മാവോകൾ വിലസുന്ന അട്ടപ്പാടി വനമേഖലയിലൂടെ മഞ്ഞു മൂടിയ മഞ്ചൂർ വഴി ഊട്ടിയിലേക്ക്

വിവരണം – Baiju B Mangottil.

വഴിയേ പോകുന്ന അട്ടപ്പാടി ട്രാൻസ്ഫർ സ്വയം ഏണിവച്ച് വാങ്ങിയെടുത്തിന്റെ ഗുട്ടൻസ് അന്വേഷിക്കാനും കൂടിയാണ് യാത്ര. പലരും പണിഷ്മെന്റ് കിട്ടി അട്ടപ്പാടിക്ക് വരുന്നതിനെക്കുറിച്ച് കേട്ടിട്ടുണ്ട്. ഇതിപ്പോ മര്യാദയ്ക്ക് ജോലി ചെയ്തൊണ്ടിരുന്ന സ്ഥാപനത്തിൽ നിന്ന് അട്ടപ്പാടിയിലേക്ക് തന്നെ തട്ടിക്കൊളണം എന്ന് വാശിപിടിച്ച് വണ്ടികയറിപ്പോയ ഒരാളുണ്ട് ഇവിടെ.

കഴിഞ്ഞ ഒരു മാസമായി അഗളിയിലെ കില (Kerala Institute of Local Administration) യുടെ ഒരു ലാബിൽ ജോലിക്ക് കയറീട്ടുണ്ട്‌ പുള്ളിക്കാരി. മുന്പൊന്നും ഇല്ലാത്ത വിധം ആവേശമാണ് പോക്കും വരവുമൊക്കെ. അതിനുമാത്രം എന്താണ് അവിടെയെന്ന് അറിയാനാണ് ഒരീസം കൂട്ടാനെന്നും പറഞ് അങ്ങോട്ട് പോയത്. അപ്പഴാണ് മ്മക്ക് കാര്യം പിടികിട്ടുന്നത്.

അട്ടപ്പാടിയെന്ന് കേൾക്കുമ്പോ മനസ്സിൽ വരുന്ന ചിത്രങ്ങളൊന്നുമല്ല യാഥാർത്ഥ്യമെന്നു തോന്നിക്കും വിധം അതിമനോഹരിയാണ് ഇന്ന് അട്ടപ്പാടിയും പരിസര പ്രദേശങ്ങളും. മുൻപ് പല തവണ അതുവഴി പോയിട്ടുണ്ടെങ്കിലും ഇവളേം കൊണ്ട് ആദ്യമായാണ്. അവൾക്കൊരു ഒരു സ്ഥല പരിചയം ആയിക്കോട്ടെന്നു വച്ച് ഒരു രണ്ട് ദിവസത്തെ ട്രിപ്പും പ്ലാൻ ചെയ്ത് ഇറങ്ങി.

അഗളിയിൽ നിന്നും മുള്ളി – മഞ്ചൂർ – അവലാഞ്ചി – എമറാൾഡ് വഴി ഊട്ടിയിലേക്കും അവിടുന്ന് കോത്തഗിരി താഴ്വാരങ്ങളിലേക്കും. ഊട്ടിയിലെയും കൊത്തഗിരിയിലെയും പതിവ് കാഴ്ചകൾ എല്ലാം ഒഴിവാക്കി അവിടുത്തെ കാർഷിക ഗ്രാമങ്ങളും ഉൾവഴികളിലൂടെയും ആയിരുന്നു കൂടുതലും പ്ലാൻ ചെയ്തത്.

ഇറങ്ങുമ്പോൾ തന്നെ പത്രങ്ങളിൽ ഒന്നാം പേജ് വാർത്ത അഗളി വനമേഖലയിൽ മാവോവാദി സാന്നിദ്യം. ആഹാ ബെസ്റ്റ് സമയം. എന്തായാലും പോയിട്ട് തന്നെ കാര്യം ചുളുവിൽ ആരെയെങ്കിലും അടുത്ത് പരിചയപ്പെടാൻ കിട്ടിയാലോ. ചെക്കിങ് കർശനമായത് കൊണ്ട് തന്നെ ഐഡിയും വണ്ടീടെ പേപ്പറുകളും ഉണ്ടെന്ന് ഉറപ്പുവരുത്തിയാണ് പുറപ്പെട്ടത്.

