പാലിയേക്കര ടോൾ ബൂത്തിൽ ‘ഫാസ്റ്റ് ടാഗ്’ വെറും ‘പ്രഹസന’മോ? ഹൈവേയിലെ ഗുണ്ടായിസം ഇങ്ങനെ…

ടോൾ ബൂത്തുകളിൽ ക്യൂവിൽ കിടന്നു കഷ്ടപ്പെടാതെ പോകുവാനായി ഉള്ളതാണ് ഫാസ്റ്റ് ടാഗ് എന്ന പുതു സമ്പ്രദായം. ഇന്ത്യയിലെ ഭൂരിഭാഗം ടോൾ പ്ലാസകളിലും ഈ സംവിധാനം നിലവിലുണ്ട്. എന്നാൽ എന്നും പ്രശ്നങ്ങൾക്ക് പേരുകേട്ട തൃശ്ശൂർ ജില്ലയിലെ പാലിയേക്കര ടോൾ ബൂത്തിൽ ഫാസ്റ്റ് ടാഗ് ലൈനിലൂടെ പോകുന്നവർക്ക് ചിലപ്പോൾ ജീവനക്കാരുടെ ഗുണ്ടായിസവും മര്യാദകെട്ട പെരുമാറ്റവും ഒപ്പംതന്നെ സമയനഷ്ടവും നേരിടേണ്ടി വരുന്നുണ്ട്. നിരവധി പരാതികളാണ് ഈ വിഷയത്തിൽ ഇപ്പോൾ ഉയർന്നു വന്നിരിക്കുന്നത്. അത്തരത്തിലൊരു അനുഭവം പങ്കുവെയ്ക്കുകയാണ് കുന്നംകുളം സ്വദേശിയായ ലിജോ ചീരൻ ജോസ്. അദ്ദേഹത്തിൻ്റെ അനുഭവക്കുറിപ്പ് താഴെ കൊടുക്കുന്നു.

കൊച്ചിയിൽ നിന്ന് ബാഗ്ലൂരിലേക്കുള്ള യാത്രയിൽ രാത്രി 7.25 ഓടെ ഞങ്ങൾ യാത്ര ചെയുന്ന ഫാസ്റ്റ് ടാഗ് ഉള്ള കാർ പാലിയേക്കര ടോൾ ബൂത്തിലേ ഫാസ്റ്റ് ടാഗ് ലൈനിലേക്കു അടുപ്പിച്ചു. ആ ലൈനിലൂടെ ആരും പോകരുത് എന്ന രീതിയിൽ രണ്ട് പ്ലാസ്റ്റിക് ഡ്രമ്മുകൾ, മറ്റു പ്ലാസ്റ്റിക് ബാരിക്കേഡ് എല്ലാം വെച്ച് അടച്ചിട്ടുണ്ട്. ഒരു അന്യ സംസഥാന ജീവനക്കാരൻ ഇരിക്കുന്നു. ഫാസ്റ്റ് ടാഗ് ലൈനിൽ വണ്ടി വന്നു അല്പം കഴിഞ്ഞു ആ ജീവനക്കാരൻ വാഹനത്തിനു ഫാസ്റ്റ് ടാഗ് ഉണ്ടോ എന്ന പരിശോധന നടത്തി. എന്നിട്ട് പാതയുടെ തുടക്കത്തിൽ തടസമായി വെച്ചിരിക്കുന്നവ ഓരോന്നായി വശങ്ങളിലേക്ക് മാറ്റി കടത്തി വിട്ടു. ഇതു സാധാരണയായി തൃശ്ശൂരിൽ നടന്നു വരുന്നത് തന്നെ. പക്ഷെ രണ്ടാഴ്ചക്ക് മുൻപ് പകൽ സമയത്ത് ഈ ലൈനിനു സമീപം ആരും തന്നെ ഉണ്ടായിരുന്നില്ല. വാഹനത്തിന്റെ ഡ്രൈവർ വാഹനം നിർത്തി ഇറങ്ങി വന്ന് തടസമായി വെച്ചിരിക്കുന്നവ മാറ്റി വണ്ടി മുന്നോട്ടു എടുക്കേണ്ടിയും വന്നിട്ടുണ്ട്.

