ഇലയിലെ നാടൻ ഊണ് കഴിക്കാൻ മണ്ണന്തലയിലെ ബേബി അമ്മച്ചിയുടെ കട

വിവരണം – Vishnu A S Nair.

പേരും പെരുമയൊന്നുമില്ലെങ്കിലും കൈപ്പുണ്യവും ഗ്രഹാതുരത്വവും കൊണ്ട് നമ്മെ നിർവൃതിയുടെ തലങ്ങളിലെത്തിക്കുന്ന ഒരുപാട് രുചിയിടങ്ങളുണ്ട് നമുക്ക് ചുറ്റും. പുകൾപെറ്റ കടകൾക്കിടയിലും തങ്ങളുടെ ആസ്ഥാനം സന്ദര്ശിച്ചവരെ നിരാശരാക്കാതെ വയറും മനസ്സും നിറയ്ക്കുന്ന ചില ഭക്ഷണശാലകൾ.. അത്തരത്തിലൊരു കടയാണ് മണ്ണന്തലയിലെ ബേബി അമ്മച്ചിയുടെ കട. മണ്ണന്തല ജംഗ്ഷനിൽ നിന്നും മുക്കോല പോകുന്ന വഴിക്ക് പോലീസ് സ്റ്റേഷൻ കഴിഞ്ഞൊരു അര കിലോമീറ്റർ പോയാൽ ഇടതു വശത്തായി ഷീറ്റിട്ട ചെറിയൊരു കട കാണാം. പേരില്ലാത്ത ആ കടയിൽ നമ്മളെ സ്വാഗതം ചെയ്യാൻ ഒരാളുണ്ട് ബേബി അമ്മച്ചി..

കയറിച്ചെല്ലുമ്പോൾ തന്നെ വശത്തുള്ള കണ്ണാടി ചില്ലിലുള്ള കണ്ണാടിപെട്ടിക്ക് സമീപം ഒരു പുഞ്ചിരിയോടെ ബേബി അമ്മച്ചി. ബേബി അമ്മച്ചിക്ക് ഒരു ചിരിയും പാസാക്കി അകത്തേക്ക് കയറുമ്പോൾ ആകെ ഒരമ്പരപ്പാണ്. പുകക്കറ പിടിച്ച ഭിത്തികൾ, മൺകട്ടകൊണ്ടുള്ള ആ ഭിത്തികൾ ഇടയ്ക്കിടയ്ക്ക് വിണ്ടു കീറിയിട്ടുമുണ്ട്, വെളിച്ചതിനായി ഒരു ട്യൂബ് ലൈറ്റ് മാത്രം കൂടെ ആശ്വാസത്തിന് ഒരു ഫാൻ ഇതാണ് കടയുടെ ഇന്റീരിയർ. ഇരിക്കാനായി ‘കീണി-കോണാ’ ആടുന്ന മൂന്ന് ബെഞ്ചും ഡെസ്‌ക്കും. വിശാലമായിരുന്നാൽ 9 പേർക്കിരിക്കാം അഡ്ജസ്റ്റ് ചെയ്യണമെങ്കിൽ 12 പേർക്കും ഇതാണ് സീറ്റിങ് കപ്പാസിറ്റി..

ഈ കടയിലെ പ്രത്യേകത എന്നത് ഇവിടുത്തെ ഊണാണ്. തുമ്പപ്പൂവിനെ വെല്ലുന്ന പോലത്തെ ജയയരിച്ചോറ് കഴുകിയ വാഴയിലയിൽ മുരുകൻ മാമൻ വിളമ്പും, കൂടെ നാരങ്ങാ അച്ചാറും കിച്ചടിയും അവിയലും അഴകുഴമ്പൻ മരിച്ചീനിയും. ഒഴിക്കാനായി സാമ്പാറും മീൻ കറിയും… സാമ്പാർ എന്നൊക്കെ പറഞ്ഞാൽ കിടുക്കാച്ചി സാമ്പാർ. ചില കടകളിലെപ്പോലെ സാമ്പാറിലെ കഷ്ണങ്ങൾ കിട്ടാൻ മുങ്ങി തപ്പുകയൊന്നും വേണ്ട.. നല്ല ഒന്നാം ക്ളാസ്സ് സാമ്പാർ. ഓരോ കറിക്കും വീട്ടിലെ കറികളുടെ തനിമയും നിറവും. രുചിയുടെ കാര്യത്തിൽ പക്കാ ഹോംലി..കൂടെ കഴിക്കാൻ മീൻ പൊരിച്ചതും ബീഫ് കറിയും ഉണ്ടായിരുന്നെങ്കിലും ഞാൻ മീനാണ് വാങ്ങിയത്. കാരൽ എന്നൊരു മീനാണ് വാങ്ങിയത്… കിടുക്കാച്ചി സംഭവം. മസാലയും വേവും എല്ലാം കിറുകൃത്യം..