ഉച്ചയ്ക്ക് ശേഷം അഗളിയിലെ ഓഫീസിൽ നിന്നും ഉഗ്രൻ ശാപ്പാടും അടിച്ച് ഇറങ്ങി. എന്തുകൊണ്ടോ നമുക്കെന്ന പോലെ ഒരുക്കിവച്ച അതിമനോഹര കാലവസ്ഥയായിരുന്നു എല്ലായിടത്തും. കയറുന്ന വഴി 43 ഹെയര്പിന്നുകൾ പിന്നിട്ട് മുള്ളിയിൽ നിന്നും മഞ്ചൂർ എത്തി. വരുന്ന വഴിക്ക് ഓരോ വളവും മണ്ണിടിഞ് പണി നടക്കുവാണ്. വഴിയിൽ ഈ പറഞ്ഞ 40 കിലോമീറ്ററിലധികം രണ്ടോ മൂന്നോ വണ്ടികൾ മാത്രമാണ് ഞങ്ങളെ കടന്നു പോയത്. ആകെ സൈലന്റ് അവസ്ഥ.

ഇടയ്ക്ക് നല്ല മാവോ ചരിത്രവും നക്സൽ കഥകളും പറഞ്ഞു പേടിപ്പിച്ചാണ് യാത്ര. ഒടുക്കം എസ്റ്റേറ്റ് പരിസരത്തു നിന്നും ഒരു കരടി ക്രോസ് ചെയ്തതോട് കൂടി ഏകദേശം തീരുമാനമായി. മഞ്ചൂരിനും മുള്ളിക്കും വന്യ സൗന്ദര്യത്തിന്റെ കാര്യത്തിൽ ഒരു കുറവുമില്ല. മഞ്ചൂർ വിട്ട് അവലാഞ്ചിയിലെ കാരറ്റും കാബേജുo വിളയുന്ന വിശാലമായ ഗ്രാമീണ മേഖലയും താണ്ടി എമാറാൾഡ് എന്ന കാർഷിക ഗ്രാമത്തിടുത്ത് താമസം ഏർപ്പാടാക്കി. 14 ഡിഗ്രിയിൽ മരവിക്കുന്ന തണുപ്പിനോടൊപ്പം അന്നത്തെ ദിവസം ഉഷാറായി.

രണ്ടാം ദിവസം ഊട്ടി ടൗണിലേക്കും സ്ഥിരം സ്പോട്ടുകളും ഒഴിവാക്കി ചില ഉൾനാടൻ വഴികളിലൂടെയും കൃഷിത്തോട്ടങ്ങളിൽ പണിയെടുക്കുന്നുവരോടൊപ്പവും പിന്നെ അവരുടെ തിരക്കേറിയ മാര്ക്കറ്റിലും ഒക്കെയായി സമയം ചെലവഴിച്ച് ഉച്ചയോട് കൂടി നമ്മുടെ പ്രധാന ഉദ്ദേശമായിരുന്ന ചെയ്ത ആവിയന്ത്രത്തിൽ കയറിപ്പറ്റി.

ഊട്ടിയിൽ വരുന്നവർ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട ഒന്നാണ് ലോക പ്രസിദ്ധമായ യുനെസ്കോ യുടെ പൈതൃക പട്ടികയിൽ വരെ ഇടം പിടിച്ച നമ്മുടെ ആവിയന്ത്രത്തിൽ ഓടുന്ന തീവണ്ടി. തീവണ്ടി എന്നതിന് നമ്മൾ ചെറുപ്പം മുതൽ കേട്ട് ശീലിച്ചതും കണ്ടറിഞ്ഞതുമായ യാഥാർത്ഥ തീവണ്ടി രൂപം.

1908 ൽ നിലവിൽ വന്ന ഇന്നും പച്ചവെള്ളം തിളപ്പിച്ച് കിട്ടുന്ന നീരാവിയിൽ ഓടുന്ന ഒരേയൊരു ട്രെയിൻ സർവീസാണ്. സീസണിൽ മൂന്നും നാലും മാസങ്ങൾ മുൻപ് ബുക്കിംഗ് തീരുന്ന ആളാണ്. നമ്മടെ നല്ല സമയം രണ്ട് ദിവസം മുൻപ് തന്നെ ഓൺലൈനിൽ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. കുന്നൂർ മുതൽ മേട്ടുപ്പാളയം വരെയാണ് ടിക്കറ്റ്. കുന്നൂരിൽ നിന്നും ഊട്ടിയിലേക്ക് ഇതിൽ ഡീസൽ എഞ്ചിൻ പിടിപ്പിക്കുന്നുണ്ട് പക്ഷെ ഏറ്റവും മികച്ച കാഴ്ചകൾ ഉള്ളത് കുന്നൂർ – മേട്ടുപ്പാളയം വഴിയാണ് അതിലൂടെ പൂർണമായും ആവിയന്ത്രം മാത്രമാണ് ഓടിക്കുന്നത്.

