ഓർക്കുന്നുണ്ടോ കൊഴിഞ്ഞു പോയ ആ പഴയ ‘കാസറ്റ്’ യുഗത്തെ?

ലേഖിക – നിഷ അജിത്ത്.

നിങ്ങൾ 80 കളിൽ ജനിച്ചു.. 90കളിൽ വളർന്നവരാണോ…?? എങ്കിൽ നിങ്ങളുടേതൊരു തകർപ്പൻ -കിടിലോസ്‌കി ജീവിതമായിരുന്നു. എന്താന്ന് വെച്ചാൽ അവർക്ക് ഇവിടെ പറഞ്ഞു പോകുന്ന കാര്യങ്ങളെ ചിലപ്പോ കൃത്യമായി connect ചെയ്യാൻ പറ്റും അതന്നെ. അല്ലാത്തവർക്കൊരു ചിന്ന മുന്നറിയിപ്പ് തന്നൂന്നെ ഉള്ളൂ.. അപ്പൊ പറഞ്ഞു വന്നത് “എല്ലാ പ്രിയതരമായ ഗാനങ്ങളുടെയും പിന്നിൽ ഒരു അറിയപ്പെടാത്ത.. ഇനിയും പറഞ്ഞിട്ടില്ലാത്ത കഥയുണ്ടാകും ” എന്ന് പണ്ടേതോ മഹാൻ പറഞ്ഞത് കൊണ്ടാണ് . ഇതിപ്പോ ഇവിടെ എടുത്തു പറയാൻ കാരണം, ഈയടുത്തു.. വീട് വൃത്തിയാക്കൽ യജ്ഞത്തിൽ ഏർപെട്ടപ്പോൾ കിട്ടിയ, രണ്ട് വലിയ Box ഓഡിയോ കാസറ്റുകൾ ആണ്. ആ ദൃശ്യം, ഓർമകളിലേക്ക് ആരോ പെട്ടന്നൊരു Flash അടിച്ച പോലെയായിപോയെനിക്ക്…

ഏതാണ്ട് ഓർമ വെച്ച കാലം മുതൽ തുടർന്ന് പോയ്കൊണ്ടിരുന്ന ഒരു ഹൃദ്യമായ അനുഭവം തന്നെയായിരുന്നു ഓഡിയോ കാസെറ്റ് വാങ്ങൽ. ആ ശീലം കൃത്യമായി.. മുറതെറ്റാതിങ്ങനെ ആവർത്തിച്ചുകൊണ്ടിരുന്നു .. ആരും നിര്ബന്ധിച്ചിട്ടല്ല.. ജീവനോടെയിരിക്കാൻ oxygen ആവശ്യമാണ് എന്ന പ്രപഞ്ചസത്യം പോലെ Music light up our Life എന്ന ആ തിരിച്ചറിവ് കൊണ്ട്. പിന്നീട് ആ കസെറ്റ് ശേഖരത്തിലേക്കു സ്വന്തം ആസ്വാദനങ്ങൾക്കനുസരിച്ചു ഓരോന്നായി ചേർത്ത് ചേർത്ത്.. അതിൽ പലതും എടുത്ത് ഇടക്കിടെ play ചെയ്ത് കേൾക്കാൻ തുടങ്ങിയ നിഷ്കളങ്ക ബാല്യം മുതൽ, പിടിയിലൊതുങ്ങാത്ത കൗമാരവും കടന്ന് തൊട്ടാൽ പൊള്ളുന്ന പ്രായം വരെയൊക്കെ നിധി പോലെ സൂക്ഷിച്ചിരുന്ന… രോമാഞ്ചകഞ്ചുകമണിയിച്ചിരുന്ന അതേ മലയാളം, തമിൾ, ഹിന്ദി കാസെറ്റുകളുടെ ഒരു കൂമ്പാരം.. ആണ് ഇപ്പോ പൊടിപിടിച്ചു ആർക്കും വേണ്ടാതെ ഒരു box ൽ.. ഹോ.. സഹിക്കാൻ വയ്യ..

