ബജാവൂ വംശജര്‍ : ജനനവും മരണവും വെള്ളത്തില്‍…

മാര്‍ക്കറ്റില്‍ പോയി മീന്‍ വാങ്ങി വരുന്ന പോലെ ഒരാള്‍ കടലിന്റെ അടിയില്‍ പോയി വേണ്ട മീന്‍ തിരഞ്ഞു പിടിച്ചു വരുന്നു,ഒറ്റ ശ്വാസത്തില്‍,യാതൊരു ലൈഫ് സപ്പോട്ടും ഇല്ലാതെ !!! ശ്വസന സഹായിയോ അങ്ങിനെ മുങ്ങല്‍ വിദഗ്ദര്‍ നീന്തുവാന്‍ ഉപയോഗിക്കുന്ന ഒരു കാര്യവും ഉപയോഗിക്കാതെ വെറും അണ്ടര്‍വെയറില്‍ മീന്‍ പിടിക്കാന്‍ ഉപയോഗിക്കുന്ന ചാട്ടുളിയുമായി കടലിലേക്ക് എടുത്തു ചാടുന്ന ഒരു കൂട്ടം മനുഷ്യരുണ്ട് ഈ ലോകത്തിൽ. ഇത് അവരുടെ കഥയാണ്. ജീവിതകാലം മുഴുവന്‍ വെള്ളത്തില്‍ കഴിയുന്നവരാണ് ഫിലിപ്പിന്‍സിലെ ബജാവു വംശം. നമ്മുടെ കെട്ടുവെള്ളം പോലെയുള്ള ബോട്ടിലാണ് ഇവരുടെ താമസം. ചില വിശേഷ സന്ദര്‍ഭങ്ങളില്‍ മാത്രമേ ഇവര്‍ കരയില്‍ വരൂ. നിപ്പാ മരത്തിന്റെ ഇലകൊണ്ടാണ് ബോട്ടിന് മേല്‍ക്കൂര തീര്‍ക്കുക. ചന്ദ്രനെ അടിസ്ഥാനമാക്കിയുള്ള കലണ്ടര്‍ അനുസരിച്ചാണ് ഇവരുടെ ജീവിതം.

ചടങ്ങുകളാണ് ഇവരുടെ യാത്രയെ നിശ്ചയിക്കുന്ന പ്രധാന ഘടകം. വിവാഹം, മരണം തുടങ്ങിയ അവസ്സരങ്ങളില്‍ യാത്ര അനിവാര്യമാണ്. രണ്ടു ദ്വീപുകളിലായി കിടക്കുന്ന ശ്മശാനഭൂമിയില്‍ ആണ് ശവസംസ്കാരചടങ്ങുകള്‍ നടക്കുക. മരിച്ചയാളുടെ എല്ലുകള്‍ ഇവര്‍ സൂക്ഷിച്ചു വെക്കും.ഇതിനു ശേഷം ശവകുടീരം ഇടയ്ക്കിടെ സന്ദര്‍ശിക്കും. മരിച്ചയാളുടെ ബന്ധുക്കള്‍ ശരിയായി വിലപിച്ചില്ലെങ്കില്‍ ആത്മാവ് തങ്ങളില്‍ കയറിപറ്റുമെന്നാണ് ഇവരുടെ വിശ്വാസം.

കുടിവെള്ളം, വിറക്‌, ധാന്യങ്ങള്‍ എന്നിവ കരയില്‍ നിന്നും മേടിക്കും, തിരിച്ചു മത്സ്യങ്ങള്‍ നല്‍കും. മീന്‍പിടുത്തമാണ് ബജാവുക്ളുടെ തൊഴില്‍. അപകടരമായ പാറകക്കെട്ടുകളും, പവിഴപ്പുറ്റ്കളും നിറഞ്ഞ ശക്തമായ അടിഒഴുക്കുള്ള കടലിലൂടെ പോവാന്‍ അപാരമായ കഴിവ് ഇവര്‍ക്കുണ്ട്. കടലിന്റെ ഓരോ ഭാഗത്തിനും ഓരോ പേരിട്ടാണ് ബാജാവുകള്‍ വിളിക്കുക. അതി സഹസ്സികമായി സ്രാവുകളെ ഇവര്‍ പിടിക്കും. ബോട്ടിനോട്‌ ബന്ധിച്ച ചെറിയ തോണിയില്‍ ഇരുന്നു ചൂണ്ടയിട്ട് സ്രാവിനെ കുടുക്കും. പിന്നീട കുന്തം കൊണ്ട് കുത്തി സ്രാവിനെ അര്‍ദ്ധപ്രാണനാക്കി ബോട്ടിലെക്ക് എടുത്തിടും. സ്രാവുമായുള്ള മല്പിടുത്തത്തില്‍ ബോട്ടിന്റെ ചുറ്റും രക്തവര്‍ണ്മാകും. ചോരയുടെ മണം കിട്ടി സ്രാവുകള്‍ കൂട്ടത്തോടെ വരുന്നതിനു മുന്പ് അവിടെ നിന്ന് രക്ഷപെടും.

ബജാവു വിഭാഗക്കാർ കുട്ടിക്കാലത്തേ കർണ്ണപുടം പൊട്ടിക്കാറുണ്ട് എന്നാണു പറയപ്പെടുന്നത്. കടലിൽ ആഴത്തിൽ ഊളിയിടുന്നതിനെ സഹായിക്കാനാണത്രേ ഇത്. രണ്ടാം ലോക മഹായുദ്ധക്കാലത്ത് ജർമനിയുടെ ലുഫ്ത് വാഫെ (വ്യോമസേന) വായുവിന്റെ മർദ്ദവ്യത്യാസം മൂലമുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ പൈലറ്റുമാരുടെ കർണ്ണപുടം തുളയ്ക്കുമായിരുന്നു. തുളച്ച കർണ്ണപുടം തനിയെ പൊറുക്കാതിരിക്കാൻ ഗ്രോമറ്റ് എന്ന ഉപകരണം കർണ്ണപുടത്തിനുള്ളിൽ തിരുകിവയ്ക്കുമായിരുന്നുവത്രേ. ഇതുമൂലം പല വൈമാനികർക്കും പിന്നീട് ബധിരതയുണ്ടായിട്ടുണ്ട്….

ബജാവുകളുടെ വിവാഹചടങ്ങുകള്‍ക്ക് ധാരാളംപ്രത്യേകതകള്‍ ഉണ്ട്. മുഖത്തു അരിപ്പൊടിയും ചുണ്ടില്‍ ചായവും വാരിപ്പൊത്തിയാണ് വധുവിനെ അലങ്കരിക്കുക.നിറപ്പകിട്ടര്‍ന്ന വസ്ത്രങ്ങളില്‍ വാദ്യങ്ങളുടെ അകമ്പടിയോടെ വധൂ-വരന്മാര്‍ വരുന്നു. അതിനു ശേഷം കരയില്‍ തയ്യാറാക്കിയ മുറിയില്‍ പായയില്‍ ഇരിക്കുന്നു. പാട്ടുപാടാന്‍ വേണ്ടിയുള്ള മുറിയാണിത്. സംഗീതത്തിനനുസരിച്ചു വധൂ-വരന്മാര്‍ നൃത്തം ചെയ്യുന്നതോട് കൂടി ചടങ്ങുകള്‍ അവസാനിച്ചു. വധൂ വരന്മാര്‍ വധുവിന്റെ പിതാവിന്റെ ബോട്ടിലേക്ക് പോവുന്നതോടെ ആഘോഷം അവസാനിക്കും.