കഴിഞ്ഞ ദിവസം വാഹനം പാതയുടെ കാൽഭാഗം കടന്ന് മുന്നോട്ടു പോയപ്പോൾ അവിടെ ബൂം ബാരിയർ അടഞ്ഞു കിടക്കുന്നു. കൂടാതെ പ്ലാസ്റ്റിക് വീപ്പ വെച്ച് തടഞ്ഞു. തുടർന്ന് സമീപത്തു നിന്നിരുന്ന രണ്ട് അന്യ സംസഥാന തൊഴിലാളികൾ കൈ കൊണ്ട് വലത്തോട്ട് തിരിഞ്ഞു പോകാൻ നിർദ്ദേശിക്കുന്നു. വാഹനത്തിൽ നിന്ന് ഞങ്ങൾ ചോദിച്ചു “എന്തിനാ വഴി തിരിച്ചു വിടുന്നത്” എന്ന്. അതിനു വളരെ പുച്ഛ ഭാവത്തിലുള്ള മറുപടി “നിങ്ങളുടെ ടാഗ് വർക്ക് ചെയ്യുന്നില്ല അതിനാൽ ഇതിലൂടെ പോകാൻ പറ്റില്ല” എന്ന്. ഞെങ്ങളുടെ വാഹനത്തിന്റെ ടാഗിൽ പണവും ഉണ്ട് ഉപയോഗിക്കാവുന്നതുമായതാണെന്നു ആവർത്തിച്ചു പറഞ്ഞു. കാരണം ഇതേ വാഹനം ഇതേ ടോളിലൂടെ ഉപയോഗിക്കാറുള്ളതാണ്. ഞങ്ങൾ ചോദിച്ചു “നിങ്ങളുടെ ഹാൻഡ് സെൻസർ സംവിധാനം വഴി പരിശോധിക്കൂ ഞങ്ങളുടെ ടാഗ് പ്രവർത്തന ക്ഷമമാണോ എന്ന്. അതോ നിങ്ങളുട ഓട്ടോമാറ്റിക് സംവിധാനത്തിന്റെ തകരാറാണോ.” ഇതു പറയുമ്പോൾ നിർബന്ധമായും വണ്ടി തിരിച്ചു വലതു ഭാഗത്തെ ബൂത്തിന്റെ ലൈനിൽ പോകണമെന്ന് ആക്രോശിക്കുകയായിരുന്നു ജീവനക്കാർ.

ഞങ്ങളുടെ വാഹനത്തിന് ടാഗ് വർക്ക് ചെയ്യുന്നതാണെന്ന് പൂർണ ബോധ്യമുള്ളതു കൊണ്ട് ഹാൻഡ് സെൻസർ സംവിധാനം വഴി പരിശോധിക്കൂ എന്ന് ആവർത്തിച്ചു. അതിനുള്ളിൽ നിലവിൽ ഉണ്ടായിരുന്ന ജീവനക്കാർ വയർലെസ് സംവിധാനത്തിൽ അവരുടെ മേലധികാരികളോട് സംസാരിക്കുന്നു. അവിടെ നിന്ന് ഞങ്ങളോട് വണ്ടി തിരിച്ചു വലതു ഭാഗത്തെ ബൂത്തിന്റെ ലൈനിൽ പോയെ പറ്റു എന്ന് നിർദ്ദേശിക്കുന്നു. വണ്ടി ഓഫാക്കി പുറത്തിറങ്ങിയപ്പോൾ മലയാളിയായ മറ്റൊരു ജീവനക്കാരൻ വന്നു ധിക്കാരപരമായി ഞങ്ങളോട് കയർത്തു. “വാഹനം മാറ്റിയിടണം. മറ്റു വാഹങ്ങൾക്കു പോകണം” എന്ന്. ഹാൻഡ് സെൻസർ സംവിധാനം വഴി പരിശോധിച്ചു ഞങ്ങളുടെ വാഹനത്തിനു ടാഗിന് കുഴപ്പങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കാൻ പറഞ്ഞപ്പോൾ അതിനുള്ള സംവിധാനം ഈ ലൈനിൽ ഇല്ല എന്ന് മറുപടി.

നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ ടോളുകൾ വഴി ആവർത്തിച്ചു യാത്ര ചെയുന്ന ഞെങ്ങൾ മറ്റു എല്ലായിടത്തും കാണുന്നതാണ് എന്തെങ്കിലും കാരണവശാൽ സെൻസർ റീഡ് ആയില്ലെങ്കിൽ കൈ കൊണ്ട് പ്രവർത്തിക്കുന്ന റീഡർ കൊണ്ടുവന്നു ഉടനെ പ്രവർത്തിപ്പിച്ചു സാധുവായതാണെങ്കിൽ വാഹനം കടത്തി വിടുന്നത്. അതിനിടയിൽ ഭീഷണിയുമായി അവർ വണ്ടി മാറ്റിയില്ലെങ്കിൽ പോലീസിനെ വിളിക്കും എന്നായി. പോലീസിനെ വിളിച്ചുകൊള്ളുവാൻ ഞങ്ങൾ തിരിച്ചു നിർദ്ദേശിച്ചു. അതിനിടയിൽ ഫാസ്റ്റ് ടാഗുള്ള മറ്റു വാഹന യാത്രക്കാരും ഞങ്ങളോട് “ഇവിടെ ഇവരുടെ തോന്നിവാസമാണ് നടക്കുന്നത് എന്ന് കടുത്തഭാഷയിൽ പരാമർശിച്ചു.” ഇതിനിടയിൽ സംഭവ വികാസങ്ങൾ വീഡിയോ ചിത്രീകരിച്ചു കൊണ്ടിരുന്നു.

ഒരു മണിക്കൂറിനു ശേഷം ഞങ്ങളോട് തർക്കിച്ച ജീവനക്കാരൻ തന്നെ ഞാൻ നേരത്തെ പറഞ്ഞ ഹാൻഡ് സെൻസറുമായി വന്നു പരിശോധിച്ച് ഞങ്ങളുടെ വാഹനത്തിന്റെ ടാഗ് സാധുവായതാണെന്നു കണ്ടെത്തി. ഇതും വീഡിയോയിൽ പകർത്തിയപ്പോൾ എന്തിനാ വീഡിയോ ഒക്കെ എടുക്കുന്നേ എന്നും പറഞ്ഞു മുന്നിൽ തടഞ്ഞിരുന്ന പ്ലാസ്റ്റിക് വീപ്പകളും ബൂം ബാരിയറും ഉയർത്തി ഞങ്ങളുടെ വാഹനം നിന്നിരുന്ന ഫാസ്റ്റ് ടാഗ് ലൈനിലൂടെ തന്നെ കടന്നു പോകാൻ നിർദ്ദേശിച്ചു. ഹാൻഡ് സെൻസർ വഴി പരിശോധിച്ച് സാധുതയുള്ള ടാഗായതിനാൽ ടോൾ ഈടാക്കിയതിന് തെളിവായി മെസേജും വന്നു. ഇതിനു ശേഷം പാലക്കാട് – വാളയാർ റൂട്ടിൽ അട്ടപ്പള്ളം എന്ന സ്ഥലത്തുള്ള ദേശിയ പാത അതോറിറ്റിയുടെ കീഴിലുള്ള ടോൾ ബൂത്തിലുള്ള ഫാസ്റ്റ് ടാഗ് ലൈനിൽ യാതൊരു തടസവും ഇല്ലാതെ കടന്നു പോയി. ഇതിൽ നിന്ന് വ്യക്തം അവരുടേ തെറ്റുകൾക്കെതിരെ പ്രതികരിക്കുന്നവർക്ക് നേരെ ഭീഷണിയും ഗുണ്ടായിസവും, യാത്രക്കാർക്ക് സമയനഷ്ടവും.