“ഇനിയിതൊക്കെ എന്തിനാമ്മേ ഇങ്ങനെ സൂക്ഷിക്കുന്നെ.. ഇപ്പോ ഏത് പാട്ട് വേണമെങ്കിലും easily available അല്ലേ.. എടുത്തോ വേഗം, ഇതൊക്കെ അങ് Plastic wasteന്റെ കൂടെ വെക്കാം “എന്ന മകന്റെ ശബ്ദമാണെന്നെ ഓർമകളുടെ വേലിയേറ്റത്തിൽ നിന്നും വലിച്ചു ഓരത്തേക്കിട്ടത്. പക്ഷെ അപ്പോഴും വാശിപിടിച്ചു.. മായാൻ കൂട്ടാക്കാതെ നിന്ന ചില കാസെറ്റ് ഓർമ്മകൾ ദേ ഇവിടെ ഒന്ന് ചുരുക്കി.. പുതുക്കാണ്

ജീവിതത്തിലാദ്യായിട്ട് പഠിച്ചു -പ്രയോഗിച്ച ടെക്നോളജി ആയിരുന്നു കാസെറ്റ് Playing & കാസെറ്റ് Recording.. അതായത് കസെറ്റ് എങ്ങനെയാണ് പ്ലേയറിൽ ഇടേണ്ടതെന്നും, play ചെയ്യാൻ ഏത് ബട്ടണിൽ ആണ് press ചെയേണ്ടതെന്നും എന്നുള്ള ആ stylish ‘ടെക്‌നിക്കും, നമ്പറുകളും’ പിന്നെയാണെങ്കിൽ തികഞ്ഞ സാങ്കേതിക പൂർണ്ണതയോടെയുള്ള ആ Recording.😜 Directly from AIR..കൂടാതെ സ്വന്തം ശബ്ദത്തിൽ പാടി record ചെയുക(എന്നിട്ടത് സൂക്ഷിച്ചു വെക്കുക.. ഇടയ്ക്കിടെ കേൾക്കുക.. പറ്റിയാൽ മൂന്നു -നാലുപേരെ കേൾപ്പിക്കുക ) എന്ന അതിഭീകര അവസ്ഥയും അന്നെന്നിൽ നിഴലിച്ചിരുന്നു. “ആദ്യത്തേത് എന്തും മധുരതരം “എന്നൊരു പൊതു വിശ്വാസം ഉള്ള സ്‌ഥിതിക്ക്‌ ഈ കാസെറ്റുകളെയൊക്കെ പെട്ടന്നങ് തള്ളിക്കളയാൻ പറ്റുമോ..

പിന്നെയുള്ളതാണെങ്കിലോ.. ഹാ.. കേബിൾ വസന്തം !! പഞ്ചേന്ദ്രിയങ്ങളിലും മാരിവില്ലിന് ശോഭ വിരിയിച്ചുതന്ന 100 കണക്കിന് ഹിന്ദിഗാനങ്ങളും, ഏതാണ്ടൊക്കെ അടുത്ത് നിൽക്കുന്ന മല്ലു -തമിഴ് ഗാനങ്ങളും. കഷ്ടിച്ച് 4-6 വരികളോടെ അന്നത്തെ Hit പാട്ടുകളൊക്കെ കാണിച്ചു -കാണിച്ചില്ല.. കേൾപ്പിച്ചു -കേൾപ്പിച്ചില്ല എന്ന മട്ടിൽ അവതരിപ്പിച്ചു കൊണ്ടിരുന്ന ദേഖ് ഭായ് ദേഖ്, ഏക് സെ ബട്കർ ഏക്, ഹോട്ട്സ്പോട്ട് മുതലായ DD പരിപാടികളും. ചിലപ്പോഴൊക്കെ കസിൻസിന്റെയോ, സുഹൃത്തുക്കളുടെയോ ഒക്കെ കൂടെപോയ് Shenyos ലുള്ള RPG-Music World -ൽ Favourite പാട്ടൊക്കെ play ചെയ്ത് കേട്ടങ്ങനെ കിടിലം കൊണ്ട് സർവം മറന്നങ്ങു നിക്കും.

എന്നിട്ടും തീരാതെ…ഒടുവിൽ മുഴുവനായും കേട്ടാസ്വദിക്കാനുള്ള കൊതിമൂത്ത്‌, ഗതികെട്ട് professional കാസെറ്റ് റെക്കോർഡിങ്ന് ഏല്പിക്കും.. പാട്ടുകളുടെ ലിസ്റ്റും പിന്നെ ഏതെങ്കിലും പഴയൊരു കാസെറ്റും കൊടുക്കും. ഇനിയത് എന്നത്തേക്ക് തീർത്തുതരുമെന്ന് അങ്ങേരോട് ചോദിച്ചറിഞ്ഞോരിരുപ്പാണ്..കാത്ത്‌ കാത്ത്‌. വല്ലപ്പോഴുമൊക്കെ കാസെറ്റുകടക്കാരനെ സന്തോഷിപ്പിക്കാൻ plain കാസെറ്റ് അവിടുന്ന് തന്നെ വാങ്ങിയും റെക്കോർഡിങ്ങിനു കൊടുക്കാറുണ്ട്. അങ്ങനെയൊക്കെ Record ചെയ്ത് കിട്ടിയ ആ കാസെറ്റ് Player ൽ മാക്സിമം Volume set ചെയ്ത് കേൾക്കുന്ന രംഗമൊക്കെ അപ്പോളേക്കും ഒരഞ്ചാറുവട്ടമെങ്കിലും മനസ്സിൽ ഓടിചങ്ങനെ ആനന്ദനിർവൃതിയടഞ്ഞോരിരുപ്പാണ്.

