സൂക്ഷിക്കുക !!! എടിഎം കൗണ്ടറുകളിൽ ഒളിച്ചിരിക്കുന്ന ഒരു അപകടം..

യാത്രകൾ പോകുമ്പോൾ കയ്യിൽ അധികം പണം സൂക്ഷിക്കാതിരിക്കുന്നതാണ് നല്ലത്. അതുകൊണ്ട് യാത്രാവേളയിൽ പലരും ആവശ്യത്തിനുള്ള പണം അതാത് സ്ഥലങ്ങളിലെ എടിഎം കൗണ്ടറുകളിൽ നിന്നും എടുക്കാറാണ് പതിവ്. എന്നാൽ ഇത്തരത്തിൽ പണം പിൻവലിക്കുമ്പോൾ നിങ്ങളെ കാത്ത് ഒരു ചതിക്കുഴി ഇരിക്കുന്ന കാര്യം ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? സിനിമകളിലും കഥകളിലും മാത്രം നാം കണ്ടുശീലിച്ചിട്ടുള്ള പക്കാ പ്രൊഫഷണൽ എടിഎം കള്ളന്മാർ പല സ്ഥലങ്ങളിലായി തങ്ങളുടെ ഇരകളെയും തപ്പി ഇരിക്കുന്നുണ്ട്. കേൾക്കുമ്പോൾ സത്യമാണോ എന്നു നിങ്ങൾ വിചാരിക്കുന്നുണ്ടാകും. ഇത്തരത്തിൽ തൻ്റെ സുഹൃത്തിനുണ്ടായ അനുഭവം ഫേസ്‌ബുക്കിലൂടെ എല്ലാവർക്കുമായി ഒരു മുന്നറിയിപ്പ് എന്നപോലെ ഷെയർ ചെയ്യുകയാണ് യാത്രാപ്രേമിയും പാലക്കാട് സദേശിയുമായ സത്യ. അദ്ദേഹത്തിൻ്റെ കുറിപ്പ് ഇങ്ങനെ..

“കൊച്ചിയിലെ ഇൻഫോ പാർക്കിൽ ജോലിക്കാരനായ എൻ്റെ സുഹൃത്ത് നിതിൻ ഈയിടെ യാത്ര ആവശ്യത്തിന് ബാംഗ്ലൂരിൽ വന്നു പോയിരുന്നു. കുറച്ച് ദിവസങ്ങൾക്ക് ശേഷം കൊച്ചിയിൽ ഓഫീസിലിരിക്കുമ്പോൾ തന്റെ അക്കൗണ്ടിൽ നിന്നും 10000 രൂപയോളം ബാംഗ്ലൂരിലെ കൊത്തനൂർ ബ്രാഞ്ചിൽ നിന്നും പിൻവലിച്ചിരിക്കുന്ന മെസ്സേജ് നിതിന്റെ ഫോണിലേക്ക് വന്നു. ഈ സമയത്ത് എന്താ ചെയ്യാന്നു അറിയാതെ അദ്ദേഹം വേറെ അക്കൗണ്ടിലേക്ക് ബാക്കിയുള്ള ക്യാഷ് ട്രാൻസ്ഫർ ചെയ്തു. പതിനായിരം പോകുകയും ചെയ്തു. എന്തുകൊണ്ടാണ് ഇത്തരത്തിൽ പണം നഷ്ടപ്പെട്ടത് എന്നന്വേഷിച്ചപ്പോൾ ആണ് എടിഎം സ്കിമ്മിങ് എന്ന കള്ളന്മാരുടെ പുതിയ തന്ത്രത്തെക്കുറിച്ച് അറിയുവാനിടയായത്.

എന്താണ് എടിഎം സ്കിമ്മിങ്? – എടിഎം പാസ്വേർഡ് മുതലായ കാർഡ് വിവരങ്ങൾ നിങ്ങളറിയാതെ തന്നെ, നിങ്ങൾ ചെയ്യുന്ന എടിഎം ട്രാന്സാക്ഷനിൽ നിന്ന് ചോർത്തിയെടുത്ത് പിന്നീട് ഡ്യൂപ്ലിക്കേറ്റ് എടിഎം ഉണ്ടാക്കി ക്യാഷ് പിൻവലിക്കുന്ന ഉടായിപ്പ് പ്രക്രിയയാണ് എടിഎം സ്കീമിങ്‌. നിരവധിയാളുകൾക്കാണ് ഇത്തരത്തിൽ പണം നഷ്ടപ്പെട്ടിട്ടുള്ളത്. അന്യസംസ്ഥാനങ്ങളിലൂടെയുള്ള യാത്രകൾക്കിടയിൽ ഏതെങ്കിലും എടിഎമ്മിൽ കയറുമ്പോൾ ഇത്തരം പണികൾ കാത്തിരിക്കുന്നുവോ എന്നു ഭയക്കേണ്ടിയിരിക്കുന്നു.