കൊഴകൊഴാന്നുള്ള ആ സാമ്പാർ ചോറിൽ കുറച്ച് മീനും കൂട്ടി കഴിക്കണം, ഒരു നിമിഷത്തേക്ക് വീട്ടിലിരുന്നു കഴിക്കുന്ന അനുഭൂതിയിലേക്ക് നമ്മൾ അറിയാതെ വഴുതി വീഴും. ആ അച്ചാറും കൂടെ തൊട്ടു നക്കണം ഇജ്ജാതി രുചി.. എരിവ് മണ്ടയിൽ കയറിയാൽ കുടിക്കാൻ നല്ല കുറു കുറാന്നുള്ള കഞ്ഞി വെള്ളവും കിട്ടും.. മൊത്തത്തിൽ അറജ്ജം പുറജ്ജം കിടുക്കാച്ചി. ഇരുന്നു കഴിക്കുന്നവരെക്കാൾ കൂടുതൽ പാർസൽ വാങ്ങിപ്പോകാനാണ് ആളുകൾ കൂടുതൽ. കുറഞ്ഞ പക്ഷം ഒരു 25-30 പാർസലുകൾ ഞാനിരുന്ന 45 മിനുട്ട് നേരം കൊണ്ട് പോയിക്കാണും. അജ്ജാതി പ്രശസ്‌തമാണ് ബേബി അമ്മച്ചീടെ ഊണ്. ഊണാണോ ഊട്ടുന്നവരുടെ സ്നേഹമാണോ എന്നതൊരു ചോദ്യചിഹ്നമാണ്.വിലവിവരം – ഊണ് :- ₹.40/-, മീൻ പൊരിച്ചത് :- ₹.35/-(അമിതലാഭം ഇല്ലേയില്ല !!).

40 വർഷത്തോളം പഴക്കമുള്ള കഥയാണ് ഈ കടയെക്കുറിച്ചു ബേബി അമ്മയ്ക്ക് പറയാനുള്ളത്. ആദ്യകാലത്ത് ബേബി അമ്മയും കെട്ട്യോനും കൂടെ ചെറിയൊരു ഓലക്കൂരയായി തുടങ്ങിയ കടയാണ്. കട തുടങ്ങി ഏതാണ്ട് ഒരു വർഷം കഴിഞ്ഞപ്പോഴേക്കും ഭർത്താവ് മരിച്ചു. പിന്നീട് ബേബിയമ്മയുടെ ഒറ്റയാൾ പോരാട്ടമായിരുന്നു. 39 വർഷം വെയിലും വേറിയുമേറ്റ് പതം വന്ന കടയാണ്. സാധാരണക്കാർക്കും ലോറി അണ്ണന്മാരുടെയും സ്ഥിരം താവളമാണ് ബേബി അമ്മച്ചീരെ കട. ഈയടുത്ത കാലത്താണ് ഓല മാറ്റി ഷീറ്റ് ആക്കിയത്.

ഇപ്പോഴും സ്ഥിരം ആൾക്കാർ ധാരാളമുണ്ട്. അവർക്ക് ഇലയും ഒന്നും എടുത്തു കൊടുക്കണ്ട, അകത്തേക്ക് കയറുമ്പോൾ തന്നെ കുശലം പറഞ്ഞു ഇലയും കൊണ്ടവർ കയറും അവരുടെ സ്ഥിരം ഭക്ഷണ ക്രമവും സമയവുമെല്ലാം കടയിലുള്ളവർക്കും പഥ്യമാണ്. പ്രായാധിക്യത്തിന്റെ അവശതകൾ കാരണം ബേബി അമ്മച്ചി ഇപ്പോൾ പാചകത്തിൽ അധികം കൈവക്കാറില്ല എന്നാൽ മെയ്യനങ്ങി ശീലിച്ചത് കൊണ്ട് വെറുതേയിരിക്കാനും വയ്യ. ഇല മുറിക്കലും പണം കൈകാര്യം ചെയ്യുന്നതും മുതലായ പണികളാണ് ഇപ്പോൾ ബേബി അമ്മച്ചിക്ക്.. മകൻ മുരുകൻ മാമനും കൊച്ചുമകനായ ഉണ്ണി ചേട്ടനും കൂടെ ബന്ധുക്കളും ചേർന്നാണ് ഇപ്പോൾ കട നടത്തുന്നത്.. ചുമരിലെ മുരുകനും യേശുവിനുമൊപ്പം കൈപ്പുണ്യവും ന്യായമായ വിലയും കൂടെയാകുമ്പോൾ മണ്ണന്തല അമ്മച്ചിയുടെ കട തലയുയർത്തി തന്നെ നിൽക്കും.. നിൽക്കണം അതാണല്ലോ ശീലവും !!

ആമ്പിയൻസും സ്ഥല സൗകര്യങ്ങളും വളരെ പരിമിതമാണ്. ഊണ് കഴിഞ്ഞാൽ ഇലയെടുത്തുകൊണ്ടുപോയി കളഞ്ഞു പുറത്തെ തൊട്ടിയിലെ വെള്ളത്തിൽ കൈകഴുകണം,ഇത്തരം പതിവുകൾ ഇവിടുണ്ട്.. പരാതിയുള്ളവർ നേരെ മണ്ണന്തല പോലീസ് സ്റ്റേഷനിൽ പോയി പറഞ്ഞാൽ മതി.. പിന്നെ എളുപ്പം എന്താണെന്ന് ചോദിച്ചാൽ സ്ഥലം ഏതാണെന്നു അവരോട് പ്രത്യേകിച്ചു പറയണ്ട, വേറൊന്നും കൊണ്ടല്ല പോലീസുകാരും ബേബി അമ്മച്ചിയുടെ രുചിയിടത്തിലെ സ്ഥിരം സന്ദർശകരാണേ..ലൊക്കേഷൻ :- Government Press Rd, Thiruvananthapuram, Kerala 695015, https://maps.app.goo.gl/pKF7a.