ഇതൊന്നും കൂടാതെ Updated ആയ എന്നെകണ്ടോ എന്നൊക്കെ ചുറ്റുമുള്ള സമപ്രായക്കാരെ ഒന്നസൂയപെടുത്തുക എന്നൊരു ദുരുദ്ദേശവുമുണ്ടേ.. .(രാജാ കോ റാണി സെ പ്യാർ ഹോഗയാ.., തു മിലെ ദിൽ ഖിലെ.., തു തു തു തുത്തു താര..,ദിൽബർ ദിൽബർ.., ആംഖോൻ സെ ദിൽ മേ ഉത്തർകേ.., പ്യാർ കിയാ തോ നിഭാന..,സംമ്പാല ഹെ മെനെ ബൊഹത്…, തുജെ പ്യാർ കർത്തെ കർത്തെ…, ബാസിഗർ ഓഹ് ബാസിഗർ, ഏക് ലഡ്കി കോ ദേഖാ തോ.., മേരെ ഘാബോം മേ തു.., മെഹന്ദി ലഗാകെ രഖ്‌നാ.. തു ചീസ് ബഡി ഹേ.., മായ്നി മായൻ…Alltime Hit Kishore da & Rafi saheb collections, Tamil hits ആയ അഞ്ജലി, റോജ, സൂര്യൻ, തിരുട തിരുട, ബാഷ, മുത്തു. ചൊക്ക തങ്കം, കർണ ഓഹ്.. ആ കാലം).

അവസാനം..,പറഞ്ഞ തിയതിയും കഴിഞ്ഞ് രണ്ടോ മൂന്നോ ദിവസം കൂടെ കഴിയുമ്പോളാണ് കാസെറ്റ് കൈയിൽ കിട്ടുന്നെ. അതുതന്നെ കാസെറ്റ് കടക്കാരന്റെ എല്ലാ രസങ്ങളും വിരിയുന്ന മുഖം 5-6 വട്ടം കണ്ടതിന് ശേഷം. പറഞ്ഞ കാശും കൊടുത്ത്‌ (no discount -no negotiations ) വീട്ടിൽ വന്ന് Play ചെയുമ്പോളെന്തായി.. 1. ഏറ്റവും ആഗ്രഹിച്ച പാട്ട് ഇല്ല /മുഴുവൻ ഇല്ല 2. പല പാട്ടിന് പല volume.. 3. List ചെയ്ത പാട്ടിന് പകരം കാസെറ്റുകടക്കാരന്റ ഇഷ്ടഗാനം 4. ചില പാട്ടുകൾ ദുരന്തം റെക്കോർഡിങ്. എന്നാ ഇതിനെപറ്റിയെന്തെങ്കിലും ടിയാനോട് ചോദിച്ചാലോ എങ്ങും കൊള്ളിക്കാൻ പറ്റാത്ത സ്ഥിരം മറുപടികളിലേതെങ്കിലുമൊക്കെ പുള്ളിയങ് പ്രയോഗിക്കും.. തന്ന കാസെറ്റ് മോശം, list ചെയ്ത പാട്ട് പഴയത്, OST ന്റെ quality problem എന്ന് വേണ്ട… എന്തും…

ഇങ്ങനെയൊക്കെ കഷ്ടപ്പെട്ട്.. പറഞ്ഞറിയിക്കാനാവാത്ത ദുരന്തമുഖങ്ങളിലൂടെ…. അതിസാഹസികമായി കടന്നുപോയി ഏതാണ്ട് 4-5വയസ്സ് മുതൽ 19-20 വയസ്സ് വരെയുള്ള ജീവിതത്തെ വർണാഭമാക്കിയിരുന്ന ആ കുഞ്ഞു ദീർഘചതുരാകൃതിയൻ പ്ലാസ്റ്റിക് കാസറ്റുകളെ.. എങ്ങനെ നീ മറക്കും.. “എന്ന് സ്വയം ചോദിച്ച് കൊണ്ട്..ഇതാ ചുരുക്കുന്നു.