സ്കീമിങ്ങിന് ഉപയോഗിക്കുന്ന എടിഎം ലെ പ്രധാന ഭാഗങ്ങൾ – 1 .കാർഡ് സ്ലോട്ട് – എടിഎം ഉള്ളിലേക്ക് ഇടുന്ന ഭാഗം, 2 .പാസ്സ്‌വേർഡ് അമർത്തുമ്പോൾ അതിനു മുകളിലായി കാണപ്പെടുന്ന ഭാഗം. ഇനി ഇത് എങ്ങനെ എങ്ങനെ കണ്ടുപിടിക്കാം? ഒറിജിനൽ കാർഡ് സ്ലോട്ടിന്റെ അതേപോലുള്ള പതിപ്പുകൾ മാർക്കറ്റിൽ സുലഭമാണ് എന്നതാണ് ഗൂഗിൾ പറയുന്നത്. നിറത്തിലെ ക്വാളിറ്റിയാലോ അങ്ങനെ എന്തെങ്കിലും നിങ്ങൾക്ക് സംശയം തോന്നിയാൽ ഉടനെ കാർഡ് സ്ലോട്ട് ഒന്ന് ഇളക്കാൻ ശ്രമിക്കുക അല്ലേൽ ഒന്ന് പിന്നിലോട്ട് വലിക്കുക. കയ്യോടെ വരുന്നുണ്ടെങ്കിൽ ബാങ്കിൽ അറിയിക്കുക. ഒപ്പംതന്നെ ബാക്കിയുള്ളവരെ കൊണ്ട് ട്രാൻസാക്ഷൻ ചെയ്യിക്കാതിരിക്കുക . അതെ പോലെ പാസ്സ്‌വേർഡ് ടൈപ്പ് ചെയ്യുമ്പോൾ അതിനു ചുറ്റും കറുത്ത ചെറിയ ഹോളുകൾ ഉണ്ടെങ്കിൽ സ്കിമിംഗിന് സാധ്യത വളരെ കൂടുതലാണ്. ഈ വിവരം ഉടനെ അധികൃതരെ അറിയിക്കുക.

കള്ളന്മാർ ഈ പരിപാടി പണ്ട് ചെയ്തപ്പോൾ സമൂഹത്തിൽ പെട്ടന്ന് പിടിക്കപ്പെട്ടിരുന്നു. കാരണം വലിയ തുകകൾ പിൻവലിക്കുമ്പോൾ, പരാതിയുടെ ആക്കത്തിലും മാറ്റങ്ങൾ ഉണ്ടാകും. പ്രഷർ കൂടും എല്ലാവർക്കും. പക്ഷെ ഇപ്പോൾ നടക്കുന്ന എടിഎം സ്കീമുകളിൽ ചെറിയ തുകകൾ ആണ് അവർ എടുക്കുന്നത്. അവർക്ക് അവരെ തന്നെ രക്ഷിക്കാനും വേണ്ടിയാണ് ഈ വിദ്യ. പിന്നെ ഏറ്റവും കൂടുതൽ ഫോക്കസ് ചെയ്യുന്നത് മാസ ശമ്പളത്തിന് നിൽക്കുന്ന ജോലിക്കാരെയാണ്. ഒരു ബിസിനെസ്സ് ആളെയോ, ബാങ്കിലെ സ്റ്റാഫുകളെയോ ആയിരിക്കില്ല.

മാസ ശമ്പളം കിട്ടിയത് മതിയാകാതെ ഇരിക്കുമ്പോഴാണ് 10000 രൂപ ഇങ്ങനെ പോകുന്നത്. ശമ്പളത്തെ സംബന്ധിച്ചടത്തോളം വലിയ തുക തന്നെയാണ്. ഒരു നഗരം വിട്ട് വേറെ ഒരു നഗരത്തിലേക്ക് യാത്ര ചെയ്യുമ്പോൾ എടിഎം ട്രാന്സാക്ഷനുകള് സൂക്ഷിച്ച് ചെയ്യുക. എന്തെങ്കിലും സംശയം തോന്നിയാൽ, പാസ്സ്‌വേർഡ് അപ്പോൾ തന്നെ മാറ്റുക. അക്കൗണ്ടിൽ ഉള്ള ക്യാഷ് വേറെ അക്കൗണ്ടിലേക്ക് മാറ്റുക. നിതിൻ എന്റയൊരു സുഹൃത്ത് വലയത്തിൽ ഉള്ളത്കൊണ്ട് തന്നെ കൂടുതൽ പേരിലേക്ക് എത്തിക്കാൻ ആവശ്യപെട്ടിരുന്നു. ബാങ്കിൽ കംപ്ലൈന്റ്റ് കൊടുത്തിട്ടുണ്ട്. പക്ഷെ അതിന്റെ ചടങ്ങുകൾ പറയണ്ടല്ലോ. കിട്ടുമെന്ന് പ്രതീക്ഷിക്കാം.

സ്കീമിങ് പ്രശ്നം കാരണമാണ് കാർഡ് ഉളിലേക്ക് പോകുന്ന എടിഎം മെഷീനുകൾ വന്നത്. പിന്നെ ചിപ്പ് എടിഎം കാർഡും. പക്ഷെ നിതിന്റെത് ചിപ്പ് എടിഎം തന്നയാണ്. നല്ല ആക്സിസ് ബാങ്ക് ചിപ്പ്. എന്നിട്ടും കള്ളന്മാർ പണിപറ്റിച്ചു എന്നത് ഈ കാര്യത്തിൽ അവർ അത്രമാത്രം ഇന്റലിജന്റ് ആണ് എന്ന് വ്യക്തമാക്കുന്നു.

ഈ വിവരം നിങ്ങൾ കൂടുതൽ പേരിലേക്ക് എത്തിക്കുക. നിങ്ങൾക്ക് കൂടുതൽ അഭിപ്രായങ്ങൾ മുൻകരുതൽ ക്യാഷ് തിരിച്ചു കിട്ടാനുള്ള മാർഗങ്ങൾ ഉണ്ടെങ്കിൽ കമന്റ് ചെയ്യുക. സിനിമകളിൽ ഹീറോ ബാക്കിയുള്ളവരുടെ ക്യാഷ് ഇത്തരത്തിൽ എടുക്കുമ്പോ കാണാൻ നല്ല ചേലായിരിക്കും സ്വന്തം കൈയീന്ന് പോകുമ്പോ എല്ലാവര്ക്കും മനസിലാകും.”