് ഗ്രാഫിക്സിൻറെ സഹായത്തോടെ വിപുലീകരിച്ചവയാണ്.

വാഴച്ചാലിൽ പാറക്കെട്ടുകൾക്കിടയിലൂടെ ഒഴുകുന്ന വെള്ളത്തിന്റെ അപകട സാദ്ധ്യതയും മുന്നറിയിപ്പ് ബോർഡുകളും വകവയ്ക്കാതെ അലക്ഷ്യമായി വെള്ളത്തിലിറങ്ങിയുള്ള വിനോദങ്ങൾ പലപ്പോഴായി 35-ൽ ഏറെ ആളുകളുടെ- കൂടുതലും യുവാക്കളുടെ – ജീവഹാനിക്ക് ഇടയാക്കിയിട്ടുണ്ട്.

© Shihab A Hassan.

അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയെപ്പറ്റി അടുത്തിടെ ഉണ്ടായിട്ടുള്ള വിവാദങ്ങൾ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. വാഴച്ചാൽ ജലപാതത്തിന് സു. 400 മീ. മുകളിലായി ജലവൈദ്യുതോർജ്ജ ഉത്പാദനം ലക്ഷ്യമാക്കി നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന അതിരപ്പള്ളി അണക്കെട്ടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഇവിടുത്തെ പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കുമെന്ന പരിസ്ഥിതി പ്രവർത്തകരുടെ എതിർപ്പിനെ തുടർന്ന് അനിശ്ചിതാവസ്ഥയിലാണ്. അതിരപ്പിള്ളി പദ്ധതിയ്ക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നിയോഗിച്ച മാധവ് ഗാഡ്ഗിൽ സമിതി 2011 സെപ്റ്റംബറിൽ അനുമതി നിഷേധിച്ചു. 2009-ലാണ് പരിസ്ഥിതി മന്ത്രാലയം ഈ സമിതിയെ നിയോഗിച്ചത്.

എത്തിച്ചേരാൻ : ചാലക്കുടിക്ക് 30 കിലോമീറ്റർ കിഴക്കായും,തൃശ്ശൂരിൽനിന്നും ഏകദേശം 32 കിലോമീറ്റർ തെക്കു കിഴക്കായുമാണ് ചാലക്കുടിപ്പുഴയിലുള്ള ഈ വെള്ളച്ചാട്ടം. ഇത് ചാലക്കുടി – വാൽപ്പാ‍റ റോഡിനരികിലാണ് . വാഴച്ചാൽ വെള്ളച്ചാട്ടം 5 കിലോമീറ്റർ അകലെ ഇതേ റോഡരുകിൽ തന്നെയാണ്. ചാലക്കുടിയിൽ നിന്നും പ്രൈവറ്റ്, കെഎസ്ആർടിസി ബസ്സുകൾ ഇവിടേക്ക് സർവ്വീസ് നടത്തുന്നുണ്ട്. KSRTC ബസ് സമയങ്ങൾ അറിയുവാൻ – CLICK HERE.

സമീപ ആകർഷണ കേന്ദ്രങ്ങൾ : പെരിങ്ങൽക്കുത്ത് അണക്കെട്ട്, വാഴച്ചാൽ വെള്ളച്ചാട്ടം, ചാർപ്പ വെള്ളച്ചാട്ടം, തുമ്പൂർമുഴി, ഏഴാറ്റുമുഖം പ്രകൃതിഗ്രാമം, ഡ്രീം വേൾഡ് അക്വാ തീം പാർക്ക്, സിൽവർ സ്റ്റോം വാട്ടർ തീം പാർക്ക്, വാൽപ്പാറ-മലക്കപ്പാറ-തമിഴ്നാട് പാതയിലെ തേയിലതോട്ടങ്ങൾ.

കടപ്പാട് – വിക്കിപീഡിയ.