പാലിയേക്കര ടോൾ ബൂത്തിലേ ഫാസ്റ്റ് ടാഗ് ലൈനിലൂടെ സാധുവായ ഫാസ്റ്റ് ടാഗ് ഉള്ളവർ തടസമില്ലാതെ കടന്നു പോകുന്നവർ ഭാഗ്യവാന്മാർ. മികച്ച ഇന്ധന ക്ഷമതയ്ക്കും സമയ നഷ്ടത്തിനും ടോൾ ബൂത്തുകളില് നീണ്ട നിര ഒഴിവാക്കുക എന്ന ലക്ഷത്തോടെ തുടങ്ങിയ ഫാസ്റ്റ് ടാഗ് സംവിധാനം പാലിയേക്കര രീതിയിൽ മാത്രേ പ്രവർത്തിക്കു.

ദേശിയ പാത അതോറിറ്റിയുടെ കീഴിലുള്ള ടോൾ ബൂത്തുകളിലുള്ള ഫാസ്റ്റ് ടാഗ് സമ്പ്രദായം ഏറെ പ്രയോജനപ്പെടുത്തന്നവരാണ് ദീർഘദൂര യാത്ര വാഹനങ്ങൾ. മുൻകൂറായി പണം നൽകി ആവശ്യത്തിന് ഉപയോഗിക്കുമ്പോൾ അതിൽ നിന്നും പണം ഈടാക്കുന്ന സംവിധാനമാണ് ഫാസ്റ്റ് ടാഗ്. ഇവ ഉപയോഗിക്കുന്ന വാഹനങൾ കടന്നു പോകാൻ പ്രത്യേക പാത എല്ലായിടത്തും സജ്ജമാണ്. ഇതിലൂടെ ഫാസ്റ്റ് ടാഗ് ഉള്ള വാഹനങ്ങൾ മാത്രേ കടത്തിവിടുകയുള്ളു. കാരണം ഓട്ടോമാറ്റിക് സംവിധാനത്തിലാണ് ഇതിന്റെ പ്രവർത്തനം.

വാഹനത്തിൽ ഒട്ടിച്ചിരിക്കുന്ന ഫാസ്റ്റ് ടാഗിന്റെ ആർ.എഫ് ഐഡി ടാഗ്, ടോൾ ബൂത്തുകളിലെ പ്രത്യേക പാതയുടെ മധ്യത്തിലോ തുടക്കത്തിലോ സെൻസ് ചെയ്യുവാൻ സെൻസറുകൾ സ്ഥാപിച്ചിട്ടുണ്ട്. ഈ സെൻസറുകൾ സെൻസ് ചെയ്ത് യാത്രക്കാരുടെ വാഹനത്തിൽ സ്ഥാപിച്ച ടാഗിൽ പണം ഉണ്ടോ എന്ന് പരിശോധിച്ച് ഉണ്ടെകിൽ ഓട്ടോമാറ്റിക്ക് സംവിധാനമായ ബൂം ബാരിയർ ഉയർന്ന് നിശ്ചിത വാഹനത്തിനു പോകാൻ സാധിക്കും. എന്തെങ്കിലും കാരണവശാൽ ആർ എഫ് ഐഡി റീഡ് ആയില്ലെങ്കിൽ ടോള് ബൂത്ത് അധികൃതർക്ക് കൈ കൊണ്ട് പ്രവർത്തിക്കാവുന്നതും കൊണ്ട് നടക്കാവുന്ന വയർലെസ്സ് സെൻസർ വഴി സെൻസ് ചെയ്ത് സാധുവായതാണെകിൽ ഓട്ടോമാറ്റിക്ക് സംവിധാനമായ ബൂം ബാരിയർ ഉയർന്ന് നിശ്ചിത വാഹനത്തിനു പോകാൻ സാധിക്കും. അല്ലാത്ത പക്ഷം പിഴ ഈടാക്കുകയോ സാധാരണ ടോൾ ലൈനിലേക്ക് തിരിച്ചു വിടുകയാണ് ഇന്ത്യയിൽ ഉടനീളമുള്ള നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ ടോളുകളിലെ രീതി.