ഉച്ചയ്ക്ക് ശേഷം 3 മണിക്ക് വണ്ടിയിൽ കയറി 3 മണിക്കൂർ നീണ്ട യാത്രയിൽ കണ്ട കാഴ്ചകൾ നമ്മൾ ഇത്രയും കാലം കണ്ട സ്ഥിരം ഊട്ടി കാഴ്ചകൾ ഒന്നുമല്ലെന്ന്‌ തോന്നിപ്പോകും വിധം മനോഹരം. മലയാളത്തിൽ കിലുക്കം സിനിമയിലും ഷാരൂഖിന്റെ പഴയ ചയ്യ ചയ്യ പാട്ടിലുമൊക്കെ നമ്മൾ കൺകുളിർക്കെ കണ്ടിരുന്ന ആ സീനറികൾ നമ്മുടെ കണ്മുന്പിൽ ഇങ്ങനെ വിശാലമായി പരന്ന് കിടക്കുകയാണ്.

കുന്നൂരിൽ നിന്നും പുറപ്പെട്ടത് മുതൽ രണ്ടുപേരും സൈഡ് സീറ്റ് പിടിച്ചിരുന്നു. ഓരോ മലനിരകൾ താണ്ടുമ്പോഴും പ്രകൃതിയുടെ വശ്യമായ സൗന്ദര്യം നമ്മളെ മറ്റൊരു ലോകത്തേയ്ക്ക് തന്നെ കൂട്ടിക്കൊണ്ടുപോകും. ചിത്രം വരച്ചത് പോലെ ഒതുക്കി വച്ചിരിക്കുന്ന മലനിരകളും നിരവധി കാട്ടാറുകളും വെള്ളച്ചാട്ടങ്ങളും താണ്ടി പയ്യെ കുലുങ്ങി കുലുങ്ങി ഓടുന്ന ഒരു പാവം തീവണ്ടിയാണ് പുള്ളിക്കാരൻ. ഇടയ്ക്ക് ഓരോ സ്റ്റേഷനുകളിൽ നിറുത്തി ആവശ്യത്തിന് വെള്ളമൊക്കെ നിറച്ച് അതിൽ ആവി പടരുമ്പോഴാണ് യാത്ര തുടരുന്നത്. പണ്ട് ബ്രിട്ടീഷുകാർ കൊണ്ടുവന്ന ടെക്നോളജി ഒരു മാറ്റവും കൂടാതെ ഇന്നും നിലനിർത്തി പോരുന്നു.

തീവണ്ടിയാത്ര കഴിഞ് അന്ന് കുന്നൂരിലെ ഒരു ഉൾപ്രദേശത്ത് തന്നെ കൂടി. രാവിലെ വീണ്ടും കോത്തഗിരിയിലെ ഗ്രാമങ്ങളിലൂടെ യാത്ര ചെയ്ത് ദീപാവലി ആഘോഷങ്ങൾ നടക്കുന്ന തമിഴ് നാടൻ സംസ്കാരവും പൈതൃകവും അതുപോലെ നിലർത്തുന്ന ചില ഗ്രാമങ്ങളിലൂടെയൊക്കെ സഞ്ചരിച്ച് തിരിച്ച് വീട്ടിലേയ്ക്ക്.

ഒരീസം ഉച്ചയ്ക്ക് ശേഷം അവളേം കൂട്ടീട്ട് വരാമെന്ന് പറഞ് വീട്ടീന്ന് പോയവനാണ് രണ്ട് ദിവസം കഴിഞ് ഭാണ്ഡവും കെട്ടീട്ട് മോന്തി നേരത്ത് ഉമ്മറപ്പടിക്കൽ ഒന്നുമറിയാത്ത രണ്ടു പേരും കൂടി നൈസായിട്ട് കേറി വരുന്നത്. അമ്മയുടെ വക അഭിനന്ദന പ്രവാഹം ഏറ്റുവാങ്ങിക്കൊണ്ടു ഇനി മുതൽ മക്കള് ഒറ്റയ്ക്ക് ബസ് കേറി വന്നാൽ മതിയെന്ന ഉത്തരവ് അംഗീകരിച്ച് രണ്ടാളും പുരയ്ക്ക് കയറി പറ്റിട്ടുണ്ട്. അട്ടപ്പാടി ഇനിയും അടുത്തറിയാൻ ഒരുപാടുണ്ട്. യാത്രകളും വിശേഷങ്ങളും തുടരും. യാത്രകൾ അവസാനിക്കുന്നില്ല.